അച്ഛന്റെ മകൾ

Rewrite:- Dr Anitha Vijayan

അന്ന് ശക്തമായ കാറ്റും മഴയുമായിരുന്നു. നാരായണനും‌ ഭാര്യയും മൂന്ന് പെണ്മക്കളും സഞ്ചരിച്ചിരുന്ന ബസ്സ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു.

അപകടത്തിൽ നിന്നും‌ നാരായണനും രണ്ട് പെണ്മക്കളും ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. അയാളുടെ ഭാര്യയും മൂത്ത മകൾ നന്ദിനിയും ബസ്സിനടിയിൽ പെട്ടുപോയിരുന്നു.

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷാപ്രവർത്തകർ അവരെ പുറത്തെടുത്തു. നാരാണന്റെ ഭാര്യ തൽക്ഷണം മരിച്ചിരുന്നു പക്ഷെ ദൈവം അയാളുടെ മകളെ ആയിരുന്നു ശിക്ഷിച്ചത്.

അവളുടെ മുഖത്തിന്റെ ഒരു ഭാഗം ചതഞ്ഞ് വിരൂപമായിരിക്കുന്നു. ഒരു നിമിഷം പോലും മുഖത്തേക്ക് നോക്കാൻ കഴിയാത്ത വിധം വികൃതമായിരിക്കുന്നു.

നാല് സെന്റിൽ ഓലമേഞ്ഞ് ചോർന്നൊലിക്കുന്ന വീടാണ് നാരായണന് ആകെ സമ്പാദ്യമായി ഉണ്ടായിരുന്നത്.

അതു കൊണ്ട് തന്നെ മകളുടെ മുഖം വീണ്ടെടുക്കാനോളം വലിയ ചികിത്സകളോന്നും ചെയ്യാൻ അയാൾക്ക് കഴിയില്ലായിരുന്നു.

വർഷങ്ങൾ കടന്നു നീങ്ങി… പെണ്മക്കൾ മൂവരും വിവാഹ പ്രായം എത്തി. ഭാര്യ മരിച്ചിട്ടും നാരായണൻ മറ്റോരു വിവാഹം കഴിച്ചില്ല.

നന്ദിനിയുടെ വൈകല്യം കാരണം അവൾക്ക് വിവാഹാലോചനകൾ ഒന്നും വന്നില്ല. ഒരിക്കൽ രണ്ടാമത്തെ മകൾ സുനിതയെ കണ്ട് ഇഷ്ടപ്പെട്ട് വിവാഹാലോചനയുമായി ചിലർ നാരായണന്റെ വീട്ടിലെത്തി.

നാരായണന്റെ എല്ലാ പ്രശ്നങ്ങളും സാമ്പത്തികസ്ഥിതിയും അറിയാവുന്നത് കൊണ്ട് തന്നെ പൊന്നും പണവും ഒന്നും വേണ്ട പെണ്ണിനെ മാത്രം മതിയെന്ന് ചെറുക്കന്റെ വീട്ടുകാർ പറഞ്ഞു.

സമ്പാദ്യം ഒന്നുമില്ലാത്ത മൂന്നു പെൺമക്കളുടെ അച്ഛനായ നാരായണന് ആ വിവാഹാലോചന ഒഴിവാക്കാൻ കഴിയില്ലായിരുന്നു.

പക്ഷേ മൂത്തവൾ ഉള്ളപ്പോൾ ഇളയവളെ എങ്ങനെ വിവാഹം കഴിച്ച് കൊടുക്കും?. നന്ദിനിയോട് ഈ കാര്യം എങ്ങനെ അവതരിപ്പിക്കും എന്നോർത്ത് ആ പിതാവ് നെടുവീർപ്പിട്ടു.

അടുക്കളയിൽ ഇരുന്നു എല്ലാം കേട്ടുകൊണ്ടിരുന്ന നന്ദിനി അച്ഛനെ അകത്തേക്ക് വിളിച്ചു.

അച്ഛാ എന്റെ കാര്യം ഓർത്ത് അച്ഛൻ വിഷമിക്കരുത്. സുനിത എന്റെ അനിയത്തിയല്ലെ?. അവൾക്ക് നല്ലോരു ജീവിതം കിട്ടാൻ അച്ഛനെ പോലെ എനിക്കും ആഗ്രഹമില്ലെ?.

അൽപ്പം പോലും വിഷമമില്ലാതെ നന്ദിനി അതു പറഞ്ഞപ്പോൾ നാരായണന്റെ കണ്ണുകൾ നിറഞ്ഞു. അവളെ നെഞ്ചോട് ചേർത്തുപിടിച്ചു അയാൾ പൊട്ടിക്കരഞ്ഞു.

അങ്ങനെ സുനിതയുടെ വിവാഹത്തിന്റെ ഒരുക്കങ്ങൾ തുടങ്ങി. ഒന്നും വേണ്ട എന്നാണ് ചെറുക്കന്റെ വീട്ടുകാർ പറഞ്ഞത്. എങ്കിലും ഒരു തരി സ്വർണ്ണമെങ്കിലും കൊടുക്കേണ്ടതല്ലെ?

അച്ഛന്റെ വാക്കുകൾ കേട്ട് നന്ദിനി അവളുടെ കാതിലിരുന്ന കമ്മൽ ഊരി നാരായണന്റെ കയ്യിൽ കൊടുത്തു.

എന്താമോളെ ഇതൊക്കെ ആകെ ആ തരിപൊന്നല്ലെ നിനക്കുള്ളു.

അവൾ ഒന്ന് പുഞ്ചിരിച്ചു. അച്ഛാ എന്റെ മുഖം കണ്ടാൽ ഒരുത്തനും തിരിഞ്ഞ് നോക്കില്ല. പിന്നെ എന്റെ കാതിലെ കാൽപവൻ പൊന്ന് കണ്ടിട്ടല്ലെ ചെക്കന്മാര് വരേണ്ടത്.

അവളുടെ മറുപടിക്ക് കഠാരയെക്കാൾ മൂർച്ചയുണ്ടെന്ന് തൊന്നി.

സുനിതയുടെ വിവാഹം പലരുടേയും സഹായത്തോടെയും കടംവാങ്ങിയും നല്ല രീതിയിൽ നടത്തി കൊടുത്തു.

അച്ഛൻ നന്ദിനിയുടെ മുഖത്തേക്ക് നോക്കി അവൾ പൂർണ്ണ സന്തോഷവതിയാണ് തന്റെ അനിയത്തിക്ക് നല്ലോരു ജീവിതം കിട്ടിയതിൽ അവളും സന്തോഷിക്കുന്നു.

വിവാഹം കഴിഞ്ഞ് ദിവസങ്ങൾ ആയതെ ഉള്ളു. ഇളയവൾ മഞ്ജു അച്ഛന്റെ അരികിൽ വന്ന് പറഞ്ഞു. അച്ഛാ ഞാൻ ഒരാളുമായി ഇഷ്ടത്തിലാണ്. അവൻ എന്നെ കുറെ നാളുകളായി വിവാഹത്തിന് നിർബന്ധിക്കുന്നു. ചേച്ചിമാരുടെ കല്യാണം കഴിയാതെ അത് പറയുന്നത് മോശം ആയത് കൊണ്ട് പറയാതിരുന്നതാണ്.

മഞ്ജുവിന്റെ വാക്കുകൾ കേട്ട്, അച്ഛൻ ചാടി എഴുനേറ്റ് മുഖത്തൊന്ന് പൊട്ടിച്ചു. എന്താടി നീ കരുതിയത്? ചേച്ചി ഇവിടെ ഇരിക്കുമ്പൊൾ നിന്റെ കല്ല്യാണം നടത്തി തരുമെന്നോ?.

അവൾ അച്ഛനോടും കയർത്തു. അച്ഛൻ സുനിതയുടെ വിവാഹം ചെയ്ത് കൊടുത്തല്ലൊ. ചേച്ചിയുടെ വിവാഹം കഴിയുന്നതും കാത്ത് മൂത്ത് നരച്ച് വീട്ടിലിരിക്കാനൊന്നും എന്നെ കിട്ടില്ല. അച്ഛൻ വീണ്ടും അവളെ തല്ലാൻ കൈ ഊങ്ങി. നന്ദിനി ഓടിചെന്ന് അവളെ പിടിച്ച് മാറ്റി.

മോളെ നീ എന്റെ വിവാഹം കഴിയാനൊന്നും കാത്തിരിക്കണ്ട. സുനിതയുടെ വിവാഹം കഴിഞ്ഞെല്ലെ ഉള്ളു അച്ഛന് അല്പം‌ സാവകാശം കൊടുക്ക്.

നന്ദിനിയുടെ വാക്കുകളൊന്നും മഞ്ജുവിനെ സമാധാനിപ്പിച്ചില്ല. അവൾ വീണ്ടും പൊട്ടിത്തെറിച്ചു. ശരത്തിനും സ്ത്രീധനം ഒന്നും വേണ്ട. അവൻ വീട്ടുകാരോടൊക്കെ എല്ലാം പറഞ്ഞിട്ടുള്ളതാണ്. വീട് അടങ്ങുന്ന സ്ഥലം എന്റെ പേരിൽ എഴുതി തന്നാൽ മതി.

അച്ഛന്റെ കണ്ണ് നിറഞ്ഞ് പോയി… ഓഹോ.. അപ്പോൾ എന്റെ മോള് എല്ലാം സ്വയം തിരുമാനിച്ച് ഉറപ്പിച്ച് വന്നിരിക്കുകയാണ് ..

നന്ദിനി അച്ഛൻറെ അരികിൽ ചെന്നു പറഞ്ഞു. അച്ഛാ എന്റെ വൈകല്യം കാരണം അനിയത്തിമാരുടെ ജീവിതം തടഞ്ഞു വെക്കപ്പെടരുത്. അവളുടെ ആഗ്രം അതാണെങ്കിൽ നടത്തി കൊടുത്തേക്ക്.

നന്ദിനിയുടെ മുഖത്ത് അടിക്കാൻ ഊങ്ങിയ കൈ താഴ്ത്തിക്കൊണ്ട് അച്ഛൻ പറഞ്ഞു. എഡീ…. നിന്നെ ഞാൻ എന്നിട്ട് എന്ത് ചെയ്യാനാ.. നീയും ഞാനും തെരുവിലിറങ്ങാനോ?.

അച്ഛന്റെ വാക്കുകൾക്ക് ഇടയിൽ കയറി മഞ്ജു പറഞ്ഞു. ഈ വിവാഹത്തിന് അച്ഛൻ സമ്മതിച്ചില്ലെങ്കിൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ല. എവിടെയെങ്കിലും കെട്ടിത്തൂങ്ങി ചാകും….. ഉറപ്പ്.

മകളുടെ ഭീഷണി കൂടിയായപ്പോൾ ആ പിതാവ് തളർന്നു പോയി.

മഞ്ജു വീണ്ടും തുടർന്നു പറയുന്നുണ്ടായിരുന്നു. ആരും വീട് വിട്ട് എങ്ങും പോകണം എന്നില്ല. എന്റെ പെരിൽ എഴുതി തന്നാൽ മാത്രം മതി. പിന്നെ സുനിതയെ പോലെ പൊന്നില്ലാതെ ശരത്തിന്റെ വീട്ടിൽ കയറിച്ചെല്ലാൻ പറ്റില്ല.

എല്ലാം തീരുമാനിച്ച് ഉറപ്പിച്ച മഞ്ജുവിന്റെ വാക്കുകൾ നാരായണനെ വല്ലാതെ വേദനിപ്പിച്ചു. രത്രി മുഴുവൻ കരയുകയായിരുന്ന അച്ഛനെ നന്ദിനി പലതും പറഞ്ഞ് സമാധാനിപ്പിച്ചു.

വലിയൊരു തുക ബാങ്കിൽ നിന്ന് ലോൺ എടുത്തു. ചെറിയ ജോലികൾ ചെയ്ത് വർഷങ്ങളായി നന്ദിനി ബാങ്കിൽ അടച്ച തുകയും. അമ്മയുടെ സ്വത്ത്, ഭാഗം വെച്ചപ്പോൾ കിട്ടിയ തുകയും. ബന്ധുക്കളിൽ നിന്ന് കടം വാങ്ങിയും ഒരു വിധത്തിൽ കല്ല്യാണത്തിനുള്ള തുകയോരുക്കി. പക്ഷേ അതൊന്നും അല്ലായിരുന്നു അച്ഛനെ കരയിച്ചത്. നന്ദിനി ജീവനുതുല്യം കൊണ്ടുനടന്ന അവളുടെ ടൂവീലറും വിറ്റു.

അച്ഛൻ പറഞ്ഞു മൊളെ ഇനി എന്റെയും നിന്റെയും ജീവൻ മാത്രമെ ബാക്കി ഉള്ളു. കടങ്ങളൊക്കെ വീട്ടി, ലോണൊക്കെ അടച്ചുതീർക്കാൻ ഈ ജന്മം മുഴുവനും പണി എടുക്കേണ്ടിവരും.

മഞ്ജുവും വിവാഹം കഴിഞ്ഞ് വീട്ടിൽ നിന്നും പടി ഇറങ്ങിയതോടെ അച്ഛനും മകളും മാത്രമായി. ഒറ്റപെട്ടു പോയ മകളുടെ അരികിൽ പരസ്പരം ഒന്നും മിണ്ടാതെ അയാൾ ഒരുപാട് നേരം ഇരുന്നു.

നന്ദിനിയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു അവൾക്ക് തന്നോട് എന്തോ പറയാന്നുണ്ടെന്ന് അച്ഛന് തോന്നി. അയാൾ ചോദിച്ചു എന്താമോളെ?.

ശ്വസം അടക്കിപിടിച്ച് ഒരു നെടുവീർപ്പോടെ അവൾ പറഞ്ഞു. അച്ഛാ അല്പനേരം ഞാനൊന്ന് തനിച്ചിരുന്നൊട്ടെ എനിക്കൊന്ന് കരയാനാണ്.

ഒരുപാട് നേരമായി ഒന്ന് പൊട്ടിക്കരയാൻ പോലും കഴിയാതെ വീർപ്പ് മുട്ടി നിൽക്കുകയായിരുന്നു അവൾ.

അച്ഛൻ പുറത്തേക്കിറങ്ങി മകൾ ശ്വാസം അടക്കിപിടിച്ച് കരയുന്ന ശബ്ദം അയാൾക്ക് പുറത്ത് നിന്നും കേൾക്കാമായിരുന്നു. മകളുടെ കരച്ചിൽ കേട്ട് ഭിത്തിയിൽ തല ആഞ്ഞടിച്ച് ആ പിതാവും കരയുന്നുണ്ടായിരുന്നു.

കരയട്ടെ അവൾ കരയട്ടെ അങ്ങനെ എങ്കിലും എന്റെ മകളുടെ വേദനകൾ മാഞ്ഞു പോകട്ടെ.

വർഷങ്ങൾ ഏറെ കടന്നുപോയി… വാർദ്ധക്യ സഹജമായ രോകങ്ങൾ കാരണം അച്ഛന് ജോലി ചെയ്യാൻ വയ്യാതായി. മഞ്ജുവിന് വീട് ഒഴിഞ്ഞ് കൊടുത്ത് ഒറ്റമുറി വീട്ടിൽ നാരായണനും മകളും വാടകക്കാരായി.

നന്ദിനിക്കും വയസ്സ് 45 കഴിഞ്ഞിരിക്കുന്നു മോഹങ്ങളും സ്വപ്നങ്ങളും ഒക്കെ നൊമ്പരങ്ങളായി അവളുടെ ഹൃദയത്തിൽ സംസ്കരിക്കപ്പെട്ടിരിക്കുന്നു.

സഹോദരിമാരെ കെട്ടിച്ച് വിട്ട കടങ്ങൾ അപ്പോഴും ബാക്കി….

ഒരിക്കൽ അച്ഛൻ നന്ദിനിയോട് ചോദിച്ചു. മോളെ നീ നിനക്കുവേണ്ടി എപ്പോഴെങ്കിലും ജീവിച്ചിരുന്നോ? നിന്റെ ജീവതം കോണ്ട് നിനക്കായി എന്തെങ്കിലും നേടിയൊ?.

അവളുടെ കണ്ണുകൾ നിറഞ്ഞെങ്കിലും അത് തുടച്ചുമാറ്റി കൊണ്ട് അവൾ പറഞ്ഞു.

അച്ഛാ അച്ഛന്റെ രണ്ട് പെണ്മക്കൾക്കും കിട്ടാത്ത ഭാഗ്യം എനിക്ക് കിട്ടിയില്ലെ. ജീവിതകാലം മുഴുവനും ഈ അച്ഛന്റെ മകളായി ഞാൻ ജീവിച്ചില്ലെ?……

അഞ്ച് സഹോദരിമാരെ വിവാഹം ചെയ്തു കൊടുത്ത് സ്വന്തമായി ഒരു ജീവിതം ഉണ്ടാക്കാൻ മറന്നുപോയ യൂസഫ് എന്ന ഒരു സഹോദരൻ എനിക്ക് അയൽവാസിയി ഉണ്ട്.. തൻറെ സഹോദരിമാർക്ക് നല്ല ജീവിതം കിട്ടിയില്ലേ എന്ന് ആശ്വസിച്ച്.. സ്വന്തം ആഗ്രഹങ്ങൾ കടിച്ചമർത്തുന്ന എത്രയോ സഹോദരന്മാർ സഹോദരിമാർ മാതാപിതാക്കൾ നമുക്കിടയിൽ ജീവിക്കുന്നു.

അവരെ ഓർക്കാൻ, അവരുടെ മാനസിക പിരിമുറുക്കം മനസ്സിലാക്കാൻ ഈ എഴുത്ത് ഉപകരിക്കുമെങ്കിൽ. അതുതന്നെയാണ് ഈ കഥ കൊണ്ട് ഉദ്ദേശിച്ചതും.

പുനർ രചന: Dr അനിത വിജയൻ.

Owned ©TMT creation

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters