രചന : അതിഥി അമ്മു
അമ്മു അഞ്ചാമതും ഗർഭിണിയാ… കുളക്കടവിൽ നിന്നു ലീലേടത്തി ഇതു പറഞ്ഞപ്പോൾ കൂടി നിന്നവരുടെയൊക്കെ മുഖത്ത് ചിരി.
നിനക്കിതിനേ ഒള്ളോടി കൊച്ചേ നേരം…? എന്നവർ വെട്ടിത്തുറന്നു ചോദിക്കുക കൂടി ചെയ്തപ്പോൾ കടവിലാകെ കൂട്ടച്ചിരി ഉയർന്നു.
ഒന്നും മിണ്ടാതെ മുഖം കുനിച്ച് ഞാൻ തിരികെ പോന്നു. അവർ കളിയാക്കിയതിലും കാര്യമില്ലേ…? കല്യാണം കഴിഞ്ഞ് ആറ് വർഷത്തിനിടക്ക് നാലു കുട്ടികൾ …. ഇപ്പൊ അഞ്ചാമത്തേത് വയറ്റിലും…. നാട്ടുകാർ എന്തു കരുതും…
നീണ്ട അഞ്ചു വർഷത്തെ ശ്രീയേട്ടനുമായുള്ള പ്രണയമാണ് വിവാഹത്തിലെത്തിയത്… വിവാഹം കഴിഞ്ഞ് ശീയേട്ടനുമൊത്ത് ഒരുപാട് ദീർഘ ദൂര യാത്രകളൊക്കെ സ്വപ്നം കണ്ടതാണ്… പക്ഷേ ഒന്നും നടന്നില്ല…. അമ്മയാകാനുള്ള തയ്യാറെടുപ്പുകൾ അതിനെല്ലാം തടസ്സം സൃഷ്ടിച്ചു …
ശ്രീയേട്ടൻ വന്നു കയറുമ്പോൾ വീർപ്പിച്ച മുഖവുമായി ഇരിക്കുന്ന എന്നെ കണ്ട് കാര്യം തിരക്കി.
നിങ്ങൾക്ക് നാണമില്ലെങ്കിലും എനിക്കുണ്ട് മനുഷ്യാ …. ഞാൻ പൊട്ടിത്തെറിച്ചു…
എന്റെ അമ്മൂ ആരെങ്കിലും എന്തെങ്കിലും പറഞ്ഞതിനു നീയിങ്ങനെ ഭദ്രകാളിയാവുന്നതെന്തിനാ…? നിന്റെ വയറ്റിലുള്ളത് എന്റെ കുഞ്ഞല്ലേ…? അതിന് മറ്റുള്ളവർക്കെന്താ…? നമ്മുടെ കുഞ്ഞുങ്ങളെ വളർത്തേണ്ടത് നമ്മളാ നാട്ടുകാരല്ല …. കുഞ്ഞുങ്ങൾ ഈശ്വരന്റെ അനുഗ്രഹമാ… അത് ആണായാലും പെണ്ണായാലും…
നിനക്ക് ആദ്യ പ്രസവ സമയത്ത് കിട്ടിയ കരുതലും സ്നേഹവും ഓരോ തവണയും ഞാനും അമ്മയും തരുന്നില്ലേ…?
പലതും പറഞ്ഞ് ശ്രീയേട്ടൻ എന്റെ പരിഭവം മാറ്റാൻ ശ്രമിച്ചെങ്കിലും ഞാനത് കേൾക്കാൻ കൂട്ടാക്കിയില്ല. നാലു മക്കളിൽ രണ്ടു പേർ ഇരട്ടകളാണ്. ഏട്ടന്റെ അമ്മ അവരെ പൊന്നു പോലെ നോക്കുന്നു. അതുകൊണ്ടു തന്നെ താനൊരിക്കലും ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല…
എങ്കിലും കുളക്കടവിൽ ഇന്നു ഞാൻ നേരിട്ട പരിഹാസം … നടക്കാതെ പോയ മധുവിധു സ്വപ്നങ്ങൾ… കുറഞ്ഞു വരുന്ന സൗന്ദര്യം … സ്വാതന്ത്ര്യം … ഒക്കെ എന്റെ ദേഷ്യത്തെ വർദ്ധിപ്പിച്ചു കൊണ്ടേയിരുന്നു…
പിറ്റേന്ന് രാവിലെ അമ്പലത്തിൽ പോകാം എന്ന് ശ്രീയേട്ടൻ പറഞ്ഞപ്പോൾ പിണക്കം മറന്ന് ഞാൻ ഒപ്പം ഇറങ്ങി. കാറിൽ ഒപ്പം ഇരിക്കുമ്പോഴും കുളക്കടവിലെ പരിഹാസമായിരുന്നു മനസ്സു നിറയെ.
എന്റെ അമ്മൂ നിന്റെ ദേഷ്യം ഇതുവരെ മാറിയില്ലേ….? അതുമാറാനാ കുട്ടികളെപ്പോലും ഒപ്പം കൂട്ടാതെ ഈ യാത്ര.
അപ്പൊ അമ്പലത്തിലേക്കല്ലേ…?
അമ്പലത്തിലേക്ക് തന്നെ … കുറച്ചു ദൂരെയാണെന്നു മാത്രം. ഉണ്ണിക്കണ്ണന്റെ അമ്പലമാ നീയവിടെ പോയിട്ടുണ്ടാവില്ല.
പിന്നെയും ഏട്ടൻ പലതും പറഞ്ഞു കൊണ്ടിരുന്നു….
അമ്പലനടയിൽ ശ്രീയേട്ടനൊപ്പം തൊഴുതു നിന്നപ്പോൾ മനസ്സാകെ ശാന്തം. കിട്ടിയ പ്രസാദം ഏട്ടന്റെ നെറ്റിയിൽ ചാർത്തി ഞാനൊന്നു പുഞ്ചിരിച്ചു.
നിന്റെ ദേഷ്യം മാറിയോ…?
മാറിയിട്ടൊന്നുമില്ല… ബാക്കി വീട്ടിൽ ചെന്നിട്ട് …
ഏട്ടന്റെ കയ്യും പിടിച്ച് അമ്പലത്തിന്റെ ഒരു വശത്തുള്ള ആൽത്തറയിൽ ചെന്നിരുന്നപ്പോൾ ഞാനാകെ അത്ഭുതപ്പെട്ടു. ചെറുതും വലുതുമായ ആയിരക്കണക്കിന് ഓട്ടുമണികൾ ആ വൃക്ഷത്തിൽ കിടന്നാടുന്നു… കാണാൻ നല്ല ഭംഗി ….
ഇതെന്താ ഏട്ടാ ഇതിവിടെ കെട്ടിയിരിക്കുന്നത്…?
അതിനു മറുപടി പറഞ്ഞത് തൊട്ടടുത്തിരുന്ന വൃദ്ധയായ സ്ത്രീയാണ് ….
അത് മോളേ കുട്ടികളുണ്ടാകാത്ത ദമ്പതികൾ ഈ ക്ഷേത്രത്തിൽ വന്ന് പ്രാർത്ഥിച്ച് ഈ ആലിൽ മണികെട്ടിയാൽ സന്താന ലബ്ദി ഉണ്ടാകും എന്നാണ് വിശ്വാസം. അതിനായി വളരെ ദൂരെ നിന്നു പോലും ആയിരക്കണക്കിന് ആളുകൾ ഇവിടെ വന്നു പോകുന്നുണ്ട്.
അപ്പൊ മുത്തശ്ശി ഈ പ്രായത്തിൽ ഇവിടെ…?
അത് എനിക്ക് വേണ്ടിയല്ല മോളേ കുഞ്ഞുങ്ങളില്ലാതെ വേദനിക്കുന്ന ആയിരക്കണക്കിന് ആളുകൾ നമുക്ക് ചുറ്റും ഇല്ലേ അവർക്കു വേണ്ടിയാണ് എന്റെയീ പ്രാർത്ഥന. ഒരു കാലത്ത് ഞാനും ഭർത്താവും എല്ലാ വർഷവും മുടങ്ങാതെ ഇവിടെ വന്ന് മണി കെട്ടി പ്രാർത്ഥിച്ചിരുന്നു. എന്തോ മുൻജൻമ പാപ ഫലമായാവും ഞങ്ങളുടെ പ്രാർത്ഥന മാത്രം ഉണ്ണിക്കണ്ണൻ കേട്ടില്ല. എങ്കിലും പതിവു മുടക്കിയില്ല.
ഒരു കുഞ്ഞില്ലാത്തതു കൊണ്ടു തന്നെ ഭർത്താവ് മരിച്ചപ്പോൾ ഈ ജീവിതത്തിൽ ഞാൻ തനിച്ചായി. ഇപ്പോഴും എല്ലാ വർഷവും മുടങ്ങാതെ ഞാനിതു ചെയ്യുന്നു. മോളും ഒന്നു വാങ്ങി ഈ ആലിൽ കെട്ടിക്കോ ഉണ്ണിക്കണ്ണൻ ഒരു നല്ല കുഞ്ഞിനെ തന്ന് അനുഹിക്കും.
ഇത്രയും പറഞ്ഞപ്പോഴേക്കും അവരുടെ കണ്ണുകൾ നിറഞ്ഞു … ഒപ്പം എന്റെയും …
ഇതൊന്നും കേൾക്കാത്ത മട്ടിൽ ശ്രീയേട്ടൻ ഇരിക്കുകയാണ് . ഞാനാ കൈപിടിച്ച് വേഗത്തിൽ നടന്നു…
എന്റെ അമ്മൂ നീ എങ്ങോട്ടാ എന്നേം കൊണ്ട് ഓടുന്നത് …
ഒന്നും പറയാതെ തൊട്ടടുത്ത കടയിൽ കയറി ഞാനൊരു കൊച്ചു മണി വാങ്ങി. എന്നെ തന്നെ നോക്കി നിന്ന ശ്രീയേട്ടനോടായി പറഞ്ഞു…
മിഴിച്ചു നിൽക്കാതെ പൈസ കൊടുക്ക് മനുഷ്യാ…
ഏട്ടനൊപ്പം പ്രാർത്ഥനാ പൂർവ്വം ആലിൽ മണി ചാർത്തുമ്പോൾ മനസ്സിൽ ഒരായിരം തവണ ഈശ്വരനോട് മാപ്പു ചോദിച്ചു.
മടക്കയാത്രയ്ക്കിടയിൽ ഞാൻ ഏട്ടനോട് ചോദിച്ചു … നമുക്കൊരു എട്ടു കുട്ടികൾ വേണം അല്ലേ ഏട്ടാ ….?
എട്ടോ….?
വിശ്വാസം വരാതെ ഏട്ടൻ എന്നെ നോക്കി കണ്ണു മിഴിച്ചു.
അല്ലേ വേണ്ട ഈശ്വരൻ എത്ര തന്നാലും നമുക്കത് സന്തോഷത്തോടെ സ്വീകരിക്കാം ഏട്ടാ… ഈശ്വരന്റെ അനുഗ്രഹമല്ലേ കുട്ടികൾ… ഏട്ടൻ ശ്രദ്ധിച്ചില്ലേ അമ്മയായപ്പൊ അല്ലേ എന്റെ സൗന്ദര്യം കൂടിയത് …
നീയിതൊന്നുമല്ലല്ലോടീ പന്നീ ഇന്നലെ പറഞ്ഞത് … ഓന്ത് നിന്നേക്കാൾ എന്ത് ഭേദമാടീ… ഇത്ര വേഗം നിറം മാറില്ല …
ഇതും പറഞ്ഞ് ഏട്ടൻ പൊട്ടിച്ചിരിച്ചു… ഒപ്പം ഞാനും …
പിറ്റേന്ന് പതിവു പോലെ കുളക്കടവിലെത്തിയപ്പോൾ ലീലേടത്തിയും പരിവാരങ്ങളും നേരത്തേ എത്തിയിട്ടുണ്ട്. എന്നെ കണ്ടു ചിരിച്ച അവർക്കു മുന്നിലായി ഞാൻ ചെന്നു നിന്നു.
ലീലേടത്തീ ഇളയ മോളുടെ കല്യാണം കഴിഞ്ഞിട്ട് വർഷം അഞ്ചായിട്ടും കുട്ടികളായില്ല അല്ലേ …?
എന്റെ ചോദ്യം കേട്ടതും അവരുടെ മുഖത്തെ ചിരി മാഞ്ഞു…
സാരല്യാട്ടോ…
പുഴക്കരയിലെ ഉണ്ണിക്കണ്ണന്റെ അമ്പലത്തിൽ മണികെട്ടി ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട് എല്ലാവർക്കും വേണ്ടി…
ഇത്രയും പറഞ്ഞ് പുഞ്ചിരിച്ചു കൊണ്ട് ഞാൻ തിരിഞ്ഞു നടന്നു വിജയിയെപ്പോലെ…
രചന : അതിഥി അമ്മു