രചന : Kavitha Thirumeni….
” ഇങ്ങനൊരു വിഴുപ്പിനെ ഇനിയും ചുമന്നോണ്ട് നടക്കാതെ കൊണ്ടുപോയി കളഞ്ഞൂടേടാ നിനക്ക്.. ? വർഷം അഞ്ചായില്ലേ ഇതുവരെ ഒരു കുഞ്ഞിനെ തരാൻ കഴിയാത്തവളെ എന്തിനാ നിനക്ക്..?
അമ്മയുടെ വാക്കുകൾക്ക് പിന്നാലെ ഒരു പൊട്ടിക്കരച്ചിലോടെ എന്റെ അമ്മു മുറിയിലേക്ക് ഓടിയിരുന്നു..
” എന്തിനാ അമ്മേ എന്നും അവളെ ഇങ്ങനെ വിഷമിപ്പിക്കുന്നത്.. ? ദൈവം ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരാത്തതിൽ അവളെ പഴിക്കുന്നത് തീരെ ശരിയല്ല.. ”
” നീ എന്നെ കൂടുതൽ ഉപദേശിക്കാൻ വരല്ലേ.. അച്ഛമ്മേ എന്നുള്ള ഒരു വിളിക്ക് വേണ്ടി ഞാൻ കാത്തിരിക്കാൻ തുടങ്ങിട്ട് നാളെത്രയായെന്നാ.. അത് കേട്ടിട്ട് വേണം മനസ്സമാധാനമായിട്ട് എനിക്ക് കണ്ണടയ്ക്കാൻ… ഇവൾ നിന്റെ ഭാര്യയായി ഇരിക്കുന്നിടത്തോളം അത് എന്തായാലും നടക്കില്ല..നശൂലം.. ”
” അമ്മയോടൊന്നും പറഞ്ഞിട്ട് കാര്യമില്ല.. ജന്മമനാ ഉള്ള സ്വഭാവംI മാറ്റാൻ പറ്റില്ലല്ലോ.. ചുട്ടയിലെ ശീലം ചുടല വരെ… ”
” അവളുടെ വാക്ക് കേട്ട് നീ എന്നെ കൂടുതൽ ഭരിക്കാൻ വരരുത് കേട്ടോ.. മകൻ മകന്റെ സ്ഥാനത്ത് നിന്നാൽ മതി..”
മറുപടി പറയാൻ നിന്നാൽ കുടുംബകലഹം ഉണ്ടാകുമെന്നും അതും ഒടുവിൽ അമ്മുവിൻറെ തലയിൽ ആകുമെന്ന് ഉറപ്പുള്ളത്കൊണ്ട് ഞാൻ വീട്ടിൽ നിന്നിറങ്ങി പതിയെ കവലയിലേക്ക് നടന്നു… മനസ്സ് ആകെ അസ്വസ്ഥമാണ്.
അതിനിടയിലാണ് കുമാരേട്ടന്റെ പറമ്പിനോട് ചേർന്ന മുൾവേലിക്കരുകിൽ കുന്നിക്കുരു പെറുക്കുന്ന കുട്ടികളുടെ ബഹളം കേട്ട് ശ്രദ്ധ അവിടേക്ക് തിരിഞ്ഞത്…
എന്റെ അമ്മുവിനും അങ്ങനൊരു ശീലമുണ്ട്.. കുന്നികുരുവിന്റെ വല്യൊരു ശേഖരം തന്നെ അവളുടെ അടുത്തുണ്ട്… സ്കൂളിൽ പഠിക്കുമ്പോൾ ഒന്ന് മിണ്ടാൻ വേണ്ടി എത്രയോ തവണ അവൾക്കൊപ്പം ഞാനും കുന്നികുരു അന്വഷിച്ച് നടന്നിരിക്കുന്നു.. ആ പാവാടക്കാരിയോടുള്ള എന്റെ പ്രണയം അറിയിച്ചതും കൈ നിറയെ കുന്നിക്കുരു നൽകിക്കൊണ്ടായിരുന്നു..
ആരോടും പരാതിയോ പരിഭവമോ ഇല്ലാത്ത ഒരു തൊട്ടാവാടി പെണ്ണ്.. അവളെ മറ്റാർക്കും വിട്ടുകൊടുക്കാൻ തോന്നിയില്ല… അതുകൊണ്ടാണ് വീട്ടിലെ എല്ലാവരുടെയും എതിർപ്പ് അവഗണിച്ചും ഞാൻ അവളെ കൂടെ കൂട്ടിയത്… വിളക്ക് കൊടുത്തു അവളെ സ്വീകരിക്കാൻ പോലും തയ്യാറാവാതിരുന്ന അമ്മ പതിയെ മാറുമെന്ന് വെറുതെയെങ്കിലും അന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു..
ചെറുപ്പം മുതലേയുള്ള അവളുടെ കുന്നിക്കുരു ശേഖരണത്തിൽ ചെറുതല്ലാത്തൊരു പങ്ക് എനിക്കും ഉണ്ടായിരുന്നു.. അതവൾ ഒരു നിധി പോലെ തന്റെ ആഭരണപ്പെട്ടിക്കുള്ളിൽ സൂക്ഷിക്കുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു.. അതിലെ ഓരോ കുന്നിക്കുരുവിനോടും അമ്മുവിന് വല്ലാത്തൊരു അടുപ്പമായിരുന്നു.. ഒരിക്കൽ താനിതൊക്കെ കണ്ണന് കൊടുക്കുമെന്ന് അവൾ പലപ്പോഴും പറഞ്ഞിട്ടുണ്ട്.. നിഷ്കളങ്കമായ അവളുടെ വാക്കുകളെ എന്തുകൊണ്ടോ ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു… പ്രണയിച്ചിരുന്നു..
എന്നാൽ അതിനിടയിലും ഓരോ കാരണമുണ്ടാക്കി അമ്മുവിനോട് വഴക്ക്കൂടുന്ന അമ്മയെന്നിൽ ഒരു നോവായി… ഇന്ന് കുഞ്ഞിന്റെ പേരിൽ അത് തുടരുന്നു എന്ന് മാത്രം..
” കണ്ണേട്ടാ …. മൂന്ന് കുന്നിക്കുരു കൂടി എനിക്ക് തരുവോ.. എന്നാലെ കുഞ്ഞോളുടെ കൈയിൽ ആയിരം എണ്ണം തികയൂ… ”
ചിണുങ്ങിയുള്ള അഞ്ചു വയസ്സുകാരിയുടെ ചോദ്യം കേട്ട് ഞാൻ അവിടെ തന്നെ നിന്നു..
“എന്തിനാ കുഞ്ഞോൾക്ക് ഇത്രേം കുന്നിക്കുരു.. ?
” കണ്ണന് കുന്നിക്കുരു കൊടുത്താൽ മനസ്സിൽ ആഗ്രഹിച്ച കാര്യം നടക്കുമെന്നാ കണ്ണേട്ടാ.. ”
” ആഹ്… കേമായീ.. നിങ്ങൾക്ക് അറിയോ കുട്ടിയോളെ … കണ്ണന് കുന്നിക്കുരു നൽകി, തൊട്ടിലു കെട്ടിയാൽ സന്താന സൗഭാഗ്യമാ ഫലം….. ”
വഴിയിലൂടെ വന്ന നാരായണിയമ്മ തിരുത്തി പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു… അത് കേട്ടുള്ള കുസൃതി കുരുന്നുകളുടെ ചിരിയും നാണവും കണ്ടപ്പോൾ മനസ്സിൽ എവിടെയോ ഒരു വേദന തോന്നി… അതുപോലെ മക്കളെ കിട്ടാൻ പുണ്യം ചെയ്യണം.. ഇതിനെക്കാളേറെ എന്റെ അമ്മു ഇപ്പോൾ ഉരുകി തീരുന്നുണ്ടാവും എന്ന് ആലോചിച്ചപ്പോൾ തിരിച്ചു വീട്ടിലേക്ക് നടന്നു..
” അമ്മുവേ…. ” എന്താ അപ്പുവേട്ടാ… ഇതുവരെ എവിടായിരുന്നു.. ?
” ഞാനൊന്ന് കവല വരെ പോയതാ.. ” ” മ്മ്..
” അല്ല അമ്മുവേ… നിനക്ക് പണ്ട് കുന്നിക്കുരു കൂട്ടി വെക്കുന്ന ശീലമുണ്ടായിരുന്നില്ലേ.. ?
” ആഹ്…. ന്തേ ഇപ്പൊ ചോദിക്കാൻ.. ?
” എന്നിട്ടതൊക്കെ എന്ത്യേ… ? കളഞ്ഞോ നീ..?
” ഏയ്… ഞാൻ കളയുവോ ഏട്ടാ അത്… ഓരോന്നിനു വേണ്ടിയും നമ്മൾ ഒരുപാട് അലഞ്ഞതല്ലേ…”
” നാരായണിയമ്മ പറയുവാ നമ്മുടെ കണ്ണന് ഒരുപിടി കുന്നിക്കുരു നൽകാമെന്ന് നേർച്ച നേർന്നുകൊണ്ട് തൊട്ടില് കെട്ടിയാൽ കുട്ടികളുണ്ടാവുമെന്ന്… ”
” ഒരുപിടിയോ…. ഇത് മുഴുവൻ എന്റെ കണ്ണനുള്ളതാ.. നമുക്കൊരു പൊന്നോമനയെ തന്നാൽ ആ കുഞ്ഞു കൈകൊണ്ട് തന്നെ കൊടുപ്പിക്കും.. ”
പതിയെ അവൾ എന്നിലേക്ക് തല ചായ്ക്കുമ്പോൾ അമ്മുവിൻറെ കണ്ണിലെ നനവ് എന്റെ നെഞ്ചിലേക്ക് കൂടി പടർന്നു..
പിറ്റേന്ന് അമ്പലത്തിൽ പോയി ഒരു കുഞ്ഞു തൊട്ടിൽ ആൽമരത്തിന്റെ താഴത്തെ കൊമ്പിൽ കെട്ടുമ്പോൾ അമ്മുവിൻറെ കണ്ണിൽ പ്രതീക്ഷയുടെ പുതിയൊരു നാളമുണ്ടായിരുന്നു. കുഞ്ഞു മനസ്സുകളുടെ ദയ കൊണ്ടാണോ അവളുടെ പ്രാർഥന കൊണ്ടാണോന്ന് അറിയില്ല… മൂന്ന് മാസത്തിനുള്ളിൽ ഞങ്ങളുടെ വാവ ഭൂമിയിലേക്കുള്ള വരവ് അറിയിച്ചു..
അമ്മൂന്റെ അതിരില്ലാത്ത സന്തോഷം കണ്ണുകളിലൂടെ ഒഴുകി.. അവളെ അത്രയേറെ പ്രസന്നതയോടെ കാണുന്നത് ഞാൻ ആദ്യമായാണ്.. പതുക്കെ അമ്മയുടെ ദേഷ്യത്തിനും കുറച്ച് ശമനം വന്നു..
പിന്നീട് അങ്ങോട്ട് ഒരമ്മയാവാനുള്ള തയ്യാറെടുപ്പുകളായിരുന്നു അവൾക്ക്.. ഭക്ഷണം കഴിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും കൃത്യമായ സമയം കണ്ടെത്തി.. വെറുതെയിരിക്കുമ്പോൾ കുഞ്ഞുടുപ്പുകൾ തയ്ക്കാൻ തുടങ്ങി.. ഒരുപാട് നാളത്തെ കാത്തിരുപ്പിന് ശേഷം കിട്ടിയ സന്തോഷം തന്റെ അശ്രദ്ധ മൂലം ഇല്ലാതാവരുതെന്നവൾ ആഗ്രഹിച്ചു..
നീര് വന്ന ആ കാലുകൾ തിരുമി കൊടുക്കുമ്പോൾ, ക്ഷീണിച്ചതെങ്കിലും നേർത്തൊരു പുഞ്ചിരി അവളിൽ എപ്പോഴും മായാതെ നിൽക്കും. ഒരു ഭാര്യയിൽ നിന്നും അമ്മയിലേക്കുള്ള ദൂരം വളരെ ചെറുതാണെന്ന് അവൾ തെളിയിച്ചു കൊണ്ടേയിരുന്നു…
മരണ തുല്യമായ വേദന കടിച്ചമർത്തികൊണ്ട് ” എനിക്കൊന്നൂല്ല ഏട്ടാ ” ന്ന് പറയുമ്പോൾ അവളെനിക്കൊരു അത്ഭുതമായി തോന്നുകയായിരുന്നു.. കുറച്ചു നിമിഷങ്ങൾക്ക് ശേഷം വെള്ളയിൽ പൊതിഞ്ഞ എന്റെ കുഞ്ഞിനെ എന്നിലേക്ക് നീട്ടുമ്പോഴും ഞാൻ ആദ്യം ചോദിച്ചത് അവളെ തന്നെയാണ്.. സുഖമായിരിക്കുന്നു എന്ന സിസ്റ്ററിന്റെ ഉറപ്പിനുമേലാണ് ന്റെ പൈതലിനെ ഞാൻ നെഞ്ചോടു ചേർത്തു പിടിച്ചത്..
കൂമ്പിഅടഞ്ഞ മിഴികളിൽ പതിയെ ചുംബിക്കുമ്പോൾ എന്നെ അച്ഛാ ന്ന് വിളിക്കാൻ ഒരാള് വന്നതിൽ അഭിമാനവും അതിലേറെ സന്തോഷവും തോന്നി…ജീവിതത്തിൽ എന്തൊക്കെയോ നേടിയെടുത്തു എന്നൊരു അനുഭവം അന്നാദ്യമായി എന്നെ തേടി എത്തി..
ഇന്ന് ഗുരുവായൂർ തിരുനടയിൽ വെച്ച് ഉരുളിയിൽ നിന്ന് കൈ നിറയെ കുന്നിക്കുരു വാരി മുഖത്തേക്ക് എറിയുന്ന ഞങ്ങളുടെ കണ്ണനിൽ സാക്ഷാൽ ഭഗവാൻ കണ്ണനെ ഞാൻ കാണുന്നുണ്ടായിരുന്നു…എന്റെ അമ്മുവിൽ കള്ള കണ്ണന്റെ പ്രീയ മാതാവ് യശോദയെയും…
രചന : Kavitha Thirumeni….