രചന: Akshaanthari Aravind Pothuval
“എന്നാലുമെന്റെ നന്ദനേ … ഹരി ഇത്തരക്കാരനാണെന്ന് ഒരിക്കലും ഞാൻ വിചാരിച്ചില്ല. നിനക്കെന്തിന്റെ കുറവുണ്ടായിട്ടാ.. കാണാൻ ചന്തമുണ്ട്, നല്ലൊരു ജോലിയും ഉണ്ട്..എന്നിട്ടും അവന് നിന്നെയിട്ടേച്ച് വേറൊരുത്തീടെ കൂടെ പോവാൻ എങ്ങനെ തോന്നി !! വൃത്തികെട്ട ജന്തു ”
നന്ദന തലയുയർത്തി നോക്കി. ഇന്ദു നിർത്താനുള്ള ഭാവമില്ലാതെ പിന്നെയും പതം പറഞ്ഞുകൊണ്ടിരുന്നു. “ഇതിപ്പോ കെട്ടിയവന്മാർ ഓരോ അവളുമാരുടെ കൂടെ പോയാലും ആൾക്കാരൊക്കെ ഭാര്യമാരെ അല്ലേ കുറ്റം പറയൂ. നിന്റെ പിടിപ്പുകേട് കൊണ്ടാണെന്നേ എല്ലാരും പറയൂ. അല്ല, എന്റേം അനിലേട്ടന്റേം കാര്യം തന്നെ നിനക്കറിഞ്ഞൂടെ?? അനാവശ്യമായി ഒരു വഴക്കോ പിണക്കമോ ഒന്നും ഉണ്ടാവാറില്ല ഞങ്ങൾക്കിടയിൽ. അനിലേട്ടൻ എനിക്ക് തരുന്ന സ്നേഹം ഇരട്ടിയാക്കി ഞാൻ തിരിച്ചു കൊടുക്കുന്നുണ്ട്. എല്ലാ ആണുങ്ങളും അനിലേട്ടനെ പോലെ ആവില്ലല്ലോ. ” നന്ദന ഇന്ദുവിന്റെ മുഖത്തേക്ക് നോക്കി. സഹതാപം വാരി നിറച്ചു വെച്ചിരിക്കുന്ന ഇന്ദുവിന്റെ മുഖം കണ്ട് നന്ദനക്ക് കലി വരാൻ തുടങ്ങി. പണ്ടേ അവൾ അങ്ങനെയാണ് കൊള്ളും കോളും വെച്ച് കുത്തി നോവിക്കുന്ന വർത്താനം അല്ലാതെ നാവിൽ നിന്ന് വരില്ല. “എന്നാലും ഇതു പോലൊരു വൃത്തികെട്ടവനെ ആണല്ലോ ഞങ്ങൾ സുഹൃത്തായി കണ്ടതും വീട്ടിൽ വിളിച്ചിരുത്തിയതുമൊക്കെ. ഹോ ” ഇന്ദുവിന്റെ മുഖമടച്ച് ഒരെണ്ണം കൊടുക്കാൻ തോന്നിയെങ്കിലും നന്ദന സ്വയം നിയന്ത്രിച്ചു. “കഴിഞ്ഞോ ഇന്ദു നിന്റെ നാടകം?? ” “നാടകമോ??? എന്ത് നാടകം?? ”
“ഇന്ദൂ..ഹരിയേട്ടന് വേറൊരു പെണ്ണുമായി റിലേഷൻ ഉണ്ടായിരുന്നു, എന്നെ വിട്ട് അവളുടെ കൂടെ പോയി എന്നത് നേരാണ്. പക്ഷേ അതിനും മുന്നേ, എന്നുവെച്ചാൽ ഒരു അഞ്ചാറ് മാസം മുൻപ് വരെ നീയും ഹരിയേട്ടനും കൂടി ഫോണിൽ രാത്രി പാതിരക്കും ചാറ്റ് ചെയ്തിട്ടില്ലേ?? അനിലും തുമ്പി മോളും ഇല്ലാത്ത സമയങ്ങളിൽ ഹരിയേട്ടൻ നിന്നെ കാണാൻ നിന്റെ ഫ്ലാറ്റിൽ വരാറുണ്ടായിരുന്നില്ലേ?? അന്ന് അതേച്ചൊല്ലി തുടങ്ങിയതാണ് ഞങ്ങൾക്കിടയിലെ സ്വരച്ചേർച്ച. അന്ന് അകന്നുപോയതാണ് ഞങ്ങളുടെ മനസുകൾ.. ഞാൻ കള്ളം പറയുന്നതാണെന്ന് വേണമെങ്കിൽ നിനക്ക് സമർത്ഥിക്കാം. പക്ഷേ നിങ്ങളുടെ ചാറ്റിന്റെ സ്ക്രീൻഷോട്ട് മുഴുവൻ എന്റെ കയ്യിൽ ഉണ്ട്. എന്റെ കയ്യിൽ മാത്രം അല്ല നിന്റെ അനിലേട്ടന്റെ കയ്യിലും ഉണ്ട്. ” നന്ദന പറഞ്ഞു നിർത്തി ഇന്ദുവിനെ നോക്കി.. വിളറി വെളുത്ത് പ്രേതത്തെ പോലെ ആയിരുന്നു ഇന്ദു. “തീർന്നില്ല.. അനിൽ ഇതേക്കുറിച്ച് നിന്നോടൊരു വാക്ക് പോലും ചോദിക്കാത്തത് തുമ്പി മോളെ ഓർത്തിട്ടാണ്. അച്ഛനും അമ്മയും വഴക്കിടുന്നത് കണ്ട് ആ കുഞ്ഞ് തകർന്നുപോവാതിരിക്കാൻ വേണ്ടിയാണ്. അതുകൊണ്ട് മോളേ ഇന്ദു.. അറ്റ്ലീസ്റ്റ് എന്റെയും നിന്റെ ഭർത്താവിന്റെയും മുന്നിലെങ്കിലും നീ ഈ പതിവ്രതാ നാടകം അഭിനയിക്കരുത്. വേറൊന്നും കൊണ്ടല്ല നിന്റെ അഭിനയം കാണുമ്പോ മുഖത്ത് കാർക്കിച്ചു തുപ്പാനാ തോന്നുന്നെ..പിന്നെ.. ഹരിയേട്ടൻ എന്നോട് ചെയ്തത് ചതിയാണ്. അതേ ചതി തന്നെയാണ് നീയും ചെയ്തത്. എന്നെ മാത്രമല്ല, നിന്നെ ജീവന് തുല്യം സ്നേഹിച്ച നിന്റെ ഭർത്താവിനെയും മോളെയും എല്ലാം നീ ചതിച്ചു. ഇവിടെ വന്നപ്പോ നീ എന്തൊക്കെയോ പ്രസംഗിക്കുന്നുണ്ടായിരുന്നല്ലോ.. ഇപ്പൊ എന്തേ ഒന്നും പറയാനില്ലേ?? ” “നന്ദന.. ഞാൻ.. സംഭവിച്ചു പോയി.. നീ എന്നോട് ക്ഷമിക്കണം.. എനിക്ക്.. എനിക്ക്… ” ഇന്ദു വാക്കുകൾക്കു വേണ്ടി പരതുന്നത് കണ്ട് നന്ദനയുടെ മുഖത്ത് പരിഹാസം നിറഞ്ഞു. ” എന്റെ സ്നേഹം അനുഭവിക്കാൻ അർഹതയില്ലാത്ത ഒരാൾ എന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോയി.അത്രേ ഞാൻ കരുതുന്നുള്ളൂ. അതിന്റെ പേരിൽ ഞാൻ കരഞ്ഞു കണ്ണീരൊലിപ്പിച്ച് ഇരിക്കാനൊന്നും പോവുന്നില്ല.അന്തസ്സായി ജീവിച്ചു കാണിക്കും. ജയിച്ചു കാണിക്കും. പിന്നെ നിന്നോട് എനിക്ക് പറയാനുള്ളത്.. ഇപ്പൊ ഈ വീടിന്റെ പടി നീ ഇറങ്ങിയാൽ പിന്നീടൊരിക്കലും ഇങ്ങോട്ട് വരരുത്. എന്റെ കണ്മുന്നിൽ പോലും വരരുത് നീ ”
” നന്ദന.. ഞാൻ.. നീ എനിക്ക് മാപ്പ് തരണം.. മാപ്പു തന്നു എന്നൊന്ന് പറയ് നന്ദന.. . പ്ലീസ് നന്ദന. ഒന്ന് പറയ് എനിക്ക് മാപ്പു തന്നെന്ന്. ”
“എന്തിന്റെ പേരിലാടീ ഞാൻ നിന്നോട് ക്ഷമിക്കേണ്ടത്? എന്റെ ജീവിതം തകർത്തതിന്റെ പേരിലോ? ഈ ജന്മം എനിക്കതിനു കഴിയില്ല. പുഴുത്ത പട്ടിയെ കാണുന്നതിനേക്കാൾ അറപ്പാണ്.. വെറുപ്പാണ് എനിക്ക് നിന്നോട്. ഇറങ്ങിപ്പോടി എൻറെ വീട്ടീന്ന് ” നന്ദനയുടെ ആഞ്ഞുള്ള തള്ളലിൽ പുറത്തേക്കു വീണുപോയ ഇന്ദുവിനു പുറകിൽ ആ വീടിന്റെ വാതിൽ വലിയ ശബ്ദത്തോടെ അടഞ്ഞു… ലൈക്ക് കമന്റ് ചെയ്യണേ…
രചന: Akshaanthari Aravind Pothuval