രചന: പാർവതി കെ നായർ
കുളിക്കാനായി അവൾ ബാത്ത്റൂമിലേക്ക് കയറിയ ഉടനെ ഞാനും ചാടിക്കയറി വാതിലടച്ചു. എന്നെ ഉന്തിത്തള്ളി പുറത്താക്കാൻ ന്റെ ഭാര്യ ശ്രമിച്ചെങ്കിലും ഞാൻ വിട്ടു കൊടുത്തില്ല. “അയ്യോ ടവ്വൽ എടുക്കാൻ മറന്നു. ഇപ്പോൾ വരാവേ ” എന്നും പറഞ്ഞ് എന്റെ കവിളിൽ ഒന്ന് നുള്ളി പുറത്തിറങ്ങിയതും എന്നെ അകത്തിട്ട് ആ ദുഷ്ട വാതിൽ പൂട്ടിക്കളഞ്ഞു.
” എടീ മൂധേവി വാതിൽ തുറക്കൂ..” ” തുറക്കൂല്ലടാ പട്ടീ, ഇന്നലെ എന്നെ കട്ടിലിൽ നിന്നും തള്ളി താഴെയിട്ടതല്ലേ? കുറച്ചു നേരം ഇവിടെ ഇരിക്ക് “എന്നും പറഞ്ഞ് അവൾ പോയതും ഞാൻ നേരെ ആ ഫ്ളാഷ് ബാക്കിൽ പോയി തട്ടിനിന്നു.
***
ഇന്നലെ രാത്രി ക്ളബിൽ കൂട്ടുകാരോട് സൊറ പറഞ്ഞിരുന്ന് അല്പം നേരം വൈകിയാ വീട്ടിലെത്തിയത്. വാതിൽ തുറന്നു തന്ന അവൾടെ മോന്ത കടന്നൽ കുത്തിയ പോലെ വീർത്തിരുന്നെങ്കിലും ഞാൻ അത് മൈന്റ് ആക്കാതെ മൂക്ക് മുട്ടെ കഴിച്ചു മുറിയിലേക്ക് പോയി. കിടക്കാനായി വന്ന് വാതിലടച്ചതും അവൾടെ വക ചോദ്യം ” നിങ്ങളുടെ ഗൾഫിലെ ഭാര്യക്ക് സുഖം തന്നെയല്ലേ? ” “ഏഹ് ഗൾഫിലെ ഭാര്യയോ ?” ” കൂടുതൽ അഭിനയിക്കല്ലേ ഏട്ടാ.. എല്ലാം എനിക്ക് മനസിലായി.” കണ്ണും മിഴിച്ചു ഞാൻ നിന്നു. ” എന്ത് മനസിലായി ന്നു? പറയടീ” ” വൈകുന്നേരം ഞാൻ ഏട്ടൻ ന്നു സേവ് ചെയ്തു വെച്ച നമ്പറിൽ വിളിച്ചപ്പോൾ ഒരു പെണ്ണ് ഫോൺ എടുത്തു അറബിയിൽ എന്തൊക്കെയോ പറഞ്ഞു. അവിടെ അവൾടെ കൂടെ ആണല്ലേ താമസം? ഞാൻ നാളെ തന്നെ എന്റെ വീട്ടിലേക്ക് പോവും. ”
ഇതെല്ലാം കേട്ട് കരയണോ ചിരിക്കണോ എന്നറിയാതെ ഞാൻ പകച്ചു നിന്നുപോയി. എന്റെ ദൈവമേ കുറച്ചു ബുദ്ധിയുണ്ടാരുന്നേൽ ഇതിനെ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു. ” എടീ അമ്മൂസേ , ആ ഫോൺ എന്റെ കൈയിൽ തന്നെയാ ഉള്ളത്. അവിടുത്തെ സിം ഇവിടെ ഉപയോഗിക്കാൻ പറ്റില്ലല്ലോ. കസ്റ്റമർ കെയറിലെ പെണ്ണിന്റെ ശബ്ദം ആവും നീ കേട്ടത്. ” “ആണോ?” ” അതേടീ അമ്മൂ, ദാ നീ കണ്ടോ” എന്ന് പറഞ്ഞു ആ ഫോൺ കാട്ടികൊടുത്തപ്പോഴാ അവളുടെ മുഖം തെളിഞ്ഞത്.
” ഹോ ഇങ്ങനെ ഒരു പൊട്ടി ” എന്നും പറഞ്ഞ് ഞാൻ പതിയെ കിടന്നു. ഒരു ചമ്മിയ ചിരിയും ചിരിച്ചു അവൾ അടുത്ത് വന്നിരുന്നു. ” ഏട്ടാ സോറീട്ടോ. ഞാൻ പെട്ടെന്ന് എന്തൊക്കെയോ ഓർത്തു പോയി. ” ” സാരമില്ല അമ്മൂ.” ” എന്താ ഏട്ടാ ചിരിക്കണേ ?” ” ഏയ് ഒന്നൂല്ല.” ” ഹാ പറ ” ” അമ്മുവേ നിനക്ക് ആ കുട്ടൻ പിള്ളയുടെ ബുദ്ധിയാ കിട്ടിയത്. അതോർത്ത് ചിരിച്ചതാ”
” ദേ ചെറുക്കാ എന്റെ അച്ഛനെ പറയല്ലേ ” ” പറഞ്ഞാൽ നീ എന്ത് ചെയ്യൂടീ കുട്ടൻ പിള്ളയുടെ മോളേ ?” “പോടാ കൊരങ്ങാ ” ” കുരങ്ങൻ നിന്റെ ആ കഷണ്ടി പിള്ള.” ” ഡാ ഏട്ടാ” എന്നും വിളിച്ചു ആ സാധനം എന്റെ മുടിയിൽ പിടിച്ചു വലിച്ചതും ഒരു ആവേശത്തിനു അവളെ തള്ളിയതും ദാ കിടക്കണു അവൾ തറയിൽ. ചാടി എണീറ്റു എനിക്കൊരു ചവിട്ടും തന്ന് അവൾ കട്ടിലിൽ കേറി തിരിഞ്ഞു കിടന്നു. ഇനീം ചൊറിയാൻ പോയാൽ ആരോഗ്യത്തിന് ഹാനികരമാവും എന്നുള്ളത് കൊണ്ട് ഞാനും നല്ല കുട്ടിയായി കിടന്നു ഉറങ്ങി.
****
ഇതിനാണ് അവൾ എന്നെ പൂട്ടി ഇട്ടിട്ട് പോയത്. കുറച്ചു നേരം കഴിഞ്ഞതും വാതിൽ തുറന്നു തന്ന് അവൾ മിണ്ടാതെ പോയി. ഭക്ഷണം കഴിക്കാനായി ചെന്നപ്പോൾ ഒന്ന് ചിരിച്ചു കാണിച്ചെങ്കിലും കക്ഷി മൈന്റെ ആക്കിയില്ല. കുറച്ചു കഴിഞ്ഞതും അച്ചന്റെ ചോദ്യം ” എന്താ മോളേ ഇന്നലെ മുകളിൽ നിന്ന് ചക്ക വീഴണ പോലെ ഒരൊച്ച കേട്ടത് ?” അത് കേട്ട് ചിരിച്ച എന്റെ കാലിൽ ഒരു ചവിട്ടും തന്ന് അവൾ ഒറ്റപ്പോക്ക്. മുറിയിലേക്ക് ചെന്നപ്പോൾ ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു അവൾ. അമ്മൂ എന്ന് വിളിച്ചു അടുത്ത് ചെന്ന് അവളുടെ കൈയിലേക്ക് കറുത്ത കുപ്പിവളകൾ ഇട്ട് കൊടുത്തപ്പോഴേക്കും ആ മുഖം വിടർന്നു.
“ഞാൻ പറഞ്ഞില്ലല്ലോ ഏട്ടാ കരിവള വേണമെന്ന്”
” ഞാൻ കണ്ടിരുന്നു അമ്മൂ ഇന്നലത്തെ വീഴ്ചയിൽ നിന്റെ കൈയിലെ വളകൾ പൊട്ടിയത് , വളപ്പൊട്ടുകൾ കൊണ്ട ഈ മുറിവുകളും കണ്ടിരുന്നു. സോറി അമ്മൂ ” എന്ന് പറഞ്ഞു ആ മുറിപ്പാടിലേക്ക് ഞാനെന്റെ ചുണ്ടുകൾ അമർത്തുമ്പോഴേക്കും ഒരു നാണത്തോടെ അവൾ എന്നിലേക്ക് ചാഞ്ഞു. നിന്നേക്കാളും വായാടിയാ പെണ്ണേ നിന്റെ ഈ കരിവളകൾ. ലൈക്ക് കമന്റ് ചെയ്യണേ…
രചന: പാർവതി കെ നായർ