ആത്മാവിന്റെ നോവുകൾ

രചന : Femina Mohamed ..

രാത്രി , തുറന്നിട്ട ജനലഴികളിൽ കൂടി ഇരുട്ടിനെ വല്ലാത്ത പ്രണയത്തോടെ നോക്കി നിൽക്കുമ്പോൾ കറുത്ത മേഘച്ചുരുളുകൾ തന്റെ അടുത്തേക്ക് വരുന്നതായി ‘നീരജ ‘ ക്ക് തോന്നി . കുറച്ച് സമയം മുൻപ് ഭൂലോകം നടുങ്ങുമാറുച്ഛത്തിൽ ഇടിവെട്ടി പെയ്ത പേമാരിയിൽ നീരജ താമസിക്കുന്ന ഹോസ്റ്റൽ ഉൾപ്പടെ പരിസരമാകെ കറന്റ് പോയി അന്ധകാരമാണ് . ആകെയുണ്ടായിരുന്ന മെഴുകുതിരി വെട്ടം ഒന്നുരണ്ടു പ്രാവശ്യം ആടിയുലഞ്ഞതിനു ശേഷം പുറത്ത് വീശിയ കാറ്റിൽ അണഞ്ഞു .

ഈ കലാലയത്തിൽ പഠിച്ചിരുന്ന കാലത്ത് ഇതേ ഹോസ്റ്റലിൽ രണ്ട് കൂട്ടുകാരികളോടൊപ്പം മറ്റൊരു മുറിയിൽ ആർത്തുല്ലസിച്ചിരുന്നു . അന്ന് വിരളമായി മാത്രം വള്ളിപ്പടർപ്പുകൾ കയറിയ ജനലഴികൾ തുറക്കും . പുല്ലുകളും , മരങ്ങളും നിറഞ്ഞ കാംപസ് ആയത് കൊണ്ട് ഇഴജന്തുക്കൾ ധാരാളമായിരുന്നു . രാത്രി കാലങ്ങളിൽ ചിലപ്പോൾ ‘ഓജോ ബോർഡ് ‘ ഉപയോഗിച്ച് മരിച്ചവരുടെ ആത്മാക്കളെ വിളിച്ചു വരുത്തി പേടിച്ചുറങ്ങിയിരുന്നു .

ഇന്ന് താൻ ‘മധുരപ്പതിനേഴ് ‘ നുണഞ്ഞ് കോളേജിലെത്തിയ ആ പഴയ വിദ്യാർത്ഥിനിയല്ല ; പഠിച്ച കോളേജിൽ തന്നെ പഠിപ്പിക്കാൻ അവസരം യൂണിവേഴ്സിറ്റിയിൽ ചോദിച്ച് വാങ്ങിയ ‘സുവോളജി വിഭാഗം ‘ അദ്ധ്യാപിക .

ഏകാന്തതയെ ഇഷ്ടപ്പെട്ട് താമസത്തിനായി കോളേജ് ഹോസ്റ്റൽ തെരഞ്ഞെടുത്തത് ; യാഥാർത്ഥ്യങ്ങളിൽ നിന്ന് പൊലിഞ്ഞു പോയ സ്വപ്നങ്ങളെ താലോലിക്കാനാണ് . നീരജ സാരിയുടെ മുന്താണി കൊണ്ട് പുറവും തോളും പുതച്ച് ; ജനൽക്കമ്പികളിൽ പിടിച്ച് കനത്ത ഇരുട്ടിലേക്ക് നോക്കി നിന്നു . കിംവദന്തികൾ സത്യമാണെങ്കിൽ ഈ കലാലയത്തിൽ പഠിച്ച് മരണപ്പെട്ടവരുടെ ആത്മാക്കൾ ഇവിടെയുണ്ട് ; അവർ ഒരിക്കലും ഈ പ്രകൃതി ഭംഗി ഉപേക്ഷിച്ച് പോകില്ല .

പുറത്ത് വീശുന്ന തണുത്ത കാറ്റ് പല തവണ അവളുടെ ശരീരത്തെ ആലിംഗനം ചെയ്ത് കുളിരണിയിച്ചു . ‘താൻ തേടി വന്ന ആത്മാവായിരിക്കാം ‘ അത് . സ്വർണ്ണത്തേരിൽ പൂട്ടിയ വെള്ളക്കുതിരകളുടെ അകമ്പടിയോടെ പന്ത്രണ്ട് സംവത്സരങ്ങൾക്ക് മുൻപുള്ള ബിരുദ ക്ലാസുകളിലേക്ക് അവളുടെ ഓർമ്മകൾ പറന്നിറങ്ങി .

അന്നത്തെ കോളേജ് യൂണിയൻ ഫൈൻ ആർട്സ് ഉത്ഘാടനത്തിനാണ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്ന ഒരു സുമുഖൻ ‘ഗിത്താർ ‘ വായിച്ച് വേദി കയ്യടക്കിയത് . മനോഹരമായ സംഗീതത്തിൽ ലയിച്ചിരുന്നപ്പോൾ അവന്റെ പേരു പോലും ഒന്നാം വർഷ ‘സുവോളജി’ ബിരുദ വിദ്യാർത്ഥിനി ആയിരുന്ന താൻ ശ്രദ്ധിച്ചില്ല . ഗിത്താറിന് ജീവൻ നൽകി അവന്റെ കൈകളിലൂടെ കാന്തിക ശക്തി തന്റെ ഹൃദയത്തിലേക്ക് പ്രവഹിക്കുകയായിരുന്നു .

ഒഴിവു സമയങ്ങളിൽ കോളേജിന്റെ തിണ്ണകളിലും , മരച്ചുവടുകളിലും സൊറ പറഞ്ഞിരിക്കുമ്പോൾ തന്റെ കണ്ണുകൾ അവനെ തേടിയിരുന്നു . കൂട്ടുകാർ തന്റെ ആരാധന മനസ്സിലാക്കുമെന്ന ഭയത്താൽ ആരോടും ഒന്നും പറഞ്ഞില്ല . ഒരു ദിവസം , പി.ജി ബ്ലോക്കുകളിൽ നടക്കുമ്പോൾ ഒരു ക്ലാസ് മുറിയിൽ അവൻ ഗിത്താർ മീട്ടുകയാണ് ; അവന് ചുറ്റും വട്ടമിട്ട് കുറേ സുഹൃത്തുക്കൾ . ‘കാമുകിയെ പോലെ നെഞ്ചോട് ചേർത്ത് ‘മീട്ടുന്ന ഗിത്താറിനോട് തനിക്ക് അന്ന് അസൂയ തോന്നി . എത്ര മനോഹരമായാണ് അവൻ അതിന്റെ സാധ്യതകളെ കണ്ടെത്തുന്നത് .

അവനോട് സംസാരിക്കാൻ കൊതിച്ച് ദിവസങ്ങൾ കടന്നു പോകവേ അവിചാരിതമായി ലൈബ്രറിയുടെ വായനാമുറിയിൽ ഏതോ ആനുകാലിക പ്രസിദ്ധീകരണം വായിച്ച് തന്റെ ‘മാന്ത്രികൻ ‘ . ‘ഖലീൽ ജിബ്രാന്റെ ‘ ഒരു പുസ്തകവുമെടുത്ത് താൻ പതുക്കെ അവന്റെ മേശയുടെ എതിർ ദിശയിൽ ഇരുന്നു .

” ചേട്ടന്റെ പേരെന്താ ..?”

” അലി അസ്ഗർ ”

“മുസ്ലിം ആണോ ..?”

” ഞാൻ ഒരു മനുഷ്യൻ .. ”

ഘനഗംഭീരമായ ആ ശബ്ദത്തിന്റെ മാസ്മരികതയിൽ എത്ര സമയം അവിടെ ചിലവഴിച്ചെന്ന് ഒരു നിശ്ചയവുമില്ല..

പിന്നീട് , കോളേജിന്റെ ഇടനാഴികളിലും , മരച്ചുവടുകളിലും ആ ബന്ധം പൂത്തു തളിർത്തു . ഗിത്താറിൽ നിന്ന് ഒഴുകി വരുന്ന സംഗീതത്തിൽ താൻ അന്ന് സ്നാനം ചെയ്തിരുന്നു . മതത്തിന്റെ അതിർവരമ്പുകൾ പൊട്ടിച്ചെറിഞ്ഞ് സ്വർഗ്ഗാനുഭൂതിയിൽ മനസ്സുകൾ കൈമാറി . അനുഗ്രഹീതമായ അവന്റെ വിരലുകൾ ഓമനിച്ച് ; അവനെ സ്പർശിക്കാൻ ഭാഗ്യം ലഭിച്ച ജീവാത്മാവ് ആയി താൻ മാറി .

” എന്നെ എന്തിനാ ഇത്രയും സ്നേഹിക്കുന്നേ ..? ഉപേക്ഷിച്ച് പൊയ്ക്കൂടേ ..?”

തന്റെ ചോദ്യത്തിന് മന്ദസ്മിതം തൂകി ‘അലിക്ക’ പറഞ്ഞ മറുപടി കേട്ട് പുളകിതയായി .

“എന്റെ ജീവൻ പോയാൽ , ആത്മാവ് നിന്നോടൊപ്പമുണ്ടാകും .. എന്റെ ശ്വാസത്തിൽ , ഹൃദയമിടിപ്പുകളിൽ പോലും നീയാണ് നീരജാ ..”

തീവ്രമായി സ്നേഹിക്കുമ്പോഴും , സ്നേഹിക്കപ്പെടുമ്പോഴും ഉണ്ടാകുന്ന നിഷ്കളങ്കതയുടെ ഉന്മാദ രാഗത്തിൽ താൻ ലയിച്ചിരുന്നു . ഭാവങ്ങളൊക്കെയും തൂവൽ പോലെ മൃദുലമാവുന്ന , ഇരവുകളൊക്കെയും പ്രകാശഭരിതമാകുന്ന അവസ്ഥ പ്രണയത്തിലൂടെ ആർജ്ജിച്ച രണ്ട് ആത്മാക്കൾ .

‘ഓർമ്മകളിൽ നിന്നും നീരജ ഞെട്ടി ഉണർന്നു.

ആ വർഷത്തെ ചെറിയ പെരുന്നാൾ ഒരു ശനിയാഴ്ച ആയിരുന്നു..

ജീവിതത്തിൽ ഒരിക്കലും ഓർക്കരുത് എന്ന് മനസ്സ് കേഴുമ്പോഴും മനസ്സിന്റെ ഉൾകോണിൽ ഇരമ്പി അടിക്കുന്ന തിരമാലകൾ പൊലെ ആ ചെറിയ പെരുന്നാൾ ദിനം .

പെരുന്നാളിന് തനിക്ക് പുതുവസ്ത്രം സമ്മാനിക്കാൻ പ്രിയപ്പെട്ടവൻ മറന്നില്ല . മൊബൈലിന്റെ കടന്നുകയറ്റം ഇല്ലാതിരുന്ന കാലമായതിനാൽ ‘പെരുന്നാൾ ആശംസകൾ’ വെള്ളിയാഴ്ച തന്നെ നേർന്നു .

പിറ്റേന്ന് ‘ പെരുന്നാൾ നിസ്ക്കരിച്ച് പള്ളിയിൽ നിന്നിറങ്ങിയ അലിക്കയെ വരവേറ്റത് മരണം എന്ന നായാട്ടുകാരൻ . വർഗീയതയുടെ വെറി പിടിച്ചവർ ആളുമാറി അലിയെ കൊലപ്പെടുത്തുമ്പോൾ ‘ പെരുന്നാൾ നിലാവിന്റെ പൂർണ്ണ ശോഭയോടെ ‘ അവനെ കാത്തിരിക്കുകയായിരുന്നു അന്ന് താൻ കാംപസിലെ മരച്ചുവട്ടിൽ . തന്റെ അധരങ്ങളെ ചുംബിക്കാൻ , മിഴികളെ തലോടാൻ കൊതിച്ചവൻ മണ്ണിനോട് അലിഞ്ഞു ചേർന്നത് ഉൾക്കൊള്ളാനാവാതെ താൻ ; ദിവസങ്ങളോളം അബോധാവസ്ഥയിൽ ആഴത്തിൽ പുതഞ്ഞു .

‘അടുത്ത ജന്മത്തിൽ മറ്റൊരു രൂപത്തിലും , ഭാവത്തിലും വരാൻ കൊതിച്ച ‘ഇക്ക ‘യുടെ ആത്മാവിനെ തേടി ആദ്യം തന്റെ പിറന്നു വീണ നാടും വീടും ഉപേക്ഷിച്ച് എന്നും താങ്ങായി കൂടെ നിന്ന മാതാപിതാക്കളുടെ സമ്മതത്തോടെ ഇക്കയുടെ വാപ്പയുടേയും , ഉമ്മയുടേയും അരികിലെത്തി . പ്രണയബന്ധത്തിന്റെ തീവ്രതയാൽ അനശ്വര സ്വർഗ്ഗം പുൽകിയ തന്റെ ‘ഇക്കയുടെ ആത്മാവ് ‘ അദ്ദേഹത്തിന്റെ കാലടിപ്പാടുകൾ പതിഞ്ഞ ഈ മണ്ണിലും വീട്ടിലുമുണ്ടാകും . മാതാപിതാക്കളുടെ ഒരേയൊരു മകൻ ; ആ മിഴികൾക്കുള്ളിലെ പ്രണയാഗ്നി അന്ന് അണഞ്ഞിരുന്നില്ല .

തന്റെ പഠനം ; ‘അലിക്ക’യുടെ മാതാപിതാക്കളുടെ മകളായി അവരോടൊപ്പം താമസിച്ച് ബിരുദവും , ബിരുദാനന്തര ബിരുദവും , ഡോക്ടറേറ്റും ‘ആത്മാവിന്റെ സാന്നിദ്ധ്യത്തിൽ ‘ നേടിയെടുത്തു .

‘അലി അസ്ഗറി’ന്റെ ആത്മാവെന്ന് നീരജ വിശ്വസിച്ച തണുത്ത കുളിർ കാറ്റ് വീണ്ടും ആ ഹോസ്റ്റൽ മുറിയിൽ അവളെ തഴുകി ; വിറക്കുന്ന കൈകളോടെ അവൾ ജനൽക്കമ്പികളിൽ മുറുകെ പിടിച്ചു . ഇവിടെ അദ്ദേഹത്തിന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാൻ കൊതിച്ചവൾ ഉള്ളപ്പോൾ ; അലിയുടെ ആത്മാവും ആ മരക്കൂട്ടങ്ങൾക്കിടയിലുണ്ട് .

ഹോസ്റ്റൽ മുറിയിൽ പ്രിയമുള്ള സന്തത സഹചാരിയായി നീരജയുടെ കൂടെയുള്ള അലിയുടെ ഗിത്താർ ; ആ തണുത്ത കുളിർമ്മയുള്ള കാറ്റ് ഗിത്താറിന്റെ തന്ത്രികളിൽ സ്പർശിച്ച് മനോഹരമായ സംഗീതം ഉത്ഭവിക്കുന്നത് പോലെ അവൾക്ക് തോന്നി . നീരജ ഗിത്താറിൽ രാവിലെ വച്ച പനിനീർപ്പൂക്കൾ ഇപ്പോഴും വാടിയിട്ടില്ല .

കാലം ; മണ്ണിൽ മഴയായും , വസന്തമായും വിരിയുമ്പോൾ പരസ്പരം അലിയാതെ പോയ മനസ്സുകൾ ആത്മാവിന്റെ ലോകത്ത് സംഗമിക്കുമ്പോൾ , രാത്രിയിൽ അറിയാതെ തഴുകുന്ന കാറ്റിൽ ‘അലി അസ്ഗറി’ന്റെ ആത്മാവിന്റെ സ്പർശനം എപ്പോഴും അവളുടെ നിദ്രകളെ പ്രകാശിതമാക്കുന്നു .

രചന : Femina Mohamed ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters