പ്രണയാർദ്രമായൊരു തലോടൽ, ഒരു ചുംബനം ഇത്രയൊക്കെ മതി നഷ്ടപ്പെട്ടു എന്നു കരുതുന്ന നമ്മുടെ മധുവിധു നാളുകൾ തിരികെ വരാൻ…

രചന: ഹരി ശിവപ്രസാദ്

”വീണ്ടുമൊരു മധുവിധു”

പാത്രം താഴെ വീഴുന്ന ശബ്ദം കേട്ടാണ് ലാപ്പ് ടോപ്പിൽ നിന്നും എന്റെ ശ്രദ്ധ അകത്തേ മുറിയിലേക്ക് തിരിഞ്ഞത്. “ലക്ഷ്മീ…..!

ഞാൻ ഉച്ഛത്തിൽ വിളിച്ചു കൊണ്ട് അടുക്കളയിലേക്ക് നോക്കി. “പാത്രം താഴെ വീണതാ കിച്ചേട്ടാ..”അവൾ പറഞ്ഞു.എന്നിട്ട് തികഞ്ഞ ഒരു അഭ്യാസിയെ പോലെ അവൾ,വയറിൽ പറ്റിപ്പിടിച്ചിരിക്കുന്ന ശ്രീക്കുട്ടിയേയും താങ്ങി വലതു കൈ കൊണ്ട് ദോശ ചുടുന്നു..

ശ്രീക്കുട്ടി ആകട്ടെ ഒന്നര വയസിൽ അവൾക്ക് പരമാവധി ചെയ്യാൻ കഴിയുന്ന കലാപരിപാടികൾ ആ ഇടുപ്പിൽ ഇരുന്നു നിറവേറ്റുന്നുമുണ്ട്.ശ്രീക്കുട്ടിയുടെ വായിൽ നിന്ന് താഴെ വീണ നിപ്പിൾ കഴുകി വീണ്ടും യഥാസ്ഥാനത്ത് പ്രതിഷ്ഠിച്ച് ദോശമാവ് കല്ലിലേക്ക് ഒഴിച്ചപ്പോഴേക്കും ദോശ കരിഞ്ഞു.. എന്തൊക്കെയോ പിറുപിറുത്ത് നിലത്തു വീണ പാത്രം കുനിഞ്ഞെടുക്കുന്നതിനിടയിൽ അവൾ എന്നെയൊന്ന് പാളിനോക്കി.ഞാൻ ഇല്ലാത്ത തിരക്കഭിനയിച്ച് തല വീണ്ടും ലാപ്പ് ടോപ്പിലേക്ക് നടയ്ക്കിരുത്തി. ഉള്ളിലെവിടയോ ഒരു കുറ്റബോധം തലപൊക്കുന്നതു പോലെ..പൊന്നു പോലെ നോക്കാം എന്ന എന്റെ വാഗ്ദാനവും കേട്ട് ജീവിതത്തിലേക്ക് വലതുകാലെടുത്തു വച്ച പെണ്ണാ അടുക്കളയിൽ പാത്രങ്ങളോടും ദോശക്കല്ലിനോടും മല്ലിട്ട് മുരടിക്കുന്നത് എന്നോർത്തപ്പോൾ വിഷമം ഇരച്ചു കയറി. “പൂമുഖവാതിൽക്കൽ….. …….പൂന്തിങ്കളാവുന്നു ഭാര്യ” എന്ന പഴയ സിനിമാഗാനത്തിന് നൽകിയ ലൈക്ക് ഫേസ്ബുക്കിൽ കിടന്നെന്നെ പല്ലിളിച്ചു കാട്ടി.വിഷമം കുറ്റബോധത്തിന് വഴിമാറി….

അന്ന് ഒരു ശനിയാഴ്ച്ച ആയിരുന്നു.ഓഫീസിൽ നിന്ന് എത്തി കുളി കഴിഞ്ഞ് ഞാൻ ലാപ്പ്ടോപ്പ് തുറക്കാതെ അടുക്കളയിലേക്ക് കാലെടുത്തു കുത്തി. ശ്രീക്കുട്ടി ലക്ഷ്മിയുടെ തോളിൽ ചാഞ്ഞ് ആ ചുരുണ്ട മുടിപിടിച്ച് വലിക്കുകയായിരുന്നു. അരുതാത്തെന്തോ സംഭവിച്ച പോലെ ലക്ഷ്മി എന്നെ തുറിച്ച് നോക്കി. പണ്ട് മധുവിധു നാളുകളിലെന്നോ പ്രണയം മൂത്ത് അവളുടെ പിറകെ നടന്ന് അറിയാതെ അടുക്കളയിൽ കയറിയതല്ലാതെ പിന്നെ ജീവിതത്തിൽ അടുക്കളയിൽ കയറിയിട്ടില്ല.

”ഇന്നെന്താ കിച്ചേട്ടാ പതിവില്ലാതെ അടുക്കളയിൽ”ആശ്ചര്യതഭാവേന അവൾ ചോദിച്ചു. “വെറുതെ,ഇന്നുച്ചത്തെ കറി നന്നായിരുന്നു.” ശ്രീ മോളെ വാങ്ങി തോളത്തു കിടത്തി ഞാൻ പറഞ്ഞു. ഷോക്കടിച്ചതു പോലെ അവൾ കുറച്ച് നേരം തരിച്ചു നിന്നു.ആ തരിപ്പു മാറ്റാൻ,പലകുറി സിന്ദൂരം ചാർത്തി ചുമന്ന നെറുകയിൽ ഞാനൊന്ന് അമർത്തി ചുംബിച്ചു. സിന്ദൂരത്തിന്റെ സുഗന്ധത്തിനു പകരം എണ്ണയിൽ പൊട്ടിതെറിച്ച കടുകിന്റെയോ ഉള്ളിയുടേയോ മണം.

എന്റെയീ സംസാരത്തിലും പ്രവർത്തിയിലും അവളിലുണ്ടാക്കിയ മാറ്റം വിവരാണാതീതമാണ്. ആശ്ചര്യത്തിൽ നിന്നും നാണത്തിലേക്കും പിന്നെ പ്രണയത്തിലേക്കും ആ കണ്ണുകൾ സഞ്ചരിച്ചു. ചുമന്ന് തുടുത്ത കവിളിൽ നുണക്കുഴി വിരിഞ്ഞു. കുറേ നാളുകൾക്ക് ശേഷമാണ് ഞാനത് കണുന്നത്.തേഞ്ഞു തീരാറായ രണ്ടു സ്വർണ്ണവളകൾ കിടന്ന വലതുകൈ അവൾ പിറകിൽ ഒളിപ്പിച്ചു..

“ഇതു ഞാൻ തരില്ല ഇനി ആകെ ഇതും കൂടിയേ ഉള്ളു.”അവൾ പരിഭവം പറഞ്ഞു. സത്യത്തിൽ എനിക്കു ചിരി വന്നു.സ്വർണ്ണം വാങ്ങാൻ സ്നേഹം കാട്ടിയതെന്നാവും അവൾ കരുതിയിരിക്കുക .അവളെ കുറ്റം പറയാനും പറ്റില്ല.ചിലപ്പോഴെങ്കിലും ബെഡ് റൂമിൽ മാത്രേ അവൾ എനിക്കു ഭാര്യ ആയിരുന്നുള്ളു. “നീയും ഇവളും അല്ലേടി എന്റെ ഏറ്റവും വലിയ സ്വത്ത് അതിനു മുമ്പിൽ സ്വർണ്ണത്തിനെന്തു വില” ഞാൻ പറഞ്ഞു നിർത്തി.ആ കണ്ണുകളിൽ ഒരു തിരയിളക്കം കണ്ടു.

പിറ്റേന്ന് സൂര്യൻ ഉദിച്ചത് എന്റെ കൈയ്യിലെ ചൂട് പറക്കുന്ന രണ്ടു ഗ്ലാസ്സ് കാപ്പിയും കണ്ടു കൊണ്ടായിരുന്നു. ഉക്കെ ചടവോടെ കണ്ണു മിഴിച്ച് എന്നെയൊന്ന് നോക്കി.കൈയ്യിലെ കാപ്പി കണ്ട് അവൾ വിശ്വാസം വരാതെ കണ്ണു തിരുമി.അവൾ ഉണരുന്നതിനു മുൻപേ ഞാൻ ഉണ്ടാക്കിയ കാപ്പി കൈമാറി ഗുഡ് മോണിഗ് പറഞ്ഞു. ചൂട് കാപ്പി ഊതി കുടിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.. “ലക്ഷ്മി” “ഉം” “നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ?” “എന്തിനാ കിച്ചേട്ടാ..?”

“അല്ല,വിവാഹത്തിനു മുമ്പ് നിനക്ക് തന്നെ വാക്കുകൾ ഒന്നും പാലിക്കാൻ എനിക്കു കഴിഞ്ഞില്ല.ഈയ്യിടെ നിനക്ക് ജോലിക്ക് പോകണം എന്നു പറഞ്ഞിട്ടു ഞാൻ സമ്മതിച്ചുമില്ല.നിന്റെ ആഗ്രഹങ്ങൾക്കൊന്നും ഞാൻ ഇനി തടസ്സമാവില്ല. നാളെ തന്നെ റെസ്യൂo തയ്യാറാക്കിക്കോളു.”എന്റെ കണ്ണിൽ നനവു പടർന്നു. അവളുടെ മറുപടി പ്രതീക്ഷിച്ച് നിന്ന എന്റെ തോളിലേക്ക് ഒരു ഭാരം വന്നു പതിച്ചു. ഈറനണിഞ്ഞ കണ്ണുകൾ എന്റെ നെഞ്ചിൽ ഒളിപ്പിച്ച് അവൾ ചേർന്നു നിന്നു. “എന്താടി കരയുന്നേ” ഞാൻ ചോദിച്ചു.

“എനിക്ക് ജോലിക്കൊന്നും പോകണ്ട..പെട്ടെന്ന് കിച്ചേട്ടനു വന്ന മാറ്റം ഞാൻ ഭയന്നു.അതാ ജോലിക്ക് പോണം എന്നു പറഞ്ഞത്.എന്നോട് സ്നേഹം കുറഞ്ഞ പോലെ തോന്നി.പക്ഷെ ഇന്നലെ കിച്ചേട്ടൻ എന്നെ ഞെട്ടിച്ചു കളഞ്ഞു പിന്നെ ഇന്നും. എല്ലാം ഈ നെഞ്ചിൽ ഒളിപ്പിച്ചു വച്ചതാണ് ഇപ്പോഴല്ലെ മനസിലായത്.”നിറഞ്ഞ കണ്ണുകളോടെ അവൾ എന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു. സിന്ദൂരകല പടർന്ന ആ നെറുകയിൽ ഞാനൊന്ന് അമർത്തി ചുംബിച്ചപ്പോൾ അവൾക്ക് ഞാൻ നൽകിയ ആദ്യ വാക്ക് പാലിക്കുകയായിരുന്നു.

ആ നെറുകയിൽ ഇപ്പോൾ സിന്ദൂരത്തിന്റെ ഗന്ധം എനിക്കു തിരിച്ചറിയാം. ”ദിവസവും പുലർക്കാല കിരണങ്ങൾ നിന്നെ പുണരുന്നതിനു മുമ്പ് നിനക്കൊരു പ്രഭാത ചുംബനം പകരും ഞാൻ.” പണ്ടെങ്ങോ അവളോട് പറഞ്ഞ എന്റെ വാക്കുകൾ അവിടമാകെ അലയടിച്ചു. അകത്തെ മുറിയിൽ ശ്രീക്കുട്ടി കരഞ്ഞു. ഞൊടിയിടയിൽ ഭാര്യയിൽ നിന്ന് അമ്മയിലേക്ക് അവൾ വേഷപ്പകർച്ച നടത്തി അകത്തേക്ക് വ്യാകുലപെട്ട് ഓടി.പെണ്ണ് ഒരു മഹാൽഭുതമാണെന്ന തിരിച്ചറിവിൽ ഞാൻ അവളെ തന്നെ നോക്കി നിന്നു.

ഒരു ചെറുപുഞ്ചിരി,കറി നന്നായിട്ടുണ്ടട്ടോ എന്ന ഒരു നല്ല വാക്ക്,മക്കള് കാണാതെ പ്രണയാർദ്രമായൊരു തലോടൽ,ഒരു ചുംബനം ഇത്രയൊക്കെ മതി നഷ്ടപ്പെട്ടു എന്നു കരുതുന്ന നമ്മുടെ മധുവിധു നാളുകൾ തിരികെ വരാൻ….

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

രചന: ഹരി ശിവപ്രസാദ്

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters