രചന:- Dr. Anitha Vijayan
കല്യാണത്തിന് വേണ്ടി അരിഞ്ഞുവെച്ച പച്ചക്കറികൾ കുഴിച്ചുമൂടുകയാണ്. പാചകം ചെയ്തു പോയ ഭക്ഷണവും കുഴിച്ചുമൂടുകയല്ലാതെ മറ്റു നിവർത്തിയില്ല.
ഇളയച്ഛന്റെ നിലവിളിച്ചുള്ള കരിച്ചിൽ ഇങ്ങ് അടുക്കളയിലിരുന്ന എനിക്കുപോലും കേൾക്കാം.
എന്റെ ജീവിതത്തിലെ വില്ലൻ ആയിരുന്നിട്ടും, അയാളുടെ നെഞ്ചുപൊട്ടുന്ന തേങ്ങിക്കരച്ചിലിൽ എന്റെ കണ്ണും അറിയാതെ നനച്ചു.
എവിടെ പോയി ഇളയച്ഛന്റെ അന്തസ്സ്? എവിടെപ്പോയി ഇളയച്ഛന്റെ ആത്മാഭിമാനം?
ഇന്ന് ഇളയച്ഛന്റെ മകൾ പാർവതിയുടെ വിവാഹ ദിവസമായിരുന്നു. കല്യാണത്തലേന്ന് സ്വർണവും പണവുമായി പാർവ്വതി കാമുകൻറെ കൂടെ ഒളിച്ചോടിപ്പോയി.
അടുക്കളയിലുള്ള ചില സ്ത്രീകൾ പറയുന്നുണ്ടായിരുന്നു അനിതയോട് ചെയ്തതിന് ദൈവം കൊടുത്ത ശിക്ഷയാണിത്..
സ്വപ്നങ്ങളുടെ ലോകത്ത് ജീവിച്ചിരുന്ന എൻറെ പതിനഞ്ചാം വയസ്സിൽ പ്രലോഭനങ്ങളിൽ വഴുതി വീണുപോയി ഞാൻ. പ്രണയം അധ്യാപകനോട് ആയപ്പോൾ എന്റെ നിഷ്കളങ്കതയെ ചൂഷണം ചെയ്ത് ഗർഭിണിയാക്കി കടന്നുകളഞ്ഞു അരുൺ രാജ് എന്ന സ്കൂൾ അധ്യാപകൻ.
തെറ്റുപറ്റിപ്പോയി, ഒരിക്കലും തിരുത്താൻ പറ്റാത്തതാണെന്ന് അറിയാം. അതിന് എനിക്ക് നഷ്ടപ്പെടുത്തിയത്….. കുടുംബം….. നാട്…… ഭാഷ.
കുടുംബത്തിൻറെ അന്തസ്സും ആത്മാഭിമാനവും നഷ്ടപ്പെടുത്താൻ ആവില്ലെന്നു പറഞ്ഞ്.. എന്നെ ഇളയച്ഛൻ പേപട്ടിയെ തല്ലുന്നതുപോലെ തല്ലിചതച്ച് കുടുംബത്തിൽ നിന്നും നാട്ടിൽ നിന്നും വേരോടെ പിഴുതെടുത്ത് തമിഴ്നാട്ടിൽ കൊണ്ടുവിട്ടു.
തമിഴ്നാട്ടിൽ മനോരോഗവിദഗ്ധനായ പുരുഷോത്തമൻ ഭാഗ്യലക്ഷ്മി ദമ്പതികൾക്ക്. ഒരു ദത്തുപുത്രിയായി പിന്നീടുള്ള കാലം ഞാൻ ജീവിച്ചു. പതിനാറാം വയസ്സിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകി.
വിവാഹവാഗ്ദാനം നൽകി കടന്നുകളഞ്ഞ അരുൺ രാജ് എന്നെങ്കിലുമൊരിക്കൽ എനിക്കൊരു ജീവിതം തരും എന്ന വിശ്വാസത്തിൽ ഒരുപാട് കാലം കാത്തുനിന്നിരുന്നു ഞാൻ.
വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു എന്റെ മകൾക്കിപ്പോൾ പതിമൂന്ന് വയസ്സായി.
ഇപ്പോൾ അയാളോട് എനിക്ക് വെറുപ്പാണ് അറപ്പാണ്. മകളുടെ അവകാശവും പറഞ്ഞ് ജീവിതത്തിലൊരിക്കലും അയാളെ കൺമുന്നിൽ എത്തിക്കരുതെ എന്നു മാത്രമാണ് എന്റെ പ്രാർത്ഥന.
കല്യാണത്തിന് ക്ഷണിച്ചവർ ഓരോരുത്തരായി വന്നു തുടങ്ങിയിരിക്കുന്നു.. പലരോടും മറുപടി പറഞ്ഞ് പറഞ്ഞ് മടുത്തു. ഇനിയും ആ വീട്ടിൽ ഇരുന്നാൽ എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നി.
മകളെയും കൂട്ടി അവിടെ നിന്നും ഇറങ്ങി.
എൻറെ മകൾ ആതിര..
അവളോട് ഒന്നും മിണ്ടാതെ വണ്ടി ഓടിക്കുകയായിരുന്നു. ആതിര എന്നോട് പറഞ്ഞു … അമ്മയുടെ ടെൻഷനും വെപ്രാളവും കണ്ടാൽ ഞാനോ മറ്റോ ആണ് പോയതെന്ന് തോന്നുമല്ലോ?.
അവളുടെ ആ വാക്കുകൾ ശരിക്കും എൻറെ മനസ്സിൽ തറച്ചു. വണ്ടിനിർത്തി ഞാനവളോട് ചോദിച്ചു. നീ എന്നെ വിട്ടു പോകുമോ മോളെ..
എൻറെ ചോദ്യം കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു. ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ പൊട്ടിക്കരയാൻ തുടങ്ങി.. ഞാനവളെ എന്നോട് ചേർത്ത് പിടിച്ചു.. നെറ്റിയിൽ മുത്തം വച്ചു. എന്നിട്ടും അവളുടെ സങ്കടം തീർന്നില്ല.. അമ്മേ ഞാൻ പർവ്വതിചേച്ചി അല്ലമ്മെ.. ശ്വാസമടക്കിപ്പിടിച്ച് ഏങ്ങി കരഞ്ഞു കൊണ്ട് അവൾ അതു പറഞ്ഞപ്പോൾ ഞാനും കരഞ്ഞുപോയി.
ഒരുമണിക്കൂറോളം ഉള്ള യാത്രയ്ക്കൊടുവിൽ വീട്ടിലെത്തി.. അച്ഛനും അമ്മയും ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു.
ഇളയച്ചനും അച്ഛനും അത്ര സ്വരച്ചേർച്ചയിലല്ല. അതുകൊണ്ടുതന്നെ അച്ഛനും അമ്മയും പാർവ്വതിയുടെ വിവാഹത്തിന് വന്നിരുന്നില്ല.
ആതിരയെ കിട്ടിയാൽ അച്ഛന് പിന്നെ മറ്റോന്നും വേണ്ട. അവളുടെ കൂടെ പന്ത് കളിച്ചും ഓലകൊണ്ട് പലതരം വസ്തുക്കൾ ഉണ്ടാക്കിയും തല്ലു പിടിച്ചും ബഹളമായിരുന്നു. അതൊക്കെ കണ്ട് അമ്മ വല്ലാതെ ചിരിക്കുന്നുണ്ടായിരുന്നു..
ഞാൻ അച്ഛനോട് പറഞ്ഞു.. അച്ഛാ…. അവൾ കൊച്ചുകുഞ്ഞൊന്നും അല്ല.. വലിയ പെണ്ണായി..
അത് കേട്ടപാടെ അച്ഛന്റെ വക ആദ്യം തെറി കിട്ടി “നീ പോടി…” ആതിര ദേഷ്യത്തോടെ പറഞ്ഞു മുത്തച്ഛാ അമ്മയ് കുശുമ്പാണ് ” കുശുമ്പി അഞ്ചുസേ…”
അവൾക്ക് ദേഷ്യം വന്നാലും സ്നേഹം വന്നാലും എന്നെ വിളിക്കുന്ന പേരാണ് അഞ്ചു..
അന്നുരാത്രിയിൽ നല്ല കാറ്റും മഴയും ആയിരുന്നു. പെട്ടെന്നുതന്നെ കറണ്ട് പോയി.. അച്ഛൻ ഒരു മണ്ണെണ്ണ വിളക്കും കത്തിച്ച് ഉമ്മറത്തെ ചാരുകസേരയിൽ ഇരിപ്പായി.. ഒരു വാലു പോലെ കൂടെത്തന്നെ ആതിരയും.
അച്ഛൻറെ മടിയിൽ തല ചായ്ച്ച് അവൾ ഇരിപ്പു തുടങ്ങി കൂടെ അമ്മയും ഉണ്ടായിരുന്നു.
എൻറെ കുട്ടിക്കാലത്ത് കുസൃതികളും അബദ്ധങ്ങളും പറഞ്ഞ്, അമ്മയും അച്ഛനും ചിരിക്കുകയായിരുന്നു. അത് കേട്ട് ചിരി അടക്കിവെക്കാൻ കഴിയാത്ത വാവിട്ടു ചിരിക്കാൻ ആതിരയും.
അമ്മയുടെയും അച്ഛന്റെയും മുഖത്തെ സന്തോഷം കണ്ടപ്പോൾ. ജീവിതത്തിൽ എനിക്ക് നഷ്ടപ്പെട്ട എന്തൊക്കെയോ തിരിച്ചു കിട്ടിയതുപോലെ തോന്നി.
നേരം ഒരുപാട് ഇരട്ടിയെങ്കിലും മഴയും നോക്കി ഞാൻ ഉമ്മറത്ത് തന്നെ ഇരുന്നു. അകത്തുനിന്നും അമ്മയുടെയും ആതിരയുടെയും സംസാരം കേൾക്കാമായിരുന്നു.
പെട്ടെന്ന് അച്ഛൻ എന്റെ അടുത്ത് വന്നിരുന്നു. വിറക്കുന്ന സ്വരത്തിൽ അച്ഛൻ എന്നോട് പറഞ്ഞു. മോളും നിന്നെപ്പോലെ വായാടി ആണ്. തിരിച്ചു പോകരുത് എന്നു പറയാൻ ഈ അച്ഛന് അവകാശമില്ല എന്ന് അറിയാം. എങ്കിലും നീയും മോളു കൂടെയുണ്ടായിരുന്നു എങ്കിൽ എന്ന് സ്വാർത്ഥനായി പോകുകയാണ് ഈ അച്ഛൻ.
അച്ഛൻറെ ആ വാക്കുകൾക്ക് മറുപടി പറയാൻ സാധ്യമല്ല. കാരണം ഈ നാടുകടത്തപ്പെട്ട മകളെയും കാത്ത് തമിഴ്നാട്ടിൽ ഒരമ്മയും അച്ഛനും ഇരിപ്പുണ്ട്. വളർത്തച്ഛനും അമ്മയും ആണെങ്കിലും.. എന്റെ അച്ഛനമ്മമാരെക്കാൾ അച്ഛാ അമ്മാ എന്ന് വിളിച്ചത് ആവരെയാണ്.
പിറ്റേന്ന് ഒരുപാട് കണ്ണീരോടെ അച്ഛനും അമ്മയും ഞങ്ങളെ യാത്ര അയച്ചു.
കേരളത്തിൽ പോയാൽ പുതിയൊരു കമ്മല് വാങ്ങിത്തരാമെന്ന് ആതിരയ്ക്ക് പ്രോമിസ് കൊടുത്തതായിരുന്നു. ആരു മറന്നാലും ഈ ലോകം തന്നെ അടി മറഞ്ഞാലും അവളു മറക്കില്ല..
പാലക്കാട് എത്തിയപ്പോൾ അവളുടെ നിർബന്ധപ്രകാരം ഒരു ജ്വല്ലറിയിൽ കയറി. ജ്വല്ലറിയുടെ അകത്തു കടന്നെങ്കിലും ആതിര പുറത്തു തന്നെ നോക്കുന്നുണ്ടായിരുന്നു.
ഞാൻ അവളോട് തിരക്കി എന്താ മോളേ ഇത്ര നോക്കാൻ?
അമ്മേ… പുറത്തുനിൽക്കുന്ന വാച്ച്മാനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്. അത് കേട്ടയുടൻ ഞാൻ അവളെ കളിയാക്കി… ഓ.. പിന്നെ സ്വന്തം നാട്ടുകാരെ കണ്ടാൽ മനസ്സിലാകാത്ത പെണ്ണാണ്…. പാലക്കാട് കിടക്കുന്ന ആളെ അറിയാം എന്ന്.
അവൾക്ക് കമ്മലും വാങ്ങി പുറത്തിറങ്ങി. അപ്പോഴും അവൾ ആ വാച്ച്മാനെ തന്നെ നോക്കുന്നുണ്ടായിരുന്നു. ആരാണ് അയാൾ? അപ്പോഴാണ് ഞാൻ അയാളെ ശ്രദ്ധിച്ചത്.
എന്റെ സർവ നാഡീഞരമ്പുകളും തളർന്നുപോയി അത് അരുൺരാജ് ആയിരുന്നു.. മെലിഞ്ഞുണങ്ങി മുടിയൊക്കെ വെളുത്ത് വളരെ പ്രായം ചെന്ന ആളെ പോലെ ആയിരുന്നു. ഞാൻ ആതിരയേയും കൂട്ടി പെട്ടെന്നുതന്നെ കാറിൽ കയറി
എന്നെക്കണ്ടതും അരുൺ രാജ് വേഗത്തിൽ ഓടി വരുന്നുണ്ടായിരുന്നു. കാർ വേഗത്തിൽ മുന്നോട്ടേടുക്കാൻ ഡ്രൈവറോട് പറഞ്ഞെങ്കിലും അപ്പോഴേക്കും അരുൺരാജ് വണ്ടിക്കു മുന്നിൽ ചാടിവീണു.
എന്നോട് ക്ഷമിക്കൂ എന്നോട് ക്ഷമിക്കൂ എന്നു പറഞ്ഞു അയാൾ വണ്ടിയുടെ മുന്നിൽ നിന്ന് നിലവിളിക്കുന്നുണ്ടായിരുന്നു. റോഡിന്റെ ഇരുവശത്തുമുള്ള ആൾക്കാർ ശ്രദ്ധിച്ചുതുടങ്ങി… വണ്ടി പിറകോട്ട് എടുത്ത് വളരെ വേഗത്തിൽ പോകാൻ ഡ്രൈവറോട് പറഞ്ഞു.
പിറകോട്ട് എടുത്ത കാർ വളരെ വേഗത്തിൽ മുന്നോട്ടുനീങ്ങി. എന്നിട്ടും അരുൺരാജ് വണ്ടിയുടെ പിന്നാലെ ഓടി വരുന്നുണ്ടായിരുന്നു.
ഡ്രൈവർ എന്നോട് പറയുന്നുണ്ടായിരുന്നു ഇങ്ങനെ കുറെ തട്ടിപ്പുകൾ നടക്കുന്നുണ്ട് സൂക്ഷിക്കണമെന്ന്.
ഞാൻ അതെ എന്ന തരത്തിൽ തലയാട്ടി. ആതിര പിറകോട്ടു നോക്കിക്കൊണ്ട് പറയുന്നുണ്ട്. അമ്മ അയാൾ റോഡിലിരുന്ന് കരയുന്നുണ്ട് അമ്മേ..
ഞാനവളോട് പറഞ്ഞു കണ്ട ഭ്രാന്തന്മാരെ ഒന്നും നോക്കാതെ മര്യാദയ്ക്ക് ഇരിക്ക് ആതിരേ…
ജനിപ്പിച്ചത് കൊണ്ട് ആരും അച്ഛൻ ആകുന്നില്ല.. അച്ഛൻ എന്ന വാക്ക് കേൾക്കാൻപോലും യോഗ്യനല്ല ആരുൺ രാജ്. അല്ലെങ്കിലും ആരാണയാൾ? അവിവാഹിതയായ എന്റെ ഭർത്താവോ?
ആഴ്ചകൾ ഏറെ കഴിഞ്ഞു.. എനിക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലാകാത്ത ഒരു കാര്യം ഉണ്ട്. രക്തം രക്തത്തെ കണ്ടപ്പോൾ തിരിച്ചറിഞ്ഞ ആ നിമിഷം.. അരുൺ രാജിനെ എങ്ങിനെ എൻറെ മകൾക്ക് കണ്ടു മറന്ന മുഖമായി തോന്നി..
ഞാൻ പഠിച്ച സൈക്കോളജിക്കപ്പുറം ഭൂമിയിലെ ജീവജാലങ്ങളെ നിയന്ത്രിക്കുന്നതിൽ ദൈവത്തിന്റെ വലിയ കരങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ദൈവം എനിക്കു മുന്നിൽ തെളിയിച്ചു തന്ന നിമിഷങ്ങളായിരുന്നു അത്.
മാസം ഒന്നു കഴിഞ്ഞേ ഉള്ളൂ പാർവതി ഒരു ദിവസം എന്നെ ഫോൺ ചെയ്തു.. സഹിക്കാവുന്നതിനും അപ്പുറം സഹിച്ചുവെന്നും പാർവ്വതി ഒളിച്ചോടിച്ചെന്ന കാമുകൻ ശരത്തിന്റെ വീട്ടിൽ എന്നും അവഗണനയും കുറ്റപ്പെടുത്തലുകളും ആണ് എന്നും. ശരത്തിന് പഴയതുപോലെ സ്നേഹിക്കാനും ഒന്നും സമയമില്ല അടുത്തിരുന്ന് സംസാരിക്കാൻ പോലും കൂട്ടാക്കുനില്ല. ചത്തുകളയാം എന്ന് പോലും തോന്നി എന്നും സങ്കടം പറയാനും എന്നെ ആശ്വസിപ്പിക്കാനും എനിക്കാരുമില്ല ചേച്ചി എന്നു പറഞ്ഞ് അവൾ പൊട്ടിക്കരഞ്ഞു.
അമ്മയുടെ മുലപാലിനേക്കാൾ മധുരം കാമുകന്റെ വാക്കുകൾക്ക് ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ട്. ഏത് അർദ്ധരാത്രിയിൽ വിളിച്ചാലും മാതാപിതാക്കളെയും കുടുംബത്തെയും വിട്ട് മുന്നും പിന്നും ചിന്തിക്കാതെ ചാടി പുറപ്പെടുന്ന പുതുതലമുറയിലെ സഹോദരിമാരെ ഓർക്കുമ്പോൾ സഹതാപമാണ് തോന്നുന്നത്.
സ്നേഹം നിറഞ്ഞ സഹോദരിമാരേ.. പ്രണയിക്കുന്നത് തെറ്റാണെന്ന് ഞാൻ പറയുന്നില്ല.. പ്രണയിച്ചയാളേ സ്വന്തമാക്കാൻ മാതാപിതാക്കളെ വലിച്ചെറിഞ്ഞ് പോകുമ്പോൾ നിനക്ക് നഷ്ടമാകുന്ന് ഒരിക്കലും നിന്നെ കൈവിടില്ല എന്ന് ഉറപ്പുള്ള രണ്ട് ജന്മങ്ങളെ ആണ്.
ഈ സന്ദേശം ഓരോ സഹോദരിമാർക്കും പാഠമായിരിക്കട്ടെ തേപ്പുകാരിയെന്നോ തേപ്പുപെട്ടി എന്നോ സമൂഹം വിളിച്ചു പരിഹസിച്ചോട്ടെ.. സ്വന്തം ജീവിതം തേഞ്ഞ്പോകാതെ സൂക്ഷിക്കുക…
രചന:- Dr. Anitha Vijayan