രചന: Dhanya Shamjith
വാര്യത്തെ കല്യാണത്തലേന്നാണ് ആദ്യമായി അവളെ കാണുന്നത്,, അടുക്കളപ്പുറത്തെ കലവറയ്ക്കരികിൽ ഒപ്പമുള്ളവരോട് എന്തോ പറഞ്ഞ് ചിരിക്കുന്ന തക്കാളിപ്പഴം പോലൊരുവൾ…. അങ്ങേയറ്റത്താണെങ്കിലും അറിയാതെയറിയാതെ നോട്ടം തമ്മിൽ കൊരുത്തപ്പോൾ ആദ്യമവൾ മുഖം കുനിച്ചു, പിന്നെ ഏറു കണ്ണിട്ട് നോക്കുന്നത് കണ്ടില്ലെന്ന് ഭാവിച്ച് ഉള്ളിൽ ചിരിച്ചു.. വീണ്ടുപ്പെഴോ കണ്ണുകൾ ഉടക്കിയപ്പോൾ ചുറ്റുമുള്ളവർക്കിടയിലേക്ക് തെന്നിമാറിയവൾ…
ആ വലിയ കൂട്ടത്തിൽ അവളെ കാണാനുള്ള കൊതിയടക്കി നോക്കിനിന്നതും ചുറ്റിലും പെട്ടന്ന് നിറഞ്ഞ തിരക്കിൽ ആരോ വലിച്ചെറിഞ്ഞ പോലെ അവളെൻ്റെ നെഞ്ചിലേക്ക് വന്നു വീണു… ഒരു നിമിഷം ചങ്കൊന്നു വിറച്ചു എന്നത് സത്യമാണ്….
ക്ഷമിക്കണേ, അറിയാണ്ട് പറ്റീതാ കാലൊന്ന് വഴുക്കി…. അവളുടെ സ്വരം നേർത്തിരുന്നു.
സാരല്യ,, ഞാൻ ചിരിച്ചു.
ഈടെ കൂട്ടത്തില് നേരത്തെ കണ്ടില്യാലോ പുത്യേ ആളാ….?? കൗതുകത്തോടെയുള്ള ചോദ്യം കേട്ട് ചിരിയോടെ തല കുലുക്കി.
ഉം, കുറച്ചു മുന്നേ വന്നേയുള്ളൂ… വന്നപ്പോ തൊട്ട് ഞാൻ കണ്ടിരുന്നു എന്നെ നോക്കുന്നതും, ഞാൻ നോക്കുമ്പോ അറിയാത്ത ഭാവത്തിൽ നിക്കണതും..
അതു കേട്ടവളുടെ കവിൾ ചുവക്കുന്നത് കണ്ടപ്പോൾ പെണ്ണിന് എന്തൊരു ചേലാണെന്ന് മനസ് മന്ത്രിച്ചു,, അത് കേട്ടെന്ന പോലെ അവൾ നുണക്കുഴി കവിൾ വിരിച്ച് ചിരിച്ചു..
“എനിക്ക് ചുറ്റി വളച്ച് പറയാനൊന്നും അറിയില്ല, നിന്നെ കണ്ടപ്പോ മുതല് നെഞ്ചിലൊരു പെട പെടപ്പാ.. എന്താന്നറിയില്ല,, നിന്നെപ്പോലെ എത്രയോ പേരെ കണ്ടിരിക്കുന്നു പക്ഷേ നിന്നെ കണ്ടപ്പോ എൻ്റെ മനസ് പറയുന്നു തേടി നടന്നവൾ ഇവളാണെന്ന്….. എനിക്ക് നിന്നെ ഇഷ്ടമായി ,, ഇനിയുള്ള നാളുകൾ നമുക്കൊരുമിച്ചായിക്കൂടെ? എവടന്നോ കരുതിവച്ച ധൈര്യത്തിൽ ഒറ്റ ശ്വാസത്തിലത് പറയുമ്പോൾ അവളുടെ അമ്പരപ്പ് കാണാമെന്നു കരുതിയ എന്നെ ഞെട്ടിച്ചു കൊണ്ട് അവളെന്നെ നോക്കി പുഞ്ചിരിച്ചു,, സമ്മതമെന്ന മട്ടിൽ…
എന്തോ പറയായുന്ന അവളുടെ ചുണ്ടുകളിലേക്ക് നോക്കി നിൽക്കേ ഞാനറിഞ്ഞു മാറുന്ന അവളുടെ ഭാവം.. കണ്ണിലെ തിളക്കത്തിനു പകരം അവയിൽ പേടി ഉരുണ്ടുകൂടുന്നതും അവളെ വിറയ്ക്കുന്നതും ഞാനറിഞ്ഞു.. അവളുടെ നീണ്ട കണ്ണുകൾക്കറ്റത്തേക്ക് ഞാനും നോക്കി.. ഞങ്ങൾക്കരികിലേക്ക് വരുന്ന അയാൾ….
അയാൾ വരുന്നുണ്ട്… എനിക്ക് പേടിയാ അയാളെ… ന്നെ കൊണ്ടോവാനാ വരുന്നേ..
പേടിയോടെ അവളെൻ്റെ ഓരത്തേക്ക് ചേർന്നു നിന്നു…
ആരാ അത്, നീയെന്തിനാ പേടിക്കുന്നേ ഞാൻ ഉണ്ട്.. അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവളുടെ വിറയലിൽ നിന്ന് ഭയം ഞാൻ തിരിച്ചറിഞ്ഞു.
ഞങ്ങക്കൊപ്പം കല്യാണത്തിന് ദേഹണ്ഡത്തിന് വന്നോരില് ഒരുത്തനാ, വന്നപ്പോ തൊട്ട് ൻ്റ മേലാ കണ്ണ്… ഒഴിഞ്ഞു മാറി നടക്കുവായിരുന്നു.. അവളുടെ ശബ്ദത്തിൽ നല്ല പേടിയുണ്ടായിരുന്നു.
ഞങ്ങൾക്കരികിലെത്തി അയാൾ അരയിലെ കെട്ടൊന്നു മുറുക്കി ചുറ്റുമൊന്ന് നോക്കി,, വക്രിച്ച ചിരിയോടെ അവളുടെ കൈകളിൽ പിടിത്തമിട്ടതും അലറിക്കരഞവൾ എന്നിലേക്ക് ചായുന്നുണ്ടായിരുന്നു.
അവളെ വിടെടോ…. താനിതെന്താ കാണിക്കുന്നേ? എൻ്റെ ചോദ്യം കേട്ടില്ലെന്ന് നടിച്ച് അയാളവളെ തന്നിലേക്ക് ചേർത്തു.
തന്നോടല്ലേ അവളെ വിടാൻ പറഞ്ഞത് ,, ദേഷ്യത്തോടെ കൈകളിൽ പിടിച്ചതും അയാളുടെ ഇടം കൈയുടെ ശക്തമായ അടിയേറ്റ് താഴെ വീണുപോയിരുന്നു.. തലയ്ക്കുള്ളിലൊരു മിന്നൽ കുത്തി പിളർക്കുന്നതിനിടയിലൂടെ അവസാനമായി ഞാനവളെ കണ്ടു…
ചുറ്റുമുള്ളവരുടെ സഹതാപം നിറഞ്ഞ നോട്ടങ്ങൾക്കു നടുവിലൂടെ ഇല്ലാതായ നിറഞ്ഞ രണ്ടു കണ്ണുകൾ…
ഒന്നും ചെയ്യാനാവാതെ നിറഞ്ഞു വന്ന കണ്ണീരിനെ തുടച്ചെറിഞ്ഞ് പതിയെ എഴുന്നേറ്റു… വീഴാനാഞ്ഞതും അടുത്തു നിന്ന ശോഷിച്ച വിരലുകൾ താങ്ങി..
ഒന്നും പറ്റാത്തത് ഭാഗ്യം,, ദുഷ്ടനാ അയാൾ ഇതിപ്പോ എത്രാമത്തെയാ….കഷ്ടം, ആ കൊച്ചിൻ്റെ വിധി അല്ലാണ്ടെന്ത് പറയാനാ…
ഞാൻ കേട്ടിരുന്നു നിങ്ങൾ പറഞ്ഞതൊക്കെ…. ചില പ്രണയങ്ങൾക്ക് ഈയാംപാറ്റകളുടെ ആയുസേ കാണു… അടുത്ത ജന്മത്തിലെങ്കിലും നന്മയുള്ള ലോകത്ത് പിറക്കാൻ കഴിഞ്ഞാ മതിയായിരുന്നു….
ചുളിഞ്ഞ ദേഹം നെടുവീർപ്പോടെ കൂച്ചി ആ കിഴവൻ അവനെ നോക്കി.
എനിക്ക് അവളെ കാണണം…. ചിലമ്പിയ ശബ്ദത്തോടെ ഞാനതു പറയുമ്പോൾ ആ കിഴവൻ സ്വയമൊന്നു ചിരിച്ചു, പിന്നെ എന്നെ നോക്കി പറഞ്ഞു.
നിനക്കവളെ കാണാം,, നാളെ……. ഏതെങ്കിലുമൊരു ഇലയുടെ നടുവിലെ ചൂടാറാത്ത സാമ്പാറിൽ അവളുണ്ടാവും..,, ആരോ മാറ്റി വച്ച പോലെ…. ഒരു പക്ഷേ നീയും…..
പ്രണയിക്കുമ്പോൾ ഒരിക്കലും തക്കാളിക്കവിളുള്ള പെണ്ണിനെ സ്നേഹിക്കരുത്,, സ്നേഹിച്ചാൽ നിൻ്റെ കയ്പ്പു പോലെ കണ്ണീരും കയ്ക്കും….
അതും പറഞ്ഞാ വൃദ്ധൻ നീണ്ടു നിവർന്നു,, നിറഞ്ഞ കണ്ണോടെ ഇരുൾ നിറഞ്ഞ മൂലയിലെ പച്ചക്കറിക്കൂട്ടത്തിൻ്റെ കോണിലേക്കൊതുങ്ങുമ്പോൾ കാതോരം കേൾക്കുന്നുണ്ടായിരുന്നു അങ്ങേയപ്പുറം തിളയ്ക്കുന്ന സാമ്പാറിൽ അലിഞ്ഞില്ലാതാവുന്ന അവളുടെ നേർത്ത തേങ്ങൽ.. ലൈക്ക് കമന്റ് ചെയ്യണേ
രചന: Dhanya Shamjith