ജീവിതത്തിൽ വലിയ സ്വപ്നങ്ങൾ കാണുന്ന ഒരു കൊച്ചു ജീവിതമാണ് അവൾ ആഗ്രഹിച്ചത്…

രചന: ഷെഫി സുബൈർ

അരി രണ്ട് കിലോ. പഞ്ചസാര ഒരു കിലോ. തേയില ഇരുനൂറ്റമ്പത് . കടുക് നൂറ്. വെളിച്ചെണ്ണ അര കിലോ. ബാർ സോപ്പ് ഒന്ന്. സാധനങ്ങളുടെ പേരു പറഞ്ഞ് പേപ്പർ കവറിൽ പൊതിഞ്ഞു അവളുടെ കൈയ്യിലേക്ക് വെച്ചു ക്കൊടുക്കുമ്പോൾ ആരും കേൾക്കാതെ ഞാൻ അവളോടു പറഞ്ഞു. നാളെ ഞായറാഴ്ചയാണ്. രാവിലെ ക്ഷേത്രത്തിൽ പോകാൻ നേരം കാണണം ട്ടോ..!

തലയാട്ടിക്കൊണ്ടു ഒരു ചിരിയോടെ അവൾ നടന്നകന്നു. വല്ലപ്പോഴും അവളെ കുറച്ചടുത്തു കാണാൻ കിട്ടുന്ന സമയമാണ് ഈ കടയിലേക്കുള്ള വരവ്. ഒരു തട്ടി ത്രാസ്സിന്റെ അപ്പുറം അവളും ,അതിനിപ്പുറം ഞാനും. ഞങ്ങളുടെ പ്രണയത്തിന്റെ ഇടയ്ക്ക് ത്രാസ്സിന്റെ ചങ്ങല കിലുക്കവും.

പിന്നെ വല്ലപ്പോഴും ഒന്നിച്ചുള്ള ക്ഷേത്രത്തിൽ പോക്കും. അന്നു രാവിലെത്തെ എന്റെ ഒരുക്കം കാണുമ്പോഴെ അനിയത്തി കളിയാക്കി തുടങ്ങും. ഏട്ടൻ അമ്പലത്തിൽ പോകുന്നത് ഭഗവാനേ കാണാനല്ലേ ? അല്ലാതെ അമ്പലത്തിൽ വരുന്നവർ ഏട്ടനെ കാണാനല്ലല്ലോ ? അതെന്താടി നീ അങ്ങനെ പറഞ്ഞത് ? ഏട്ടന്റെ ഈ ഒരുക്കം കണ്ടപ്പോൾ ചോദിച്ചു പോയതാണേ…!

നാട്ടു വഴിയിലൂടെ സൈക്കിളുമുന്തി ഞാനും, വിശേഷങ്ങൾ പറഞ്ഞു അവളും നടക്കും. ആ നടത്തത്തിനിടയിൽ അവൾ ഒരുപാടു സംസാരിക്കുമായിരുന്നു. അതിൽ പരിഭവവും, സ്വപ്നങ്ങളുമെല്ലാം നിറഞ്ഞിരിന്നു.

അതേയ്.. കടയിൽ വെച്ചുള്ള ശൃംഗാരമൊന്നും വേണ്ടാട്ടോ. ആരെങ്കിലും കണ്ടാൽ ഇനി അതുമതി. അങ്ങനെ തുടങ്ങി വിവാഹ ജീവിതത്തെക്കുറിച്ചു വരെ അവൾ സംസാരിക്കുമായിരുന്നു.

ഒരിക്കൽപ്പോലും ചെറിയ വരുമാനമുള്ള ഈ ജോലിയോപ്പറ്റിയോ, വലിയ സങ്കല്പങ്ങളെപ്പറ്റിയോ അവൾ പറയുമായിരുന്നില്ല.

വിവാഹം കഴിഞ്ഞു ആദ്യത്തെ ശമ്പളം കിട്ടുമ്പോൾ എനിയ്ക്കൊരു വെള്ളിക്കൊലുസ്സ് വാങ്ങിത്തരണം. ഇതായിരുന്നു അവൾ പറഞ്ഞ ഏറ്റവും വലിയ ആഗ്രഹം.

ഈ ചെറിയ വരുമാനത്തിലും സന്തോഷത്തോടെ ജീവിയ്ക്കണം. ഓടിട്ട ചെറിയൊരു വീട്. നീളൻ വരാന്ത. ആ വരാന്തയിൽ രാത്രി ഏട്ടന്റെ സൈക്കിളിന്റെ വെട്ടവും നോക്കി കാത്തിരിക്കണം. ആ തറയിലിരുന്നു ഏട്ടന്റൊപ്പം അത്താഴം കഴിയ്ക്കണം.

എന്നിട്ടു നിലാവിനെ നോക്കി വലിയ വലിയ സ്വപ്നങ്ങൾ കാണണം. ഏട്ടൻ ജീവിതത്തിന്റെ പ്രാരാബ്ദ്ധങ്ങൾ പറയുമ്പോൾ എല്ലാം ശരിയാകുമെന്നു പറഞ്ഞു ആശ്വസിപ്പിക്കണം.

അങ്ങനെ പ്രാരാബ്ദ്ധങ്ങൾ നിറഞ്ഞ ജീവിതത്തിൽ വലിയ സ്വപ്നങ്ങൾ കാണുന്ന ഒരു കൊച്ചു ജീവിതമാണ് അവൾ ആഗ്രഹിച്ചത്.

അതായിരുന്നു അവളുടെ ഭഗവാന്റെ തിരുമുമ്പിലെ പ്രാർത്ഥനയും….!

വർഷങ്ങൾ പലതു കഴിഞ്ഞു.

അവളുടെ കാലിലെ വെള്ളിക്കൊലുസ് കറുത്ത് തുടങ്ങിയിരിക്കുന്നു. ഇന്നലെയും അലക്കു കല്ലിനു മുകളിൽ ബാർ സോപ്പും ബ്രഷും വെച്ചു ഉരച്ചു കഴുകുന്നത് കണ്ടതാണ്. എന്നിട്ടും പുതിയൊരെണ്ണം വാങ്ങി തരാൻ ഒരിക്കൽപ്പോലും അവൾ ആവശ്യപ്പെട്ടിട്ടില്ല.

അവളുടെ ആഗ്രഹങ്ങൾ ഇന്നും വഴിക്കണ്ണുമായി രാത്രിയിൽ സൈക്കിൾ വെട്ടം നോക്കിയിരിക്കുന്ന ആ പാവം പെണ്ണിൽത്തന്നെ ഒതുങ്ങി നിൽക്കുന്നു….!

രചന: ഷെഫി സുബൈർ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters