കൈനീട്ടം

രചന : ആദർശ് മോഹനൻ..

“അച്ചു നീ ചുമ്മാ വാശി പിടിക്കണ്ട അതു കൊണ്ടൊരു കാര്യവും ഇല്ലാ, വെറുതെ കത്തിച്ചു കളയാനായിട്ട് എന്റേന്നൊരു അണാ പൈ കിട്ടില്ല ”

കരഞ്ഞു കാലു പിടിച്ചിട്ടും പത്തിന്റെ പൈസ പോലും പടക്കം വാങ്ങിക്കാൻ തരാത്ത അമ്മയോടുള്ള ദേഷ്യം ഞാൻ കടിച്ചമർത്തി

മുത്തശ്ശീടെ തലയിണകൾക്കിടയിലുള്ള നാണയത്തുട്ടുകൾ പതിവു പോലെ കട്ടെടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. കൈയ്യിട്ട് തപ്പിയപ്പോൾ ആകെ കിട്ടിയത് പന്ത്രണ്ട് രൂപയാണ്

പാക്കറ്റിന് ഇരുപത്തഞ്ച് രൂപയാണ് അത് തികയാൻ ഇനി പതിമൂന്ന് രൂപ കൂടെ വേണം, വൈകുന്നേരം പടക്കവും സമ്മാനങ്ങളുമായി വരുന്ന മാമനനെ കാത്തിരിക്കാനുള്ള ക്ഷമ നശിച്ചു പോയിരുന്നു അപ്പോൾ

എങ്ങനെയെങ്കിലും പതിമൂന്ന് രൂപ കൂടെ ഒപ്പിച്ച് ഒരു പാക്കറ്റ് പടക്കം കൂടി വാങ്ങിക്കണമെന്നുള്ളത് എന്റെ അഭിമാനത്തിന്റെ പ്രശ്നം കൂടിയായി മാറി

കാലത്ത് പണിക്കിറങ്ങും മുൻപേ ചോദിച്ചിരുന്നെങ്കിൽ പുഷ്പം പോലെ എനിക്കു നേരെയാ ഇരുപത്തഞ്ചു രൂപ ഇട്ടു തന്നേനെയച്ഛൻ. എങ്കിലും അച്ഛനെ ബുദ്ധിമുട്ടിക്കാൻ മനസ്സു വന്നില്ല സംക്രാന്തിയായിട്ടും പണിക്കു മുടങ്ങാതെ പോകണമെങ്കിൽ വീട്ടിലെ അവസ്ഥയെ ഓർത്തു മാത്രമാണെന്ന് എനിക്ക് നന്നേ അറിയാമായിരുന്നു.

രണ്ടും കൽപ്പിച്ച് അപ്പുവിനെയും കൂട്ടുപിടിച്ച് ലോഹിയേട്ടന്റെ പറമ്പിലേക്കിറങ്ങാൻ തന്നെ തീരുമാനിച്ചു

ചുക്കിച്ചുളിഞ്ഞ് ചീഞ്ഞളിഞ്ഞു കിടന്നയാ കശുമാങ്ങയെ കഴുമ്പോടടക്കം കൈപ്പത്തി മാത്രം കടക്കുന്നയാ കളസത്തിൽ കുത്തിനിറക്കുമ്പോഴും കരിന്തിരി നീണ്ട ചറപറാ പൊട്ടുന്ന ഓലപ്പടക്കങ്ങൾ മാത്രമായിരുന്നു മനസ്സിൽ.

ചാക്കിക്കുഴിയുടെ കൽപ്പടവിലിരുന്ന് കശുവണ്ടിയുരിഞ്ഞെടുത്ത് ഞാനാ അമ്പതു പൈസാക്കവറിൽ നിറക്കുമ്പോൾ എന്റെ പങ്കാളി അപ്പുവിന്റെ കണ്ണുകൾ വെട്ടിത്തിളങ്ങാറുണ്ട്

രണ്ടാളുടേയും മനസ്സിൽ വേലന്റെ കടയിലെ ഓലപ്പടക്കത്തിന്റെ വീർത്ത ചതുരൻ പാക്കറ്റ് മാത്രമായിരുന്നു, പറ്റിയാൽ പൈസ ബാക്കിയുണ്ടെങ്കിൽ ഇരു വശത്തേക്കും മാറി മാറി കറങ്ങുന്ന തലച്ചക്രവും വാങ്ങിക്കണമെന്ന് അപ്പു പറഞ്ഞപ്പോൾ ഉള്ളിൽ തൃശ്ശൂർപ്പൂരത്തിന് തിരുവമ്പാടിക്കാരു പൊട്ടിക്കാറുള്ള അമിട്ടുകൾ ഇരുണ്ട ആകാശത്ത് പ്രകാശം പരത്തുന്ന നേർക്കാഴ്ച തെളിഞ്ഞു കാണുകയായിരുന്നു.

