നഷ്ടപ്പെട്ടു എന്ന് കരുതിയ ജീവിത സ്വപ്നങ്ങൾക്ക് ചിറകു വയ്ച്ചു തുടങ്ങിയ വേളയിൽ അവനൊപ്പം ഇറങ്ങി പുറപ്പെട്ടു…

രചന: Prajith surendra babu

” ചേച്ചി ഇതെന്ത് കോലമാണ് .. ഇങ്ങനെ കയറിചെന്നാൽ അയാള് എന്നെ കൂടി തല്ലും ഞാൻ പറഞ്ഞതല്ലെ ഒന്ന് അണിഞ്ഞൊരുങ്ങി വരാൻ ”

വേണുവിന്റെ മുഖം കറുക്കുമ്പോൾ നിസ്സഹായയായി ഒന്നു നോക്കുവാൻ മാത്രമേ സന്ധ്യക്കു കഴിഞ്ഞുള്ളു.

“ഈ കോലത്തിൽ ചേച്ചിയെ അങ്ങട് കൊണ്ട് ചെന്നാൽ ഇന്നത്തോടെ തീരും എന്റെ ഈ ബിസ്സിനെസ്. കാഴ്ചയിലെ സൗന്ദര്യം അതാണ് പുള്ളിക്ക് നിർബന്ധം. കോടീശ്വരനാണ്. അയാൾക്കു ചേച്ചിയെ ഇഷ്ടമായാൽ അതോടെ ചേച്ചിയും ഞാനും രക്ഷപ്പെട്ടു. അതുകൊണ്ടാ ഒന്ന് തൊട്ടുപോലും നോക്കാൻ നിൽക്കാതെ ചേച്ചിയെ നേരെ ഞാനിങ്ങു കൊണ്ട് വന്നത്. ഇനി ഇത് കഴിഞ്ഞു വേണം എനിക്കൊന്ന് …..”

വഷളൻ ചിരിയുമായി തന്റെ ചുമരിൽ തലോടുന്ന വേണുവിന്റെ മുഖം ഇമവെട്ടാതെ അല്പനേരം നോക്കി നിൽക്കുമ്പോൾ വല്ലാത്ത ആശ്ചര്യം തോന്നി സന്ധ്യയ്ക്ക്

“വേണു ….ഞാനോർത്തുപോകുവാ … വർഷങ്ങൾക്ക് മുന്നേ എന്റെ കൈവിരലിൽ തൂങ്ങി സ്കൂളിലേക്ക് പോയിരുന്ന ആ വേണുവിനെ അന്നും നീയെന്നെ ചേച്ചി എന്നു തന്നെയാണ് വിളിച്ചിരുന്നത്. പക്ഷേ ഇന്നത്തെ ഈ കാമാഗ്നി അന്ന് നിന്റെ കണ്ണുകളിൽ ഞാൻ കണ്ടിരുന്നില്ലടാ ….”

അപ്രതീക്ഷിതമായ ആ മറുപടിയിൽ വേണുവിന്റെ മുഖത്തു ജാള്യത നിറയുമ്പോൾ അറിയാതെ പുഞ്ചിരിച്ചു പോയി അവൾ

“നീ വിഷമിക്കണ്ടടാ … എന്തായാലും കളങ്കപ്പെടാൻ മനസ്സിനെ പാകപ്പെടുത്തിയാണ് ഞാനിന്ന് നിനക്കൊപ്പം ഈ രാത്രി ഇറങ്ങി പുറപ്പെട്ടത്. വരുന്നവൻ ആരായാലും അവന്റെ സംതൃപ്തിയിൽ എനിക്ക് ലഭിക്കുന്ന പിച്ചയാണ് നാളത്തെ എന്റെ കുഞ്ഞിന്റെ അന്നത്തിനുള്ള വക ഈയൊരു വഴിയൊരുക്കി തന്ന നിന്നെയും ഞാൻ മറക്കില്ല ഉപയോഗിക്കാം നിനക്കെന്നെ നിന്റെ കാമം അടങ്ങുന്നതുവരെ ”

