രചന: ഉണ്ണിമായ നാലപ്പാടം
“മൈദമാവുകൊണ്ട് ദോശചുടാൻ പറഞ്ഞിട്ട് ആട്ടപ്പൊടി കലക്കി വച്ചിരിക്കുന്നു. നിന്നെയൊക്കെ കെട്ടിച്ചുവിട്ടാൽ എന്താവും അവസ്ഥ. എറങ്ങിപ്പോകുന്നുണ്ടോ അടുക്കളേന്ന് ”
അമ്മയുടെ ഘോര ഘോര ശകാരങ്ങൾ കേട്ട് അടുക്കളേൽ നിന്നും പൂമുഖപ്പടിയിൽ വന്നിരിക്കുമ്പോഴാണ് ഒരു ബെൻസ് കാർ വീട് ലക്ഷ്യമാക്കി വരുന്നതു കണ്ടത്.. മൈ ബോസ് സിനിമയിലെ ദിലീപിന്റെ “എന്റെ വീട്ടിൽ കാറു വന്നേന്നുള്ള ” ഡയലോഗ് ഓർത്ത് ഒറ്റയ്ക്ക് ചിരിച്ചിരിക്കുമ്പോഴേക്കും കാർ വീട്ട് മുറ്റത്തേക്കെത്തി.സുന്ദനായ ഒരു ചെറുപ്പക്കാരനും രണ്ടു മൂന്നു പ്രായം ചെന്നവരും കാറീന്നിറങ്ങി.. അമ്മയേയോ അച്ഛനേയോ കാണാൻ ഉള്ള ആരേലും ആയിരിക്കും.ഹാ… എന്നെ ഒക്കെ ആരു കാണാൻ വരാനാ അതും ബെൻസിൽ എന്നും ചിന്തിച്ച് വിനയകുലീനയായി ഞാൻ അതിഥികളെ വരവേറ്റു..
” അച്ഛനില്ലേ മോളേ ”
“ആ ഉണ്ടല്ലോ. വരൂ കയറി ഇരിക്കൂ” ആതിഥ്യമര്യാദയുടെ പ്രതീകമായ ഞാൻ എളിമയോടെ മൊഴിഞ്ഞു..
“അച്ഛാ…. അച്ഛനെ കാണാൻ വന്നിരിക്കുന്നു”..
അച്ഛൻ പുറത്തേക്ക് വന്നു. അതിഥികളെ സ്വീകരിച്ചിരുത്തി.. കൂട്ടത്തിലൊരു സുന്ദരൻ ഉണ്ടായത് കൊണ്ട് ഒരു കാരണവുമില്ലാതെ ഞാൻ രണ്ട് നടത്തം അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
(സൗന്ദര്യം ആസ്വദിക്കാനുള്ളതല്ലേ )
“അപ്പോൾ ഞങ്ങൾ വന്ന കാര്യം പറയാം. ഇവിടുത്തെ കുട്ടിക്ക് ഒരു കല്ല്യാണാലോചനയുമായ് വന്നതാണ് ”
ഈശ്വരാ……… എനിക്കൊ?? കല്യാണോ????? ചുമ്മാ കാറ്റു കൊള്ളാൻ കുന്നിന്റെ മണ്ടേൽ ഓടിക്കേറി കാറ്റടിച്ചു നിലത്ത് വീണു മരിച്ച അവസ്ഥയായ് പോയി അന്നേരമെന്റെ…. കുട്ടിക്കളി കളിച്ചു നടന്ന ഞാൻ പെട്ടെന്ന് വല്ല്യ ആരോ ആയതു പോലെ തോന്നി. എനിക്കിപ്പൊ കല്യാണം വേണ്ട. ഞാൻ അമ്മയേയും അച്ഛനേയും ദയനീയമായി മാറി മാറി നോക്കി.. എന്റെ മുഖം വിളറിയോ.. കണ്ണുനിറയുന്നുണ്ടോ? ഒന്നും തോന്നലല്ല.ഞാൻ കരയുന്നുണ്ട്… എന്റെ മുഖം കണ്ടാവണം അനിയത്തി എന്റെ അടുത്തേക്ക് വന്നു ചോദിച്ചു.
“കെട്ടിപ്പോയ്കൂടെ, കുറെ പ്രായായില്ലേ”
“എടീ ….” നാവിൻ തുമ്പിൽ വികട സരസ്വതി കേറി വന്നെങ്കിലും പുറത്ത് വിരുന്നുകാരുള്ളതുകൊണ്ടും അതും എന്നെ പെണ്ണുകാണാൻ വന്നവർ ആയതു കൊണ്ടും ഞാൻ മറുപടി ഒന്നും പറഞ്ഞില്ല..
“പയ്യൻ കൊള്ളാലേ ” അനിയത്തി വിടാനുള്ള ഭാവമില്ല..
” ആ … എനിക്കിഷ്ടപ്പെട്ടില്ല. ഗ്ലാമർ കുറച്ച് കൂടുതലാ” സുന്ദരനെ പുച്ഛിച്ച് തള്ളി ഞാൻ പറഞ്ഞു..
‘ആ… എനിക്കും തോന്നി, നല്ല ഭംഗിണ്ടല്ലേ, വേറെ നല്ല സുന്ദരി പെണ്ണിനെ കിട്ടും ‘..
എന്നാലും എന്റെ മുഖത്തു നോക്കി ഇങ്ങനെ പറയാനും മാത്രം കണ്ണീച്ചോരയില്ലാത്തോൾ ആയല്ലോടീ നീ.. ദുഷ്ട . ഞാൻ അവളെ നോക്കി പിറുപിറുത്തു.. സ്വീകരണമുറിയിൽ നിന്നും ഞാൻ കേൾക്കാൻ ആഗ്രഹിച്ചിരിക്കുന്ന വാക്കുകൾ അച്ഛനായിട്ട് തന്നെ പറഞ്ഞു.
” അവളിപ്പൊ പഠിക്കുകയാ, കല്ല്യാണം ഒന്നു രണ്ടു വർഷം കഴിഞ്ഞേ ആലോചിക്കുന്നുള്ളൂ”
“തിരക്കില്ല, എനിക്ക് കുട്ടിയെ ഇഷ്ടമായിട്ട് തന്നെ വന്നതാണ്… എനിക്ക് മുൻപേ പരിചയം ഉണ്ട് .. വിരോധം ഇല്ലേൽ എനിക്ക് അവളോടൊന്നു സംസാരിക്കാൻ പറ്റുമോ??”. സുന്ദരനാണ് മറുപടി പറഞ്ഞത്. നല്ല ഗാംഭീര്യമുള്ള ശബ്ദം.
എന്നെ പരിചയമുള്ള ആളോ, ഞാനിത് വരെ കണ്ടിട്ടില്ലല്ലോ..വേണ്ടാ എനിക്ക് സംസാരിക്കെണ്ടാ എന്ന് ഞാൻ അച്ഛനോട് ആംഗ്യപ്പാട്ട് പാടിക്കൊണ്ടിരിക്കുമ്പോൾ തന്നെ അയാൾ എന്നെ ലക്ഷ്യമാക്കി നടന്നു… കൊടുങ്കാറ്റ് വന്നാൽ പോലും അനങ്ങില്ലെന്നു ജാഡ കാണിക്കുന്ന ഞാൻ ചെറുകാറ്റ് വീശിയാൽ തന്നെ ബോധം കെടുമെന്ന അവസ്ഥയിലായ്…
“ഹായ്, ഞാൻ വരുൺ, യു എസ് ൽ ആർക്കിടെക്ട് ആണ്”
മറുപടി പറയാൻ നാവനങ്ങിയില്ല, ചെറ്തായ്ട്ടൊന്നു ചിരിച്ചു..ചിരിച്ചാതാണോ അതോ ഇളിച്ചതാണോന്ന് ഇപ്പൊ എനിക്ക് നല്ല സംശയമുണ്ട്.
“കുറച്ചു നാളായ്ട്ട് തന്റെ ഫോളോവേർസ് ലിസ്റ്റിൽ ഞാനുണ്ട്.അതാണ് തനിക്കെന്നെ പരിചയം ഇല്ലേലും എനിക്കിയാളെ പരിചയമുണ്ടെന്ന് അച്ഛനോട് പറഞ്ഞത്.. എനിക്ക് തന്നെ ഒരുപാട് ഇഷ്ടമായിഡോ”.
അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ ഗുലുമാൽ എന്ന് ഞാൻ മനസിൽ പാടി.. എന്തേലുമൊക്കെ സംസാരിക്കണമല്ലോ എന്നോർത്ത് ഞാൻ മറുപടി നൽകി..
” എഫ് ബി നോക്കീട്ടൊക്കെ എന്നോട് ഇഷ്ടം തോന്നുമോ, ഞാൻ ഭയങ്കര വെറുപ്പിക്കലല്ലേ?”
പൊട്ടിച്ചിരിച്ചു കൊണ്ട് വരുൺ പറഞ്ഞു.
“ഇല്ല ഡോ, എനിക്ക് താൻ ജനുവിൻ ആയിട്ട് തോന്നി. .കുറച്ചു കുട്ടിക്കളീം ഒരുപാട് സുഹൃത്തുക്കളും വീട്ടുകാരോട് നല്ല സ്നേഹമൊക്കെ ഉള്ള കുട്ടിയായ്ട്ടാ തോന്നിയേ.. എന്തായാലും എനിക്ക് തന്നെ ഇഷ്ടായി “..
വരുണിന്റെ സോപ്പിങ്ങിൽ ഇത്തിരി അലിയാൻ തുടങ്ങിയെങ്കിലും “തളരരുത് രാമൻ കുട്ടീ, ഈ പ്രായത്തിൽ ശ്രദ്ധ വിദ്യയിൽ തന്നെ ആയിരിക്കണംന്നു മനസ് ഓർമ്മപ്പെടുത്തി..
“ഞാനൊരു നാടൻ കുട്ടിയാ ,അമേരിക്കൻ കൾച്ചറും ജീവിത രീതിയുമൊന്നും എനിക്ക് ശരിയാവില്ല.. എനിക്ക് നമ്മുടെ നാട് പച്ചപ്പ് ഹരിതാഭയൊക്കെയാ ഇഷ്ടം”..
സമയാസമയം കുറച്ച് സിനിമാ ഡയലോഗുകൾ നാവിൻതുമ്പിലേക്കോടിയെത്തിയതുകൊണ്ട് ഇത്തിരി സമാധാനം.. എന്തായാലും വരുൺ എന്നെ വിടാൻ ഉദ്ദേശിച്ചിട്ടില്ലായ്രുന്നു.
” അമേരിക്കൻ ജീവിതം എനിക്കും വല്യ ഇഷ്ടം അല്ല. രണ്ടു വർഷം കഴിഞ്ഞ് നാട്ടിൽ തന്നെ ഒരു കൺസ്ട്രക്ഷൻ കമ്പനി തുടങ്ങണംന്നാ എന്റെ ആഗ്രഹം.. തനിക്കും രണ്ടു വർഷം കഴിഞ്ഞ് കല്യാണം മതീന്നല്ലേ ആഗ്രഹം… ”
അപ്പൊ അമേരിക്ക !!! മനസിൽ ചെറിയൊരു നഷ്ടബോധം വന്നുകേറി…
“എന്തായാലും ഞാനിന്നൊരു റിക്വസ്റ്റ് അയക്കാം.തന്റെ ഇഷ്ടത്തിനനുസരിച്ച് സ്വീകരിക്കുകയോ വേണ്ടന്നു വയ്ക്കുകയോ ചെയ്യാം…. ഞാൻ ഇറങ്ങുന്നു… ”
കല്ല്യാണം വേണ്ടെന്നുള്ള ഉറച്ച മനസോടെ ഞാൻ വരുണിനെ അനുഗമിച്ചു..
കാറിൽ കയറാൻ നേരം ഒരു ചെറുപുഞ്ചിരി സമ്മാനിച്ച് വരുൺ എന്നെ നോക്കിയപ്പോഴേക്കും ഇടിത്തീ പോലെ ഒരു കാരണവർ അച്ഛന്റെ കൈ ചേർത്ത് പിടിച്ച് പറഞ്ഞു.
” അപ്പൊ ചെറുക്കനും പെണ്ണിനും പരസ്പരം ഇഷ്ടമായ സ്ഥിതിക്ക് നമുക്കിതങ്ങ് ഉറപ്പിക്കാം”…. ശുഭം (കരോതു കല്യാണം ആരോഗ്യം ധനസമ്പദ)
രചന: ഉണ്ണിമായ നാലപ്പാടം