അങ്ങിനെ ആഗ്രഹമെല്ലാo നിറവേറ്റി മെഴുകിയിട്ട കളത്തിൽ നട്ടുച്ച നേരത്ത് അപ്പുവിനോടൊത്ത് ഞെളിഞ്ഞിരുന്ന് ഓരോ ഓലപ്പടക്കവും പൊട്ടിക്കുമ്പോൾ പന്തം കണ്ട പെരുച്ചാഴിയെപ്പോലെയമ്മ ഞങ്ങളെ നോക്കി നിൽക്കുക മാത്രമേ ചെയുതുള്ളൂ

വിജയിച്ച ഭാവത്തിൽ ഞാനാ തലച്ചക്രത്തിനു തിരി കൊളുത്തുമ്പോൾ ആശ്ചര്യം പൂണ്ടുനിന്ന അമ്മയുടെ മുഖം കണ്ടപ്പൊൾ ഉള്ളിൽ അടങ്ങാത്ത ആഹ്ലാദമാണുളവായത്

വൈകുന്നേരം വായ് വട്ടമുള്ള ഉരുളിയിൽ മുത്തശ്ശി നാളികേരവും കടച്ചക്കയും മൂവാണ്ടൻ മാങ്ങയും കണിക്കൊന്നയും കുത്തി നിറച്ച് കണിയൊരുക്കുന്നത് ഒരു കൗതുകത്തോടെയാണ് ഞാൻ നോക്കിയിരുന്നത്

മനസ്സിൽ നുരഞ്ഞു പൊന്തിയ ആ ചോദ്യം മുത്തശ്ശിയോടായ് ചോദിച്ചു

“എന്തിനാ അച്ഛമ്മെ വിഷൂന് നമ്മള് ശ്രീകൃഷ്ണനെ ഇങ്ങനെ അലങ്കരിച്ചു കൊണ്ട് കണികാണുന്നത് ” എന്ന്

ചെറുപുഞ്ചിരിയോടുള്ള മുത്തശ്ശിയുടെ മറുപടി ആകാoക്ഷയോടെ ഞാൻ കാതോർത്തു

” വിഷു നാളിൽ ഐശ്വര്യമുള്ളതെന്തും നമുക്ക് കണികാണാം എല്ലാവരും ഈ കാർവർണ്ണനെ കണികാണുന്നത് ഓരോ വർഷവും സന്തോഷപൂരിതമാക്കുവാൻ വേണ്ടിയാണ് അച്ചുട്ടാ, കണ്ണനെയിങ്ങനെ കണിക്കൊന്നയിട്ടലങ്കരിക്കുന്നതിനേക്കാൾ അഴക് വേറെ എന്തിലാണ് കാണാനാവുക? അതുകൊണ്ടാണ് എല്ലാവരും ഈ കള്ളക്കണ്ണനെത്തന്നെ കണികാണുന്നത് ”

മുത്തശ്ശിയുടെ മറുപടിയിൽ പാതി സംപ് തൃപ്തി മാത്രമേ എനിക്ക് ലഭിച്ചിരുന്നുള്ളോ, അടുക്കളയിൽ വിഷുക്കട്ടയുണ്ടാക്കുവാനായമ്മ നാളികേരം ചിരകിക്കുമ്പോൾ ഒരു പിടി അരഞ്ഞ തേങ്ങയെടുത്ത് അണ്ണാക്കിലിട്ട് ഞാൻ നുണഞ്ഞു കൊണ്ടിരുന്നു

ഉമ്മറപ്പടിയിൽ മാമനേയും അമ്മായിയേയും കാത്ത് കുഞ്ഞനിയത്തി കണ്ണുനട്ടിരിക്കുന്നത് കണ്ടപ്പോൾ കുശുമ്പു കുത്താനായി അവളുടെയരികിലേക്കായ് ഞാൻ നടന്നടുത്തു.

അങ്ങനെ ഒന്നും രണ്ടും പറഞ്ഞിരിക്കലെയാണ് മാമനും അമ്മായിയും കൈ നിറച്ച് പൊതികളുമായി കടന്നു വരുന്നത് , ഞങ്ങൾ രണ്ടാളും മത്സരിച്ച് അവരുടെയരികിലേക്ക് ഓടിച്ചെന്നു

കവറിലെന്താണെന്നറിയാനുള്ള തിടുക്കമായിരുന്നു എനിക്ക് . വിഷുക്കോടിയായ് മിന്നുന്ന കുപ്പായവും കവറുനിറച്ചു പടക്കവും സമ്മാനിച്ച മാമന്റെ കവിളിൽ ഞാനൊന്നു മുത്തി.

ആഘോഷമയം തുളുമ്പി നിന്നയാ വീട്ടിൽ അച്ഛന്റെയൊരു കുറവ് എനിക്ക് നന്നേ അനുഭവപ്പെട്ടിരുന്നു. വീട്ടിൽ ആരവങ്ങൾ പൊടിപൊടിക്കുമ്പോഴും പൊരി വെയിലത്ത് ഞങ്ങൾക്കു വേണ്ടി മാത്രം കഷ്ട്ടപ്പെടുന്ന അച്ഛന്റെ മുഖമായിരുന്നു മനസ്സിൽ

സന്ധ്യ മയങ്ങി അച്ഛൻ വരാറായപ്പോഴും വീട്ടിൽ ബഹളമയമായിരുന്നു . എല്ലാവരും വിഷുപ്പുലരിയെ വരവേൽക്കാനുള്ള തിരക്കിലാണ് എങ്കിലും അടുക്കളയിൽ നിന്നും പരന്നു വന്ന വറവു പലഹാരങ്ങളുടെ മണം മൂക്കിൽപ്പതിച്ചപ്പോഴും നാവിൽ ഒട്ടും കൊതിയൂറിയിരുന്നില്ല.

മറിച്ച് പതിവായ് അച്ഛൻ കൊണ്ടുവരാറുള്ള വിയർപ്പിന്റെ ഉപ്പു കലർന്ന എള്ളുണ്ടയായിരുന്നു മനസ്സിലപ്പോഴും, എനിക്കും അനിയത്തിക്കുമുള്ള എള്ളുണ്ടയച്ഛൻ ഞങ്ങൾക്കു നേരെ നീട്ടുമ്പോഴും അനിയത്തിയുടെ കൈയ്യിൽ അമ്മ വറുത്ത ഉണ്ണിയപ്പവും കൈയ്യിലേന്തി വേണ്ട എന്നർത്ഥത്തിലവൾ തലയാട്ടി

നേർത്ത ഉപ്പുരസമുള്ളയാ എള്ളുണ്ട രണ്ടും കൊതിയോടെ ഞാൻ വയറ്റിലാക്കിയപ്പോൾ അച്ഛൻ മെല്ലയാ തഴമ്പൻ കൈകൾക്കൊണ്ടെന്റെ മൂർദ്ധാവിലൊന്നു തലോടി

വൈകുന്നേരം ഉറങ്ങാൻ കിടക്കുമ്പോഴും വിഷുക്കണിയെ കുറിച്ച് മാത്രമായിരുന്നു ചിന്ത , പുലരും മുൻപേ കണികാണാനായിയെന്നെ കണ്ണുപൊത്തി പൂജാമുറിയിലേക്ക് കൊണ്ടുപോയ മുത്തശ്ശിയുടെ കൈകളിൽ നിന്നും കുതറിമാറി ഞാനോടി

നേരെ ഓടിച്ചെന്നത് ക്ഷീണത്താൽ തളർന്നുറങ്ങുന്ന അച്ഛന്റെ മുറിയിലേക്കായിരുന്നു, മെല്ലെ ഞാനെന്റെ കണ്ണുകൾ തുറന്നപ്പോൾ ഞാൻ കണ്ടു എന്റെയീ വർഷം മനോഹരമാക്കിത്തീർക്കാനുള്ള ഐശ്വരപൂർണമായ വിഷുക്കണി

മുത്തശ്ശി പറഞ്ഞത് കളവായിരുന്നു കൊന്നയാൽ അലങ്കരിച്ച കണ്ണനേക്കാൾ അഴക് കൺകണ്ട ദൈവമായ എന്റെയച്ഛന്റെ പരുക്കൻ മുഖത്തിനുണ്ടായിരുന്നു

ഇരു കൈകളും കൊണ്ട് ചേർത്തു പിടിച്ച് ഞാനാ ഒട്ടിയ കവിളിൽ ചുംബിച്ചപ്പോൾ അടുത്തു നിന്ന അമ്മയുടെ കണ്ണുകൾ സ്നേഹത്താൽ നിറഞ്ഞൊഴുകുകയായിരുന്നു.

