നടന്നു നീങ്ങുമ്പോൾ അയാളുടെ കയ്യിലെ വിരലുകൾ അവൾ മുറുകെ കോർത്തു പിടിച്ചിരുന്നു…

രചന: ശരത് ഒറ്റപ്ലാക്കൻ

“”സേതു ഏട്ടാ… സേതു ഏട്ടാ…” ലക്ഷ്മിപ്രിയ ഭർത്താവിനെ വെളുപ്പിനെ തന്നെ തട്ടിവിളിച്ചു. “എന്താ ലച്ചു ….നീ ഒന്ന് എണീറ്റ് പോയെ ..” സേതു പാതിയുറക്കത്തിൽ ലക്ഷ്മിയോടായി പറഞ്ഞു. ഇന്നലെ ഓഫീസിലെ മാധവേട്ടനെ കൊച്ചിൻ്റെ പിറന്നാളായിരുന്നു. അതിൻറെ പാർട്ടിയും കഴിഞ്ഞു സേതുമാധവൻ വൈകിയാണ് വന്നു കിടന്നത്. ഉറക്കം പോയതിന്റെ ദേഷ്യം അയാളുടെ വാക്കുകളിൽ ഉണ്ടായിരുന്നു . “സേതു ഏട്ടാ… ഇന്നത്തെ ദിവസത്തിൻറെ പ്രത്യേകത അറിയാമോ” ..””എന്ത് പ്രത്യേകത….. ഒന്ന് പോ ലച്ചു…. പോയി ബെഡ് കോഫി ഉണ്ടാക്ക് …..” സേതുവിൻറെ സ്വരത്തിൽ ഇത്തവണ കടുപ്പം കൂടിയിരുന്നു.. ലക്ഷ്മിപ്രിയയുടെ മുഖത്ത് പരിഭവം പടർന്നു .. അഴിഞ്ഞു കിടന്നിരുന്ന മുടി വാരികെട്ടി അവൾ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് നടന്നു..

അല്ലേലും ഈ ആണുങ്ങൾ ഇങ്ങനാ.. കല്യാണത്തിന് മുമ്പ് എന്തായിരുന്നു ഡയലോഗ്,,…. ആദ്യമായി കണ്ട ദിവസം, ആദ്യമായി മിണ്ടിയ ദിവസം, ആദ്യമായി ബൈക്കിൽ കറങ്ങിയ ദിവസം,,,,,, അങ്ങനെ അങ്ങനെ ഓരോന്നും എണ്ണിയെണ്ണി പറയുമായിരുന്നു സേതുവേട്ടൻ… എന്നിട്ടിപ്പോ…… ആദ്യത്തെ വിവാഹ വാർഷികം ആണ് അതുപോലും ഓർക്കാൻ നേരമില്ല…. ലക്ഷ്മി ആരോടെന്നില്ലാതെ പറഞ്ഞു.. “സേതുവേട്ടാ… ദേ കാപ്പി…. വേണേൽ എടുത്തു കുടിക്ക് “… ആവിപറക്കുന്ന ചൂട് കാപ്പി ടേബിളിൽ വെച്ചിട്ട് അവൾ ഭർത്താവിനെ വിളിച്ചു…. കണ്ണുതിരുമ്മി സേതു എഴുന്നേറ്റു ഉറക്കം തികയാഞ്ഞിട്ടു ആണെന്ന് തോന്നുന്നു കണ്ണിന് വല്ലാത്തൊരു നീറ്റൽ…. സേതു ചൂട് കാപ്പി ഊതി കുടിച്ചു കൊണ്ട് ചോദിച്ചു … “അല്ല ലച്ചു… നീയെന്താ നേരത്തെ പറഞ്ഞത് എന്താ ഇന്നത്തെ ദിവസത്തെ പ്രത്യേകത…. ” “”ആഹാ…. അറിഞ്ഞില്ലാരുന്നോ ഇന്നാണ് ഒബാമയുടെ കൊച്ചിനെ 28″”” “ങേ…. ഒബാമയോ….? 28 ഓ…? നിനക്കെന്താ ലച്ചു… വട്ടായോ “”

“ങാ…. ഇപ്പോൾ നിങ്ങൾക്ക് അങ്ങനെയൊക്കെ തോന്നും”… അതും പറഞ്ഞ് അവൾ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി… സേതു വീണ്ടും കാപ്പി ഊതി കുടിച്ചു കൊണ്ട് മൊബൈൽ കൈയിലെടുത്തു…” ദൈവമേ സമയം ഇത്രയും ആയോ… ഇന്ന് ഓഫീസിൽ ചെല്ലുമ്പോൾ ലേറ്റ് ആകുമല്ലോ.. പാതി കുടിച്ച കാപ്പിക്കപ്പ് ടേബിളിൽ വെച്ചിട്ട് സേതു ചാടിയെഴുന്നേറ്റു…

“” ലച്ചു…. ലച്ചു….. ഒന്ന് ഇങ്ങ് വന്നേ.”” “ദാ… വരുന്നു സേതുവേട്ടാ…. ഒരു രണ്ട് മിനിറ്റ് “” … അടുക്കളയിൽ പുട്ടിനു ഉള്ള മാവ് കുറ്റിയിലേക്ക് ഇടുന്നതിന് ഇടയിൽ അവൾ പറഞ്ഞു…. ” ആഹാ…. സേതുവേട്ടൻ റെഡിയായോ കൈ കഴുകി വാ… ഞാൻ പുട്ട് എടുത്ത് വയ്ക്കാം”” ലക്ഷ്മി അടുക്കളയിലേക്ക് പോകാൻ തിരിഞ്ഞു… “പുട്ടൊന്നും എനിക്കുവേണ്ട… കഴിക്കാൻ സമയമില്ല ഇപ്പോൾ തന്നെ ലേറ്റ് ആയി.. നീ എൻറെ പേഴ്സ് ഇങ്ങെടുത്തെ….. അവളുടെ ഒരു അടുക്കിപ്പെറുക്ക്….. ഒരു സാധനം വെച്ചാൽ വച്ചിടത്ത് കാണില്ല….. ” സേതു ലച്ചുവിനോട് ദേഷ്യപ്പെട്ടു. “ഇന്നാ സേതുവേട്ടാ…. ” അവൾ ഷെൽഫിൽ നിന്നും പേഴ്സും ഹെൽമെറ്റും എടുത്ത് സേതുവിന് നേരെ നീട്ടി. ലക്ഷ്മിയുടെ കയ്യിൽ നിന്നും അത് പിടിച്ചു വാങ്ങി സേതുമാധവൻ ബൈക്കിലേക്ക് കയറി ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് നീങ്ങിയതും ലക്ഷ്മിയുടെ വിളി…. “”സേതുവേട്ടാ….. “” ഓ….. ലച്ചു… നിന്നോട് പലതവണ പറഞ്ഞിട്ടില്ലേ ഒരു വഴിക്ക് ഇറങ്ങുമ്പോൾ പുറകിൽ നിന്നും വിളിക്കരുതെന്ന്…. “സോറി സേതുവേട്ടാ ഒരുകാര്യം ചോദിക്കാനാ…. ഇന്ന് ഉച്ചയ്ക്ക് ഉണ്ണാൻ വരുമോ …””” “ഇല്ല…. മാസാവസാനം ആണ്. ഉണ്ണാൻ സമയം കിട്ടുമോ എന്ന് തന്നെ കണ്ടറിയണം “” അതും പറഞ്ഞ് അയാൾ ബൈക്ക് വേഗത്തിൽ ഓടിച്ചുപോയി. സേതുമാധവൻ മറയുന്നതുവരെ ലച്ചു മുറ്റത്ത് തന്നെ നോക്കി നിന്നു. തിരികെ നടക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. സാധാരണ എല്ലാ ദിവസവും സേതുവേട്ടൻ പോവുമ്പോൾ താഴെ വളവിൽ ചെന്ന് ഒന്ന് തിരിഞ്ഞു നോക്കാറുണ്ട്…, കൈവീശി കാണിക്കാറുണ്ട്,,, ചില ദിവസങ്ങളിൽ തൻറെ നെറുകയിൽ ഒന്നു ചുംബിക്കാറുണ്ട്,,, ** പക്ഷേ…. ഇന്ന്……. * താഴേക്ക് അടർന്ന് വീഴാൻ വെമ്പി നിന്നിരുന്ന കണ്ണുനീർ തുള്ളിയെ ചൂണ്ടുവിരലിനാൽ ഒപ്പിയെടുത്ത് അവൾ അകത്തേക്ക് നടന്നു. ടിംഗ് ടോംങ്ങ്…. പുറത്ത് കോളിംഗ് ബെല്ലിൻ്റെ ശബ്ദം കേട്ടാണ് ലച്ചു ഉണർന്നത് … വീട്ടിലെ ജോലിയെല്ലാം കഴിഞ്ഞ് ഫോണും നോക്കി വെറുതെ കിടന്നതാണ്. ഉറങ്ങി പോയത് അവൾ അറിഞ്ഞില്ല.. വീണ്ടും കോളിംഗ് ബെൽ ശബ്ദിച്ചു… ലക്ഷ്മിപ്രിയ എണീറ്റ് പോയി വാതിൽ തുറന്നു .ങേ…. സേതുവേട്ടനോ… എന്താ ഈ സമയത്ത് അവൾ ക്ലോക്കിലേക്ക് നോക്കി. 🕜 1. 30 .🕜 ഉച്ചയ്ക്ക് വരില്ല എന്ന് പറഞ്ഞിട്ട് എന്തുപറ്റി? “” അതൊക്കെ പറയാം… നീ കുടിക്കാൻ ഇത്തിരി വെള്ളം എടുത്തേ….. ” സേതു സോഫയിലേക്ക് ഇരുന്നു. ലക്ഷ്മി ഒരു ഗ്ലാസ് തണുത്ത നാരങ്ങാവെള്ളവും ആയി സേതുവിന് അരികിലെത്തി… “””എന്താ സേതുവേട്ടാ…. എന്തെങ്കിലും പ്രശ്നമുണ്ടോ””” ” ഉം…. എൻറെ ബാഗിൽ ഒരു പൊതി ഇരിപ്പുണ്ട്…, അത് ഇങ്ങെടുത്തെ…” ബാഗ് തുറന്ന് പൊതിയെടുത്ത് അവൾ സേതുവിന് നേരെ നീട്ടി.

“അത് ഒന്ന് തുറന്നു നോക്ക്”

“എന്തിന്…? എന്തായിത്….? “ഒന്നു തുറന്നു നോക്ക് ലച്ചു….” അവൾ വർണക്കടലാസിൽ പൊതിഞ്ഞ കവർ തുറന്നു നോക്കി.. അവളുടെ കണ്ണുകൾ ആശ്ചര്യം കൊണ്ട് തിളങ്ങി..

*..ചുവന്ന കല്ലുള്ള ഒരു മൂക്കുത്തി *.

അവൻ അവളുടെ മുഖത്തേക്ക് നോക്കി ഒരു കള്ളച്ചിരിയോടെ സേതു സോഫയിലേക്ക് ചാരിയിരുന്നു….. “അത് നിനക്കുള്ളതാ ലച്ചു…” *എൻറെ വിവാഹ വാർഷിക സമ്മാനം * ” ഇന്നത്തെ ദിവസം ഞാൻ മറന്നു എന്ന് കരുതിയോ, നമ്മൾ രണ്ടുപേരും ഏറ്റവുമധികം സ്വപ്നം കണ്ടതും സന്തോഷിച്ചതുമായ ദിവസമല്ലേ…ഇന്ന് . നിനക്കൊരു സർപ്രൈസ് ആകട്ടെ എന്ന് കരുതി……….. അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി.. താൻ ഒരുപാട് ആഗ്രഹിച്ചതാണ് ചുവന്ന കല്ലുള്ള ഒരു മൂക്കുത്തി ഇടക്കൊക്കെ തമാശയായി സേതുവേട്ടനോട് പറഞ്ഞിട്ടുമുണ്ട്… പക്ഷേ ഒരിക്കൽ പോലും ആവശ്യപ്പെട്ടിട്ടില്ല. ഭർത്താവിൻറെ ബുദ്ധിമുട്ടുകൾ നല്ലപോലെ മനസ്സിലാക്കിയിട്ടുണ്ട് ലക്ഷ്മിപ്രിയ.. താൻ പറയാതെ തന്നെ തന്റെ ആഗ്രഹം അറിഞ്ഞു സാധിച്ചു തന്നിരിക്കുന്നു തൻറെ സേതുവേട്ടൻ….. ഇത്തവണ ഒഴുകിവന്ന കണ്ണുനീർ അവൾ തുടച്ചില്ല…. ചുണ്ടിലേക്ക് ഒഴുകിവന്ന കണ്ണുനീരിന്റെ ഉപ്പുരസം അവൾക്ക് മധുരമായി തോന്നി …… ” ലച്ചു…. നിനക്ക് ഇഷ്ടപ്പെട്ടോ…? ഓടി വന്നവൾ സേതുവിനെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ വച്ചു… അതായിരുന്നു സേതുവിനുള്ള അവളുടെ മറുപടി…. “അയ്യേ താൻ കരയ്യാ…. എന്താ ലച്ചു ഇത്…. സന്തോഷിക്കുവല്ലേ വേണ്ടേ….”. അവളുടെ താടിയിൽ പിടിച്ചുയർത്തി സേതു ചോദിച്ചു…. പക്ഷേ അവൾക്ക് മറുപടി ഉണ്ടായിരുന്നില്ല ഒരു സ്വപ്നത്തിലെന്നോണം അവളുടെ മനസ്സ് ഒഴുകി നടക്കുകയായിരുന്നു.. പെട്ടെന്നാണ് അവൾ അത് ഓർത്തതു… “”” അയ്യോ…. സേതു ഏട്ടാ ഉച്ചയ്ക്ക് വരില്ല എന്ന് പറഞ്ഞതുകൊണ്ട് ഞാൻ വേറെ കറി ഒന്നും ഉണ്ടാക്കിയില്ല ഇന്നലത്തെ മീൻകറി ഫ്രിഡ്ജിൽ ഉണ്ട് ഉച്ചയ്ക്ക് ഞാനത് കൂട്ടി കഴിക്കാം എന്ന് കരുതി…..”

“അതൊന്നും സാരമില്ലടൊ … നീ വേഗം പോയി റെഡിയായി വാ…. ഇന്നത്തെ ഭക്ഷണം നമുക്ക് ഒരുമിച്ച് പുറത്തുനിന്ന് കഴിക്കാം… ! “””അപ്പോൾ ഇനി ഓഫീസിൽ പോകുന്നില്ലേ…” ” ഇല്ല…. ഇന്ന് ഹാഫ് ഡേ ലീവ് എടുത്തു… ഇന്ന് കുറച്ചുനേരമെങ്കിലും നിനക്ക് വേണ്ടി മാറ്റിവെച്ചില്ലെങ്കിൽ പിന്നെ ഞാൻ എന്ത് ഭർത്താവ് ആണെടീ പെണ്ണേ…” “”””” അയ്യടാ രാവിലെ ഒലക്ക എടുത്തു തലയ്ക്കെട്ടു ഒന്ന് തരാനാ തോന്നിയത്….. “.. കൊഞ്ചി പറഞ്ഞു കൊണ്ടവൾ മുറിയിലേക്ക് പോയി. “”സേതു ഏട്ടാ…. എങ്ങനെയുണ്ട് കൊള്ളാവോ….? മഞ്ഞയിൽ കറുപ്പ് ബോർഡർ ഉള്ള സാരീ ഉടുത്തു കൊണ്ടവൾ മുറിയിൽ നിന്നും ഇറങ്ങി വന്നു.. ലക്ഷ്മിയെ കണ്ട് സേതുവിൻറെ കണ്ണുകൾ വിടർന്നു.. എത്ര സുന്ദരിയാണവൾ… ഇത്രയും സുന്ദരിയായി ലച്ചുവിനെ ഇതുവരെ അയാൾ കണ്ടിട്ടില്ല….. “”””””ഉം… കൊള്ളാം…. ഇപ്പോഴാ നീ എനിക്ക് പറ്റിയ ജോഡി ആയത്… ” ലച്ചുവിനെ മുഖത്ത് നിന്ന് കണ്ണ് പറിക്കാതെ സേതു പറഞ്ഞു..

“അയ്യട… മോനെ…..” ആദ്യം പോയി ആ ജീൻസ് ഊരി കളഞ്ഞിട്ട് ഒരു മുണ്ടുടുത്ത് വന്നേ… ” “”മുണ്ടോ….? എന്തിന്….? “ഇന്നു മുണ്ട് മതി….. പോ………പോയി ചേഞ്ച്‌ ചെയ്യ്… അതോ ഞാൻ വലിച്ചു ഊരണോ….? “ഓക്കെ…… മുണ്ടെങ്കിൽ മുണ്ട്, ഇന്ന് എല്ലാം നിനക്ക് വിട്ടു തന്നേക്കുവാ…”

വീടുപൂട്ടി സിറ്റൗട്ടിൽ പത്ത് മണി ചെടി വളർന്നുനിൽക്കുന്ന ചട്ടിയിലേക്ക് താക്കോൽ എടുത്തു വെച്ച് അവർ മുറ്റത്തിറങ്ങി…. നടന്നു നീങ്ങുമ്പോൾ അയാളുടെ കയ്യിലെ വിരലുകൾ അവൾ മുറുകെ കോർത്തു പിടിച്ചിരുന്നു……. കഴിഞ്ഞവർഷം എല്ലാം ഉപേക്ഷിച്ച് തന്റെ കൂടെ ഇറങ്ങി വരുമ്പോൾ അവളുടെ കൈകൾക്ക് ഉണ്ടായിരുന്ന വിറയൽ ഇന്നില്ല…… ആ കൈകൾക്ക് ബലം വച്ചിരിക്കുന്നു…….

*ആത്മവിശ്വാസത്തിൻ്റെ ബലം* **സ്നേഹത്തിൻറെ ബലം** ***സമാധാനത്തിൻ്റെ ബലം

——ശുഭം ——

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യുക…

രചന: ശരത് ഒറ്റപ്ലാക്കൻ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters