വിവാഹം കഴിഞ്ഞു രണ്ടാം നാൾ ആരുടെയോ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ്‌ ഉറക്കത്തിൽ നിന്നും എണീറ്റത്…

രചന: Nitya Dilshe

വിവാഹം കഴിഞ്ഞു രണ്ടാം നാൾ ആരുടെയോ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ്‌ ഉറക്കത്തിൽ നിന്നും ഞെട്ടി എണീറ്റത്…റൂമിലെ ലൈറ്റ് ഇട്ടു സമയം നോക്കി..11:30 PM.. രാവിലെ പുറത്തു പോയ യദു ഇതുവരെ എത്തിയില്ലല്ലോ എന്നോർത്തു…

വാതിൽ തുറന്നപ്പോൾ താഴത്തെ ശബ്ദം ഒന്നു കൂടി വ്യക്തമായി.. “നീ താലികെട്ടിയ പെണ്ണിവിടെ ഉണ്ടേന്നോർക്കാതെ വീണ്ടും പഴയ ബന്ധം പുതുക്കാൻ പോയതാണോ….ഇതുവരെയുള്ളതൊക്കെ ഞാൻ ക്ഷമിച്ചു…ഇനിയും അങ്ങനെ നടക്കാനാണ് ഭാവമെങ്കിൽ ഞാൻ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കില്ല…” ഇവിടുത്തെ അച്ഛന്റെ ശബ്‌ദമാണ്..ഇടയിൽ അമ്മയും കരച്ചിലോടെ എന്തൊക്കെയോ പറയുന്നുണ്ട്..

“എനിക്കിഷ്ടമുണ്ടായിട്ടു കെട്ടിയതല്ലല്ലോ.. നിങ്ങളൊക്കെ നിർബന്ധിപ്പിച്ചു കെട്ടിപ്പിച്ചതല്ലേ..”

യദു വിന്റെ ശബ്ദവുമുയർന്നു.. “നിന്റിഷ്ടത്തിനു ജീവിക്കാനാണെങ്കിൽ അതീ വീടിന് പുറത്ത്..” അച്ഛൻ അവസാന തീർപ്പു കൽപ്പിച്ചു..

ഉച്ചത്തിലുള്ള ശബ്ദങ്ങൾ അല്ലെങ്കിലേ ഭയമാണ്..ചവിട്ടികുലുക്കി മുകളിലേക്ക് വരുന്ന ശബ്ദം കേട്ടപ്പോൾ ശരീരം വിറച്ചു…വലിഞ്ഞു മുറുകിയ മുഖം..കബോർഡ് തുറന്ന് ബാഗ് വലിച്ചു പുറത്തിട്ടു എന്തൊക്കെയോ കുത്തിനിറക്കുന്നത് കണ്ടു..ടേബിളിൽ വച്ചിരിക്കുന്ന ലാപ്ടോപ്പുമെടുത്ത് ഇങ്ങനെയൊരാൾ നിൽക്കുന്നത് പോലുംഗൗനിക്കാതെ പുറത്തേക്കു പാഞ്ഞു പോയി..

താഴെ നിന്നും അമ്മയുടെ കരച്ചിൽ കേട്ടു.. കാർ അകന്നുപോകുന്ന ശബ്ദവും.. എന്റെ മനസ്സിലെ വികാരം എന്തെന്ന് എനിക്ക് തന്നെ മനസ്സിലായില്ല…ഇന്നലെ താലികെട്ടി..നെറ്റിയിൽ സിന്ദൂരം ചാർത്തി തന്നു.. രാത്രിയിലെപ്പോഴോ ബെഡിന്റെ ഓരം ചേർന്നു കിടന്നൊരാൾ.. എനിക്കയാൾ അപരിചിതൻ മാത്രമായിരുന്നു..എനിക്ക് കിട്ടിയ ഭാഗ്യത്തെ രണ്ട് ദിവസങ്ങൾക്കു മുൻപ് ആളുകൾ വാനോളം പുകഴ്ത്തിയതാലോചിച്ചു പുച്ഛം തോന്നി…

ഡിഗ്രി എക്സാം എഴുതിയിരിക്കുമ്പോഴാണ് ഇവിടുത്തെ ആലോചന വന്നത്..എന്നെ ഏതോ കല്യാണത്തിൽ വച്ചു അച്ഛനുമമ്മയും കണ്ടുത്രെ..ഞങ്ങൾക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത ബന്ധം..അച്ഛനുമമ്മയും കോളേജ് അദ്ധ്യാപകർ..അച്ഛൻ അല്പം രാഷ്രീയ പ്രവർത്തങ്ങളൊക്കെയുണ്ട്‌.. മകൻ സോഫ്റ്റ് വെയർ എൻജിനീയർ.. ബാംഗ്ലൂര് വർക് ചെയ്യുന്നു..ഇളയ മകൾ പത്തിലും.. പാരമ്പര്യമായി സമ്പന്നർ..

അച്ഛനില്ലാത്ത ഞങ്ങൾ മൂന്ന് പെണ്മക്കളിൽ ഒന്നെങ്കിലും രക്ഷപെടട്ടെ എന്നേ ‘അമ്മയും ചിന്തിച്ചുകാണു.. ഒരു പ്രൈവറ്റ് സ്കൂൾ അദ്ധ്യാപികയായിരുന്നു ‘അമ്മ…അമ്മയുടെ കുറഞ്ഞ ശമ്പളവും ട്യൂഷനും അല്പം കൃഷിയും ഇതൊക്കെ വച്ചാണ് ഞങ്ങളുടെ പഠിപ്പും അച്ഛമ്മയടങ്ങുന്ന ജീവിതചിലവുകളും ‘അമ്മ കൊണ്ടുപോയത്.. കാണാൻ വരുമ്പോഴോ താലികെട്ടുമ്പോഴോ ആ മുഖം പ്രസന്നമായിരുന്നില്ല എന്നത് ശ്രദ്ധിച്ചിരുന്നു…

“മോളെ ” എന്നു വിളിച്ചു വാതിൽ തുറന്നമ്മ അകത്തേക്ക് വന്നപ്പോൾ അറിയാതൊന്നു ഞെട്ടി….അടുത്തു വന്നിരുന്നു തലയിൽ തലോടി..

“മോൾ വിഷമിക്കരുത്…യദു തിരിച്ചു വരും..ദേഷ്യം കുറച്ചു കൂടുതലുണ്ടെന്നേ ഉള്ളു..” അമ്മയുടെ കരഞ്ഞു വീർത്ത മുഖം കണ്ടപ്പോൾ വിഷമം തോന്നി…

വീട് വല്ലാതെ നിശ്ശബ്ദമായ പോലെ തോന്നി..പകലൊക്കെ വേണ്ടെന്നു പറഞ്ഞിട്ടും അമ്മയെ അടുക്കളയിൽ സഹായിച്ചും യാമി കൊണ്ട് വരുന്ന ലൈബ്രറി ബുക്കുകൾ വായിച്ചും നേരം കളഞ്ഞു..വൈകീട്ട് അവൾ സ്കൂളിൽ നിന്നെത്തിയാലാണ് ഈ വീട് കുറച്ചൊന്നനങ്ങുന്നത് ..സ്വന്തം വീട്ടിൽ ഒന്നിരിക്കാനുള്ള സമയമില്ലായിരുന്നു..കിട്ടുന്ന സമയമത്രയും അമ്മയോടൊപ്പം ഓടി എത്താനായില്ലെങ്കിലും സഹായമായി ഒപ്പം എത്താനുള്ള ശ്രമമായിരുന്നു…

യദുവിന്റെ വരവോ ഫോൺ വിളിയോ പിന്നീട് ഉണ്ടായില്ല..മടിച്ചു മടിച്ചു ഒരിക്കൽ യാമിയോട് തന്നെ യദുവിനെക്കുറിച്ചു ചോദിച്ചു..പറയാനല്പം മടികാണിച്ചെങ്കിലും ആരോടും പറയില്ലെന്ന പ്രോമിസിൽ അവൾ പറഞ്ഞു തുടങ്ങി..

“”രചന” ..ഏട്ടന്റെ ഒപ്പം പഠിച്ച കുട്ടി..സൗഹൃദം എപ്പോഴോ പ്രണയമായതാണ്..രണ്ടു വീട്ടിലും സംഭവം അറിഞ്ഞു..ഏട്ടന് ഒരു ജോലിയാകുന്നത്‌ വരെ കാത്തിരിക്കാനുള്ള ക്ഷമ ആ ചേച്ചീടെ വീട്ടുകാർക്കുണ്ടായില്ല.. വീട്ടുകാരെ എതിർക്കാൻ ചേച്ചിക്കും കഴിഞ്ഞില്ല..നല്ലൊരു ആലോചന വന്നപ്പോൾ അവർ വേറെ വിവാഹം നടത്തി.. അതൊക്കെ കഴിഞ്ഞു മൂന്നുനാലു വർഷമായി ഏട്ടത്തി..ഏട്ടൻ വീണ്ടും ആ ചേച്ചിയെ കാണാൻ പോയത് എന്തിനാന്നറിയില്ല..അച്ഛനെ ആരോ ആ വിവരം അറിയിച്ചതിന്റെ ബഹളമാ അന്ന് കേട്ടത്..”

ദിവസങ്ങൾ വീണ്ടും മുന്നോട്ടു പോയി..അതിനിടയിൽ വീട്ടിൽ പോയി ഒരാഴ്ച നിന്നു..യദുവിന് തിരക്കാണെന്നു കള്ളം പറഞ്ഞു..വീട്ടിലേക്കു ഒരുപാടു സാധനങ്ങൾ വാങ്ങി തന്നാണ് അച്ഛനും അമ്മയും കൊണ്ടുവിട്ടത്..റിസൾട്ട് വന്നു..നല്ല മാർക്കോടെ തന്നെ പാസ്സ് ആയി..അച്ഛനുമമ്മയും പഠിപ്പിക്കുന്ന കോളേജിൽ തന്നെ PG ചെയ്യാൻ തീരുമാനിച്ചു..

ഒരു ദിവസം അച്ഛൻ വന്നു പറഞ്ഞു എന്റെ സാധനങ്ങൾ പാക്ക് ചെയ്തോളാൻ.. നാളെ നമ്മൾ ബാംഗ്ലൂർക്കു പോകുന്നു…എനിക്കിവിടെ തന്നെ നിന്നാൽ മതിയെന്ന് പറയണമെന്നുണ്ടായിരുന്നു..കിടക്കാൻ നേരം അച്ഛനുമമ്മയും അടുത്തു വന്നു..

“നിന്റെ ജീവിതമാണ്..വിട്ടു കൊടുക്കരുത്..പിന്നീട് ദുഃഖിക്കേണ്ടി വരരുത്..അച്ഛനുമമ്മയും മോൾക്കൊപ്പം തന്നെയുണ്ട്..വിഷമിക്കരുത്..”

പിന്നെയും എന്തൊക്കെയോ പറഞ്ഞു ..പലതും മനസ്സിലായില്ലെങ്കിലും തലയാട്ടി മൂളിക്കൊണ്ടിരുന്നു…ഒരു യുദ്ധത്തിന് പറഞ്ഞയക്കുന്ന പോലെയാണ് തോന്നിയത്..

പോകാൻ നേരം ചെറിയൊരു പേഴ്‌സും വിലകൂടിയൊരു മൊബൈലും..”കുറച്ചു രൂപയാണ്..”കൈയ്യിൽ വെക്കാൻ പറഞ്ഞു..

ബാംഗ്ലൂർ എത്തുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു..ജില്ല വിട്ടു ആദ്യമായ് പുറത്തെത്തിയതുകൊണ്ട് എനിക്കെല്ലാം പുതുമയുള്ള കാഴ്ചകളായിരുന്നു.പക്ഷെ അതാസ്വദിക്കാനുള്ള മനസികാവസ്ഥയിലായിരുന്നില്ല ഞാൻ…ഡ്രൈവറോട് വണ്ടിയിൽ ഇരിക്കാൻ പറഞ്ഞ് അച്ഛൻ എന്റെ ബാഗുകളുമായി മുൻപിൽ നടന്നു..ലിഫ്റ്റിൽ മുകളിലെത്തി ഫ്ലാറ്റിനു മുന്നിൽ ബെല്ലടിച്ചു കാത്തു നിന്നു..

അല്പം കഴിഞ്ഞപ്പോൾ ഡോർ തുറന്നു ..അച്ഛനെ കണ്ടതും ആ മുഖത്ത് അമ്പരപ്പ് ….മുൻപ് കണ്ടതിനെക്കാൾ താടിയും മുടിയുമൊക്കെ വളർന്നിരിക്കുന്നു.പിന്നിൽ നിന്ന എന്റെ കൈയ്യിൽ ബാഗുകൾ തന്ന് അകത്തേക്ക് കയറാൻ അച്ഛൻ പറഞ്ഞു..അച്ഛന്റെ മുഖത്തേക്ക് നോക്കിയതും അതുവരെയുള്ള ദേഷ്യം മാറി സങ്കടം കണ്ടു..എന്റെ തലയിൽ തലോടി..

“അച്ഛനിപ്പോൾ തന്നെ ഇറങ്ങും..സന്തോഷമായി ഇരിക്കണം..”

ബാഗുകളുമായി അകത്തേക്ക് നടക്കുമ്പോൾ കേട്ടു.. “നിന്റെ ഭാര്യയാണ്..അവൾ നിന്നോടൊപ്പമാണ് കഴിയേണ്ടത്..”

അകത്ത് രണ്ടുമൂന്ന് വാതിലുകൾ ..ഏതാണ് തുറക്കേണ്ടതെന്നു സംശയിച്ചു നിന്നു..നേരെ കണ്ടത് തന്നെ തുറന്നകത്തു കയറി..ഭാഗ്യം.. ബെഡ്റൂമാണ്.. ബാഗുകൾ താഴെ വച്ച് ബെഡിൽ ഇരുന്നു.അതുവരെ അടക്കിപ്പിച്ച ശ്വാസം പുറത്തു വിട്ടു..ഹൃദയമൊന്നു ശാന്തമായപ്പോൾ എണീറ്റു കുളിച്ചു വന്നു ..ഹാളിൽ നിന്നും ടി വിയുടെ ചെറിയ ശബ്ദമല്ലാതെ വേറൊന്നും കേൾക്കുന്നില്ല..

ഇടക്ക് ‘അമ്മ വിളിച്ചു..കുഴപ്പമൊന്നുമില്ലല്ലോ എന്നു ചോദിച്ചു..റൂമിനു പുറത്ത് ഇറങ്ങാൻ തോന്നിയില്ല….കിടന്നുറങ്ങി..

പിറ്റേന്ന്‌ വൈകിയാണ് എണീറ്റത്..റൂമിനു പുറത്തിറങ്ങിയപ്പോൾ മനസ്സിലായി..ആളിവിടില്ല.. ഓഫീസിൽ പോയിക്കാണും.. ആശ്വാസമായി തോന്നി..ഫ്ലാറ്റൊക്കെ ഒന്നു കണ്ടു..രണ്ടു ബെഡ്റൂം ആണ്..ഒന്നു ജിമ്മിനായി സെറ്റ് ചെയ്തു വച്ചിരിക്കുന്നു…കിച്ചൻ അധികം ഉപയോഗിക്കുന്നതായി തോന്നിയില്ല..വിശക്കുന്നുണ്ടായിരുന്നു.. ഫ്രിഡ്ജിലെ ബ്രഡ് എടുത്തു കഴിച്ചു..ചായയുണ്ടാക്കി ഡൈനിങ്ങ് ടേബിളിൽ എത്തിയപ്പോൾ കണ്ടു .ടേബിളിൽ ക്രെഡിറ്റ് കാർഡ്.. ഒരു പേപ്പറിൽ പിൻ നമ്പറും.. ഫ്ലാറ്റിന്റെയാവും ഒരു കീയും..

ഇനി ഇവിടുന്നു ജീവിതം തുടങ്ങണം എന്നു തീരുമാനിച്ചു..ക്രെഡിറ്റ്‌ കാർഡും പേഴ്‌സും മൊബൈലും എടുത്ത് പുറത്തു കടന്നു..ഇന്നലെ വരുന്ന വഴി കടകളൊക്കെ കണ്ടിരുന്നു..പോകുന്ന വഴി മനസ്സിൽ പതിപ്പിച്ചു മുന്നോട്ടു നടന്നു…

താഴെ തന്നെ സൂപ്പർമാർക്കറ്റ് ഉണ്ട്..എന്റെ പരിഭ്രമം കണ്ടിട്ടാവണം അവിടെ വർക് ചെയ്യുന്ന ഒരു മലയാളി ചേച്ചി അടുത്തു വന്നു..സാധനങ്ങൾ എടുക്കാനും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു ബില്ലടക്കാനും ചേച്ചി തന്നെ സഹായിച്ചു..അപ്പോഴേക്കും ചേച്ചിയുമായി ഒരു സൗഹൃദം ഉണ്ടാക്കി എടുത്തിരുന്നു..

ആറു മണിയായിക്കാണും യദു എത്തിയപ്പോൾ…ചായ വേണോന്നു ചോദിച്ചപ്പോൾ കുടിച്ചെന്നു പറഞ്ഞു..ഉണ്ടാക്കിയ ഭക്ഷണം ടേബിളിൽ കൊണ്ടു വച്ചു..കുറച്ചു കഴിഞ്ഞപ്പോൾ തുറന്നു നോക്കുന്നത് കണ്ടു..പിന്നെ വന്നിരുന്നു കഴിച്ചു.പാത്രം സ്വയം കഴുകി വച്ചു..

പിറ്റേന്ന് നേരത്തെ ഉണർന്നു.. ബെഡിൽ യദു കിടന്നുറങ്ങുന്നുണ്ട്..എപ്പോൾ വന്നു കിടന്നു എന്നറിഞ്ഞില്ല..എണീറ്റു കുളിച്ച് ബ്രേക്ഫാസ്റ് ഉണ്ടാക്കി ടേബിളിൽ വച്ചു..കുറച്ചു കഴിഞ്ഞപ്പോൾ യദു കുളിച്ചു റെഡിയായി വന്നു..ഓഫീസ്‌ വേഷത്തിലാണ്..ടേബിളിൽ വച്ച ബ്രേക്ഫാസ്റ് എടുത്ത് കഴിച്ചു..ഉച്ചക്ക് ചോറെടുത്തു വക്കട്ടെ എന്നു ചോദിച്ചപ്പോൾ വേണ്ട കമ്പനിയിൽ ഉണ്ടെന്നു പറഞ്ഞു..

ദിവസങ്ങൾ അധികം സംസാരമൊന്നുമില്ലാതെ കടന്നുപോയി..ഞാൻ ഉണ്ടാക്കുന്ന ആഹാരം ആസ്വദിച്ചു കഴിക്കുന്നത് കണ്ടപ്പോൾ തന്നെ സമാധാനമായി..

ഒരിക്കൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ ചോദിച്ചു. തനിക്കിനി പഠിക്കാനൊന്നും പോണ്ടേ എന്ന്‌..കേട്ടപാതി ഓടിപ്പോയി മാർക് ലിസ്റ്റ് അടങ്ങിയ കവർ കൈയ്യിൽ കൊണ്ടു കൊടുത്തു..മാർക് ലിസ്റ്റ് നോക്കി ആ മുഖം വിടരുന്നത് കണ്ടു..

ഒരാഴ്ച കഴിഞ്ഞപ്പോൾ പറഞ്ഞു..അഡ്മിഷൻ ശരിയാക്കിയിട്ടുണ്ട്..നാളെ ഇന്റർവ്യൂ വിനു റെഡിയായി ഇരിക്കാൻ..നാട്ടിൽ പഠിച്ച കോളേജിനെക്കാൾ വലിയ കോളേജ്..തിരിച്ചു വരുമ്പോൾ കോളേജിലേക്കാവശ്യമുള്ളതെല്ലാം വാങ്ങി..

ദിവസങ്ങൾ വേഗത്തിൽ പോയി… കോളേജിൽ യദുവിന്റെ കൂടെ പോകും..നേരത്തോടെ ക്ലാസ് കഴിയുന്നത് കൊണ്ട് ബസിൽ തിരിച്ചു വരും…

കോളേജുള്ളൊരു ദിവസം ബ്രേക്ക് ടൈമിൽ ഫോണിൽ നോക്കിയപ്പോൾ ഒരുപാട് മിസ്ഡ് കാൾസ് ..രണ്ടു വീട്ടിൽ നിന്നുമുണ്ട്..പരിഭമിച്ചാണ് തിരിച്ചു വിളിച്ചത്..അച്ഛമ്മ ഹോസ്പിറ്റലിൽ ആണ്..ഒന്നു വീണു..എന്നെ കാണണമെന്ന് വാശി…വന്നതിൽ പിന്നെ നാട്ടിൽ പോയിട്ടുണ്ടായിരുന്നില്ല…

അപ്പോൾ തന്നെ യദുവിനെ വിളിച്ചു പറഞ്ഞു..ആൾടെ വീടുമായുള്ള പിണക്കം മാറിയിട്ടില്ലെന്നു തോന്നി..അച്ഛൻ വരാമെന്നു പറഞ്ഞെങ്കിലും ബസിൽ എത്താമെന്നു നിർബന്ധം പറഞ്ഞു..ബസ് സ്റ്റാൻഡിൽ യദു കൊണ്ടുവിട്ടു..നാട്ടിൽ അച്ഛനുമമ്മയും കാത്തുനിന്നിരുന്നു..എന്നെ കണ്ടപ്പോൾ എല്ലാർക്കും സന്തോഷമായി..ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോൾ തന്നെ എന്തിന്നെന്നറിയാതെ വല്ലാത്തൊരു വീർപ്പുമുട്ടൽ മനസ്സിൽ..

ഒരാഴ്ച അച്ഛമ്മയുടെ കൂടെ തന്നെ നിന്നു..യാമിയെ പിണക്കാതെ ഇരിക്കാൻ ഒരാഴ്ച അവിടെയും …അച്ഛന്റെയും അമ്മയുടെയും മുഖത്ത് ഒരാശ്വാസം കണ്ടു..യദു അച്ഛമ്മയുടെ വിവരം അറിയാൻ ഒന്നു രണ്ടു തവണ വിളിച്ചു..

ദീപാവലി ഹോളിഡേസ് തുടങ്ങി എന്നറിയാമായിരുന്നു..എങ്കിലും ക്ലാസ്സിന്റെ കാര്യം പറഞ്ഞു മടങ്ങി.. ബസിൽ തന്നെയാണ് തിരിച്ചു വന്നത്..ഓട്ടോ പിടിച്ചു വീട്ടിലെത്തി..കുളിച്ചു ഫുഡൊക്കെ ഉണ്ടാക്കി..പഠിക്കാൻ ഇരുന്നപ്പോഴാണ് ഡോർ തുറക്കുന്ന ശബ്ദം കേട്ടത്..ഓടിപ്പിടഞ്ഞു ഹാളിൽ എത്തി.. തീരെ പ്രതീക്ഷിക്കാതെ എന്നെ കണ്ടത് കൊണ്ടാവാം ആ മുഖം ഒന്നു തിളങ്ങിയത് പോലെ..കുറച്ചുനേരം നോക്കി നിന്നു…മനസ്സിൽ ഇതുവരെയുണ്ടായിരുന്ന വീർപ്പുമുട്ടൽ പതിയെ മാറുന്നത് അത്ഭുതത്തോടെ തിരിച്ചറിഞ്ഞു..

ഭക്ഷണം കഴിഞ്ഞു പാത്രം കഴുകി വെക്കുമ്പോൾ പുറകിൽ ഒരു നിഴലനക്കം കണ്ടു.. തിരിഞ്ഞു നോക്കുന്നതിനു മുൻപേ രണ്ടു കൈകൾ എന്റെ വയറിനെ വരിഞ്ഞു മുറുക്കിയിരുന്നു.. കാതിനരികിൽ ആ ശബ്ദം കേട്ടു..

“ഇനിയും എന്നെ തനിച്ചാക്കി പോകരുത്..നീയില്ലാതെ വയ്യ..അത്രത്തോളം എന്റെ ജീവനാണ്..”

കേട്ടത് വിശ്വസിക്കാനാവാതെ തിരിഞ്ഞ് ആ കണ്ണുകളിലേക്കു നോക്കി..ഇത്രയും അടുത്ത് ഈ മുഖം കാണുന്നതിപ്പോഴാണ്.. കണ്ണുകൾ ചെറുതായി നിറഞ്ഞിരിക്കുന്നു..തിരിച്ചൊന്നും പറയാതെ കെട്ടിപ്പിടിക്കാനാണ് തോന്നിയത്..

വിയർത്ത ആ നെഞ്ചിൽ മുഖം ചേർന്നു കിടക്കുമ്പോൾ ശരീരത്തിനില്ലാത്ത മറവുകൾ ഇപ്പോഴും മനസ്സിനുണ്ടല്ലോ എന്നു തോന്നി..എന്റെ മനസ്സ് വായിച്ചപോലെ ചോദ്യം ചെവിയിലെത്തി..

“നിനക്കെന്നോടൊന്നും ചോദിക്കാനില്ലേ ??”

ബെഡ്‌ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ ആ മുഖത്തേക്ക് നോക്കി.. “അച്ഛനോടെന്തിനാ ഇപ്പോഴും വഴക്ക് ??”

ആ മുഖം കവിളിനോട് ചേർന്നു..

“അച്ഛനെന്നെ മനസ്സിലാക്കാതെ പോയതിനു..എന്താണെന്ന് പറയാൻ കൂടി എനിക്കൊരവസരം തന്നില്ല..എന്റെ ഒ നെഗറ്റീവ് ബ്ലഡ് ആണ്..ആക്സിഡന്റ് ആയ ഒരാൾക്ക് അത്യാവശ്യമായി ബ്ലഡ് വേണമെന്ന് ഫ്രണ്ട് വിളിച്ചു പറഞ്ഞിട്ടാണ് അന്ന് പോയത്..അവിടെ ചെന്നപ്പോഴാണ് രചനയുടെ ഹസ്ബൻഡ് ആണ് ആൾ എന്നറിഞ്ഞത്..

പെട്ടെന്നവളെ കണ്ടപ്പോൾ എന്തോ..നിന്നെ ഫേസ് ചെയ്യാനും ഒരു മടി..ഫ്രണ്ട്സിന്റെ ഒപ്പമായിരുന്നു അന്ന് മുഴുവൻ..അച്ഛന്റെയും അമ്മയുടെയും നിര്ബന്ധത്തിൽ തന്നെയാണ് തന്നെ ഞാൻ വിവാഹം കഴിച്ചത്..ഭാര്യയായി പെട്ടെന്ന് അംഗീകരിക്കാൻ കഴിഞ്ഞില്ല എന്നത് സത്യമാണ്..അല്ലാതെ ഞാൻ കെട്ടിയ ഈ താലിയോട് നീതികേട് കാണിച്ചിട്ടില്ല…” വേദനയോടെ തുടങ്ങിയ സംസാരം അവസാന വാചകം പറഞ്ഞപ്പോഴേക്കും വല്ലാതെ മുറുകിയിരുന്നു..കുറിച്ച് നേരത്തേക്ക് പിന്നെ ഒന്നും മിണ്ടിയില്ല..

ആലോചനയോടെയുള്ള എന്റെ മുഖം കണ്ടാവും എന്തേ എന്നു പുരികമുയർത്തി നോക്കി….

“ഞാൻ പറഞ്ഞത് വിശ്വാസമില്ലേ..??” വാക്കുകളിൽ പരിഭവമുണ്ടായിരുന്നു…ഇറുകെ പുണർന്നിരുന്ന കൈകൾ അയയുന്നതറിഞ്ഞു…

“ഛേ..അതല്ല. എന്റെ ശത്രുവിനെ നേരിടാൻ എന്തൊക്കെ യുദ്ധമുറകൾ പഠിപ്പിച്ചാണെന്നറിയോ അച്ഛനുമമ്മയും വിട്ടത്..ഒക്കെ വെറുതെയായി..”

ഞാനാ മുഖത്തേക്ക് കൂർപ്പിച്ചു നോക്കി.. അവിടെയൊരു ചിരി വിടരുന്നത്‌ കണ്ടു…പിന്നീടത് ഞങ്ങളുടെ പൊട്ടിച്ചിരിയായി മാറാൻ താമസമുണ്ടായില്ല… ഇഷ്ടമായെങ്കിൽ ലൈക്ക് ഷെയർ ചെയ്യൂ…

രചന: Nitya Dilshe

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters