പഴയ പ്രണയത്തിന്റെ കാര്യം പറഞ്ഞ് രണ്ടുപേരും പൊട്ടിച്ചിരിക്കുമ്പോൾ മാറി നിന്ന് രണ്ടുപേരെയും ഞാനൊന്നു നോക്കി…

രചന: Vipin PG

മൂന്നാമത്തെ പെണ്ണുകാണാൻ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരുന്ന വഴി അച്ഛൻ എന്നോട് ചോദിച്ചു

” ഡാ,,, ഇതും പോരാ,,, നമുക്ക് പറ്റുന്ന ബന്ധമല്ല,,, എന്താ നിന്റെ അഭിപ്രായം. തീരുമാനം മാറ്റണോ ”

” വേണ്ട,, അതെന്തായാലും വേണ്ട. എന്തായാലും നനഞ്ഞു ഇനി കുളിച്ചു കയറാം”

നാട്ടിൽ മേലേപറമ്പിൽ ആൺവീട് എന്നറിയപ്പെടുന്ന അഞ്ചു ആൺ മക്കളുള്ള തറവാടാണ് നമ്മുടേത്. ഞാനുണ്ടായി അധികം വൈകാതെ അമ്മ മരണപ്പെട്ടു. അച്ഛൻ എല്ലാവരും വളരെ നല്ല രീതിയിൽ വളർത്തി. അമ്മയുടെ കുറവുകൾ അറിയാതിരിക്കാൻ അച്ഛനാൽ ആകുന്ന എല്ലാ കാര്യങ്ങളും ചെയ്തു തന്നു.

അഞ്ച് മക്കളിൽ നാലാളുടെയും കല്യാണം കഴിഞ്ഞു. നാല് ചേട്ടന്മാരും നാല് ചേട്ടത്തി മാരും അവരുടെ മക്കളുമായി തറവാട്ടിൽ ആകെ ബഹളമാണ്. എല്ലാവർക്കും കുതിരകയറാൻ ഞാൻ ഒരുത്തൻ ബാക്കി.

അങ്ങനെയിരിക്കെ അച്ഛന്റെ അറുപതാം പിറന്നാൾ,, അതായത് ഷഷ്ടിപൂർത്തി,,, അതിഗംഭീരമായ ഞങ്ങൾ അച്ഛന്റെ ഷഷ്ടിപൂർത്തി ആഘോഷിച്ചു.

അന്നത്തെ ദിവസം ആഘോഷ പരിപാടികൾക്ക് ശേഷം എന്റെ നാല് ചേട്ടന്മാരും സ്വത്ത് ഭാഗം വെക്കുന്നതിനെ കുറിച്ച് അച്ഛനോട് സംസാരിക്കാൻ തീരുമാനിച്ചു.

പക്ഷേ മക്കൾ മനസ്സിൽ കണ്ടത് അച്ഛൻ മാനത്ത് കണ്ടു. ആഘോഷത്തിന് ശേഷം അച്ഛൻ എല്ലാവരോടുമായി ഒരു കാര്യം പറഞ്ഞു. അച്ഛൻ രണ്ടാമതൊരു കല്യാണത്തെക്കുറിച്ച് ആലോചിക്കുന്നു.

കേട്ടപാതി കേൾക്കാത്ത പാതി പെണ്ണ് കെട്ടിയ നാലെണ്ണവും ഒടക്കി. പെണ്ണിന്റെ മുന്നിൽ കുറച്ചിൽ ആകും,,,, പെണ്ണു വീട്ടുകാരുടെ മുന്നിൽ കുറച്ചിലാകും,,, അച്ഛന് വയസ്സാംകാലത്ത് വേറെ പണിയില്ലേ എന്നൊക്കെ ചോദിച്ചു ആകെ ബഹളം. പെണ്ണ് കെട്ടിയിട്ട് ഇല്ലാത്തതുകൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല.

നാലുപേരും എതിരു പറഞ്ഞിട്ടും അച്ഛന്റെ തീരുമാനത്തിൽ മാറ്റമില്ല. കല്യാണത്തിന് സമ്മതിച്ചാൽ കല്യാണം കഴിഞ്ഞതിനുശേഷം സ്വത്ത് ഭാഗം വയ്ക്കാം എന്നായി അച്ഛൻ. നാലുപേരും സമ്മതിച്ചില്ല,,, നാലാളും പിള്ളേരെയും വാരിയെടുത്തു അച്ചി വീട്ടിലേക്ക് പോയി.

അച്ഛന് പറയാനുള്ളത് ഇതാണ്. അച്ഛന് പ്രായമായി വരുകയാണ്. അഞ്ചു മക്കൾ ഉള്ളതുകൊണ്ട് അച്ഛനെ ആര് സംരക്ഷിക്കും എന്ന കാര്യത്തിൽ തീർച്ചയായും തർക്കം വരും. ഇനി അഞ്ചു മക്കളുടെയും കൂടെ മാറി മാറി താമസിക്കാന്നു വെച്ചാൽ അച്ഛന് അത് ബുദ്ധിമുട്ടാകും.

ഒരു സമയം കഴിഞ്ഞാൽ എന്തെങ്കിലും ഒരു ബുദ്ധിമുട്ട് വന്നുകഴിഞ്ഞാൽ മരുമക്കൾക്കും ബുദ്ധിമുട്ടാകും. ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞെങ്കിലും അച്ഛൻ അത് വിശ്വാസം പോരാ. ദീർഘദൃഷ്ടിയുള്ള അച്ഛൻ വൃദ്ധസദനം കൈ മാടി വിളിക്കുന്നത് കാണുന്നുണ്ട്. ഇങ്ങനെ വരുന്ന സാഹചര്യത്തിൽ നാട്ടു നടപ്പ് അതാണല്ലോ,,,, വൃദ്ധസദനം.

അഞ്ചു മക്കളുള്ള ആൾ എന്ന നിലയിൽ വൃദ്ധസദനത്തിൽ പോയി കിടക്കുക മഹാമോശം. ഏറ്റവും നല്ല ഉപാധി കല്യാണമാണ്.ഇതാകുമ്പോൾ അച്ഛനൊരു കൂട്ടാകും. അവരുടെ കാര്യങ്ങൾ അവർ നോക്കിക്കൊള്ളും. എവിടെയെങ്കിലും വിധവയായി ജീവിതം കഴിച്ചുകൂട്ടുന്ന ഏതെങ്കിലും ഒരു സ്ത്രീക്ക് ഒരു ജീവിതമാകും.അച്ഛൻ ചിന്തിക്കുന്നതും ശരിയാണ്. തെറ്റ് പറയാൻ പറ്റില്ല.

ഞാൻ ഇതുവരെ പറഞ്ഞ എല്ലാ ആഗ്രഹവും സാധിച്ചു തന്നു നിലക്ക് അച്ഛൻ ആദ്യമായി പറഞ്ഞ ആഗ്രഹം സാധിച്ചു കൊടുക്കേണ്ട ബാധ്യത എനിക്കുണ്ട്. അച്ഛന്റെ രണ്ടാം വിവാഹത്തെ ഞാൻ അനുകൂലിച്ചു. നാലു വഴിക്ക് പെണ്ണ് അന്വേഷണം തുടങ്ങി.

ആദ്യത്തെ പെണ്ണുകാണൽ കഴിഞ്ഞപ്പോൾ ഘടാഘടിയൻ മാരായ നാല് ബ്രദേഴ്സും കൂടി എന്റെ കുത്തിനു പിടിച്ചു. അച്ഛൻ എങ്ങാനും കല്യാണം കഴിച്ചാൽ എന്നെ ജീവനോടെ കുഴിച്ചു മൂടും എന്നാണ് ഭീഷണി. ഞാൻ അവരുടെ ഭീഷണിക്ക് മുന്നിൽ വഴങ്ങി കൊടുത്തില്ല. പെണ്ണ് അന്വേഷണം തുടർന്നു.

അച്ഛന് കല്യാണം ശരിയാവാതിരിക്കാൻ നാലുപേരും അവരാൽ കഴിയുന്ന എല്ലാം ചെയ്തു. ഇനി എവിടെയെങ്കിലും കല്യാണം ശരിയായാൽ അതും മുടക്കുമെന്ന് നാലു പേരും പ്രതിജ്ഞ ചെയ്തു. ഈ കാര്യങ്ങളെല്ലാം അച്ഛൻ അറിയുന്നുണ്ട്.

അങ്ങനെയിരിക്കെ അച്ഛൻ പണ്ട് പത്താം ക്ലാസിൽ പഠിച്ച സ്കൂളിൽ പൂർവവിദ്യാർഥിസംഗമം വന്നു. ഞാനും അച്ഛനും കൂടി സംഗമത്തിനു പോയി. ഭൂമിയിൽ പല വൻകരകളിൽ നിന്നുപോലും പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് ആളു വന്നു.

ആ പരിപാടിയിൽ അച്ഛൻ എനിക്ക് പരിചയപ്പെടുത്തി തന്ന ഒരേ ഒരാളാണ് അഡ്വക്കേറ്റ് ശ്രീലത,,, പരിചയപ്പെടുത്തി തരാൻ കാരണം ആൾ അച്ഛന്റെ പഴയ കാമുകിയാണ്. പക്ഷേ ഈ കാര്യം ഈ കാമുകി അറിഞ്ഞിട്ടില്ല. പരസ്പരം പറയാതെ പോയ പ്രണയം.

ജീവിതത്തിൽ കല്യാണമേ വേണ്ടെന്നു തീരുമാനിച്ച ആളാണ്. എല്ലാ പ്രശ്നങ്ങളെയും അതിജീവിച്ച് അവരും അറുപതിൽ എത്തി. കുടുംബമില്ല കുട്ടികളില്ല.

പഴയ പ്രണയത്തിന്റെ കാര്യം പറഞ്ഞ് രണ്ടുപേരും പൊട്ടിച്ചിരിക്കുമ്പോൾ കുറച്ചു മാറി നിന്ന് രണ്ടുപേരെയും ഞാനൊന്നു നോക്കി. നല്ല ചേർച്ചയുണ്ട്,,, പ്രശസ്തയായ അഡ്വക്കേറ്റ് ആണ്.

പക്ഷേ കല്യാണമേ വേണ്ടെന്നു വെച്ച ജീവിക്കുന്ന ഒരു സ്ത്രീയോട് അറുപതാമത്തെ വയസ്സിൽ കല്യാണത്തെക്കുറിച്ച് ചോദിക്കുന്നത് ഒരു മാന്യത ആയി തോന്നിയില്ല. പ്രോഗ്രാം കഴിഞ്ഞ് തിരിച്ചു പോരുമ്പോൾ ഞാൻ അഡ്വക്കേറ്റ്ന്റെ നമ്പർ മേടിച്ചു.

കുറച്ചു ദിവസങ്ങൾക്ക് ശേഷം അഡ്വക്കേറ്റ് നെ അവരുടെ ഓഫീസിൽ പോയി കണ്ടു. രണ്ടും കൽപ്പിച്ച് ഞാൻ കാര്യം അവതരിപ്പിച്ചു. പോയാലൊരു വാക്ക്,,, കിട്ടിയാൽ രണ്ടാനമ്മ,, അച്ഛൻ ഹാപ്പിയാകും.

ഞാൻ പറഞ്ഞത് കേട്ടതിനുശേഷം വക്കീൽ കുറച്ചുനേരം എന്നോടൊന്നും മിണ്ടിയില്ല. ജീവിതത്തിൽ കല്യാണം വേണ്ട എന്നൊരു തീരുമാനമെടുത്തത് കാരണം കുറച്ചു വർഷങ്ങളായി അവർ കാര്യമായി ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ആ ബുദ്ധിമുട്ട് അവസാനിപ്പിക്കാൻ വക്കീല് തീരുമാനിച്ചു.

അച്ഛനുമായുള്ള രണ്ടാം കല്യാണത്തിന് വക്കീലിന് സമ്മതം. അച്ഛന് സന്തോഷം.

അൽ കിടിലൻ ആയി രണ്ടുപേരുടെയും കളർ ഫോട്ടോ വെച്ച് ഞാൻ വിവാഹക്ഷണക്കത്ത് അടിച്ചു. ആദ്യം തന്നെ അച്ചി വീട്ടിൽ താമസമാക്കിയ നാല് ബ്രദേഴ്സിന് അയച്ചുകൊടുത്തു.

കല്യാണം വിളിക്കാൻ വക്കീലിനെ കൂടെ കുറച്ച് ഇടങ്ങളിൽ പോകേണ്ടിവന്നു. എംഎൽഎമാരും മന്ത്രിമാരും വക്കീലന്മാരും ജഡ്ജിമാരും സിനിമാക്കാരും എന്നുവേണ്ട വക്കീലിനെ സൗഹൃദവലയം വളരെ വലുതാണ്.

കല്യാണം അതിഗംഭീരമായി നടക്കാൻ പോകുന്നു എന്ന് കണ്ടപ്പോൾ നാലു മക്കളും ഭാര്യയെയും മക്കളെയും കൂട്ടി സ്വന്തം കാറിൽ വീട്ടിലെത്തി. അച്ഛനെ എതിർത്തതിനും കല്യാണം മുടക്കാൻ ശ്രമിച്ചതിനും അച്ഛനോട് മാപ്പ് ചോദിച്ചു.

അച്ഛനാണ്,,, മക്കളോട് ക്ഷമിച്ച് മാത്രമേ ശീലമുള്ളൂ.

ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വിവാഹസൽക്കാരത്തിൽ എല്ലാവരും പങ്കെടുത്തു.

ഒരു നല്ല കാര്യം ചെയ്യുമ്പോൾ എല്ലാരും എതിർക്കും,,,, പക്ഷെ പോരാടി വിജയിക്കുന്നതല്ലേ ഹീറോയിസം,,,, പിന്നല്ല

അങ്ങനെ അച്ഛന്റെ കല്യാണത്തിന് അച്ഛന് തന്നെ അച്ചാർ വിളമ്പാനുള്ള ഭാഗ്യം എനിക്ക് കിട്ടി. ശുഭം സന്തോഷം,,,, നാലു മക്കൾക്കും കൊടുക്കാനുള്ളതെല്ലാം അച്ഛൻ കൊടുത്തു. ശിഷ്ടകാലം അച്ഛനുമമ്മയും സന്തോഷത്തോടെ ജീവിക്കട്ടെ….

കൂട്ടുകാരെ കഥ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്ത് 2 വരി കുറിക്കണേ, ഇനിയും കഥകൾക്ക് ഈ പേജ് ലൈക്ക് ചെയ്യുക…

രചന: Vipin PG

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters