അശ്വതിയുടെയും ആദിത്യന്റെയും വിവാഹം കഴിഞ്ഞിട്ട് കഷ്ടിച്ച് രണ്ടു മാസം ആകുന്നേയുള്ളു…

രചന: Siva S Nair

പതിവില്ലാതെ അമ്മയുടെ ഉച്ചത്തിൽ ഉള്ള നിലവിളിയും കരച്ചിലും ബഹളവും കേട്ടാണ് ആദിത്യൻ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്.

അടുക്കളയിൽ നിന്നാണ് അമ്മയുടെ നിലവിളിയും കരച്ചിലും. തെല്ലു പരിഭ്രമത്തോടെ അടുക്കളയിലേക്ക് ഓടിപോയി നോക്കിയപ്പോൾ കണ്ടത് കഴുക്കോലിൽ ഉടുത്തിരുന്ന സാരിയിൽ തൂങ്ങിയാടി നിൽക്കുന്ന തന്റെ ഭാര്യ അശ്വതിയുടെ ശരീരമാണ്….

അവളുടെ അരയ്ക്ക് താഴോട്ടു പാവാട മുഴുവൻ ചോര നിറമായിരുന്നു… കാലിൽ കൂടെ ചോരയൊലിച്ചു നിലത്ത് ഇറ്റുന്നുണ്ടായിരുന്നു….

നീണ്ട മുടിയിഴകൾ അഴിഞ്ഞുലഞ്ഞു കിടക്കുന്നു…. കണ്ണുകൾ തുറിച്ചുന്തിയിരുന്നു…

പെരുവിരലിൽ നിന്നൊരു പെരുപ്പ് അവന്റെ അടിവയറ്റിൽ കൂടെ തൊണ്ടയിൽ വന്നു കുരുങ്ങി നിന്നു….

തൊണ്ട വരണ്ട് പൊട്ടുന്നതായി തോന്നി അവന്. നിന്നിടത്തു നിന്ന് ഊർന്നു തറയിലേക്കവൻ ഇരുന്നുപോയി.

അമ്മയുടെ ഒച്ചപ്പാടും ബഹളവും കേട്ടു വീട്ടിലെ മറ്റു അംഗങ്ങളും ഉണർന്നെഴുന്നേറ്റു വന്നു.

പതിയെ അയൽക്കാരും നാട്ടുകാരും ആ പഴയ എട്ടു കെട്ടു തറവാട്ടിലേക്ക് ഓടിയടുത്തു.

അശ്വതിയുടെയും ആദിത്യന്റെയും വിവാഹം കഴിഞ്ഞിട്ട് കഷ്ടിച്ച് രണ്ടു മാസം ആകുന്നേയുള്ളു…

ശങ്കരമംഗലത്തെ ഏറ്റവും വലിയ സമ്പന്നരും ഇപ്പോഴും പ്രൗഢിയോടെ തലയെടുപ്പോടെ നിൽക്കുന്ന ഏക എട്ടുകെട്ടാണ് ആദിത്യന്റേത്. അവന്റെ അച്ഛൻ ഭദ്രൻ തിരുമേനി ആണ് മംഗലത്ത് തറവാട്ടിലെ കാരണവർ… അത്യാവശ്യം മാന്ത്രിക താന്ത്രിക വിദ്യകൾ കൈവശമുള്ളയാളാണ് അദ്ദേഹം.

മംഗലത്ത് തറവാട്ടിലെ പുതുപെണ്ണിന്റെ ആത്മഹത്യ നിമിഷ നേരം കൊണ്ട് നാട് മുഴുക്കെ അറിഞ്ഞു.

കേട്ടവർ കേട്ടവർ മൂക്കത്തു വിരൽ വച്ചു. ചിലർ സഹതാപം പ്രകടിപ്പിച്ചു.

“എന്നാലും ആ കുട്ടിക്ക് എന്തിന്റെ കേടാണ്. അവിടെ ഇപ്പൊ എന്താ ഒരു കുറവ്. തങ്കം പോലത്തെ നല്ലൊരു ചെക്കനും നല്ല തറവാട്ട്കാരുമല്ലേ…. രാജകുമാരിയെ പോലെയല്ലേ അവര് കൊണ്ട് നടന്നത്…. അതിനു ഇങ്ങനെ ഒരു ദുർബുദ്ധി തോന്നാൻ എന്താണാവോ കാരണം… ” ഓരോരുത്തർ അവരുടേതായ അഭിപ്രായം പ്രകടിപ്പിച്ചു.

ചിലർ പ്രേത ബാധ ആയിരിക്കുമെന്ന് പറഞ്ഞു. കാരണം മുൻപും ആ നാട്ടിൽ ഒരുപാട് പെൺകുട്ടികൾ ആത്മഹത്യ ചെയ്യുകയും കാണാതാവുകയുമൊക്കെ ചെയ്തിരുന്നു. പോലീസ് അന്വേഷണം ഉണ്ടായെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. കാണാതായ പെൺകുട്ടികളെ കണ്ടെത്താനുമായില്ല… ************

പോലീസ് വന്നതിനു ശേഷമാണ് ബോഡി കുരുക്കഴിച്ചു നിലത്തിറക്കിയത്.

എല്ലാം നഷ്ടപ്പെട്ടവനെ പോലെ ആകെ തകർന്നു കരഞ്ഞു തളർന്നു അവശനായി ഉമ്മറ പടിയിൽ അവനിരുന്നു.

അവനെ എങ്ങനെ സമാധാനിപ്പിക്കും എന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും വിഷമത്തിലായി.

അശ്വതിയുടെ മൃതദേഹം ഉമ്മറത്തേക്ക് എടുപ്പിച്ചു.

ശേഷം പോലീസ് അടുത്ത നടപടി ക്രമങ്ങൾ ആരംഭിച്ചു. തെളിവെടുപ്പിനായി പോലീസുകാർ വീട്ടുകാരെ ഓരോരുത്തരെയായി ചോദ്യം ചെയ്തു കൊണ്ടിരുന്നു.

ആദ്യത്തെ ഊഴം ആദിത്യന്റെ അമ്മയുടേതായിരുന്നു

“നിങ്ങൾ എപ്പോഴാ മൃതദേഹം കണ്ടത്… ”

“രാവിലെ ഒരു ആറര ആയപ്പോൾ അടുക്കളയിലേക്ക് വന്നപ്പോഴാ കണ്ടത്… ”

“സമയം എങ്ങനെ ഇത്ര കൃത്യമായി അറിയാം… ”

“എന്നും ആ സമയത്തു ആണ് ഞാൻ എഴുന്നേൽക്കുന്നത്. ഞാൻ എണിറ്റു വരുമ്പോൾ അവളും വരും സഹായത്തിനു… ”

“ബോഡി ആദ്യം കണ്ടത് നിങ്ങൾ അല്ലെ… ”

“അതെ സർ…. എന്റെ കരച്ചിലും ബഹളവും കേട്ടാണ് മറ്റുള്ളവർ ഉണർന്നു വന്നത്… ” വിങ്ങൽ അടക്കി പിടിച്ചു കൊണ്ട് അവർ പറഞ്ഞൊപ്പിച്ചു.

അടുത്തതായി ആദിത്യനെ പോലീസ് ചോദ്യം ചെയ്യാൻ തുടങ്ങി.

“നിങ്ങളുടെ വിവാഹം നടന്നിട്ട് എത്ര നാളായി…?? ”

“രണ്ട് മാസം ആകുന്നേയുള്ളു… ”

“ലവ് മാര്യേജ് ആയിരുന്നോ…?? ”

“അല്ല സർ വീട്ടുകാർ തമ്മിൽ കണ്ടു ഉറപ്പിച്ചതാണ്…”

“തനിക്കും അശ്വതിക്കും ഈ വിവാഹത്തിന് സമ്മതം ആയിരുന്നോ… ”

“പരസ്പരം കണ്ടു ഇഷ്ടപ്പെട്ടാണ് വിവാഹം നടന്നത്… ”

“നിങ്ങൾ തമ്മിൽ ഇന്നലെ വഴക്ക് എന്തെങ്കിലും ഉണ്ടായോ… ”

“ഇല്ല സർ ഞങ്ങൾ നല്ല സ്നേഹത്തോടെ ആണ് കഴിഞ്ഞു വന്നത്…. ഈ വീട്ടിലും അവൾ വളരെ സന്തോഷവതിയായി ആണ് കണ്ടിട്ടുള്ളതും… ”

“ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതായ എന്തെങ്കിലും പ്രശ്നം അവർക്കുണ്ടായോ… ”

“ഇവിടെ അവൾക്ക് അങ്ങനെ യാതൊരു പ്രശ്നങ്ങളും ഇല്ലായിരുന്നു. ഞങ്ങൾക്കിടയിലും അങ്ങനെ വഴക്കുണ്ടാകാൻ മാത്രം ഒന്നുമില്ലായിരുന്നു… ”

“മാനസികമായി താങ്കളുടെ ഭാര്യക്ക് എന്തെങ്കിലും പ്രശ്നം ഉള്ളതായി സംശയം തോന്നിയിട്ടുണ്ടോ… ”

“ഇല്ല സർ… ”

“താങ്കൾ എപ്പോഴാണ് ബോഡി കണ്ടത്…?? ”

“രാവിലെ അമ്മയുടെ കരച്ചിലും ബഹളവും കേട്ടു ഞെട്ടിയുണർന്നു അടുക്കളയിൽ പോയി നോക്കിയപ്പോഴാണ് ഞാൻ അവളെ അങ്ങനെ കാണുന്നത്…”

“സാധാരണ എപ്പോഴാണ് അശ്വതി എഴുന്നേൽക്കാറുള്ളത്….”

“പീരിയഡ്‌സ് ടൈമിൽ അവൾ നേരത്തെ എണീക്കാറാണ് പതിവ്… അത് അമ്മയ്ക്ക് നിർബന്ധം ആണ് ഈ സമയങ്ങളിൽ വെളുപ്പിന് നാല് മണിക്ക് എണീറ്റു കുളിക്കണം എന്നത്… അല്ലാത്തപ്പോ ആറു മണിയൊക്കെ ആകുമ്പോൾ എണീക്കും…. ഏഴര ആകുമ്പോൾ ചായയുമായി വന്നു എന്നെ വിളിച്ചു ഉണർത്താറാണ് ചെയ്യുക..”

“പോസ്റ്റുമോർട്ടം റിപ്പോർട്ട്‌ വന്നതിനു ശേഷം ബാക്കി നടപടികൾ നോക്കാം.. ”

“ശരി സർ… ”

തുടർന്ന് പോലീസ് അവന്റെ അച്ഛനെ ചോദ്യം ചെയ്യാൻ തുടങ്ങി.

“താങ്കൾ എപ്പോഴാ ബോഡി കണ്ടത്… ”

“രാവിലെ ഭാര്യയുടെ നിലവിളി കേട്ട് ഓടി ചെന്നപ്പോഴാണ് ഞാൻ ബോഡി കാണുന്നത്… ”

“നിങ്ങൾ എപ്പോഴാ സാധാരണ എണീക്കാറുള്ളത്… ”

“തറവാട്ടിൽ പൂജാദി കർമങ്ങൾ ചെയ്യാറുള്ളതിനാൽ സാധാരണ വെളുപ്പിന് എണീക്കാറാണ് പതിവ്. ഇന്നലെ നല്ല ഇടിയും പേമാരിയും ഉള്ളതിനാൽ വൈകി ആണ് ഉണർന്നത് പിന്നെ ഇന്നലെ മഴ നനഞ്ഞതിനാൽ പനിയുടെ ലക്ഷണം ഉണ്ടായിരുന്നു. ക്ഷീണം കാരണം മയങ്ങി പോയി… ”

“അസാധാരണമായി രാവിലെ അടുക്കളയിൽ നിന്നും ഒച്ചപ്പാട് ഒന്നും കേട്ടില്ലേ…. ”

“വെളുപ്പിന് നല്ല മഴ ആയതിനാൽ പ്രതേകിച്ചു ഒന്നും കേട്ടില്ല… ”

“ഉം ശരി… ”

തറവാട്ടിലെ എല്ലാരേയും ചോദ്യം ചെയ്തു നടപടികൾ പൂർത്തിയാക്കി അശ്വതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു പോലീസ് സംഘം മടങ്ങി.

അശാന്തിയുടെ മൂടുപടം മംഗലത്ത് തറവാട്ടിനെ വന്നു മൂടി. പ്രതീക്ഷിക്കാതെയുണ്ടായ പുതുപെണ്ണിന്റെ മരണം തറവാടിനെ മൊത്തത്തിൽ ദുഃഖത്തിൽ ആഴ്ത്തി.

അശ്വതി ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കാൻ ആദിത്യന് കഴിഞ്ഞില്ല. ഒന്നര മാസത്തെ ദാമ്പത്യം ആണെങ്കിലും രണ്ടുപേരും നല്ല ഐക്യത്തോടെയും സന്തോഷത്തോടെയുമാണ് കഴിഞ്ഞു വന്നത്. ചെറിയ സൗന്ദര്യ പിണക്കമല്ലാണ്ട് വഴക്കോ അടിയോ ഒന്നും ഉണ്ടായിട്ടില്ല…. എത്ര ആലോചിച്ചിട്ടും അശ്വതി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം എന്തായിരിക്കുമെന്ന് അവന് ഊഹിക്കാൻ കഴിഞ്ഞില്ല. *************

അശ്വതിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്‌ വന്നു. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി സാരിയിൽ കെട്ടി തൂക്കിയതാണ് എന്ന് വ്യക്തമായി തെളിഞ്ഞു … കൊലപാതകം നടന്നത് വെളുപ്പിന് 4.10 നും 4.32 നും ഇടയ്ക്കാണ്. മാത്രമല്ല അശ്വതിക്ക് പീരിയഡ്‌സ് ആയിരുന്നു. ആ രക്തമാണ് ശരീരത്തിൽ ഒലിച്ചിറങ്ങിയ നിലയിൽ കണ്ടത്.

മംഗലത്ത് തറവാട്ടിലെ ആദിത്യന്റെ ഭാര്യ അശ്വതിയുടെ ദുരൂഹ മരണം ആത്മഹത്യ അല്ലെന്നും ക്രൂരമായ കൊലപാതകം ആണെന്നും തെളിഞ്ഞു.

എല്ലാവർക്കും ഞെട്ടിക്കുന്ന വാർത്ത തന്നെയായിരുന്നു അത്. ആരായിരിക്കും ഈ ക്രൂര കൊലപാതകം അതും ആ തറവാട്ടിൽ കയറി ചെയ്യാൻ ധൈര്യം കാണിച്ചു അതോ ഇനി അവിടെ ഉള്ള ആരെങ്കിലും ആണോ അത് ചെയ്തത് എന്നും എല്ലാവരും സംശയിച്ചു.

കേസ് അന്വേഷണത്തിന്റെ ചുമതല ആദിത്യന്റെ സുഹൃത്തു കൂടിയായ എസ് ഐ വിനോദിനായിരുന്നു…

പോലീസ് ജീപ്പ് മംഗലത്ത് തറവാടിന് മുന്നിൽ വന്നു ബ്രേക്കിട്ടു.

തറവാട്ടിലെ എല്ലാ അംഗങ്ങളും അകത്തളത്തിൽ സന്നിഹിതരായി. ഒരാൾ ഒഴിച്ച്.

എസ് ഐ വിനോദ് ഓരോരുത്തരെയായി മാറി മാറി ചോദ്യം ചെയ്തു കൊണ്ടിരുന്നു.

വിനോദിന്റെ കണ്ണുകൾ എല്ലാവരിലും പാഞ്ഞു നടന്നു. ഓരോരുത്തരുടെയും മുഖത്തെ ഭാവങ്ങൾ പല വിധത്തിൽ ആയിരുന്നു.

ആദിത്യൻ, അവന്റെ അച്ഛൻ, അമ്മ, ആദിത്യന്റെ സഹോദരൻ, ഭാര്യ, സഹോദരി, ഭർത്താവ് അവരുടെ മക്കൾ, അവന്റെ അമ്മയുടെ രണ്ടു സഹോദരനും കുടുംബവും, സഹോദരിയും അവരുടെ മക്കളും, അവന്റെ അച്ഛന്റെ രണ്ടു സഹോദരിയും സഹോദരനും അവരുടെ മക്കളും ഉൾപ്പെടുന്ന വലിയൊരു അംഗങ്ങൾ ആണ് തറവാട്ടിൽ ഉള്ളത്.

ചോദ്യം ചെയ്യലിനിടയിൽ ഭദ്രൻ തിരുമേനിയും അവിടേക്ക് വന്നു.

“അല്ല തിരുമേനിയെ ഇവിടെ കണ്ടില്ലാരുന്നല്ലോ… ”

“ഞാൻ കുളിച്ചു ഈറൻ മാറുകയായിരുന്നു അതാ വൈകിയത്… ”

എസ് ഐ വിനോദ് എല്ലാരേയും മാറി മാറി നോക്കിയ ശേഷം എല്ലാവരോടുമായി പറഞ്ഞു.

“പ്രതി ഈ കൂട്ടത്തിൽ തന്നെയുണ്ട്… ഈ തറവാട്ടിൽ ഉള്ള ഒരാൾ ആണ് ഈ കൊലപാതകം ചെയ്തത്… സ്വമേധയാ കീഴടങ്ങാൻ മനസ്സുണ്ടെങ്കിൽ അതിനൊരു അവസരമാണിത്. മറിച്ചു ഞാൻ ആണ് കണ്ടു പിടിക്കുന്നതെങ്കിൽ എന്താ ചെയ്യുക എന്ന് എനിക്ക് പോലുമറിയില്ല… ”

ആർക്കും ഒരു അനക്കവും ഇല്ലെന്ന് കണ്ടു വിനോദ് പതുക്കെ മുന്നോട്ട് നടന്നു കൊണ്ട് പറഞ്ഞു.

“ശരി അപ്പൊ ഞാൻ തന്നെ പറഞ്ഞേക്കാം… ”

അതേസമയം ഒരാൾ പതിയെ അവിടെ നിന്നും പിൻവലിയാൻ തുടങ്ങുകയായിരുന്നു…. വിനോദ് സാവധാനം ആദിത്യന്റെ ചേട്ടന്റെ നേർക്ക് നടന്നടുത്തു.

“അയ്യോ സർ ഞാൻ അല്ല…. എനിക്കൊന്നുമറിയില്ല… ” അയാൾ വിറയലോടെ പരുങ്ങി. വിനോദ് അതൊന്നും ചെവി കൊണ്ടില്ല.

“ഇങ്ങോട്ട് മാറി നീങ്ങി നിക്കടോ…” എന്നും പറഞ്ഞു കൊണ്ട് ആദിത്യന്റെ ചേട്ടനെ തള്ളി മാറ്റി ഭദ്രൻ തിരുമേനിയെ പോലീസുകാർക്ക് നടുവിലേക്ക് ഉന്തി.

ഏവരും നടുങ്ങി തരിച്ചു.

എസ് ഐ വിനോദ് കോൺസ്റ്റബിളിനെ നോക്കി “അത് കൊണ്ട് വരു…” എന്ന് പറഞ്ഞു.

“കോൺസ്റ്റബിൾ ഒരു കവർ കൊണ്ട് വന്നു കൊടുത്തു… ”

അതിൽ നിന്നും സ്വർണ ഏലസ്സോടു കൂടിയ മാല പുറത്തെടുത്തു.

“ഇത് നിങ്ങളുടെ അല്ലെ… ” ചോദ്യം തിരുമേനിയോടായിരുന്നു.

“അതെ… ” കുറ്റവാളിയെ പോലെ മുഖം കുനിച്ചു അയാൾ മറുപടി നൽകി.

“പണ്ട് മുതലേ ഇവിടെ വരുമ്പോൾ ഈ മാല നിങ്ങളുടെ കഴുത്തിൽ ഞാൻ കണ്ടിട്ടുണ്ട്. ഇതായിരുന്നല്ലോ നിങ്ങളുടെ ധൈര്യം. കൊല്ലപ്പെട്ട അശ്വതിയുടെ മുടിയിഴകളിൽ നിന്നാണ് ഈ മാല ലഭിച്ചത്… അത് നിങ്ങളിലേക്ക് സംശയം എത്തിച്ചു.

രണ്ടാമത് നിങ്ങളുടെ മൊഴിയിൽ നുണ പറഞ്ഞിരുന്നു. ദിവസവും നേരത്തെ ഉണരാറുള്ള നിങ്ങൾ അന്നേദിവസം താമസിക്കുകയും മാത്രമല്ല വൈകി ഉണർന്ന നിങ്ങൾ എങ്ങനെ അറിഞ്ഞു വെളുപ്പിന് മഴ പെയ്തത്…. മൊഴിയിൽ ഉണ്ടായ അപാകത നിങ്ങളിലേക്ക് സംശയം നീണ്ടു… ഇനി പറയു എന്താണ് മരുമകളെ കൊല്ലാൻ ഉണ്ടായ സാഹചര്യം… ”

നിർവികാരതയോടെ അന്നേദിവസം ഉണ്ടായ സംഭവം ഭദ്രൻ തിരുമേനി വിശദീകരിക്കാൻ തുടങ്ങി….

അന്ന് വരെ ചുരുളഴിയാത കിടന്ന പല പെൺകുട്ടികളുടെ തിരോധാനത്തിന്റെയും ആത്മഹത്യയുടെയും രഹസ്യം മറ നീക്കി പുറത്തു വന്നു.

കാമാസക്തി പൂണ്ടു നാട്ടിലെ പെൺകുട്ടികളെ മന്ത്രവാദത്തിലൂടെ മയക്കി രാത്രി തറവാട്ടിൽ എത്തിക്കുകയും അവരെ പ്രാപിച്ച ശേഷം വിട്ടയക്കുകയും ചെയ്യുമായിരുന്നു. അതിൽ ഗർഭിണി ആകുന്ന കുട്ടികൾ താൻ പോലും അറിയാതെ കളങ്കപ്പെട്ട ദുഃഖത്തിൽ ആത്മഹത്യ ചെയ്തു.

പ്രതേക നാളിൽ ജനിച്ച പെൺകുട്ടികളെ ചാത്തന് ബലി കൊടുക്കുകയും ചെയ്തിരുന്നു. വർഷങ്ങളായിട്ട് തിരുമേനി ഇത് ചെയ്തു വന്നിരുന്നു.

ആരിലും ഒരു സംശയത്തിനും ഇട കൊടുത്തില്ല. തന്റെ കഴുത്തിൽ പ്രത്യേകം ജപിച്ചു കെട്ടിയിരുന്ന മാലയുടെ ശക്തി ഒന്ന് കൊണ്ട് മാത്രമായിരുന്നു തിരുമേനി പിടിക്കപ്പെടാതിരുന്നത്.

അന്ന് നേരത്തെ ഉണർന്നെഴുന്നേറ്റ അശ്വതി തിരുമേനിയെ കാണാൻ പാടില്ലാത്ത രീതിയിൽ കണ്ടു. കുളത്തിന്റെ പടിക്കെട്ടിൽ മകളുടെ പ്രായം പോലും തികയാത്ത ഒരു പെൺകുട്ടിയെ നശിപ്പിച്ച ശേഷം കുളത്തിൽ നിന്നും അല്പം ജലം എടുത്തു മന്ത്രം ജപിച്ചു പെൺകുട്ടിയുടെ ശരീരത്തിൽ കുടഞ്ഞപ്പോൾ അവൾ സ്വപ്നാടനത്തിലെന്ന പോലെ തറവാട്ടിൽ നിന്നും നടന്നകന്നു. അച്ഛന്റെ മറ്റൊരു ക്രൂരമായ മുഖം കണ്ടു ഞെട്ടിത്തരിച്ച അശ്വതിയെ തിരുമേനിയും കണ്ടു.

പകപ്പോടെ എന്ത് ചെയ്യണം എന്നറിയാതെ അവൾ വിറങ്ങലിച്ചു പോയി. സത്യം മനസിലാക്കിയ അശ്വതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം അടുക്കളയിൽ കെട്ടി തൂക്കി… പിടിവലിക്കിടയിൽ മാല പൊട്ടി പോയത് അറിഞ്ഞില്ല…

സത്യങ്ങളുടെ ചുരുൾ അഴിഞ്ഞു. കേട്ടാൽ വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങൾ.

അപ്പോഴേക്കും ആദിത്യന്റെ അമ്മ ബോധ ശൂന്യയായി നിലംപതിച്ചു.

“തൂക്കു കയറിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കണ്ട… ” വിനോദ് അയാളോട് പറഞ്ഞു.

പ്രതിയെ വിലങ്ങു വച്ചു പോലീസ് ജീപ്പിലേക്ക് കയറ്റി.

ആദിത്യൻ പൊട്ടിക്കരഞ്ഞുകൊണ്ട്‌ വിനോദിനെ കെട്ടിപ്പിടിച്ചു.

“എങ്ങനെ നന്ദി പറയണമെന്നറിയില്ലടാ സഹായിച്ചതിന് ഒത്തിരി നന്ദി… ”

“ഇതെന്റെ ഡ്യൂട്ടി ആണ് ആദി… കഴിഞ്ഞത് ആലോചിച്ചു വിഷമിച്ചിരിക്കരുത്…. think be practical… all the best… ”

അവനെ ആശ്ലേഷിച്ച ശേഷം വിനോദ് ജീപ്പിലേക്ക് കയറി…. പ്രതിയുമായി പോലീസ് സംഘം മടങ്ങിപ്പോയി. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ… രചന: Siva S Nair

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters