രചന :- അലി അക്ബർ തൂത……
കോഴിക്കോട് നിന്നും ഒരാവശ്യത്തിന് പോയി തിരിച്ച് വരുമ്പോൾ അക്കു പരമാവധി സ്പീഡിലായിരുന്നു വണ്ടി ഓടിച്ചിരുന്നത്.
കാരണം അക്കുവിന് പെണ്ണു കാണാനായി അവന്റെ സുഹൃത്തുക്കൾ വീട്ടിൽ കാത്തുനിൽക്കുകയായിരുന്നു. അവരാണെങ്കിൽ ഫോണിൽ വിളിച്ച് വിളിച്ച് ഒരു സ്വൈര്യവും തരുന്നില്ല.
അക്കു ഫോണിൽ സംസാരിച്ചുകൊണ്ട് പോരുകയായിരുന്നു
പെട്ടെന്നാണ് അത് സംഭവിച്ചത് ഒരു പെൺകുട്ടി വണ്ടിക്ക് കുറുകെ ഓടി റോഡ് മുറിച്ച് കടക്കുന്നത് ശ്രദ്ധയിൽപെട്ടത്. ബ്രേക്കിൽ അവൻ ആഞ്ഞു ചവിട്ടി എങ്കിലും വണ്ടി നിന്നില്ല അവളെയും ഇടിച്ചുതെറിപ്പിച്ചു കൊണ്ട് അൽപം ദൂരം പോയാണ് വണ്ടി നിന്നത്.
ആ പെൺകുട്ടി റോഡിൽ രക്തത്തിൽ കുളിച്ച് കിടക്കുന്നു.ഇത് കണ്ടുനിൽക്കാനാകാതെ അവൻ കണ്ണുകൾ ഇറുക്കി അടച്ച് നിന്നു.
അക്കു സമനില വീണ്ടെടുത്ത് കണ്ണുതുറന്നു നോക്കുമ്പോൾ ഒരു ജനക്കൂട്ടം അവനെ തല്ലാൻ വരുന്നു.
” നിങ്ങൾ എന്നെ തല്ലാൻ നിൽക്കാതെ വേഗം പോയി പെൺകുട്ടിയെ വണ്ടിയിൽ കയറ്റൂ അവളെ പെട്ടെന്ന് ഹോസ്പിറ്റൽ എത്തിക്കാം”
അക്കു വിളിച്ചു പറഞ്ഞു.
ചിലർ അവളെ വാരിയെടുത്ത് അക്കു വിന്റെ വണ്ടിയിലേക്ക് കയറ്റി.
ഹോസ്പിറ്റലിലേക്ക് അവളെയും കൊണ്ടു പോവുമ്പോൾ അക്കു അവൾക്കൊന്നും പറ്റരുതേ എന്ന് മനമുരുകി പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
അങ്ങനെ ഹോസ്പിറ്റലിൽ എത്തി. ക്യാഷാലിറ്റിയിലേക്ക് അവളെ കയറ്റി.
അക്കുവിനെയും കാത്ത് പുറത്ത് ഒരു പട തന്നെ നിൽക്കുന്നുണ്ട്. അക്കു വിനെ തല്ലാനായിട്ടായിരുന്നു അവരുടെ നിൽപ്.
ഭാഗ്യത്തിന് അക്കുവിന്റെ സുഹൃത്ത് ആ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്നു.
അക്കു വേഗം അവനെ വിളിച്ച് നടന്നതെല്ലാം പറഞ്ഞു. എങ്ങനെയെങ്കിലും വന്ന് ഇവിടെ നിന്ന് രക്ഷിക്കണമെന്നും പറഞ്ഞു.
അവൻ വേഗം വന്ന് അക്കുവിനെ പിന്നിലുള്ള വഴിയിലൂടെ പുറത്തിറക്കി.
അക്കു അവന്റെ കയ്യിലുള്ള പതിനായിരം രൂപ കൂട്ടുകാരനെ ഏൽപിച്ച് അത്യാവശ്യ കാര്യങ്ങൾ ചെയ്യാൻ വേണ്ടി പറഞ്ഞു.
അക്കുവിന്റെ കാറും കൂട്ടുകാരന്റെ സഹായത്തോടെ അവിടെനിന്നും മാറ്റി പുറകിലുള്ള വഴിയിലെത്തിച്ചു. അങ്ങനെ അക്കു ഒരു വിധം വീട്ടിലെത്തി.
ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന അക്കുവിന്റെ കൂട്ടുകാരൻ അക്കുവിനെ വിളിച്ചു.
ഇവിടുത്തെ സ്ഥിതി വളരെ മോശമാണ് അവളുടെ ഓപ്പറേഷൻ ചെയ്യാൻ അമ്പതിനായിരം രൂപ വരുമെന്നും അതിനുള്ള വക അവളുടെ വീട്ടിൽ നിലവിലില്ലെന്നും അവൾക്ക് ആകെയുള്ളത് ഒരു ഉമ്മയാണെന്നും അവരും സുഖമില്ലാതെ കിടക്കുക്കയണെന്നും എല്ലാം കൂട്ടുകാരൻ അറിയിച്ചു.
വാതത്തിൽ കുഴഞ്ഞ് കുറേ നാൾ കിടന്ന് ഉപ്പ മരിച്ചിരുന്നു.
ഉപ്പയെ ചികിത്സിച്ച കടം തന്നെ വീട്ടാൻ പാടുപെടുകയാണ്.
കൂട്ടുകാരനിൽ നിന്നും ഇത്രയും വിവരമറിഞ്ഞപ്പോൾ അക്കുവിന്റെ മനസ്സിൽ എന്തെന്നില്ലാത്ത വേദന അനുഭവപ്പെട്ടു.
അക്കു വേഗം പെങ്ങളെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു.
പെങ്ങൾ പറഞ്ഞു
“ഇക്കാക്ക എനിക്കാണ് ഇങ്ങനെ സംഭവിച്ചിരുന്നതെങ്കിൽ നിങ്ങൾ എന്നെ അവിടെ ആക്കി ഒളിച്ചോടി പോരുമോ അവളും ഒരു പെണ്ണല്ലേ ആരുമില്ലാത്ത കുട്ടിയല്ലേ അവളെ ശുശ്രൂഷിക്കാൻ ആരുമില്ലാതെ കിടക്കുകയാണല്ലോ ഞാൻ പോയി അവളെ ഞാൻ നോക്കാം.. ഇക്ക അതിനുള്ള ഏർപ്പാട് ചെയ്യ്”
അങ്ങനെ ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി.
അക്കു കട്ടിലിൽ കിടന്ന അവളെ നോക്കി.
ഇരുനിര നിറമാണെങ്കിലും നല്ല ചന്തമുള്ള മുഖം. കണ്ണിന് നല്ല തിളക്കം ഇത്രയൊക്കെ സംഭവിച്ചിട്ടും അവളുടെ ചിരിക്ക് ഒരു മങ്ങലും ഏറ്റിട്ടില്ല.
അവളോട് അവന് വല്ലാത്ത സഹതാപം തോന്നി.
അങ്ങനെ ഹോസ്പിറ്റലിൽ ഓപ്പരേഷനുള്ള ബില്ല്കെട്ടി.
അക്കുവിന്റെ പെങ്ങൾ ഒരു സഹോദരിയെ പോലെ ആ പെൺകുട്ടിയെ പരിചരിക്കാൻ തുടങ്ങി.
“പേരെന്താ?”
അവളുടെ അഴിഞ്ഞുലഞ്ഞ മുടി കെട്ടി കൊടുക്കുമ്പോൾ അക്കു വിന്റെ പെങ്ങൾ ചോദിച്ചു.
“നാസിയ ”
“നല്ല വേദനണ്ടല്ലേ?”
“ഉം… എന്റെടുത്താണ് തെറ്റ് ഞാൻ വണ്ടി ശ്രദ്ധിക്കാതെ ഓടിയതാണ്”
അപ്പോഴേക്കും നാസിയയുടെ വയ്യാത്ത ഉമ്മ വിവരമറിഞ്ഞ് ഒരു ഓട്ടോ വിളിച്ച് ഹോസ്പിറ്റലിൽ എത്തി.
മകളുടെ അവസ്ഥ കണ്ട് ആ ഉമ്മ പൊട്ടിക്കരഞ്ഞു.
അക്കു പറഞ്ഞു.
“നിങ്ങള് ഒന്നുകൊണ്ടും ഭയപ്പെടേണ്ട എല്ലാം നമുക്ക് ശരിയാക്കാം പടച്ചവൻ നമുക്ക് കൂടെയുണ്ടായിരിക്കും ”
ഹോസ്പിറ്റലിൽ കൂട്ടുനിൽക്കാൻ അക്കു വിന്റ പെങ്ങൾ ഉണ്ടെന്ന് പറഞ്ഞപ്പോൾ ഉമ്മയുടെ മുഖത്ത് ആശ്വാസത്തിന്റെ വെളിച്ചം തെളിഞ്ഞു.
നാസിയയുടെ ഓപ്പറേഷൻ വിജയകരമായി നടന്നു. പക്ഷേ നടക്കുമ്പോൾ വലതുകാലിന് ഒരു ചതുക്കൽ വരുമെന്ന് ഡോക്ടർ പറഞ്ഞു.
എന്നാലും നാസിയ ദൈവത്തോട് നന്ദി പറഞ്ഞു.
ഇത്രയും പൈസ ചെലവാക്കാനും ഈ രൂപത്തിൽ നടക്കാൻ കഴിയാനും ആവുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല.
രാത്രി ഭക്ഷണം കൊണ്ട് അക്കു ചെന്നപ്പോൾ ചതുക്കി ചതുക്കി നടക്കുന്ന നാസിയയെയാണ് കണ്ടത് കൂടെ പെങ്ങളും. ഒരു നിമിഷം അവന്റെ കാറിന് കുറുകെ ഓടി വന്ന നാസിയയുടെ രൂപം അക്കുവിന്റെ മനസ്സിലേക്കോടിയെത്തി.
“കഷ്ടം തന്നെ… ഇങ്ങനെ ഒരവസ്ഥയിൽ നടക്കേണ്ടി വന്നല്ലോ.. ” അവൻ മനസ്സിൽ പറഞ്ഞു.
അങ്ങനെ അവർ ഡിസ്ചാർജ് ചെയ്ത് പോവുന്നവരെ അക്കുവും പെങ്ങളും കൂടെ നിന്നു.
നാസിയയെയും ഉമ്മയെയും അവരുടെ വീട്ടിലാക്കി അക്കുവും പെങ്ങളും തിരിച്ച് വീട്ടിലെത്തി.
അന്ന് മുടങ്ങിയ കല്യാണാലോചനയ്ക്കുള്ള തിരക്കിലാണ് ‘ അക്കു വിന്റെ വീട്ടുകാരും കൂട്ടുകാരും. എന്തുകൊണ്ടോ അക്കു വിന്റെ മനസ്സിൽ ആ കല്യാണാലോചനക്ക് താൽപര്യം തോന്നിയില്ല. അവന്റെ മനസ്സിൽ മുഴുവൻ ചതുങ്ങി ചതുങ്ങി നടക്കുന്ന നാസിയയായിരുന്നു.
നല്ല രീതിയിൽ നടക്കാൻ കഴിയാത്ത നാസിയയെ ഇനി ആരു കല്യാണം കഴിക്കാനാണ്..? ഇതിനു കാരണക്കാരനായ ഞാൻ തന്നെയല്ലേ അതിനു നല്ലത് ..?
അക്കു അങ്ങനെ ചിന്തിക്കാൻ തുടങ്ങി.
അക്കു ആദ്യം പെങ്ങളോട് തന്റെ ആഗ്രഹം പറഞ്ഞു. പിന്നെ അവർ രണ്ട് പേരും അത് വീട്ടിൽ അവതരിപ്പിച്ചു.
പക്ഷേ അക്കുവിന്റെ ഉപ്പാക്കും ഉമ്മാക്കും ഒരു താൽപര്യവുമുണ്ടായിരുന്നില്ല.
അക്കുവിന്റെ ഉപ്പ പറഞ്ഞു.
“ഇനി ആ സഹതാപത്തിന്റെ ആവശ്യമൊന്നൂല്ല.. ഇത്രയും നാൾ നീ സമ്പാദിച്ചതൊക്കെയും ആ പേരും പറഞ്ഞ് ചില വഴിച്ചതും എന്റെ മോളെ ഒരു മാസം ഹോസ്പിറ്റലിൽ നിർത്തി ആ കുട്ടിയെ പരിചരിച്ച് വീട്ടിൽ കൊണ്ടാക്കിയതും മതി. അത് തന്നെ ധാരാളം അതിൽ കവിഞ്ഞ സഹതാപം ഒന്നും വേണ്ട”
അക്കു പറഞ്ഞു.
ഉപ്പാ.. എന്റെ പെങ്ങൾക്കാണ് ഈ അവസ്ഥ വന്നെങ്കിലോ…? ഉപ്പാക്ക് ഇങ്ങനെ ചിന്തിക്കാൻ കഴിയോ?
“അതെ ഉപ്പാ.. ഇക്കാക്ക പറഞ്ഞതാണ് ശരി.. ആ കുട്ടിയുടെ ഉപ്പയും മരിച്ചതാണ് അവർക്കാരുമില്ല. ആ കുട്ടി ജോലിക്ക് പോയാണ് ആ കുടുംബം ജീവിച്ചിരുന്നത് തന്നെ ”
മകന്റെയും മകളുടെയും മനസ്സലിവ് കണ്ടപ്പോൾ ഉമ്മയുടെ കണ്ണ് നിറഞ്ഞു.
അവർ ഉപ്പയോട് പറഞ്ഞു.
“എന്റെ മക്കളെ അള്ളാഹു കൈ വെടിയില്ല. അവർ വിചാരിച്ചത് നടക്കട്ടെ.. നിങ്ങൾ ഇനി എതിര് പറയണ്ട… നിരാലംബർക്ക് ആശ്രയം നൽകേണ്ടത് നമ്മുടെ ഒക്കെ കടമയാണ്”
ഒരു വർഷത്തിനുശേഷം അങ്ങനെ അക്കുവും നാസിയയും തമ്മിലുള്ള വിവാഹം നടന്നു .
ഇന്ന് അവൾ അക്കുവിന്റെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞ് ചെയ്യുന്നവളാണ് .അക്കുവും കുടുംബവും വളരെ സന്തോഷത്തിലാണ്. പരിഭവമോ പരാതിയോ ഇല്ലാതെ ആ കുടുംബത്തിനു വേണ്ടിയാണ് നാസിയ ജീവിക്കുന്നത്.
അക്കവും കുടുംബവും ആണ് ഇന്ന് അവളുടെ ലോകവും. തിരിച്ചു അക്കുവിന്നും അങ്ങനെ തന്നെ.
……………………………..
രചന :- അലി അക്ബർ തൂത……