രചന: സന്തോഷ് അപ്പുക്കുട്ടൻ
“ഒന്നു വേഗം തുഴയ് പെണ്ണേ”
വാച്ചിൽ നോക്കി അക്ഷമയോടെ, മനു പറഞ്ഞപ്പോൾ, അവളുടെ തുഴ ശക്തിയിൽ പുഴയിൽ പതിച്ചു.
പുഴയെ കീറി മുറിച്ചുക്കൊണ്ട് തോണി പതിയെ മുന്നോട്ടു പാഞ്ഞു.
“ഇന്ന് രാവിലെ ഒന്നും കഴിച്ചില്ലേ കുട്ടീ”
സാരിയുടുത്ത് തോണി തുഴയുന്ന പെണ്ണിനോട് ,ഒരു ചിരിയോടെ മനു അത് ചോദിച്ചെങ്കിലും, അവളുടെ ശ്രദ്ധ മറുതീരത്തായിരുന്നു.
അന്തരീക്ഷത്തിലേക്ക് ചിതറി വീണ ജലതുള്ളികളിൽ, അവളുടെ മുഖഭാവം കാണാൻ പറ്റിയില്ല.
“ഒന്നു വേഗം പെണ്ണേ! എനിക്ക് പോയി അത്യാവശമായി ഒരു പെണ്ണുകാണാനുള്ളതാണ് ”
മനു ധൃതി,കൂട്ടിയപ്പോൾ അവൾ അയാളെ സൂക്ഷിച്ചു നോക്കി.
“മാഷേ ഇത് ബൈക്കും കാറും ഒന്നുമല്ല നൂറിൽ പോകാൻ ”
അവളുടെ ദേഷ്യത്തിലുള്ള മറുപടി കേട്ടപ്പോൾ, മനു ഒന്നും മിണ്ടാതെ ആകാശത്തേക്ക് നോക്കിയിരിരുന്നു.
കാർമേഘം നിറഞ്ഞ ആകാശത്തിൽ നിന്ന് മഴതുള്ളികൾ പുഴയിലേക്ക് വീണു ചിതറി.
”മഴയെത്തും മുൻപെ പുഴ കടന്നാൽ മതിയായിരുന്നു”
മനുവിന്റെ ആത്മഗതം ഉറക്കെയായപ്പോൾ അവൾ ചിരിച്ചു;മഴതുള്ളി പോലെ!
” മാഷെന്താ സിനിമാ പേര് പറഞ്ഞ് കളിക്കാണോ?”
അവൻ ഒന്നും പറയാതെ അവളെ നോക്കി.
കാണാൻ തരക്കേടില്ലാത്ത പെണ്ണ്.
നല്ലൊരു സാരിയിൽ പൊതിഞ്ഞ പൂ പോലെയുള്ള മുഖം!
മഴതുള്ളികൾ നനച്ചതിന്റെ ബാക്കിപത്രമായ്,നനഞ്ഞ ഒരു ചന്ദനവര നെറ്റിയിൽ അവ്യക്തമായി കാണുന്നുണ്ട്.
വിടർന്ന മിഴികളിൽ കൺമഷി നീട്ടി വരച്ചിട്ടുണ്ട്.
“മാഷ് പേടിക്കണ്ട. നേരം വൈകിയിട്ടാണെങ്കിലും പെണ്ണ് കാണാമeല്ലാ? നമ്മൾ ധൃതി കൂട്ടിയാൽ പിന്നെ ഈ പുഴയിൽ മുങ്ങി പോകും”
അവൾ അയാളെ നോക്കി പുഞ്ചിരിച്ചു.
ഏഴഴകുള്ള ചിരിയെന്ന് പറയാം!
മഴതുള്ളികൾക്കിടയിലൂടെ മഴവില്ല് കാണുന്ന പ്രതീതി!
പുരാണത്തിലെ ഒരു കടത്തുക്കാരിയെ ഓർമ്മ വന്നതും, മനുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു.
ശക്തി കൂടിയ ഒഴുക്കിനെ കീറി മുറിച്ചുകടക്കാൻ തോണി വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്.
ആകാശത്ത് ഇരുട്ട് കുത്തിയതുപോലെ മഴ മേഘങ്ങൾ തമ്പടിക്കുന്നുണ്ട്.
” മാഷ് പാലം പണിയാൻ വന്ന എഞ്ചിനീയറല്ലേ? അപ്പോൾ അതങ്ങ് ട് ചെയ്താൽ മതിലേ?എന്തിനാ ദേശാടന പക്ഷികളെ വെടിവെച്ചു വീഴ്ത്തുന്നതും, കൂട്ടം കൂടിയിരുന്നു കള്ളുകുടിക്കുന്നതും ”
അവളുടെ ചോദ്യം കേട്ടപ്പോൾ, മനു ഒന്നമ്പരന്നു .
ഇവളെങ്ങിനെ ഇതെല്ലാം മനസ്സിലാക്കി?
രഹസ്യമായി ചെയ്തിരുന്ന കാര്യങ്ങൾ സുന്ദരിയായ ഒരു പെൺക്കുട്ടി കണ്ടെത്തിയതിന്റെ ജാള്യത അവന്റെ മുഖത്ത് നിറഞ്ഞു.
” ഇനി അതുപോലെയൊരു കാഴ്ച്ച കണ്ടാൽ ഞാൻ പോലീസിൽ കേസു കൊടുക്കും ട്ടാ! ദേശാടന പക്ഷികളെ കൊല്ലുന്നത് വലിയ കുറ്റമാണെന്നറിഞ്ഞു ടെ?
അവളുടെ ചോദ്യത്തിന് അറിയാതെ അവൻ തലയാട്ടി:
താളത്തിൽ വീഴുന്ന, തുഴയെയും, ചിതറുന്ന വെള്ളതുള്ളികളെയും നോക്കിയിരുന്നു മനു.
തീരത്ത് നിറഞ്ഞു നിൽക്കുന്നതെങ്ങിൻക്കൂട്ടങ്ങളും, അവയിൽ നിന്ന് പറന്നുയരുന്ന ദേശാടന പക്ഷികളും!
മഴ വീണ് മങ്ങിയ പുഴ കാഴ്ചകൾ!
ഈ ദ്വീപ് ഒരു സ്വർഗ്ഗം തന്നെയാണെന്ന് മനുവിന് തോന്നി,
” ഇവിടുത്തെ പെൺക്കുട്ടികളെ പോലെ തന്നെ സുന്ദരിയാണ് ഈ ദ്വീപും ”
മനു ഒരു കുസൃതിയോടെ പറഞ്ഞപ്പോൾ അവൾ ചുണ്ട് കടിച്ചു പിടിച്ചു പതിയെ തലയാട്ടി.
“മാഷ് എഞ്ചിനീയർ അല്ലേ? അല്ലാതെ ലൈൻമാൻ അല്ലല്ലോ?
അവൾ ചിരിയോടെ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായ മനു ചമ്മലോടെ കണ്ണടച്ചു.
പൊടുന്നനെ മനുവിന്റെ ഫോൺ റിങ്ങ് ചെയ്തു:
” ഉച്ചയ്ക്കു മുൻപ് ഞാനവിടെ എത്തും അമ്മേ: അമ്മ വിഷമിക്കാണ്ടിരി”
പൊടുന്നനെ സംസാരം തീർത്ത് മനു അവളെ നോക്കി.
“അമ്മയാണ് .പെട്ടെന്നു വരാൻ പറഞ്ഞതാണ് ”
അവൾ തോണിയിൽ വെച്ചിരുന്ന പാത്രത്തിൽ നിന്ന് ഒരിറക്ക് വെള്ളം കുടിച്ചു.
“ഇന്ന് കാണാൻ പറ്റിയില്ലെങ്കിലും നാളെ കാണാമല്ലോ?”
അവൾ ചോദിച്ചപ്പോൾ അവൻ, അവളുടെ അടുത്ത പടിയിലക്ക് ചേർന്നിരുന്നു.
“മുംബൈയിൽ താമസിക്കുന്നവരാണ് പെണ്ണിന്റെ വീട്ടുക്കാർ. അവർ ഇന്നലെ വൈകീട്ട് നാട്ടിലെത്തി.അമ്മയാണെങ്കിൽ ഇന്നു വൈകീട്ട് തീർത്ഥയാത്രയ്ക്ക് പോകും: അതിനിടയിൽ പെണ്ണുകാണാൻ വേണ്ടീട്ടാ ഈ തിടുക്കം ”
“നമ്മൾ ധൃതികൂട്ടിയിട്ടു കാര്യമില്ല മാഷേ! നടക്കാനുള്ളതാണെങ്കിൽ അത് നടന്നിരിക്കും ”
അവൾ അത് പറഞ്ഞ് തുഴ ശക്തിയിൽ തുഴഞ്ഞു.
വെള്ളത്തുള്ളികൾ ചുറ്റും ചിതറി.
ചിതറുന്ന വെള്ളത്തുള്ളികൾക്കിടയിലൂടെ അവളെ തന്നെ നോക്കിയിരുന്നു മനു.
അവളുടെ മുഖത്തും, കഴുത്തിലും വിയർപ്പ് പൊടിഞ്ഞു തുടങ്ങി,
മുഖത്തേക്ക് രക്തമിരച്ചു കയറി അവിടെയാകെ ചുവന്നിരിക്കുന്നത് കണ്ടപ്പോൾ മനുവിന് വിഷമം തോന്നി.
“പതുക്കെ പോയാൽ മതി പെണ്ണേ! നടക്കാനുള്ളതാണെങ്കിൽ നടന്നിരിക്കും. അല്ലെങ്കിൽ?”
പാതി വഴിയിൽ നിർത്തി മനു അവളെ നോക്കിയൊന്നു പുഞ്ചിരിച്ചു.
മറുപടി പോലെ അവളുടെ ചുണ്ടിലും ഒരു പുഞ്ചിരിയുതിർന്നു .
” ഞാൻ കാരണം മാഷിന്റെ പെണ്ണുകാണൽ നടന്നില്ലെന്നു വേണ്ട”
അതും പറഞ്ഞ് അവൾ ശക്തിയോടെ തുഴയെറിയുമ്പോൾ, അവളുടെ വിടർന്ന മിഴികളിലേക്ക് നോക്കിയിരുന്നു മനു.
“ഒരു പെണ്ണിന്റെ ഭംഗി എവിടെയാണെന്നറിയോ കുട്ടിക്ക്?”
പെട്ടെന്നുള്ള ചോദ്യത്തിൽ പകച്ചുപോയ അവൾ സ്ഥാനം തെറ്റി കിടന്നിരുന്ന സാരി നേരെയിട്ടു.
“അതൊന്നുമല്ല കുട്ടി”
മനു പെട്ടെന്ന് പറഞ്ഞപ്പോൾ അവൾ നാണത്തോടെ മുഖം തിരിച്ചു.
“അവളുടെ വിടർന്ന കണ്ണുകളിലാണ് ഭംഗി നിറഞ്ഞു നിൽക്കുന്നത് കഥകൾ പറയുന്ന അവളുടെ കണ്ണിണകളിലാണ്, അവളുടെ സൗന്ദര്യം കുടികൊള്ളുന്നത് ”
തന്റെ മുഖത്തേക്ക് നോക്കാതെ തോണി തുഴയുന്ന അവളെ ഒരു കുസൃതിയോടെ നോക്കിയിരുന്നു മനു.
” കാവേരീ നീ എവിടെയ്ക്കാ ഇപ്പോ പോണെ”
പുല്ല് കെട്ട് നിറച്ച ഒരു തോണി അവർക്കരികിൽ എത്തിയതും, തുഴഞ്ഞു കൊണ്ടിരുന്ന മദ്ധ്യവയസ്ക്ക വായിലെ മുറുക്കാൻ പുഴയിലേക്ക് തുപ്പിക്കൊണ്ട് ചോദിച്ചു.
” ദിവാകരൻ മുതലാളി പറഞ്ഞു,ഈ സാറിനെ ഒന്നു അക്കരെ കടത്തിവിടാൻ ”
മനുവിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയ അവർ ഒന്നു പുഞ്ചിരിച്ചു.
” നിന്നെ പെണ്ണുകാണാൻ വന്നവർ അക്കരെ നിൽക്കുന്നുണ്ട്. സാറിനെ അവിടെയിറക്കി, അവരെയും എടുത്തിങ്ങ് പോന്നോ ”
ആടിയുലയുന്ന തോണിയെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുകയായിരുന്നു അവർ.
” എല്ലാ പ്രാവശ്യത്തെയും പോലെ ഇഷ്ടപ്പെട്ടില്ലായെന്ന് പറഞ്ഞ് കുളമാക്കാൻ നിക്കണ്ട. പയ്യനെ കാണാൻ ത്തിരി ചേലൊക്കെയുണ്ട് ”
അതും പറഞ്ഞ് തോണി തുഴഞ്ഞു തുടങ്ങി അവർ.
“ഇളയമ്മയാണ് ”
അവൾ.പുഞ്ചിരിയോടെ പറഞ്ഞപ്പോഴും, മനുവിന്റെ കണ്ണുകൾ അവളുടെ സാരിയിലേക്കായിരുന്നു.
” പെണ്ണ് കാണാൻ വരുന്നവരെ കാത്ത് നിൽക്കായിരുന്നു കാവേരി എന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ നിർബന്ധിക്കില്ലായിരുന്നു ”
മനു വിഷമത്തോടെ അവളെ നോക്കി.
” അത് സാരല്യ മാഷേ, ഇത് എന്റെ ജോലിയല്ലേ? ഇതിനു പ്രതിഫലമായി ദിവാകരൻ മുതലാളി നൂറ് രൂപയും തന്നു പാലം പണി കഴിഞ്ഞാൽ ഈ ജോലിയും പോകും”
വിടർന്ന മിഴികളിൽ മഴമേഘങ്ങളുടെ തിരയിളക്കം!
ഒരു ചെറിയ കാറ്റൂതിയാൽ പേമാരിയായി ആർത്തു പെയ്യുമെന്ന് തോന്നി.
” കാവേരിയെന്താ ഈ ജോലിക്ക് നിന്നത്?”
“എന്റെ അച്ഛനായിരുന്നു ഇവിടെ കടത്തുക്കാരൻ. ഒരു വർഷക്കാലത്ത് തോണി മറിഞ്ഞു. തോണിയിലുണ്ടായിരുന്ന എല്ലാവരെയും രക്ഷിച്ച് കരക്കെത്തിച്ചു അച്ഛൻ. കരയിലെത്തി തളർന്നു കിടന്ന അച്ഛൻ പിന്നെ എഴുന്നേറ്റില്ല ”
പറഞ്ഞതും അവൾ ശക്തിയോടെ തുഴയെറിഞ്ഞു.
വെള്ളത്തുള്ളികൾ അവളുടെ കണ്ണുനീരുമായി ഇടകലർന്നു.
തന്റെ ദു:ഖം കണ്ട് ആരും സഹതപിക്കരുതെന്ന വാശിയുണ്ടായിരുന്നു ആ തുഴയലിൽ.
ഒരു ഹുങ്കാര ശബ്ദത്തോടെ ഒരു കാറ്റ് അവരെ കടന്നു പോയി.
പെട്ടെന്ന് കരയിലെ തെങ്ങിൻക്കൂട്ടങ്ങൾ മഴവില്ല് പോലെ വളയുന്നത് കണ്ട് മനുവിൽ ഭീതിയേറി-
തുഴ കിട്ടാതെ കാവേരി നിസ്സഹായതയോടെ മനുവിനെ നോക്കി.
“മോളേ! വേഗം അക്കരെക്കു പോ! മലവെള്ളം വരുന്നുണ്ട്
തീരമെത്താറായ ഇളയമ്മയുടെ നിലവിളി കേട്ടപ്പോൾ, കാവേരി ഭീതിയോടെ പുഴയറ്റത്തേക്ക് നോക്കി:
കലങ്ങിമറിഞ്ഞു വരുന്ന വെള്ളത്തിന്റെ ശക്തി കണ്ടതോടെ കാവേരി പൊടുന്നനെ ഒരു തുഴയെടുത്ത് മനുവിന് കൊടുത്തു.
“വേഗം തുഴയ് – അക്കരെക്ക് പെട്ടെന്ന് എത്തണം”
പുഴവെള്ളത്തിന്റെ നിരപ്പ് പതിയെയുയരുന്നത് കണ്ട മനു, ഭീതിയോടെ തുഴ, പുഴയിലേക്കിട്ട് തുഴഞ്ഞു
ആകാശത്ത് ഇടിവെട്ടി.
ആർത്തലച്ചു മഴ പെയ്തു തുടങ്ങി.
ഒരു ചുഴലിക്കാറ്റിൽ, തോണിയൊന്നു പമ്പരം പോലെ കറങ്ങി.
മനുവിൽ നിന്ന് തുഴ ദൂരെയ്ക്ക് തെറിച്ചു.
പുഴയിൽ പമ്പരം പോലെ കറങ്ങുന്ന,തുഴയെയും കാവേരിയെയും ഭീതിയോടെ നോക്കി മനു:
” മാഷ് പേടിക്കണ്ട. ഇന്നുതന്നെ മാഷ് പെണ്ണിനെ കാണും”
മനുവിന് ആശ്വാസം നൽകി, കാവേരി ശക്തിയോടെ തുഴയെറിഞ്ഞു.
ഒരു കടത്തുക്കാരിയുടെ ചങ്കൂറ്റത്തോടെയുള്ള ഉറപ്പ് കിട്ടിയിട്ടും, മനു പേടിയോടെ പതിയെ അവൾക്കരികിലേക്ക് ചേർന്നിരുന്നു.
അവളുതിർക്കുന്ന ശ്വാസം, ഒരു ആശ്വാസമായി അവന്റെ മുഖത്തടിച്ചുക്കൊണ്ടിരുന്നു.
ഒരു ഇളം പെണ്ണിന്റെ ശക്തി മുഴുവൻ അവളുടെ കരങ്ങളിലേക്ക് പ്രവഹിക്കുന്നത് ഭീതിയിലും അവൻ കണ്ടു.
ചെങ്കൽ നിറം പടർന്ന വെള്ളം പതിയെയുയരുന്നത് കണ്ട് ഒരു നിലവിളി മനുവിന്റെ തൊണ്ടയിൽ തടഞ്ഞു
മഴക്കപ്പുറം, തീരം അവ്യക്തമായി കാണുന്നുണ്ട്
തീരത്തുള്ളവർ പുഴയിലേക്ക് നോക്കി അലറുന്നുണ്ട്.
തോണി പതിയെ പതിയെ നിയന്ത്രണത്തിൽ നിന്നും പോകുന്നത് കാവേരി അറിഞ്ഞു .
അവൾ മനുവിനെ നോക്കി!
ഒരു കൊച്ചുക്കുഞ്ഞിനെ പോലെ അവളുടെ ചാരെ ചേർന്നിരിക്കുകയാണ് അവൻ!
അവന്റെ നെഞ്ചിടിപ്പ് അവൾക്കു കേൾക്കാം!
പൊടുന്നനെ വീശിയ കൊടുംകാറ്റിൽ തുഴ തെറിച്ചു പോയപ്പോൾ, കാവേരി തീരത്തേക്ക് നോക്കി,
ആരൊക്കെയോ അലറിക്കൊണ്ട് കൈ നീട്ടി വിളിക്കുന്നുണ്ട്!
ആരുടെയൊക്കെയോ കരച്ചിൽ കേൾക്കുന്നുണ്ട്.
മഴവെള്ളം നിറഞ്ഞ കണ്ണിണകൾ അമർത്തി തുടച്ച് ,ശ്വാസമെടുത്ത് അവൾ ചുറ്റുമൊന്നു നോക്കി:
കലങ്ങിമറിയുന്ന പുഴയിൽ ഈയൊരു തോണി മാത്രം!
” ആ ഷൂസ് അഴിച്ചു കള”
കാവേരി പറഞ്ഞപ്പോൾ, ഒട്ടും ആലോചിക്കാതെ മനു,ഷൂസ് വലിച്ചൂരി പുഴയിലേക്കെറിഞ്ഞു.
പുഴയറ്റത്തേക്ക് ഒരിക്കൽ കൂടി നോക്കി കാവേരി.
എല്ലാം തകർത്ത്, തരിപ്പണമാക്കി ഭ്രാന്തെടുത്ത് വരുന്ന മലവെള്ളം കണ്ടപ്പോൾ അവൾ സാരിയിൽ പിടുത്തമിട്ടു.
സാരി വലിച്ചൂരിയതും, അവൾ മനുവിനെ നോക്കി.
” ഷർട്ടും പാൻറും അഴിച്ചു കള”
ഒരു ചമ്മലോടെ അവളെ നോക്കിയ നിമിഷം, ഒഴുകിയെത്തിയ വെള്ളത്തിൽ ശക്തിയോടെ,തോണിയുലഞ്ഞു.
“അഴിച്ചു കളയാൻ ”
അതൊരു അലർച്ചയായിരുന്നു.
കൊടുംകാറ്റിനെക്കാളും ശക്തിയോടെയുള്ള അലർച്ച.
കേട്ടപാതി അവൻ വിറച്ചുകൊണ്ട് വസ്ത്രങ്ങൾ ഊരിയെറിഞ്ഞു.
ഹുങ്കാരത്തോടെ വന്ന ഒരു ചുഴലിയിൽ തോണി വട്ടം കറങ്ങി, കമഴ്ന്നു!
ഒരു ആർത്തനാദത്തോടെ മനു. തോണിയെയും പിടിച്ച് കിടന്നു.
“പേടിക്കണ്ട ഞാനില്ലേ കൂടെ?”
മനുവിനെയും തഴുകി കാവേരിയത് പറയുമ്പോൾ, അവളുടെ ഭീതിദമായ കണ്ണുകൾ, ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള അഴിമുഖത്തേക്കായിരുന്നു.
പുഴയം കടലും ഒന്നിക്കുന്ന അഴിമുഖം!
മരണഗർത്തം!
അഴിമുഖത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന,തോണിയിൽ, കമഴ്ന്നു കിടക്കുന്ന മനുവിനെ അവൾ നോക്കി.
” ഇനി തോണി വിട്ട് കരയിലേക്ക് നീന്താം ”
“എനിക്കു നീന്തലറിയില്ല. കാവേരി നീന്തി പൊയ്ക്കോളൂ”
അവസാന പ്രതീക്ഷയും നഷ്ടപ്പെട്ട് അവനത് പറയുമ്പോൾ, കാവേരി ശ്വാസം ഉള്ളിലേക്ക് എടുത്ത് കരയിലേക്ക് നോക്കി.
തോണി നീങ്ങുന്നതിനനുസരിച്ച്, ജനക്കൂട്ടവും നീങ്ങികൊണ്ടിരിക്കുന്നു.
അകലെ കാണുന്ന അഴിമുഖത്തെ ചൂണ്ടിക്കാണിച്ചു കൊണ്ട് അലറുന്നുണ്ടവർ.
കാറ്റിനും, ഒഴുക്കിനും വീണ്ടും ശക്തിയേറുന്നുണ്ട്.
മഴ ആർത്തലച്ചു പെയ്യുന്നു!
അഴിമുഖം പതിയെ തെളിഞ്ഞു വരുന്നുണ്ട്.
കാവേരി ഉറച്ച ഒരു തീരുമാനത്തോടെ, മനുവിന്റെ തലയിൽ തലോടി.
“എന്റെ തോളിൽ പിടിച്ചു കിടക്കോ?”
കാവേരി ചോദിച്ചതും, അവളുടെ തോളിൽ പിടുത്തമിട്ടു.
” എന്തുവന്നാലും വിടരുത്. ഞാൻ രക്ഷപ്പെട്ടോട്ടെയെന്ന് വിചാരിച്ച് പിടിവിടരുത്. മുങ്ങുകയാണെങ്കിലും നമ്മളൊന്നിച്ച് ,പൊങ്ങുകയാണെങ്കിലും നമ്മളൊന്നിച്ച്
അവൻ ഭീതിയോടെ തലയാട്ടി.
ഒരു തോണിയിലുണ്ടായിരുന്ന മുഴുവൻ പേരെയും, സ്വന്തം ജീവൻ കൊടുത്ത് രക്ഷിച്ച അച്ഛന്റെ മകളായിരുന്നു അവൾ;
ആ ചങ്കുറപ്പോടെയവൾ, തോണിയിലെ പിടി വിട്ട് ഇളകിവരുന്ന വെള്ളത്തിലേക്ക് കമഴ്ന്നു!
കൈകൾ കൊണ്ട് വെള്ളത്തെ കീറി മുറിച്ചുകൊണ്ട് കാവേരി കര ലക്ഷ്യമാക്കി നീന്തുമ്പോൾ, മനു വിറയലോടെ അവൾടെ മുകളിലായ് കിടന്നു.
വെള്ളത്തിലൂടെ ഒഴുകി വരുന്ന വസ്തുക്കളെയെല്ലാം വകഞ്ഞു മാറ്റി കൊണ്ട് അവൾ കരയിലേക്ക് നീന്തുന്നതും കണ്ട് ,കരയിലുള്ളവർ ശബ്ദമുതിർത്തു കൊണ്ടിരുന്നു.
ഒരുവേള അവർ മുങ്ങി താണപ്പോൾ, കരയിലുള്ളവർ നെഞ്ചത്ത് കൈവെച്ചു.
നെഞ്ചുരുകിയ പ്രാർത്ഥനകൾ തീരത്ത് അലയടിച്ചു.
ഉത്കണ്ഠയുടെ രണ്ട് നിമിഷങ്ങൾക്കു ശേഷം, അവർ ജലോപരിതലത്തിൽ എത്തിയപ്പോൾ, ആശ്വാസത്തത്തോടെ തീരത്തുള്ളവർ നെഞ്ചിൽ കൈവെച്ചു.
പ്രാർത്ഥനയുടെയും, പിരിമുറുക്കത്തിന്റെയും നിമിഷങ്ങൾക്കു ശേഷം .അവർ കരയോട് അടുക്കാറായപ്പോൾ, വലിയ വടം അവർക്കു നേരെ നീട്ടിയെറിഞ്ഞു
വടത്തിൽ പിടിച്ച് തളർന്ന് കിടന്ന കാവേരിയെ, വലിച്ചു കരയിലേക്കെത്തിക്കുമ്പോഴെക്കും, അവൾ തളർന്ന് വെള്ളത്തിലേക്ക് മുങ്ങുന്നത് കണ്ട് കരയിലുള്ളവർ ചാടിയിറങ്ങി.
മനുവിനെ വലിച്ച് മാറ്റുമ്പോഴെക്കും, അവൾ മുങ്ങി പോകുന്നത് കണ്ട്, കരയിലുള്ളവർ ഒച്ച വെച്ചു.
മനുവിനെ വിട്ട്, താഴ്ചയിലേക്ക് മുങ്ങി താണു കൊണ്ടിരുന്ന കാവേരിയുടെ കൈയ്യിൽ പിടുത്തമിട്ട ഒരുവൻ ശക്തിയോടെ അവളെ പുറത്തേക്ക് വലിച്ചു.
നനഞ്ഞ ഒരു പൂച്ചക്കുട്ടിയെ പോലെ തീരത്ത് തളർന്നു കിടക്കുന്ന അവളുടെ കടവായിലൂടെ വെള്ളം ഒഴുകുന്നുണ്ടായിരുന്നു.
ആരോ കൊടുത്ത,മുണ്ട് ഉടുത്ത് ,ആൾക്കൂട്ടത്തെ വകഞ്ഞ് മാറ്റി കാവേരിയുടെ അടുത്ത് വന്ന, മനു അവളുടെ വീർത്തവയറിൽ പതിയെ ഞെക്കിക്കൊണ്ടിരുന്നു.
ഓരോ അമർത്തല ലിലും, വെള്ളം പുറത്തേക്ക് വന്നു കൊണ്ടിരുന്നു,
ഒടുവിൽ തന്റെ മുഖം ,അവളുടെ മുഖത്തേക്ക് അടുപ്പിക്കുമ്പോഴെയ്ക്കും, അവൾ കണ്ണ് തുറന്നു.
“മാഷ് പെണ്ണ് കാണാൻ പോണില്ലേ?”
ഒരു നേർത്ത ശബ്ദത്തിലുള്ള അവളുടെ ചോദ്യത്തിന്റെ ‘മറുപടിയ്ക്ക് പകരം, അവന്റെ ചുണ്ടുകൾ, അവളുടെ ചുണ്ടിലേക്കമർന്നു.
ഒരു പുഞ്ചിരിയോടെ,അവളുടെ ഇരുകൈകളും അവനെ വരിഞ്ഞുമുറുക്കി.
നിറഞ്ഞു പെയ്യുന്ന മഴയിലലിഞ്ഞവർ കിടക്കുമ്പോൾ, നാണം ക്കൊണ്ട് കണ്ണ് പൊത്തി പിൻതിരിഞ്ഞു തുടങ്ങിയിരുന്നു നാട്ടുക്കാർ…
രചന: സന്തോഷ് അപ്പുക്കുട്ടൻ