കണ്ണുതുറന്ന അച്ഛനെന്നെ മെല്ലെ വാരിയെടുത്ത് നെഞ്ചോടടുപ്പിച്ചപ്പോൾ ആ നെഞ്ചിൻകൂടിലെ ഉൾച്ചൂടിലെനിക്കു കിട്ടിയിട്ടുള്ള സുരക്ഷിതത്വം ഈ ലോകത്തെവിടെയും എനിക്കു കിട്ടിയിട്ടില്ലെന്ന് തോന്നി

അന്ന് കുളി കഴിഞ്ഞിട്ടും ഞാനാ അയയിൽ തൂക്കിയിട്ട മാമൻ വാങ്ങിത്തന്ന വിഷുക്കോടിയിലേക്കൊന്നു നോക്കുക മാത്രമേ ചെയ്തുള്ളു . ഓണത്തിന് അച്ഛനെനിക്ക് വാങ്ങിത്തന്ന സ്വർണ്ണക്കരയുള്ള ഒറ്റമുണ്ടു മാത്രമുടുത്ത് മുറ്റത്തിറങ്ങിയപ്പോൾ അഭിമാനത്തോടെയെന്നെത്തന്നെ നോക്കി നിൽക്കുന്ന അച്ഛനെ കണ്ടപ്പോൾ മനസ്സിൽ ആയിരം ഓലപ്പടക്കങ്ങൾ ഒന്നിച്ചു പൊട്ടിയ അനുഭൂതിയായിരുന്നു

കാലത്ത് കൈനിറയെ കൈനീട്ടം കിട്ടി എനിക്കും പെങ്ങൾക്കും, എണ്ണിപ്പെറുക്കി തിട്ടപ്പെടുത്തി ഞാനാ മുണ്ടിൻ തലപ്പ് കുത്തി നിറക്കുമ്പോഴും മനസ്സിൽ ഒരു ലക്ഷ്യം മാത്രമായിരുന്നു, എനിക്കു കിട്ടിയ പൈസയൊക്കെ അച്ഛന് കൈനീട്ടമായി നൽകണം എന്ന്

ഉമ്മറത്തെ ചാരി കസേരയിൽ നീണ്ടു നിവർന്നു കിടന്ന അച്ഛന്റെയരികിലേക്ക് ഞാനോടിയടുത്തു

മുണ്ടിൻ തലപ്പിലെ ചുരുണ്ടുകൂടിയയാ പച്ചനോട്ടുകൾ അച്ഛനു നേരെയൊന്നു നീട്ടിയപ്പോൾ എന്റെ വിടർന്ന വിരലുകളെ ചുരുക്കിക്കൂട്ടിയൊന്നു പുഞ്ചിരിക്കുക മാത്രമേ അച്ഛൻ ചെയ്തുള്ളൂ

ആ വെള്ള ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു ഒറ്റ രൂപയുടെ തിളങ്ങുന്ന നാണയത്തുട്ട് എന്നെയേൽപ്പിക്കുമ്പോൾ ഞാനറിയുകയായിരുന്നു ഇപ്പോഴാണ് കൈനീട്ടത്തിന് പൂർണത വന്നത് എന്ന്

മാമൻ തന്ന അമ്പതു രൂപക്ക് പടക്കം വാങ്ങിയപ്പോഴും പാപ്പൻ തന്ന നൂറു രൂപക്ക് പലഹാരങ്ങൾ വാങ്ങിത്തിന്നപ്പോഴും അമ്മായി തന്ന ഇരുനൂറു രൂപയ്ക്ക് കളിപ്പാട്ടം വാങ്ങിച്ചിലവഴിച്ചപ്പോഴും അച്ഛൻ തന്നയാ ഒറ്റ രൂപയുടെ വെള്ളിനാണയം ഇന്നും എന്റെ പേഴ്സിലിരുന്ന് തിളങ്ങാറുണ്ട് ഓരോ വർഷത്തിലും ആ തിളക്കത്തിന് മാറ്റേറിയേറി വരാറുണ്ട്, അത് നെഞ്ചോടിങ്ങനെ ചേർത്തു പിടിക്കുമ്പോൾ അച്ഛന്റെ ഇടനെഞ്ചിലെ ഇളചൂട് കായും പോലെയെനിക്ക് തോന്നാറുണ്ട്

രചന : ആദർശ് മോഹനൻ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters