ദീർഘസുമംഗലീ ഭവ. ചെറുകഥ

രചന : Nizar vh.

“സുധി, പാചകപ്പുരയിലേയ്‌ക്കുള്ള ഉണങ്ങിയവിറക് എവിടെയാ വച്ചിരിക്കുന്നെ..? ”

ഉറക്കത്തിലെക്ക് വീഴാൻ തുടങ്ങവെയാണ്‌ മായേട്ടത്തി തട്ടി ഉണർത്തിയത്. ആ കൈകൾ ഐസ് പോലെ തണുത്തിരുന്നതിനാൽ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു.

“കൊച്ചുറങ്ങുവായിരുന്നോ..?ശോ.. !അറിഞ്ഞില്ല ല്ലോ ഡാ.. ”

എന്തോ വലിയ തെറ്റ് ചെയ്ത പോലെ ഏട്ടത്തിനിന്നു . പന്തലിന്റെ മൂലയിൽ നാലു കസേരകൾ ചേർത്തു കട്ടിൽ പോലെഒരുക്കി അതിൽ ഓരോന്നോർത്തുകിടന്നതാണ് കണ്ണടഞ്ഞു പോയത്അറിഞ്ഞില്ല.

“സാരമില്ലേട്ടത്തി..വെറുതെകിടന്നതാ..”കസേരകൾ പഴയപോലെ ഇട്ടുകൊണ്ട് പറഞ്ഞു.

“തീ, പന്തലിലെക്കുള്ള വിറക് എവിടെയാ കൊച്ചു വെച്ചത്..? ”

മൊബൈലെടുത്തു തെളിച്ചു. സമയം മൂന്നു മണി.പാചക പന്തലിൽ പത്രങ്ങൾ കൂട്ടി മുട്ടുന്ന ശബ്ദം കേൾക്കാം.

“അതുഞാൻഎടുത്തുകൊടുത്തുകൊള്ളാം. ഏട്ടത്തി പോയി കുറച്ചു ഉറങ്ങിക്കൊള്ളു, ഇന്നലെ മുതൽ കഷ്ട്ടപ്പെടുന്നതല്ലേ..?”

ആ മുഖത്തു ഉറക്കക്ഷീണംതെളിഞ്ഞു കാണാം.

“നീ എന്താ സുധി ഈ പറയണെ..?എന്റെ സിനി മോൾടെ വിവാഹമാണ്.ഇതെക്കെ എന്റെ കടമയാണ്..”

“ഏട്ടത്തി നേരം പുലർന്നാൽ പിടിപ്പതും പണിയുണ്ടാവും അല്പമെങ്കിലും ഉറങ്ങിയില്ലെങ്കിൽ ഏട്ടത്തി വീണു പോകും..!”

“എന്നാലും.. സാരമില്ല സുധി,ഞാൻ ഉറങ്ങിയാൽ..അത് ചിലപ്പോൾ നിന്റെ ഏട്ടൻ സഹിക്കില്ല..” അതു പറയുമ്പോൾ ആ വാക്കുകൾ ഇടറിയിരുന്നു.

“എവിടെയാന്നു പറ സുധി, പാചകക്കാരൻ രണ്ടു പ്രാവശ്യം ചോദിച്ചു..” ഏട്ടത്തി കൃത്രിമതിടുക്കം കൂട്ടി.

“അതു, പന്തലിന് പിന്നിൽ മൂടി വച്ചിട്ടുണ്ട്..ഏട്ടത്തി..”വർണ്ണങ്ങൾവിതറിമിന്നി തെളിയുന്ന സീരിയൽബൾബുകളിലേക്കു മിഴികൾ നാട്ടുകൊണ്ടു പറഞ്ഞു.

“ശരി.. കൊച്ച് കുറച്ചുകൂടി ഉറങ്ങിക്കോ ട്ടോ..”ഇതും പറഞ്ഞുഏട്ടത്തി നടന്നു മറഞ്ഞു.

“എന്താടാ.. നിന്റെ കുടുംബത്തിൽ വേറെ പെണ്ണുങ്ങൾ ഒന്നും ഇല്ലേ..?” സുഹൃത്ത് അബുവാണ്. “അല്ല, എവിടെ നോക്കിയാലും ആ ചേച്ചിയെ കാണാം. അവര് വെറുതെഇരുന്ന് ഇതു വരെ ഞാൻ കണ്ടിട്ടില്ല.. പാവം. ഒരുപാട് കഷ്ടപ്പെടുന്നുണ്ട്.. കേട്ടോ ”

ഒരു പാട്ടും പാടി അബു തെക്കേ പന്തലിലെ ചീട്ടു കളിക്കാരുടെ ഭാഗം നോക്കി നടന്നു. വീടിനു മുന്നിലെ ഭിത്തിയിൽ ഫ്രെയിം ചെയ്തു വച്ചിരിന്ന അച്ഛന്റെയും, ഏട്ടന്റെയും ഫോട്ടോ യിൽ കണ്ണെത്തി. അച്ഛന്റെ മരണശേഷം ഞങ്ങൾക്ക് ഏട്ടൻ ആയിരുന്നു എല്ലാം. അച്ഛന്റെ സ്ഥാനത്തു നിന്നും ഏട്ടൻ എല്ലാം ഭംഗിയായി ചെയ്തു. എന്നെയും, സിനിയേയും ഒരുപാട് കഷ്ട്ടപ്പെട്ടു നല്ല രീതിയിൽ തന്നെ പഠിപ്പിച്ചു . ഞങ്ങളുടെ നിർബന്ധം കൊണ്ടു മാത്രമാണ് ഏട്ടൻ ഒരു വിവാഹത്തിന് തയ്യാറായത്.

ഏട്ടനെപോലെ തന്നെ നിഷ്‌കളങ്കയും, പാവവും ആയിരുന്നു മായേട്ടത്തിയും. സന്തോഷത്തിന്റെ ആ നാളുകൾക്കുവിരാമം ഇട്ടു കൊണ്ടുപ്രതീക്ഷിക്കാതെഎത്തിയവാഹനാപകടംഏട്ടന്റെ ജീവൻ എടുത്തപ്പോൾ ആ നാടു തന്നെ കണ്ണീരണിഞ്ഞു. പക്ഷെ,ഏട്ടന്റെ മരണ ശേഷംഏട്ടത്തിയുടെ കണ്ണുകൾ മാത്രം ഇതു വരെ നനഞ്ഞില്ല. ആശുപത്രികിടക്കയിൽ വച്ചു ഏട്ടന്കൊടുത്ത വാക്കാണ് ഇനി ഒരിക്കലും കരയില്ലെന്ന്. വർഷം നാല് കഴിഞ്ഞിട്ടും ഇന്നും അതിനൊരു മാറ്റവും ഇല്ല. ഏട്ടൻ ഒരു നേരം മിണ്ടാതിരുന്നാൽ കൂടി പൊട്ടിക്കരയുന്ന ഏട്ടത്തിയെ പലവട്ടം കണ്ടിട്ടുണ്ട്. നൊമ്പരം താങ്ങുവാൻ ആവാതെ ആ ഹൃദയം പൊട്ടിത്തെറിക്കുമോ എന്നു ഞാൻ ഇപ്പോൾ ഭയക്കുന്നു.

“സുധീ..” അമ്മയുടെ നീട്ടിയുള്ള വിളി ഓർമ്മകളിൽ നിന്നും ഉണർത്തി.

–——————

ചെറുക്കനുംകൂട്ടരുംഎത്തിചേർന്നു.മുഹൂർത്തത്തിനു ഇനിയും സമയമുണ്ട്. കല്യാണചെറുക്കൻ അമ്മയുടെ ബന്ധത്തിൽ തന്നെ ഉള്ളത്‌ ആയതു കൊണ്ടു എല്ലാ മുഖങ്ങളും പരിചിതം ആയിരുന്നു. പയ്യന്റെ അമ്മയാണ് ഈ ബന്ധത്തിന് മുന്നിട്ട് നിന്നത്. യദുവിനു ടൗണിൽ ഒരുമൊബൈലിൽ ഷോപ്പ്ഉണ്ട്. നല്ല സ്വഭാവം. സിനിയുമായിനല്ല ചേർച്ചയും.

“സുധി..മുല്ലമാല എവിടെയാ വച്ചിരിക്കുന്നെ..?” ഏട്ടത്തിതിരക്കിനിടയിൽ കൂടെ വന്നു ചോദിച്ചു.

“ഏട്ടത്തി ,മാല റെഡിയാണ് .ഇപ്പോൾ തന്നെ പോയി വാങ്ങിയിട്ട് വരാം. ”

“സമയം കളയേണ്ട ,വേഗം പോയി വാങ്ങിവാ..” ഏട്ടത്തി തിരക്കിൽ മറഞ്ഞു.

ഭാഗ്യം,മറന്നിരിക്കുകയായിരുന്നു.ഓർമ്മിപ്പിച്ചത് നന്നായി. എവിടെയൊക്കെ ഏടത്തിയുടെ കണ്ണുകൾ ചെല്ലുന്നു എന്നത് അതിശയിപ്പിച്ചു. സുഹൃത്തുമായി ബൈക്കിൽ മാലയും വാങ്ങിവരുമ്പോൾ.. ഏട്ടത്തി ഓടി വന്നു നിന്നതു ബൈക്കിനു മുന്നിൽ ആണ്.മുഖമൊളിപ്പിച്ചു നടക്കാൻ ശ്രമിച്ചു.അതിൽ പരാജയപ്പെട്ടപോലെ അടുത്തു വന്നു.

“സുധി ,എന്നെ എന്റെ വീട് വരെ ഒന്നു വിടണം..” ആ,സ്വരത്തിലെമാറ്റംതിരിച്ചറിഞ്ഞു. ഏട്ടത്തിയുടെ കലങ്ങിയ കണ്ണുകൾ ശ്രദ്ധിച്ചു.

“എന്താ.. ഏട്ടത്തി, എന്തു സംഭവിച്ചു.?”

“ഒന്നും, ഇല്ലെടാ കൊച്ചേ,.. എന്നെ വിട്ടു നീ വേഗം തിരിച്ചു വാ. ഇവിടെ നീ ഉണ്ടാവണം..” കണ്ണുകൾ തുടച്ചു കൊണ്ടു ഏട്ടത്തി തിരക്ക് കൂട്ടി.

“അല്ല, ഏട്ടത്തി ഇപ്പോൾ എവിടെ പോകുന്നു..?

“ഇത്രയും ദിവസം ഇവിടെ കിടന്നു കഷ്ട്ടപ്പെട്ടിട്ട്,..സിനിയുടെ കഴുത്തിൽ താലികേറുന്നത് കാണുവാൻ നിൽക്കാതെപോവുന്നന്നോ ..? അതിനും മാത്രം എന്തു സംഭവിച്ചു ഇവിടെ. ?”

അപ്പോൾ ആണ് സിനിഅവിടേക്ക് ഓടി കിതച്ചു വന്നത്. കല്യാണ പെണ്ണ് ഓടി വരുന്നത് കണ്ടു എല്ലാവരുടെയും കണ്ണുകൾ അവിടെ എത്തി. സിനി കിതച്ചു കൊണ്ടു പറഞ്ഞകാര്യങ്ങൾ കേട്ടു രക്തം തിളച്ചു.

വിവാഹമണ്ഡപത്തിലേക്ക് എത്തിയ ഏട്ടത്തിയെ ചെറുക്കന്റെ അമ്മതടഞ്ഞു. അകാലത്തിൽ വിധവയായസ്ത്രീകൾ മംഗളകാര്യങ്ങളിൽ പങ്കെടുക്കാൻ പാടില്ലത്രേ..!! കുത്തുവാക്കുകൾ പറഞ്ഞു ഒരുപാട്ശകാരിക്കുകയും ചെയ്തു.

ഏട്ടത്തിയുടെ നിറഞ്ഞൊഴുകുന്ന കണ്ണുനീര് കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല. ബലമായി ഏട്ടത്തിയുടെ കൈ പിടിച്ചു മണ്ഡപത്തിൽ എത്തി.

“എല്ലാവരും ,ക്ഷമിക്കുക.. ഈ വിവാഹം നടക്കില്ല..” ഉറച്ച എന്റെ വാക്കുകൾ കേട്ട് മായേച്ചി ഉൾപ്പടെ എല്ലാവരും ഞെട്ടുന്നത് കണ്ടു.

കൂടിയവർ പരസ്പരം നോക്കി പിറുപിറുത്തു. കതിർമണ്ഡപത്തിൽ നിന്നും യദു എഴുന്നേറ്റു വന്നു.

“എന്താ അളിയാ, എന്തുവാ പ്രശ്നം..?” അവന്റെ മുഖം മാറിയിട്ടുണ്ട്.

“നിന്റെ അമ്മയോട് ചോദിക്കു..” യദുഅമ്മയുടെ അടുത്തേക്ക് പോകുന്നത് കണ്ടു.

“എന്താ മോനെ, എന്തുണ്ടായി..?” അമ്മ,കയ്യിൽ പിടിച്ചു .

“അമ്മേ,..ഏട്ടത്തി മംഗളകാര്യങ്ങളിൽ നടക്കുന്ന ഭാഗത്തു വരുവാൻ പാടില്ലത്രേ..!” അല്പം ഉറക്കെ തന്നെയാണ് പറഞ്ഞത്.

“ആണോ..! ആരാ മോനെ അങ്ങിനെ പറഞ്ഞത്..?അവളെ കൂടാതെ എന്റെ കുട്ടിയുടെ താലികെട്ടു ഉണ്ടാവില്ല.ഒരിക്കലും..”അമ്മ കിതയ്ക്കുന്നുണ്ടായിരുന്നു.

ആതുകേട്ടു,അവിടെ കൂടിയവരിൽ മുറുമുറുപ്പ്കൾ ഉയർന്നു.

“അതു ,ചില കീഴ്‌വഴക്കം..ആവുമ്പോൾ..!” പല അഭിപ്രായങ്ങൾ ഉയർന്നു വന്നു.

“ആരാണ് ..ഹേ ,ഈ ആചാരങ്ങൾ കൊണ്ടു വന്നത്..? നമ്മൾ തന്നെ അല്ലെ? ഇതിലും ഭേദം ഭർത്താവിന്റെ ചിതയിൽ ചാടി മരിക്കുകആയിരുന്നു.. അല്ലെ..? ഭർത്താവിന്റെ കാലശേഷം ഭാര്യ ഒരിക്കലും സുഖമായി ജീവിക്കാൻ പാടില്ല എന്ന ആരുടെ യോ വക്രബുദ്ധി യിൽ നിന്നും പുറത്തു വന്നതാണ് അന്നത്തെ സതി അറിയോ നിങ്ങൾക്ക്..?” എല്ലാ കണ്ണുകളും തന്നിൽ തറച്ചു.

“ഭർത്താവ് മരിച്ച സ്ത്രീകൾ ആജീവനാന്തം മരണപ്പെട്ട തന്റെ ഭർത്താവിനെ മാത്രം ഓർത്തുനീറി ,നീറി ആ ജന്മം കഴിയണം എന്നു ഒരു മതഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല. അവളെ യും ആ ഈശ്വരൻ തന്നെയാണ് പടച്ചത്.അവളും മനുഷ്യഗണത്തിൽ പെട്ടത് തന്നെയാണ് എന്നു എല്ലാവരും മറക്കുന്നു. അവൾക്കു ഒരു പേരും ചാർത്തി കൊടുക്കുന്നു ‘വിധവ’. പെണ്ണിന് മാത്രമെന്തേ ആ പേരു വന്നു..? ഭാര്യ മരിച്ച പുരുഷന് എന്തേ പേരില്ലാത്തെ..? സത്യത്തിൽ അതെന്തു നീതിയാണ്…? ഭാര്യ മരിച്ച പുരുഷന് ഭാര്യയുടെ ശവസംസ് ക്കാരം കഴിഞ്ഞ ഉടൻ അടുത്ത വിവാഹത്തിനുള്ള ആലോചനകൾ തുടങ്ങുക യായി..! എന്തേ.. ഇവിടെ രണ്ടു നീതി..? ശരി പെണ്ണിനെ പെണ്ണിന്റെ വഴിക്ക് വിടാം. അപ്പോഴും സദാചാരകമ്മറ്റിക്കാർ വിടുകില്ലല്ലോ. അവൾ ആരോടെങ്കിലും മിണ്ടിയാൽ തീർന്നു.. അവളെ തേവിടിശ്ശിയായി മുദ്ര കുത്തപ്പെടുന്നു.

നിങ്ങൾ പറയൂ ..പിന്നെ അവൾ എന്തു ചെയ്യും..? കറുത്തമനസുള്ള ഈ സമൂഹത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്. ഇതിനു ഒരു മാറ്റം വരണം. മരിച്ച ഭർത്താവിനെ ഓർത്തുനീറികഴിയുന്നവളെ വാഴ്ത്തുകയാണ് വേണ്ടത്.. അല്ലാതെ ഇങ്ങിനെ താഴ്ത്തുകയല്ല വേണ്ടത്..” പറഞ്ഞു നിർത്തി. തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ യദു മുന്നിൽ വന്നുതടസ്സമായി നിന്നു .

“അളിയാ.. ക്ഷമിക്കൂ..അമ്മക്ക് ഇപ്പോൾ ആണ് കാര്യങ്ങൾ മനസ്സിലായത്.അമ്മ വർഷങ്ങൾക്കു മുന്നേ വിധവ ആയതാണ്.അമ്മയെ ഇതു പോലെ കുറെ ഇടങ്ങളിൽ നിന്നും ഇറക്കി വിട്ടിട്ടുണ്ട്.അതിന്റെ നൊമ്പരങ്ങൾഉള്ളിൽ അടക്കിവച്ചുപകയായി തീർന്നതാണ്‌.”

പയ്യന്റെ അമ്മ ഏട്ടത്തിയുടെ അടുത്തേക്ക് വന്നു. ഏട്ടത്തിയുടെ കണ്ണുനീർ തുടച്ചുകൊണ്ടു

“മോള് ക്ഷമിക്ക്‌..ഈ അമ്മക്ക് ഒരബദ്ധം പറ്റിയതാണ്..”

അവർ കൊച്ചു കുട്ടികളെപോലെ മാപ്പിരന്നു.

“അതേ, മുഹൂർത്തം ആയി.. ” കർമ്മി അറിയിച്ചു.

ചെറുക്കന്റെ അമ്മപൂജിച്ച താലിഏട്ടത്തിയുടെ കയ്യിൽ കൊടുത്തു. ഏട്ടത്തിയിൽ നിന്നാണ് വരൻ താലി വാങ്ങി പെണ്ണിന്റെ കഴുത്തിൽ ചാർത്തിയത്.. നാദസ്വരം മുറുകുമ്പോൾ അഭിമാനത്തോടെ നിൽക്കുന്ന ഏട്ടത്തിയുടെ മുഖം കണ്ടപ്പോൾ.. കണ്ണുകൾ വീണ്ടും ഏട്ടന്റെ ഫോട്ടോയിൽ പതിഞ്ഞു. ഏട്ടന്റെ മുഖത്തുഒരു ചിരി മിന്നി മാഞ്ഞുവോ..?

ശുഭം.

രചന : Nizar vh.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters