രചന : Nijila abhina
“അവള് നൈസായിട്ടങ്ങ് തേച്ചല്ലേ…. ടാ ഞാൻ നിന്നോടപ്പഴേ പറഞ്ഞതാ ഇവള്മാരെയൊന്നും വിശ്വസിക്കാൻ കൊള്ളൂല്ലന്ന്….. ”
രാഹുലിന്റെ വാക്കുകൾ ഈർച്ച വാൾ കണക്കെയാണ് ഹർഷന്റെ കാതിൽ തുളച്ചു കയറിയത്….
“ഇല്ലെടാ എന്റല്ലിക്ക്… അവൾക്കങ്ങനെ എന്നെ ഉപേക്ഷിക്കാനാവില്ല അവൾ വരും കാരണം അവള്ക്കെന്നെ അത്രയ്ക്കിഷ്ടാ… ”
“മല്ലിയല്ല മുളക് പൊടി ഒന്ന് പോയെടാ….. കിട്ടാനുള്ളതൊക്കെ കിട്ടിയപ്പോ അവളവള്ടെ പാട് നോക്കി പോയി…
നിന്നെക്കാൾ പണോo സൗന്ദര്യവും ഉള്ളോനെ വേറെ കിട്ടിക്കാണും… നമ്മക്ക് അറിയില്ലേ ഇവൾടെയൊക്കെ സ്വഭാവം… ”
കൂട്ടുകാരുടെ മനസ് തകർക്കുന്ന വാക്കുകൾ അവനെ ഭ്രാന്ത് പിടിപ്പിക്കുകയായിരുന്നു….
പതിയെ എഴുന്നേറ്റവൻ ആൽത്തറയിലേക്ക് നടന്നു….
ഈ ആൽത്തറയില് വച്ചാണവൾ ആദ്യമായ് ഇഷ്ടം പറഞ്ഞത്….
മൊബൈൽ ഗാലറിയിൽ നിന്നും അവളുടെ ഫോട്ടോ ഓരോന്നായി നോക്കുമ്പോഴും അവളുടെ പുഞ്ചിരിക്കുന്ന മുഖം കാണുമ്പോഴും അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായ് ഒഴുകുന്നുണ്ടായിരുന്നു….
അവന്റെ മനസ്സ് ഒരുപാട് പിന്നിലേക്ക് പോയി…
കോളേജ് ആര്ട്സ് ഡേയുടെ അന്നാണ് ആദ്യമായി അളകനന്ദയേ ശ്രദ്ധിക്കുന്നത്..
ചെറുമഴച്ചാറ്റൽ വന്നപ്പോഴേ എല്ലാവരും വരാന്തയിലേക്ക് ഓടിക്കയറിയിരുന്നു…
മഴ കണ്ടപ്പോഴേക്കും ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ മുറ്റത്തേക്കിറങ്ങിയ അവളെ കണ്ടപ്പോൾ ഒരു വട്ടു പെണ്ണ് അത്രേ കരുതിയിരുന്നുള്ളൂ…
“നന്ദുട്ടി പനി പിടിക്കൂടി മഴപ്പാറ്റേ എന്നവൾടെ കൂട്ടുകാര് വിളിച്ചു പറയുന്നത് കേൾക്കാതെയാ മഴയവൾ നനഞ്ഞാസ്വദിക്കുന്നവൾ അറിയാതെയേങ്കിലും നോക്കി നിന്നു പോയി….
“എന്താ മാഷേ നോക്കി നിക്കണേ നല്ല രസാ വരുന്നോ ഒന്ന് നനയാൻ ” എന്നയവളുടെ ചോദ്യത്തിന് താനൊന്ന് തല വെട്ടിക്കുക മാത്രം ചെയ്തു…..
പിന്നീട് രണ്ടു ദിവസം ഒരുപാട് അന്വേഷിച്ചെങ്കിലും ആ മഴപ്പാറ്റയേ എവിടെയും കണ്ടിരുന്നില്ല…
മൂന്നാം ദിവസം ഗേറ്റിനടുത്ത് വെച്ചവളെ കണ്ടപ്പോഴേ ചോദിച്ചു…
“എന്തുപറ്റി കണ്ടില്ലല്ലോ രണ്ടു ദിവസംന്ന് ” അതിനു മറുപടിയായി ഒന്ന് പുഞ്ചിരിച്ചുകൊണ്ടവൾ പറഞ്ഞു.
“ഒരു കുഞ്ഞു പനി പിടിച്ചു…. മഴ നനഞ്ഞതിന്റെ ”
പിന്നീടതൊരു നല്ല സൗഹൃദമായി മാറുകയായിരുന്നു..
മഴയെ ഒരുപാടിഷ്ടപ്പെട്ട ഒരു കിലുക്കാം പെട്ടി അതായിരുന്നു അളകനന്ദ… അവളുടെ ഓരോ വരിയിലും മഴയോടുള്ള പ്രണയം നിറഞ്ഞു നിന്നിരുന്നു..
ഹർഷനെന്ന പാട്ടുകാരൻ അളകനന്ദയുടെ മനസ്സിൽ കിച്ചനും നന്ദുട്ടി എന്നെല്ലാവരും വിളിച്ചിരുന്ന അളകനന്ദ ഹർഷന്റെ അല്ലിയുമാകാൻ ഒരുപാട് നാളുകൾ വേണ്ടിയിരുന്നില്ല…
ആർക്കും അസൂയ തോന്നുന്നയാ സൗഹൃദത്തിൽ അതിനപ്പുറം ഒരാരാധന കൂടി തനിക്കുണ്ടെന്ന് അവൾ അറിഞ്ഞിരുന്നുവോ…
‘ഒരു ചുവന്ന ലോകം സൃഷ്ടിക്കണം
എന്റെ സീമന്തരേഖയിലെ കുങ്കുമച്ചുവപ്പായി നീയും
നിന്റെ ചങ്കിലെ ഭ്രാന്തൻ ചെമ്പരത്തിയായ് ഞാനും . ‘
അവളുടെ വരികളിൽ മഴ മാറി ആദ്യമായി പ്രണയം തെളിഞ്ഞത് തിരിച്ചറിഞ്ഞതും താനായിരുന്നല്ലോ….
“അല്ലി മഴ മാറി പ്രണയം തളിർക്കുന്നല്ലോ വരികളിൽ.. ആരോടാ ഒരു കോമ്പറ്റീഷന് വകയിണ്ടാവോ ?
“അറിയില്ലല്ലോ കിച്ചപ്പാ ന്റെ ചങ്കിലെ ചെമ്പരത്തിയായി ഞാനിത്ര നാളും കൊണ്ട് നടന്നത് ഈ പ്രാന്തനെ തന്നെയാ… ഞാൻ പോട്ടെ….
“ടി മഴപ്പാറ്റേ…. നീയെങ്ങോട്ട് പോണെന്നാ…. പിന്നേയ് ഞാനൊന്നാലോചിക്കട്ടെട്ടോ നിന്നെ കൂടെ കൂട്ടാൻ കൊള്ളുവോന്ന്…
“അങ്ങനെയിപ്പോ ഒരു നിര്ബന്ധവും ഇല്ല… ” കോടിയ അവളുടെ മുഖം കണ്ടവന് ചിരി വന്നിരുന്നു…
“ടി പിണങ്ങാതെ പെണ്ണെ പരിപ്പുവട വാങ്ങിത്തരാം ”
“എന്നാ രണ്ടെണ്ണം ”
പിന്നീടുള്ള ഓരോ ദിവസത്തിനും പ്രണയച്ചുവപ്പായിരുന്നു….
രണ്ടു വർഷത്തിനിടയിൽ ഒരുപാട് പിണക്കങ്ങളും ഇണക്കങ്ങളും.. പത്ത് മിനിറ്റിന്റെ ആയുസ്സ് പോലുമുണ്ടായിരുന്നില്ല അവരുടെ ഓരോ പിണക്കത്തിനും..
ഒരു പരിപ്പ്‌വടയിലോ ഒരു കടല മിട്ടായിയിലോ തീരുന്ന സുഖമുള്ള ഓർമ്മകൾ അതായിരുന്നു ഓരോ പിണക്കവും..
“അല്ലി നീയെന്നോട് സംസാരിച്ചിട്ട് മൂന്ന് ദിവസായി ഫോൺ വിളിച്ചാൽ എടുക്കില്ല കണ്ടാ മിണ്ടാൻ കൂടി നില്ക്കാറില്ല നിനക്കെന്തേ പറ്റീത് ?
ലൈബ്രറിയിൽ നിന്നവളോടവൻ ചോദിക്കുമ്പോൾ അവന്റെ സ്വരമിടറിയിരുന്നു….
“ഒന്നൂല്ല… ഞാൻ പോകുവാ… നമുക്ക് പിന്നെ സംസാരിക്കാം എനിക്ക് പഠിക്കാനുണ്ട്…. ”
ഓരോ ദിനവും അവളുടെ അവഗണനയുടെ ആഴം കൂടുന്തോറും അവന്റെ മനമിടറുന്നുണ്ടായിരുന്നു…
ഫോണിൽ വെറുതെ സ്ക്രോൾ ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് അവളുടെ സ്റ്റാറ്റസ് അവന്റെ കണ്ണിൽ തടഞ്ഞത്..
‘ ഞാനില്ലാതായാൽ ഒരു മഴയായ് ഞാൻ പുനർജനിക്കും
അന്ന് കുടയില്ലാതെ നീയാ മഴയിലൊന്ന് നനയണം ബാക്കി വെച്ച നമ്മുടെ പ്രണയം പൂർത്തിയാക്കാൻ…
ഫോൺ എടുത്തവൻ അല്ലിയേ വിളിക്കുമ്പോൾ അവൾ ഫോണേടുക്കണേ എന്ന പ്രാർത്ഥനയായിരുന്നു അവന്….
“എനിക്കൊന്നു കാണണം ശല്യപ്പെടുത്തില്ല ഇനി. ഒരു തവണ മതി. ഒരേയൊരു തവണ ”
“മം ഞാൻ വരാം ടൌണിൽ പോകുന്നുണ്ട് ഞാനിന്ന് ”
ടൌണിലെ കോഫി ഷോപ്പിൽ വെച്ച് നാളുകൾക്ക് ശേഷം അവളെ കണ്ടപ്പോൾ ഒരുപാട് ക്ഷീണിച്ച പോലെ തോന്നിയവൾ….
“നോക്ക് കിച്ച ബോധം ഇല്ലാത്ത പ്രായത്തിൽ സംഭവിച്ച ഒരു താമാശ അങ്ങനെ എടുത്താൽ മതിയിതിനെ ”
“നീയെന്താ അല്ലി ഇങ്ങനെ സംസാരിക്കുന്നത് നിനക്കെന്താ പറ്റിയെ ”
“എനിക്കിതിൽ കൂടുതലൊന്നും സംസാരിക്കാനില്ല ഞാൻ പോകുന്നു ദയവു ചെയ്ത് എന്നെ ശല്യപ്പെടുത്തരുത്…. ”
പറയാൻ ശ്രമിച്ച അവനെ അവഗണിച്ചു കൊണ്ടവൾ ഇറങ്ങിപ്പോയപ്പോൾ മുന്നിൽ നടക്കുന്നത് വിശ്വസിക്കാൻ പോലുമുളള മാനസികാവസ്ഥയിൽ പോലുമായിരുന്നില്ല അവൻ….
ഫോണിൽ അവളുടെ പേരിൽ സേവ് ചെയ്തിരുന്ന നമ്പറിൽ വിളിച്ചെങ്കിലുo നിരാശയായിരുന്നു ഫലം…
ഫോൺ കീശയിലിട്ട് അവളുടെ വീട്ടിലേക്ക് നടക്കുമ്പോൾ അവന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു… ഇടവഴി ഇറങ്ങുമ്പോഴേ കണ്ടു ആൽത്തറയിൽ എന്തോ ആലോചിച്ചു നിൽക്കുന്ന അല്ലിയേ…
അവനെ കണ്ടതും അവൾ മുന്നോട്ട് നടക്കാൻ ശ്രമിച്ചു..
“അല്ലി ഒന്ന് നിക്കുവോ എനിക്കൊന്ന് സംസാരിക്കണം ‘
“എനിക്കൊന്നും സംസാരിക്കാനില്ല കിച്ചനിപ്പോ പോ ആരേലും കാണും ”
“ഞാനെവിടേം പോകുന്നില്ല ഇപ്പൊ നീയും… ”
“എനിക്കറിയാം നിന്റെയി മൌനത്തിനു കാരണം…..
“ഇതല്ലേ നീയെന്നെ ഒഴിവാക്കുന്നതിനുള്ള കാരണം…. ഇന്ന് നീയാ കോഫി ഷോപ്പിൽ മറന്നു വെച്ചതാ ഇത്…. ”
ഡോക്ടർ ശോഭയുടെ ഈ പ്രിസ്‌ക്രിപ്ഷൻ…
“നിനക്കെത്ര നാൾ എന്നെ മാറ്റി നിർത്താനാവും ”
“എനിക്കറിയില്ല കിച്ച എത്ര നാൾ എന്ന്.. ഒന്നിനും പരിധി നിശ്ചയിക്കാൻ ഇന്നെനിക്കാവില്ലല്ലോ ”
“ഇത് കണ്ടോ നീ എന്നും താലോലിക്കുന്ന വർണിക്കുന്ന എന്റെ കാർകൂന്തൽ ഇന്നില്ല പകരമീ വെപ്പുമുടി സ്ഥാനം പിടിച്ചിരിക്കുന്നു… ”
“നിന്നോട് മിണ്ടാതിരുന്ന ഓരോ ദിനവും ഞാൻ വേദനിച്ചിരുന്നത് നിന്നെയോർത്താണ്… ”
“നീ നീയെന്നെ മറന്നേക്ക്…. ഭാഗ്യം കെട്ട ജന്മം അങ്ങനെ കരുതാം ഞാൻ ”
ഈയൊരൊറ്റ കാര്യത്തിനു വേണ്ടി നിന്നെ ഞാനുപേക്ഷിക്കണോ?
നീ എന്നെ അങ്ങനെയാണോ കണ്ടിരിക്കുന്നത്?
എനിക്കിങ്ങനെ ഒന്ന് വന്നിരുന്നെങ്കിൽ നീയെന്നെ ഉപേക്ഷിക്കുവോ അല്ലി… അത്രേ ഉള്ളോ നിനക്ക് ഞാൻ?
ഞാൻ പ്രണയിച്ചത് നിന്നെയാണ് നിന്റെ മനസ്സിനെയാണ്
നിന്റെ മാറാരോഗത്തെയല്ല
നിന്നെ കാർന്നു തിന്നുകൊണ്ടിരിക്കുന്നതിനെക്കാൾ വലിയൊരു കാൻസറായി നിന്റെ പ്രണയം ഇന്നെന്നിൽ വേരുറപ്പിച്ചു കഴിഞ്ഞു
മരണം കൊണ്ടു തോൽപ്പിക്കാനാകാത്ത പ്രണയത്തെയി മാരക രോഗം കൊണ്ടെങ്ങനെ കീഴ്പ്പെടുത്താനാകും?
‘പറ അല്ലീ നീ പറ’
അവന്റെ വാക്കുകൾക്കൊപ്പം കണ്ണിൽ നിന്ന് പൊഴിഞ്ഞത് ചോരയാണ്ന്നവള്ക്ക് തോന്നി……
ആ കൈകൾ കൂട്ടിപ്പിടിച്ച് പൊട്ടികരയുമ്പോൾ അവൾ പറയുന്നുണ്ടായിരുന്നു എന്നെ വിട്ടു പോകല്ലേ കിച്ച നീയെന്ന്…
കൊഴിഞ്ഞ കാർക്കൂന്തലിന്റെ ഒഴിഞ്ഞ ഭാഗത്തവൻ ചുണ്ടമർത്തുമ്പോഴും അവളുടെ കൈയ്യിലിരുന്നാ മെഡിക്കൽ സർട്ടിഫിക്കേറ്റ് ഞെരിഞ്ഞമരുന്നുണ്ടായിരുന്നു…
ഉപയോഗ ശൂന്യമായൊരു പാഴ്വസ്തുവെന്ന പോലെ……
#രചന : Nijila abhina