രചന : പെരുമ്പാവൂരുകാരൻ ഷെഫീക്ക്
”എനിക്കു നിന്റെ ചുവന്ന ചുണ്ടുകൾ ഭക്ഷിക്കാൻ വേണ്ടാ.നിന്റെ കണ്ണിലെ തിളക്കത്തിന് അടിമയാകാൻ ആഗ്രഹവുമില്ലാ.. ”
ഞാൻ പറയുന്നത് കേട്ട് അവൾ ചിരിച്ചു. പക്ഷേ ആ ചിരിക്ക് ഇരയാക്കാൻ വരുന്നവരെ നോക്കി പതിവായി ചിരിക്കുന്ന വശ്യതയില്ലാ.
“പഴയ ചുവപ്പില്ലാ ചായം തേച്ചുപിടിപ്പിച്ചതാണ്. കണ്ണുകളിലെ ഈ തിളക്കം ചത്തു മലച്ചൊരു മീനിന്റെതു പോലെയാണ്.അത് രണ്ടും വേണ്ടേങ്കിൽ പിന്നെന്താണ് കവിക്കു വേണ്ടത്..?
അവൾ ചോദിച്ചു. ഞാനൊന്നും മിണ്ടാതെ എഴുത്തു തുടർന്നു.ചില രാത്രികളിലെ അവസാനത്തെ കസ്റ്റമർ ഞാനായിരിക്കും. എഴുതാൻ തോന്നുന്ന രാത്രി എഴുതി തീർക്കുന്ന രാത്രി അതിവിടെയായിരിക്കും..
കുമാരേട്ടൻ ലോഡ്ജിലെ നൂറ്റിയെട്ടാംനമ്പർ മുറി. രുക്മിണിയെന്ന കുതിര രുക്കുവിന്റെ മുറി.വേറെയും മുറികളുണ്ട് പല പേരിൽ അറിയപ്പെടുന്നവരുമുണ്ട്. കുമാരേട്ടന്റെ ലോഡ്ജിൽ ആവശ്യക്കാര് വന്നാൽ ചോദിക്കുന്നത് ഒരു കോഡാണ്. വെള്ളമുണ്ടൊന്നലക്കണം പറ്റിയ അലക്കു കല്ലുണ്ടോന്ന്.. അപ്പോ കുമാരേട്ടൻ തിരിച്ചു പറയും അലക്കു കല്ല് നിലവിൽ രണ്ടെണ്ണം ഉണ്ടെന്ന്.പിന്നെ കല്ലിന്റെ തേയ്മാനമനുസരിച്ച് വിലയിടും.. ചിലർ അലക്കു കല്ല് ചുമന്നുകൊണ്ടുവരാറുമുണ്ട്… കുമാരേട്ടൻ ലോഡ്ജ് ഇവിടെ പ്രശ്സ്തിയുടെ മലമുകളിലാണിരിക്കുന്നത്.
താഴത്തെ ഉടുപ്പി ഹോട്ടലിൽ നിന്നും ചായയും പേരുകേട്ട ഇലയടയും തിന്നിട്ട് ഒരു മസാല ദോശ പാർസലും വാങ്ങി സ്ഥിരം കുറ്റികൾ വെള്ളമുണ്ടുമായ് കുമാരേട്ടന്റെടുത്തേക്ക് വച്ചുപിടിക്കും.. സത്യത്തിൽ എനിക്ക് ഭ്രാന്തുണ്ടോന്ന് കുമാരേട്ടനും അവിടെ സഹായിയായിട്ടു നിൽക്കുന്ന കുള്ളൻ വറീതും ചോദിക്കാറുണ്ട്. അലക്കാനല്ലാതെ വെള്ളമുണ്ടുമായ് കുതിര രുക്കുവിന്റെടുത്തേക്ക് രാത്രികളിൽ ചെല്ലുന്നത് കണ്ടിട്ട്.. തലക്കു ഭ്രാന്തു പിടിച്ചൊരു രാത്രി ഒരു സ്ത്രിയെ അറിയാനായിട്ടാണ് ഞാൻ കുമാരേട്ടൻ ലോഡ്ജിലെ നൂറ്റിയെട്ടാം നമ്പർ മുറിയിൽ എത്തിയത് പക്ഷേ….
“നാളെ നാട്ടിലൊന്ന് പോകണം കവി വരുന്നുണ്ടോ?”
ഞാൻ മിണ്ടാതെയിരുന്നു എഴുതുന്നതുകൊണ്ടാവാം അവൾ തുടർന്നു.
“അല്ലേൽ വേണ്ടാ കവിക്കതൊരു നാണക്കേടാവും നാട്ടിലും പാട്ടാണ് ഈ രുക്മിണിയുടെ കുതിരകളി.ചീത്ത പേരാവും ഇയാള് വരണ്ടാ..”
അവൾ ജാലകത്തിന്റെ അഴികളിൽ കിടന്ന തുണികൾ എടുത്ത് കട്ടിലിലേക്കിട്ടുകൊണ്ട് ജാലകവാതിൽ തുറന്നു.. പുറത്തെ ഇരുട്ടിൽ നിന്നൊരു കാറ്റ് വെളിച്ചം കൊതിച്ച് അകത്തേക്ക് വന്നു.ചെറിയൊരു തണുപ്പും..
അനുവാദം ചോദിക്കാതെ അവൾ ഞാനെഴുതിയ പേപ്പർ എടുത്തു..
“എഴുതി തീർന്നട്ടില്ലാ”
ഞാൻ തടഞ്ഞുവെങ്കിലും അവൾ ഉറക്കെ വായിച്ചു.
“നിന്റെ വലതു മാറിലെ ഉണങ്ങാത്ത മുറിവ് നിന്റെ കിഴ് ചുണ്ടിലെ ചതഞ്ഞു കിടക്കുന്ന തടിപ്പ് ചിരിക്കുമ്പോൾ കൂടെ ചിരിക്കുന്ന മാൻമിഴികൾ ആരും കാണാത്ത നിൻ ഹൃദയത്തിൻ നഗ്നത വേണമെനിക്കിതെല്ലാം ആരും പങ്ക് ചോദിക്കാത്തൊരു നാൾ വരും വരെ…. ”
വായിച്ചു തീർന്നപ്പോൾ വല്ലാത്തൊരു നിശബ്ദത..
“കവി എന്നെ കുറിച്ചാണോ എഴുതിയേക്കുന്നത്.?”
അവളെന്നെയൊന്നു നോക്കി.. അവൾക്കു മുഖം കൊടുക്കാതെ ഞാൻ പറഞ്ഞു..
“അതെ ഞാനിതുവരെ എഴുതിയ കവിതകളെല്ലാം നീയായിരുന്നു.. ”
“വട്ടായില്ലെ.. അഭിസാരികയോട് പ്രേമമാണോ? വെറുതെ ജീവിതത്തിലേക്ക് നാറ്റം കൊണ്ടുവരണ്ടാ.. ഞാൻ കണ്ട പുരുഷൻമാരിൽ ഒരു യഥാർത്ഥ പുരുഷനെ കണ്ടത് നിങ്ങളിലൂടെ മാത്രമാണ്. ഒരു സ്ത്രീയിൽ പുരുഷൻ കാണാത്ത ചിലത് കണ്ടെടുത്തത് നിങ്ങളാണ്… ഇനി നിങ്ങൾ ഇവിടെ വരരുത്.”
അവളൊന്നു തേങ്ങിയോ..
ശരിയായിരിക്കാം അവളുടെ വിയർപ്പു പറ്റിപ്പിടിച്ച ശരീരവുമായ് പലരും ഈ മുറി വിട്ടിറങ്ങുമ്പോൾ ഞാൻ മടങ്ങുന്നത് ആർക്കുമറിയാത്ത അവളുടെ ഹൃദയത്തിന്റെ നന്മയുമായിട്ടാണ്. രുക്മിണിയുടെ മറന്നുപോയ ചിരികളാണ് ഞാനെന്ന് ഒരിക്കലവൾ പറഞ്ഞപ്പോൾ ഞാനും ചിരിക്കാൻ ശ്രമിച്ചിരുന്നു.
“രുക്കു എനിക്ക് എന്റെ ശ്വാസമാണ് ഞാനെഴുതുന്ന കവിതകൾ. പക്ഷേ നീയില്ലാതെ എനിക്ക് കവിതയെഴുതാൻ കഴിയില്ലാ. ഞാൻ ശ്വാസം നിലച്ച് മരിക്കും..”
“നിങ്ങൾ പോകു.. എനിക്ക് കിടക്കണം” അവൾ ലൈറ്റണച്ചു കട്ടിലിലേക്ക് വീണു.
“ഞാനിന്ന് പോകുന്നില്ലാ.. ”
പുറത്തും അകത്തും ഇരുട്ട്. വെളിച്ചം കൊതിച്ചു വന്ന കാറ്റ് നിരാശയോടെ പുറത്തേക്ക്പോയി.ഇരുട്ടിൽ ഞാനിരുന്നു. രുക്മിണിയുടെ കടിച്ചു പിടിച്ചിട്ടും ചിതറിതെറിക്കുന്ന ഏങ്ങലിന്റെ ചീളുകൾ ഹൃദയത്തിലേക്ക് കുത്തിക്കേറുന്നുണ്ട്…
“അപ്പോ ശ്വാസം നിലച്ച് ഞാൻ മരിച്ചോട്ടെയെന്നാണോ രുക്കുപറയുന്നത്. ”
“അരുത് നിങ്ങളൊരു പ്രകാശം പരത്തുന്ന നിലവിളക്കാണ്. ഞാനൊരു ഇരുട്ടുമുറിയും എന്നിലേക്കു വന്നാൽ നിങ്ങൾ അണഞ്ഞുപോകും ഒടുവിൽ കൂരിരുട്ടാകും…”
“രുക്കു.”
ഞാൻ മൃദുവായി വിളിച്ചപ്പോൾ അവളൊന്നു മൂളി.. ഉം
“ഞാനെന്ന വെളിച്ചം നിന്നിൽ പ്രകാശം പരത്തട്ടെ. എന്റെ ചൂടിൽ നിന്റെ അഴുക്കുകൾ ഉരുകി തീരട്ടെ.. പുതിയൊരു കവിത ജനിക്കട്ടെ.. ”
ഞാൻ ലൈറ്റിട്ടു കൊണ്ട് അവളെ പിടിച്ചെഴുന്നേൽപ്പിച്ചു.കരഞ്ഞു കലങ്ങിയ കണ്ണിൽ കരിമഷി പടർന്നിരിക്കുന്നു. ചുണ്ടിലെ ചുവന്ന ചായം തലയിണ പങ്കിട്ടെടുത്തിരിക്കുന്നു. അവളെ ചേർത്തു പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
“നിന്റെ കണ്ണീരിൽ വാരി പൂശിയ ഈ ചായം ഇളകി പോകട്ടെ. നിന്റെ നിശ്വാസങ്ങൾ ഇനി എനിക്കു മാത്രം. അരുതെന്ന് മാത്രം പറയരുത് ഞാൻ തകർന്നുപ്പോകും”
അവൾ എന്നെ തന്നെ നോക്കിയിരിക്കുമ്പോഴാണ് വാതിലിൽ മുട്ടുകേട്ടത്.
എന്നിലേക്കവളെ ചേർത്ത് പിടിച്ച് മുടിയിഴകളിൽ തലോടി കൊണ്ട് ഞാൻ വീണ്ടും പറഞ്ഞു.
“ആര് വേണമെങ്കിലും നൂറ്റിയെട്ടാം നമ്പർ മുറിയിൽ മുട്ടിക്കോട്ടെ പക്ഷേ തുറക്കാൻ നീയുണ്ടാകരുത്………..”
രചന : പെരുമ്പാവൂരുകാരൻ ഷെഫീക്ക്