പ്രണയിക്കുമ്പോൾ പറയാനൊക്കെ എളുപ്പമാണ് നമുക്ക് ഉള്ളത് കൊണ്ട് ജീവിക്കാം..

രചന: മഹാ ദേവൻ

“എനിക്ക് നിങ്ങളോട് ഒരു ഇഷ്ടക്കുറവുമില്ല. പക്ഷേ എന്നെ കെട്ടിയാൽ എങ്ങനെ ജീവിക്കും നമ്മൾ? നീ എന്റെ പിറകെ നടക്കുന്നതല്ലാതെ ഒരു ജോലിക്ക് പോകുന്നത് ഞാൻ കണ്ടിട്ടില്ല. അങ്ങനെ ഉള്ള നിന്റെ കൂടെ എന്ത് വിശ്വസിച്ചു ഇറങ്ങിവരണം ഞാൻ ? പ്രണയിക്കുമ്പോൾ പറയാനൊക്കെ എളുപ്പമാണ് നമുക്ക് ഉള്ളത് കൊണ്ട് ജീവിക്കാം.. ഞാൻ കഴിച്ചില്ലേലും നീ പട്ടിണി കിടക്കില്ല. ഞാൻ ഉടുത്തില്ലേലും നിനക്ക് ഉടുക്കാൻ ഉണ്ടാകും എന്നൊക്കെ. പക്ഷേ, ഈ പ്രണയമെന്ന സാധനം ജീവിതത്തിലേക്ക് കാലെടുത്തു വെക്കുമ്പോൾ തീരും ഇതെലാം. അതുകൊണ്ട് എന്റെ ചില ഡിമാന്റുകൾ അംഗീകരിച്ചാൽ മാത്രം ഞാൻ വരാം ”

ആരതിയുടെ വാക്കുകൾ അവളുടെ ഉറച്ച തീരുമാനം ആണെന്ന് തോന്നിയപ്പോൾ എന്ത് മറുപടിയാണ് പറയേണ്ടത് എന്ന് ആലോചിക്കുകയായിരുന്നു അരുൺ. അവളുടെ ഡിമാന്റിനു സമ്മതിച്ചാൽ ചിലപ്പോൾ പിന്നെ അവൾ പറയുന്നതിനനുസരിച്ചു താളത്തിനു തുള്ളേണ്ടി വരും. അങ്ങനെ കഴുത്തിൽ ഒരു കയർ കെട്ടി അതിന്റ അറ്റം കെട്ടുന്ന പെണ്ണിന്റെ കയ്യിൽ കൊടുത്ത് അവൾ പറയുന്നതും കേട്ട് കാൽച്ചുവട്ടിൽ കിടക്കാനൊന്നും കഴിയില്ല എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അവളെ നോക്കുമ്പോൾ അവന്റെ മറുപടിക്കായി കാത്തിരിക്കുകയായിരുന്നു ആരതി.

” അരുൺ.. നിനക്ക് നിന്റേതായ ഒരു തീരുമാനം പറയാം.. ഞാൻ എന്റെ തീരുമാനം പറഞ്ഞ് കഴിഞ്ഞു . പ്രണയിക്കാൻ മാത്രമല്ല, പിന്നെ അങ്ങോട്ട്‌ ജീവിക്കാനും വേണം ഈ മനസ്സ്. അതിന് ഇപ്പോൾ തന്നെ ഒരു നല്ല തീരുമാനത്തിൽ എത്തുന്നത് അല്ലെ നല്ലത്? ”

അവളുടെ വാക്കുകളിൽ വല്ലാത്തൊരു പക്വത ഉണ്ടായിരുന്നു. ജീവിതം എങ്ങനെ ആകണമെന്ന് മനസ്സിൽ കണക്കുകൂട്ടിയ പോലെ…. !

” ആരതി… എനിക്കറിയാം… ഞാൻ അത്ര നല്ലവൻ ഒന്നുമല്ലെന്ന്. കുടിക്കാറുണ്ട്.. കൂട്ടുകെട്ടുണ്ട്…. ”

അത് പറഞ്ഞുകഴിയുന്നതിന് മുന്നേ അവൾ അവന്റ വാക്കുകൾക്ക് ഇടയിൽ കേറി തടഞ്ഞു, “അരുൺ, ആണൊരുത്തൻ കുടിക്കുന്നതിൽ എനിക്ക് ഒരു എതിർപ്പും ഇല്ല.. എന്റെ ഭർത്താവ് കുടിക്കരുത്, വലിക്കരുത് എന്നൊന്നും ഞാൻ പറയില്ല. പക്ഷേ, എല്ലാത്തിനും ഒരു പരിധി വേണമെന്നേ ഉള്ളൂ.. പിന്നെ കൂട്ടുകെട്ട്… അതാണ്‌ നിന്റെ വലിയ പ്രശ്നം.. നല്ല കൂട്ടുകെട്ടുകൾ തിരഞ്ഞെടുക്കാൻ ആണ് പ്രയാസം. ജീവിതത്തെ ബാധിക്കുന്ന ഒരു കൂട്ടുകെട്ടും വേണ്ട.. എന്തിനാണ് അങ്ങനെ കുറെ സൗഹൃതങ്ങള്? ”

ശരിയാണ്… ആവശ്യമില്ലാത്ത കുറെ സൗഹൃദം ഉണ്ട്. പലതിനോടും അഡിക്റ്റായിപോകുമ്പോൾ അവരായിരുന്നു താൻ കണ്ട നല്ല കൂട്ടുകാർ. പക്ഷേ ഇപ്പോൾ..

” ആരതി… അതെല്ലാം ശ്രമിച്ചാൽ മാറ്റിയെടുക്കാവുന്നതാണ്. ഞാൻ ശ്രമിക്കാം ”

” പോരാ.. ശ്രമിച്ചാൽ പോരാ അരുൺ.. അത് വേണ്ടെന്ന് വെക്കാൻ കഴിയണം.. അവിടെ നിനക്ക് ഒരു ജീവിതം ഉണ്ടെന്ന് ചിന്തിക്കണം.. നിന്റെ കൂടെ നിന്നെ വിശ്വസിച്ചു ഇറങ്ങി വരുന്ന ഒരു പെണ്ണ് ഉണ്ടെന്ന് മനസ്സിലാക്കണം. അവളെ നോക്കേണ്ടതും സംരക്ഷിക്കേണ്ടതും നിന്റെ ഉത്തരവാദത്വമാണെന്ന ബോധ്യം വേണം. ഇതിനൊക്കെ പുറമെ എന്നും ജോലിക്ക് പോണം… “.

അവളുടെ വാക്കുകൾ കേട്ട് ആകെ പരവശമായ പോലെ ആയിരുന്നു അവന്റെ മുഖം. ” ആരതി… നിനക്കറിയാലോ ഇപ്പോൾ ഉള്ള ജോലിയൊന്നും സ്ഥിരമല്ല.. ഉള്ളപ്പോൾ ഉണ്ടെന്ന് പറയാം.. വേറെ ഇതുപോലെ ഒന്ന് പെട്ടന്ന് കിട്ടുക എന്നൊക്കെ പറഞ്ഞാൽ… ശ്രമിക്കം…. ”

അവന്റെ ആ ശ്രമിക്കം എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ അവൾക്ക് ആകെ ചൊറിഞ്ഞു കേറുന്നുണ്ടായിരുന്നു. മുഖത്തേക്ക് ഇരച്ചു കയറിയ ദേഷ്യം വാക്കായി പുറത്തേക്ക് വരുമ്പോൾ അത് കേൾക്കുന്ന അവന്റെ മുഖം ആകെ വിളറിവെളുത്തു,

” നീ എന്താണ് അരുൺ എന്ത് പറഞ്ഞാലും ശ്രമിക്കാം ശ്രമിക്കാം എന്ന് പറയുന്നത്. നിന്റെ ജീവിതത്തെ കുറിച്ച് നിനക്ക് തന്നെ ഒരു വിശ്വാസമില്ലാത്ത പോലെ. ജീവിതത്തിൽ എന്തിനെയും നെഗറ്റീവ് ആയി കാണുന്നവൻ എന്ത് തന്നെ ചെയ്താലും തോൽക്കുകയെ ഉള്ളൂ. ചിന്തിക്കുന്നത് എങ്കിലും ഒന്ന് പോസിറ്റീവ് ആയി ചിന്തിക്കൂ.. ഇങ്ങനെ ബാഗും തോളിലിട്ട് ബൈക്കിൽ ചുറ്റി നടന്നാൽ കിട്ടുന്ന കാശ് കൊണ്ട് ഇത്ര നാൾ ജീവിച്ചുകണ്ടു. അത് വീട്ടിൽ ചെല്ലുമ്പോൾ ഒന്നും പറയാതെ അവിടെ ഉള്ളത് വിളമ്പിത്തരാൻ അമ്മ ഉള്ളത് കൊണ്ടാണ്. ഇങ്ങനെ പോയാൽ ഇനി ഞാൻ കൂടി നിന്റെ കൂടെ ആ വീട്ടിലേക്ക് വന്നാൽ ഈ എന്നെ കൂടി അവർ നോക്കേണ്ട അവസ്ഥ അവർക്ക് വരില്ലെന്ന് എങ്ങനെ പറയാൻ പറ്റും. ഞാൻ ഒന്ന് ചോദിക്കട്ടെ അരുൺ. നിന്റെ അച്ഛൻ നിന്നെ ഒരു നല്ല തൊഴിൽ പഠിപ്പിച്ചിട്ടില്ലേ? ആശാരിപ്പണി.. അതിൽ എന്ത് കുറവാണ് നീ കണ്ടത് .? ഇടുന്ന ഡ്രസ്സിന്റെ ഭംഗി കുറയുന്നതോ , അതോ മറ്റുള്ളവർക്ക് മുന്നിൽ പറയാനുള്ള നാണക്കേട് കൊണ്ടോ? ”

അവളുടെ മൂർച്ചയുള്ള ചോദ്യങ്ങൾക്ക് മുന്നിൽ വല്ലാതെ പതറി ഇരിക്കുകയായിരുന്നു അവൻ. പറയാൻ ഒരു കുറവുമില്ല ആ ജോലിക്ക്, പക്ഷേ, ആശാരി എന്ന് പറയാനുള്ള മടി. കൂട്ടിലടച്ചപോലെ ഉള്ള ജീവിതം… അത് മടുപ്പാണെന്ന് തോന്നിയപ്പോൾ തിരഞ്ഞെടുത്തതാണ് ഇപ്പോൾ ഉള്ള ജോലി ഇതാകുമ്പോൾ ഒരുപാട് ഫ്രീഡം ഉണ്ട്. നമ്മുടെ ഇഷ്ട്ടത്തിനു സഞ്ചരിക്കാം..

അവന്റെ മുഖത്തു നിന്ന് വായിച്ചെടുക്കാൻ കഴിയുന്നുണ്ടായിരുന്നു അവൾക്ക് നിരത്തിവെക്കാനുള്ള കുറ്റങ്ങൾ ഈ പണിക്ക് ഇല്ലെന്ന്.

” അരുൺ. വിവാഹജീവിതം എന്നത് തന്നെ ഒരു ഒതുങ്ങൽ ആണ്.. ഭാര്യ കുട്ടി കുടുംബം എന്നതിലേക്ക്.. പവർ നോക്കി പട്ടിണി കിടക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് മടിയിലെങ്കിൽ മണ്ണൊന്ന് പറ്റിയാലും ജീവിക്കണമെന്ന് സ്വയം തീരുമാനിക്കേണ്ടത്. അങ്ങനെ ഉള്ളവനെ ഇവിടെ വിജയിച്ചിട്ടുള്ളൂ.. ഒരു ആശാരിപ്പണിയെക്കാൾ എന്ത് മഹത്വമാണ് നീ ഇപ്പോൾ ചെയ്യുന്ന ജോലിക്ക് ഉള്ളത്.. ഉളിയെടുത്താൽ ഉയിര് കാക്കാം എന്ന് ഉറപ്പുണ്ടെങ്കിൽ നിനക്ക് ഒരു തീരുമാനം എടുക്കാം…

നിന്റെ കൂടെ ജീവിക്കാൻ ഞാൻ ഒരുക്കമാണ്.. പക്ഷേ ജീവിതം സന്തോഷകരമാക്കാൻ നിനക്ക് കഴിയുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം.”

അതും പറഞ്ഞവൾ എഴുനേൽക്കുമ്പോൾ കുടിച്ച ചായയുടെ കാശ് ബാഗിൽ നിന്നെടുത്തു മേശപ്പുറത്തു് വെച്ച് അവിടെ നിന്ന് തിരിയുമ്പോൾ ഒന്നുകൂടി പറഞ്ഞു,. ” ദേ, ഇപ്പോൾ നമ്മൾ കുടിച്ച ഒരു ചായയുടെ കാശ് കൊടുക്കാൻ പോലും ഇല്ലത്ത നിന്നേ ഞാൻ പ്രണയിച്ചിട്ടുണ്ടെങ്കിൽ അത് എന്റെ വിശ്വാസം കൊണ്ടാണ്.. ഞാൻ പറഞ്ഞാൽ നീ മാറും എന്നുള്ള വിശ്വാസം.. ആ മാറ്റം വരെ ഞാൻ കാത്തിരിക്കാൻ ഒരുക്കമാണ്. പക്ഷേ, മാറില്ലെന്ന് നിനക്ക് പൂർണ്ണബോധ്യം ഉണ്ടെങ്കിൽ അത് തുറന്ന് പറയാൻ മടിക്കരുത്.

ഉള്ളത് കൊണ്ട് ജീവിക്കാം എന്ന് പറഞ്ഞ് ഇറങ്ങി വന്ന് പട്ടിണി കിടന്ന് പ്രണയം വിജയിപ്പിക്കാൻ മനസ്സുള്ള സ്ത്രീ ഒന്നുമല്ല ഞാൻ.. അതുകൊണ്ട് നിനക്ക് മാറാൻ പറ്റില്ലെന്ന് പറഞ്ഞാൽ വീട്ടുകാരോട് പറഞ്ഞ് എനിക്ക് വേറെ ആലോചന നോക്കാലോ.. ഓട്ടക്കലത്തിൽ വെള്ളമൊഴിച്ചു ജീവിതം കളയുന്നതിനേക്കാൾ നല്ലത് അതാണ് ”

അതും പറഞ്ഞവൾ പുറത്തേക്ക് നടക്കുമ്പോൾ അരുൺ അതെ ഇരിപ്പ് ഇരിക്കുകയായിയുന്നു, ഒരു മാറ്റം അനിവാര്യമാണ് എന്ന ചിന്തയോടെ… !

രചന: മഹാ ദേവൻ

Related Posts

Leave a Reply

Your email address will not be published.

Hosted By Wordpress Clusters