പുഞ്ചിരിച്ചു കൊണ്ടവൾ മുന്നിലേക്ക് ചുവടു വയ്ക്കുമ്പോൾ അതുവരെയില്ലാതിരുന്നൊരു മനസ്സാക്ഷി കുത്ത് അനുഭവപ്പെട്ടു വേണുവിന്

സിനിമകളിൽ മാത്രം കണ്ടു വളർന്ന ആഢംബര പൂർണ്ണമായ ആ ഹോട്ടൽ മുറി അവളെ വല്ലാതെ ആകർഷിച്ചു. ജീവിതത്തിൽ താനും ഒരുപാട് ആഗ്രഹിച്ചിരുന്നു ഇതുപോലൊരു ആഢംബര മുറിയിൽ താലികെട്ടിയവന്റെ നെഞ്ചോടു ചേർന്നൊരു ദിവസം. പക്ഷെ ദൈവനിശ്ചയം ഇതാകാം.

“തന്റെ മോൾ അവൾ ഉണർന്നിട്ടുണ്ടാകുമോ ഉണർന്നാൽ തന്നെ കാണാതെ …”

മനസ്സിന്റെ കോണിലെവിടെയോ വല്ലാത്തൊരു വേവലാതി അനുഭവപ്പെട്ടു സന്ധ്യയ്ക്ക് ഒപ്പം തന്നെ വല്ലാത്തൊരു ഉൾഭയവും ജീവിതത്തിലാദ്യമായിട്ടാണ് ഇങ്ങിനെയൊരനുഭവം… വിധിയെ പഴിചാരി സമയം തളളി നീക്കുമ്പോൾ ഹോട്ടൽ മുറിയുടെ വാതിൽ പതിയെ തുറന്ന് ഒരാൾ മുറിയ്ക്കുള്ളിലേക്ക് പ്രവേശിച്ചു. നെഞ്ചിടിപ്പോടെയവൾ ഒറ്റുനോക്കുമ്പോൾ വാതിൽ ലോക്ക് ചെയ്തയാൾ അവൾക്കരികിലേക്കടുത്തിരുന്നു. കണ്ടു മറന്ന സിനിമകളിലെ കാമപൂരണത്തിനായി വെറളി പിടിച്ചെത്തുന്ന കോടീശ്വരന്മാരായ മധ്യവയസ്‌കരിൽ ഒരാളെ പ്രതീക്ഷിച്ചിരുന്ന സന്ധ്യ ആ ചെറുപ്പക്കാരനെ കണ്ട് അമ്പരന്നു. കാഴ്ചയിൽ മുപ്പത്തിയഞ്ചു വയസ്സിനുള്ളിൽ മാത്രം പ്രായം തോന്നിക്കുന്ന സുന്ദരനും സുമുഖനുമായ ഒരുവൻ

” സോറി ഞാനൽപ്പം വൈകിപ്പോയി വന്നിട്ടൊരുപാട് നേരമായോ ഇയാൾ”

വന്ന മാത്രയിലെ ആ ക്ഷമാപണവും സംസാരത്തിലെ മാന്യതയും സന്ധ്യയെ വല്ലാതെ അതിശയിപ്പിച്ചു

“എന്താ ഇങ്ങനെ നോക്കി നിൽക്കുന്നെ താൻ ഇരിക്കെടോ ”

ചുമരിൽ പിടിച്ചയാൽ ബെഡിലേക്കിരുത്തുമ്പോൾ യന്ത്രം കണക്കെ അനുസരിച്ചു അവൾ. അൽപ്സമയം അവളുടെ മിഴികൾ തന്നെ ഇമവെട്ടാതെ നോക്കിയിരുന്നു അയാൾ.

” എന്തു ഭംഗിയാടോ തന്നെ കാണാൻ കണ്ണെടുക്കാൻ തോന്നുന്നില്ല ഈമുഖത്തുനിന്ന് . എപ്പോഴും കാഴ്ചയിലെ ഭംഗിയും കട്ടയ്ക്ക് എന്നോട് ഇടിച്ചു നിൽക്കുന്ന പ്രകൃതവുമാണ് എനിക്കേറ്റവും ഇഷ്ടം .. അങ്ങിനെയുള്ള കക്ഷികളെയാണ് വേണു സാധാരണ എനിക്ക് വേണ്ടി ഇവിടെയെത്തിക്കുന്നതും പക്ഷെ ഇന്നിപ്പോൾ ആദ്യമായി നിന്റെയീ പേടിച്ചരണ്ട മിഴികൾ,നിന്റെയീ മൗനം , ഈ ശാലീന സൗന്ദര്യം .. ഇതൊക്കെ എന്നെ വല്ലാതെ ആകർഷിക്കുന്നു.”

നന്ദന്റെ മിഴികളിൽ വല്ലാത്തൊരു കാന്തിക ശക്തി അനുഭവപ്പെട്ടു സന്ധ്യയ്ക്ക് നിമിഷ നേരം കൊണ്ട് അവനിലേക്ക് വല്ലാതെ ആകർഷിക്കപ്പെട്ടിരുന്നു അവൾ.

” താനെന്താ ഒന്നും മിണ്ടാത്തെ… വേണു പറഞ്ഞിരുന്നു അധികം ഉടവ് തട്ടാത്ത തളിരിലായാണ് ഇതെന്ന്. ആദ്യമായിട്ടാണല്ലേ ഇങ്ങനെയൊക്കെ ”

ആ ചോദ്യത്തിനും നിശബ്ദത മാത്രമായിരുന്നു അവളുടെ മറുപടി. കയ്യിൽ കെട്ടിയിരുന്ന വാച്ച് ഊരി ടേബിളിൽ വച്ചുകൊണ്ടവൻ തുടർന്നു

” എന്റെ പേര് നന്ദൻ. റിയൽ എസ്റ്റേറ്റ് ബിസ്സിനെസ് ഒക്കെയായി കഴിഞ്ഞു പോകുന്നു. വീട്ടിൽ അമ്മ മാത്രം. വിവാഹിതനല്ല ഞാൻ .ഒരു പക്ഷേ ഈ ദുശീലം കൊണ്ടാകാം ഇതുവരെയും മനസ്സു വന്നില്ല എന്നതാണ് സത്യം ഇതെന്റെ ഹോട്ടൽ ആണ്. ഇവിടെ ഈ മുറിയിൽ എനിക്കൊപ്പം ഇതിനോടകം നിരവധി പേർ അന്തിയുറങ്ങിയിട്ടുണ്ട്. കാശിന്റെ കണക്കിനപ്പുറത്തേക്കൊരു പരിചയപ്പെടൽ ഞാനിതുവരെ അവരുമായി നടത്തിയിട്ടില്ല. പക്ഷെ നിന്നിലെന്തോ ഒരു പ്രത്യേകത തോന്നുന്നു എനിക്ക് അതുകൊണ്ട് ചോദിക്കുവാ എന്താ നിന്റെ പേര് ”

കൈക്കുമ്പിളിൽ തന്റെ മുഖം കോരിയെടുത്തു കൊണ്ടവൻ ചോദിക്കുമ്പോഴേക്കും അതുവരെ കരുതിവെച്ച ധൈര്യവും തന്റേടവുമെല്ലാം ചോർന്നൊലിച്ചു കൊണ്ടൊരു ഒരു സാധാരണ പെണ്ണായി മാറിയിരുന്നു സന്ധ്യ.

ശരീരമാകെ വിറപൂണ്ട മാത്രയിൽ പെട്ടെന്നവൾ മനോബലം വീണ്ടെടുത്തു കൊണ്ട് ചാടി എഴുന്നേറ്റു. അപ്രതീക്ഷിതമായ അവളുടെയാ പെരുമാറ്റത്തിൽ നന്ദനൊന്ന് അമ്പരന്നു

” എന്താണ് …. എന്താ നീ ഇങ്ങനെ ….ശരീരത്തിൽ കൈ വയ്ക്കുമ്പോൾ ഇത്രത്തോളം കുതറി മാറുന്ന നീ പിന്നെങ്ങനെയാണ് ഈ തൊഴിൽ ഉപജീവന മാർഗ്ഗമാക്കുന്നത് . ”

ആ ചോദ്യത്തിന് മുന്നിൽ കണ്ണുനീർ മാത്രമായിരുന്നു അവളുടെ മറുപടി കൈ കൂപ്പിക്കൊണ്ടവൾ നന്ദന് മുന്നിൽ മുട്ടു കുത്തി

” ക്ഷമിക്കൂ…. ജീവിതത്തിൽ ആദ്യത്തെ അനുഭവമാണിത് അതിന്റെ പരിചയക്കുറവാണ് നിങ്ങൾ എന്നെ എന്തുവേണമെങ്കിലും ചെയ്തോളൂ ..പക്ഷേ വാടകവീട്ടൽ ഒന്നുമറിയാതെ ഉറങ്ങുന്ന ഒരു കുഞ്ഞു മോളുണ്ട് എനിക്ക് അവൾ ഉണരുന്നതിനു മുന്നേ തിരികെ വീട്ടിലെത്തണം എനിക്ക്.അത് കൊണ്ട് ഒന്ന് വേഗത്തിൽ ആക്കുമോ ..”

സന്ധ്യയുടെ ആ വാക്കുകൾക്കു മുന്നിൽ അക്ഷരാർത്ഥത്തിൽ നന്ദനൊന്ന് ഞെട്ടി

” എന്താണ് നീയീ പറയുന്നത് എനിക്കൊന്നും വ്യക്തമാകുന്നില്ല അന്തിക്കൂട്ടിനു വന്ന് കണക്കു പറഞ്ഞു കാശ് വാങ്ങി പോകുന്ന ഒരുപാട് അവള്മാരെ എനിക്കറിയാം പക്ഷേ അവരിൽ കാണാത്ത എന്തൊക്കെയോ പ്രത്യേകതകൾ നിന്നിലുണ്ട്.ഡോറു തുറന്നു അകത്തു കയറുന്നതു മുതൽ കപട സ്നേഹത്താൽ സുഖിപ്പിച്ചു പറഞ്ഞുറപ്പിച്ചതിനേക്കാൾ അധികം കൈപ്പറ്റി പോകുന്നവരെ മാത്രമേ എനിക്ക് ഇതുവരെയും പരിചയമുണ്ടായിരുന്നുള്ളു പക്ഷേ ഇന്നിപ്പോൾ അവരിൽ നിന്നെല്ലാം വളരെ വ്യത്യസ്തയായൊരു പെണ്ണിനെ ആദ്യമായി കാണുകയാണ് ഞാൻ. നിന്റെയീ വിഷാദത്തിനു പിന്നിൽ എന്തൊക്കെയോ പറയാനുണ്ട് നിനക്ക്.നീയാരാ എങ്ങിനെയിവിടെയെത്തി … ഇതറിഞ്ഞിട്ടു മതി ഇനി ബാക്കി കാര്യങ്ങൾ ”

നന്ദന്റെ ഉറച്ച വാക്കുകൾക്കു മുന്നിൽ നിറകണ്ണുകളോടെയവൾ തന്റെ കഥ പറഞ്ഞു തുടങ്ങി.

അച്ഛനില്ലാതെ അമ്മയുടെ ചിറകിൻ കീഴിൽ വളർന്ന ബാല്യം… പ്രായപൂർത്തിയായി ഏറെ വൈകാതെ തന്നെ അമ്മയെകൂടി നഷ്ടപ്പെട്ടതോടെ തീർത്തും അനാഥയാക്കപ്പെട്ട നിമിഷങ്ങൾ ആ വേളയിൽ ആശ്രയമായെത്തിയ അകന്ന ബന്ധു. അയാളുടെ പെരുമാറ്റത്തിലെ അസ്വഭാവികത പൊറുതി മുട്ടിച്ച ദിനങ്ങൾ ….

സിനിമകളിൽ മാത്രം കണ്ടു മറന്ന അനാഥപെണ്ണിന്റെ ജീവിതയാതനകൾ അവളുടെ വാക്കുകളിലൂടെ നന്ദൻ കൺമുന്നിൽ കാണുകയായിരുന്നു

” എന്നിട്ട് … പിന്നെങ്ങനെ നീ ഇവിടെയെത്തി അത് പറയു”

അവന്റെ മിഴികളിലെ ആകാംക്ഷയ്ക്കു മുന്നിൽ അവൾ തുടർന്നു

” രക്ഷകനായി ജീവിതത്തിലേക്ക് കടന്നുവന്ന അയാൾ കാമത്തോടെ മാത്രമേ തന്നെ കണ്ടിട്ടുള്ളൂ അവിടെനിന്നും ഒരു രക്ഷയ്ക്കായി ശ്രമിക്കുന്ന അവസരത്തിലാണ് ഒരു ജിവിതം വച്ചു നീട്ടിക്കൊണ്ടവൻ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത് രാജേഷ്. അയാളുടെ കപട സ്നേഹത്തിനുമുന്നിൽ നഷ്ടപ്പെട്ടു എന്ന് കരുതിയ ജീവിത സ്വപ്നങ്ങൾക്ക് ചിറകു വയ്ച്ചു തുടങ്ങിയ വേളയിൽ അവനൊപ്പം ഇറങ്ങി പുറപ്പെട്ടു ഒടുവിൽ കഴുത്തിൽ ഒരു താലിചാർത്തുവാൻ പോലും കാത്തുനിൽക്കാതെ കാമപൂരണം നടത്തിയവർ കടന്നു കളഞ്ഞപ്പോൾ ഞാൻപോലുമറിഞ്ഞില്ല ന്റെ ഉദരത്തിൽ ഒരു കുഞ്ഞു ജീവൻ തുടിച്ചു തുടങ്ങിയ കാര്യം ”

ആശ്ചര്യത്തോടെ നന്ദൻ ഉറ്റു നോക്കുമ്പോൾ പതിയെ ജന്നലിനരികിലേക്ക് നടന്നു സന്ധ്യ.

” മരിക്കുവാൻ മനസ്സു വന്നില്ല. എന്റെ കുഞ്ഞിന് വേണ്ടി ജീവിക്കണം എന്നു തന്നെ മനസ്സിൽ ഉറപ്പിച്ചു തിരികെ വീട്ടിലെത്തുവാൻ കഴിയാത്ത അവസ്ഥയായതിനാൽ പലരുടെയും ആട്ടും തുപ്പും സഹിച്ചും കൂലി വേല ചെയ്തും ഇതുവരെയും ജീവിച്ചു അതിനിടയിൽ എന്റെ കുഞ്ഞൊന്നു തലയിടിച്ചു വീണു. പുറമെ പരിക്കൊന്നുമില്ലാതിരുന്നിട്ടും ഇടയ്ക്കിടക്ക് കുഞ്ഞിന്റെ ബോധം പോകും ആശുപത്രിയിൽ കാണിച്ചപ്പോൾ തലക്കിച്ചോറിന്റെന്തോ പരിക്കുണ്ടത്രെ ……ഒരു ഓപ്പറേഷൻ വേണം വലിയ തുകയാകും. അന്നന്നുള്ള അന്നത്തിനു പോലും ബുദ്ധിമുട്ടുന്ന എനിക്ക് സ്വന്തം കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരുവാൻ പെട്ടെന്നിത്രയും തുക കണ്ടെത്തുവാൻ ഇതല്ലാതെ മറ്റൊരു വഴിയില്ല ”

കരഞ്ഞു കൊണ്ടവൾ കൈ കൂപ്പുമ്പോൾ നന്ദന്റെ മിഴികളിൽ അറിയാതെ നനവു പടർന്നു . അവന്റെ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഇത്തമൊരു സന്ദർഭം .വല്ലാത്തൊരു മാനസിക സംഘർഷത്തോടെ അൽപ്പ സമയം എന്തോ ഓർത്തിരുന്ന ശേഷം പതിയെ എഴുന്നേറ്റവൻ സന്ധ്യയ്ക്കരുകിലേക്കു ചെന്നു അവളുടെ ചുമരിലേക്ക് കൈ വയ്ക്കുമ്പോൾ അന്നാദ്യമായി അവന്റെ വിരലുകൾ വിറപൂണ്ടു

” താഴെ റിസപ്ഷന് മുന്നിൽ തന്നെ എന്റെ കാറു കിടപ്പുണ്ട്. അതിന്റെ പിൻസീറ്റിൽ ഒരു പെട്ടിയുണ്ട് അതിൽ കാശും.അതെടുത്തു വീട്ടിലേക്ക് പൊയ്ക്കോളൂ കാർ ലോക്ക് ഞാൻ ജന്നൽ വഴി മാറ്റിയേക്കാം …..”

അവിശ്വസനീയമായി അവൾ തുറിച്ചു നോക്കുമ്പോൾ നന്ദനൊന്നു പുഞ്ചിരിച്ചു

” തനിക്കാവശ്യമായത് എത്രയെന്ന് എനിക്കറിയില്ല.പക്ഷേ ആ പെട്ടിക്കുള്ളിൽ ഒരു വലിയ തുകയുണ്ട് ഇന്നത്തെ ഒരു ദിവസത്തെ വസ്തുകച്ചവടത്തിൽ എനിക്ക് കിട്ടിയ ലാഭമാണത് അത് നീ എടുത്തുകൊള്ളൂ കുഞ്ഞിന്റെ കാര്യങ്ങൾ നടക്കട്ടെ ”

ആ നിമിഷങ്ങൾ ഒരു സ്വപ്നമെന്നപോലെ തോന്നിയതു കൊണ്ടാകാം നിശ്ചലയായി നന്ദനെ തന്നെ നോക്കി നിന്നു സന്ധ്യ .ജീവിതത്തിലാദ്യമായി ഒരു ‘മനുഷ്യനെ’കണ്ട ആനന്ദത്തിൽ തിളങ്ങിയ അവളുടെ മിഴികളിൽ നന്ദിയുടെയും കടപ്പാടിന്റെയും പ്രതീകമായി നീരുറവകൾ തെളിഞ്ഞു.ആ കണ്ണുനീർ തുടച്ചുകൊണ്ട് നന്ദനവളുടെ നെറുകയിൽ തലോടി

” ഈ റൂമിലേക്ക് വന്നു കയറുമ്പോൾ കാമത്തോടെയാണ് ഞാൻ നിന്നെ നോക്കിയത് പക്ഷേ ഇപ്പോൾ… ഇപ്പോൾ ഒരു അമ്മയെ നിന്നിൽ ഞാൻ കാണുന്നു. ഇനിയൊരിക്കലും ഈ തൊഴിലിനായി ഇറങ്ങേണ്ടി വരില്ല നിനക്ക്. ആ പെട്ടിയിൽ എന്റെ കാർഡുണ്ട്. ഒരാഴ്ച്ച കഴിഞ്ഞു ആ അഡ്രസ്സ് നോക്കി എന്റെ വീട്ടിൽ വരണം നീ ….കുഞ്ഞുമായി ”

അതൊരു ഓർമപ്പെടുത്തലായിരുന്നു. അവൾ പുറത്തേക്കു പോകുമ്പോൾ ഇമവെട്ടാതെ നോക്കിനിന്നു നന്ദൻ.

കാറിൽ നിന്നു കിട്ടിയ പെട്ടി നെഞ്ചോടു ചേർത്തു ഹോട്ടലിന്റെ ഗേറ്റുകടന്നു പുറത്തേക്കു നടക്കുമ്പോഴും സന്ധ്യ മറ്റേതോ ലോകത്തായിരുന്നു.സംഭവിച്ചതൊക്കെയും ഒരു സ്വാപ്നമാണോ എന്ന സംശയം മനസ്സിൽ അലയടിക്കുമ്പോഴും നഷ്ടപ്പെട്ടു എന്ന് കരുതിയ ജീവിത സ്വപ്‌നങ്ങൾ അപ്രതീക്ഷിതമായി തിരികെ കൈവന്ന ഉന്മാദാവസ്ഥയിൽ പിന്നിൽ ഹോട്ടലിൽ മുഴങ്ങി കേട്ട തോക്കിൽ നിന്നുതിർന്ന വെടിയൊച്ച അവളുടെ കാതുകളിൽ പതിച്ചില്ല . എന്നാൽ അപ്രതീക്ഷിതമായി കേട്ട വെടിയൊച്ചയുടെ ഉറവിടം തേടിയുള്ള ഹോട്ടൽ ജീവനക്കാരുടെ പരക്കം പാച്ചിൽ ചെന്നവസാനിച്ചത് നന്ദന്റെ റൂമിനുള്ളിൽ തന്നെയായിരുന്നു ശിരസിലേക്ക് സ്വയം നിറയൊഴിച്ചയാൾ ജീവിതത്തോടു വിടപറഞ്ഞപ്പോൾ മേശപുറത്തു നിന്നും ഒരു കത്ത് ജീവനക്കാർക്ക് ലഭിച്ചു

അതിന്റെ ഉള്ളടക്കം ഇതായിരുന്നു

‘കണക്കറ്റ അച്ഛന്റെ സമ്പാദ്യം കണ്ടു വളർന്ന ബാല്യം അത് അനുഭവിച്ചു തുടങ്ങിയ യൗവനം.. തികച്ചുമെന്നെയൊരു ധൂർത്തനാക്കിയിരുന്നു. കാശിന്റെ അഹങ്കാരത്തിൽ സുഖസൗകര്യങ്ങൾ തേടി അലയുമ്പോൾ പല പല പ്രമുഖർ മുതൽ തെരുവ് വേശ്യകൾ വരെ എനിക്കൊപ്പം അന്തിയുറങ്ങിയിട്ടുണ്ട്. അവരുടെയൊക്കെ കണ്ണുകളിൽ ഞാൻ കണ്ടതും പണത്തിനോടുള്ള ആർത്തിയായിരുന്നു. അത്തരത്തിലുള്ള ഏതോ ഒരുവൾ എനിക്ക് സമ്മാനിച്ചു പോയത് എയ്ഡ്സ് എന്ന മാരക രോഗത്തെയായിരുന്നു. മനസ്സു കൈവിട്ടമാത്രയിൽ മരണത്തെപ്പറ്റി ചിന്തിച്ചുവെങ്കിലും എന്റെ കാശു വാങ്ങി എന്നെ ചതിച്ച അവളോട് തീർത്താൽ തീരാത്ത പകയായിരുന്നു.ഒരു വ്യക്തിയോട് തോന്നിയ ആ പക ഒരു പിന്നീട് വിഭാഗത്തോട് തന്നെയായി മാറിയപ്പോൾ കാശിനു ആർത്തി മൂത്തു എനിക്കൊപ്പം കിടക്ക പങ്കിടാൻ വന്നവളുമാർക്കെല്ലാം വാശിയോടെ സാമ്പത്തിനൊപ്പം എന്റെ രോഗത്തെയും ഞാൻ കൈമാറി. എന്നാൽ ഇന്നു ഞാൻ കണ്ടു ജീവിത സാഹചര്യങ്ങളുടെ നിലയില്ലാ കയത്തിലകപ്പെട്ടു ജിവിതം വഴിമുട്ടിയ അവസ്തയിൽ എനിക്കരികിലേക്കെത്തിപ്പെട്ട ഒരു പാവം പെണ്ണിനെ അവളുടെ കണ്ണുകളിൽ ഞാൻ കണ്ടത് പണത്തിനോടുള്ള ആർത്തിയല്ല മാതൃത്വത്തിന്റെ തിരി വെളിച്ചമാണ്. ഈ നിമിഷം ഇത്രയും നാൾ ഞാൻ ചെയ്തു കൂട്ടിയ തെറ്റുകളുടെ വ്യാപ്തി എത്രത്തോളമാണ് എന്ന തിരിച്ചറിവ് എന്നെയാകെ തളർത്തുന്നു. ആരെയും കണ്ടെത്തി പ്രയശ്ചിത്തം ചെയ്യുവാൻ കഴിയില്ല.ഇനിയൊരു വ്യക്തിയിലേക്ക് എന്നിലൂടെ ഈ വിപത്തിനെയെത്തിക്കാതിരിക്കുക എന്നത് തന്നെയാണെന്റെ പ്രായശ്ചിത്തം. അതു കൊണ്ട് ഞാനെന്ന വ്യക്തി ഇവിടെയവസാനിക്കുന്നു

പ്രിയപ്പെട്ട അമ്മേ …. ഒരായിരം മാപ്പ് …. ഈ മകൻ ഇനി ജീവിക്കുവാൻ അർഹനല്ല.ഒറ്റപ്പെട്ടു പോയ അമ്മയുടെ ജീവിതത്തിലേക്ക് അധികം വൈകാതെ ഒരു കൈക്കുഞ്ഞുമായി ഒരുവൾ വരും സന്ധ്യ. അമ്മയ്ക്ക് കഴിയുമെങ്കിൽ സ്വന്തം മകളായി കണ്ട് അവളെ സ്വീകരിക്കുവാൻ മനസ്സുകാട്ടണം കാരണം നിരാലംബയായ ആ പാവത്തിന് അമ്മയുടെ മകൻ അവസാനമായി നല്കിയ വാക്കാണ് അവളെ സംരക്ഷിച്ചു കൊള്ളാം എന്നത് ആ സംരക്ഷണം എന്റെ അമ്മ നൽകണമേ എന്ന അപേക്ഷ മാത്രമേ ഈ മകനുള്ളൂ ‘

ചുരുങ്ങിയ നിമിഷത്തിനുള്ളിൽ തന്നെ നാട്ടിലെ പ്രമാണിയുടെ മരണവാർത്ത നാടൊട്ടുക്ക് പരക്കുമ്പോൾ അറിഞ്ഞവർ അറിഞ്ഞവർ സംഭവസ്ഥലത്തേക്ക് ഓടിക്കൂടി.എന്നാൽ ഇതൊന്നുമറിയാതെ നഗരത്തിന്റെ മറ്റൊരു കോണിൽ വാടക വീട്ടിൽ തന്റെ കുഞ്ഞിനെ നെഞ്ചോടു ചേർത്തുകൊണ്ട് സന്ധ്യ സർവ്വേശ്വരനോട് പ്രാർത്ഥിച്ചു

” ഭഗവാനെ … നന്മയുടെ പ്രതീകമായ ആ നല്ല മനുഷ്യന് എന്നും ദീർഘായുസ്സ് നൽകേണമേ ”

രചന: Prajith surendra babu

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters