സ്ത്രീത്വം…

രചന :- ദീപ്തി……

ഇരുളിലേക്ക് നോക്കി കിടക്കവെ വീണയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി . ഈ രാവു പോലെ തന്റെ ജീവിതവും ഇരുള്‍ നിറഞ്ഞത് അവള്‍ തിരിച്ചറിയുകയായിയുന്നൂ. സമയം എത്രയായെന്നു ഒരു നിശ്ചയോമില്ല. എന്തു തീരുമാനം എടുക്കണം എന്നും അറിയില്ല. വൈകുന്നേരം ജോലി കഴിഞ്ഞു വന്നപ്പോള്‍ കയറി കിടന്ന കിടപ്പാണ്. ഭക്ഷണം കഴിക്കാന്‍ വിളിക്കാന്‍ അമ്മ വന്നിരുന്നു. തലവേദനയാണെന്നു പറഞ്ഞു ഒഴിഞ്ഞപ്പോള്‍ അച്ഛനും വന്നു. മുടിയില്‍ തലോടി അല്‍പനേരം അടുത്തിരുന്നു…. എന്തോ മാനസികപ്രയാസം തന്നെ അലട്ടുന്നതായി തോന്നിയിട്ടാകാം അമ്മ ഇടയ്ക്കിടെ വന്നു നോക്കുന്നുണ്ടായിരുന്നു… അവസാനം വഴക്കു പറഞ്ഞാണ് ഉറങ്ങാന്‍ പറഞ്ഞയച്ചത്.

ചില തെറ്റുകള്‍ ചിലപ്പോള്‍ സ്വയം ഏറ്റെടുക്കേണ്ടി വരും. അതിന് ഉത്തരവാദി മറ്റൊരാളാണെങ്കില്‍ പോലും. എവിടെയാണ് തനിക്ക് പിഴച്ചത്.. ജീവിതത്തിന്‍റെ താളം തെറ്റിയത്. എവിടെ വെച്ചാണ് താന്‍ വഴിമാറി സഞ്ചരിച്ചു ഈ ഇരുളുനിറഞ്ഞ പാതയില്‍ എത്തിചേര്‍ന്നത്.

മിഴികള്‍ ചേര്‍ത്തടച്ചപ്പോള്‍ ആരോ ചിട്ടയോടെ അടുക്കി പെറുക്കി വെച്ചത് പോലെ ദൃശ്യങ്ങള്‍ ഓരോന്നായി മിന്നി മറഞ്ഞൂ.

കുട്ടികാലം എന്നും ഒറ്റപെട്ടതായിരുന്നു. അച്ഛനും അമ്മയ്ക്കും ഒറ്റമകളായിരുന്നു. .തനിക്കതില്‍ ലവലേശം വിഷമം ഇല്ലായിരുന്നു താനും. കാരണം അമ്മയുടെ നിഴലായ് നടക്കാനായിരുന്നു അന്നും ആഗ്രഹം. മറ്റുകുട്ടികള്‍ കളിച്ചു മറിയുമ്പോള്‍ അമ്മയുടെ സാരിത്തുമ്പില്‍ മുഖമൊളിപ്പിച്ചു അതു നോക്കി നില്‍ക്കും. ഒരിക്കലും കൂടെ ചേരാന്‍ തോന്നിയിട്ടില്ല.

ജോലി കഴിഞ്ഞു അച്ഛന്‍ എത്തും വരെ അമ്മയുടെ സാരിത്തുമ്പ് വിടാത്ത താന്‍ അച്ഛന്‍ എത്തിയാല്‍ പിന്നെ അച്ഛന്‍റെ നിഴലാണ്. അമ്മ അത് ഇടയ്ക്കിടെ പരാതിയായി പറയാറുണ്ട്.

കുറച്ചു കൂടി മുതിര്‍ന്ന ക്ലാസുകളില്‍ എത്തിയപ്പോഴാണ് മറ്റുള്ള കുട്ടികളുടെ മാതാപിതാക്കളെക്കാള്‍ തന്റെ അച്ഛനും അമ്മയും കുറച്ചു കൂടി പ്രായമേറിയതാണെന്നു മനസ്സിലായത്. ഒരിക്കല്‍ പ്രോഗ്രസ് കാര്‍ഡ് ഒപ്പിടാന്‍ അച്ഛന്‍ എത്തിയപ്പോള്‍ ” വീണയുടെ ആരാണ് അത്” എന്നു ടീച്ചര്‍ ചോദിച്ചു.. അച്ഛനാണെന്നു പറഞ്ഞപ്പോള്‍ ആ കണ്ണുകളില്‍ നിറഞ്ഞ അവിശ്വസനീയത കണ്ടപ്പോള്‍ ടീച്ചറിനോട് കാര്യം തിരക്കി.. കണ്ടാല്‍ വീണയുടെ അച്ഛനാണെന്നു പറയില്ല എന്നു പറയുമ്പോള്‍ ടീച്ചറുടെ കണ്ണുകളില്‍ ഒരു അരുതായ്ക ഉണ്ടായിരുന്നു. കുട്ടിയായ എന്നോട് പങ്കുവെയ്ക്കേണ്ടതല്ല ഇതൊന്നും എന്ന തോന്നലായിരിക്കാം ..

അന്നു വൈകുന്നേരം തന്നെ വീട്ടിലെത്തിയപ്പോള്‍ അമ്മയോടു കാര്യം പറഞ്ഞു.

വിടര്‍ന്ന ചിരിയോടെ തന്നെ ചേര്‍ത്തു പിടിച്ചു കൊണ്ട് അമ്മ പറഞ്ഞു.

”’ അമ്മയും അച്ഛനും ഒരുപാട് കാലം ഈശ്വരനോട് പ്രാര്‍ത്ഥിച്ചു കിട്ടിയതാണ് അമ്മുവിനെ. അതാണ് അമ്മൂന്‍റെ ടീച്ചര്‍ അങ്ങനെ ചോദിച്ചത്. അച്ഛനെയും അമ്മയെയും ചൂണ്ടികാട്ടാന്‍ അമ്മൂന് മോശം തോന്നുണ്ടോ. ”

അമ്മയുടെ നിഷ്കളങ്കത നിറഞ്ഞ ചോദ്യത്തിന് കവിളില്‍ ഒരു മുത്തമായിരുന്നു മറുപടി .

അന്നു മാത്രമല്ല ഒരിക്കല്‍ പോലും അച്ഛനെയും അമ്മയെയും ചേര്‍ത്തു പിടിക്കാന്‍ തനിക്ക് മടിയുണ്ടായിരുന്നില്ല എന്നതാണ് സത്യം..

കുറച്ചു കൂടി മുതിര്‍ന്നപ്പോഴാണ് ജീവന്‍ പണയം വെച്ചാണ് അമ്മ തനിക്കു ജന്മം നല്‍കിയ കഥകള്‍ അറിഞ്ഞത്. ഒരിക്കലും മക്കള്‍ക്കായി ശ്രമിക്കരുതെന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തള്ളികളഞ്ഞു കൊണ്ടുള്ള ഒരു ഭാഗ്യപരീക്ഷണം ആയിരുന്നു തന്റെ ജനനം.

അത് അറിഞ്ഞപ്പോള്‍ അവരോടുള്ള ഇഷ്ടം കൂടിയതേയുള്ളു. അവര്‍ക്കു വേണ്ടി തിരിയിട്ടു തെളിയിച്ച വിളക്കാണ് താന്‍. ജീവിതകാലം മുഴുവന്‍ അവരുടെ ജീവിതത്തില്‍ വെളിച്ചം പകരണം ഇത് അന്നെടുത്ത തീരുമാനം ആണ്.അതുകൊണ്ട് ആണ് ഇന്നും താന്‍ ജീവനോടെ ഇരിക്കുന്നത്.

ജീവിതപുഴ വളരെ ശാന്തമായും താളാത്മകമായും ഒഴുകുന്നതിനിടയിലാണ് അപ്രതീക്ഷിതമായ മലവെള്ള പാച്ചില്‍ പോലെ അവന്‍ തന്റെ ജീവിതത്തിലേക്ക് എത്തിയത്.

പി. ജിക്ക് ചേര്‍ന്ന സമയത്താണ് കലേഷിനെ കണ്ടുമുട്ടുന്നത്.

കോളേജിലേക്ക് തിടുക്കത്തില്‍ നടന്ന തന്നെ എന്തോ തട്ടിയതിനെ തുടര്‍ന്നാണ് തെറിച്ചു റോഡില്‍ വീണത്. ബാഗും ചോറു പാത്രവും റോഡില്‍ ചിതറി..

” സോറി ..സോറി.. കണ്ണില്‍ പൊടി വീണപ്പോള്‍ ബൈക്ക് കൈയ്യില്‍ നിന്നും പോയതാണ്.. എന്തെങ്കിലും പറ്റിയോ. ..”’

വീണു കിടന്ന തന്നെ പിടിച്ചെഴുന്നേല്‍പിച്ചു കൊണ്ടാണ് അയാള്‍ ചോദിച്ചത്… കൈയ്യിലോ കാലിലോ എവിടെയൊക്കെയോ നീറുന്നുണ്ട്.. ശരീരം മുഴുവന്‍ വേദന.. പിടിച്ചെഴുന്നേല്‍പിച്ചു എങ്കിലും വേച്ചു വേച്ചു വീഴാന്‍ പോയ തന്നെ പിടിച്ചു റോഡിന്‍റെ സൈഡിലേക്ക് മാറ്റിയിരുത്തി ബാഗും പുസ്തകങ്ങളും എടുത്തു ഒരു വണ്ടി വിളിച്ചു ഹോസ്പിറ്റലില്‍ കൊണ്ടു പോയി. അച്ഛനെ വിവരം അറിയിക്കാന്‍ നമ്പര്‍ ചോദിച്ചപ്പോള്‍ എത്രയും വേഗം വീട്ടിലെത്തിയാല്‍ മതിയെന്നു താന്‍ ആവശ്യപെടുകയായിരുന്നൂ.

ആശുപത്രീയില്‍ ആണെന്നു പറഞ്ഞൂ വിളിച്ചാല്‍ അച്ഛനുണ്ടാകുന്ന മാനസികസംഘര്‍ഷം മനസ്സില്‍ കണ്ടു തന്നെയാണ് അത് പറഞ്ഞത്. രണ്ടുമണിക്കൂര്‍ കഴിഞ്ഞു ഹോസ്പിറ്റലില്‍ നിന്നും ഇറങ്ങിയപ്പോള്‍ തനിച്ചു പോകേണ്ടെന്നു പറഞ്ഞു കൂടെ വന്നു..

വീട്ടിലെത്തി അമ്മയെ ആശ്വസിപ്പിച്ചു ക്ഷമ ചോദിച്ചു.

”നല്ല പയ്യന്‍ ” അമ്മയുടെ ആത്മഗതം മനസ്സിലെവിടെയോ കൊണ്ടൂ. ഇടിച്ചു തെറിപ്പിച്ചു പോകുന്ന മനുഷ്യര്‍ക്കിടയില്‍ ഒരു വ്യത്യസ്തന്‍ .

കൂടികാഴ്ചകള്‍ പല തവണയായപ്പോള്‍ എപ്പോഴോ പരിചയം പ്രണയത്തിലേക്ക് വഴി മാറി. വീട്ടിലെ സാഹചര്യം എല്ലാം അറിഞ്ഞു ,മനസ്സിലാക്കിയ പ്രണയം.

കലേഷിന്‍റെ വീട്ടില്‍ അച്ഛനും അമ്മയും ചേട്ടനും അനിയത്തിയും ഉണ്ട്. അയാള്‍,ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നൂ. അത്യാവശ്യം സാമ്പത്തികം .. ഒരു ജോലി ലക്ഷ്യം വെച്ചു പഠിക്കുന്ന തനിക്ക് പൂര്‍ണ്ണ പിന്‍തുണയേകി കലേഷ് കൂടെ നിന്നപ്പോള്‍ തന്റെ ഭാഗ്യമായി കണക്കാക്കി.

നീണ്ടനാലു വര്‍ഷത്തെ പ്രണയം. ബാങ്ക് ടെസ്റ്റ് പാസായി ജോലിക്ക് കയറിയപ്പോള്‍ അനിയത്തിയുടെ വിവാഹശേഷം നമ്മുടെ വിവാഹാലോചന മുന്നോട്ടു കൊണ്ടുപോകാം എന്നു കലേഷ് പറഞ്ഞു..

അത് ന്യായമായ ആവശ്യമായതിനാല്‍ താനും സമ്മതിച്ചു…

ഇടയ്ക്കിടെ വെറുതെ പാര്‍ക്കിലോ മറ്റോ പോയിരുന്നുള്ള കൊച്ചു വര്‍ത്തമാനത്തിനപ്പുറം ഒന്നും തങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ല.. രണ്ടു മാസം മുന്‍പ് ഒരു കാറുമായാണ് കലേഷ് പതിവ് കറക്കത്തിന് എത്തിയത്. അന്നു വീടുവരെ പോകാം എന്നു കലേഷ് ഇങ്ങോട്ടു ആവശ്യപെടുകയായിരുന്നു.. വിവാഹത്തിന് മുന്‍പ് വീട്ടില്‍ വരുന്നത് ശരിയല്ലെന്നു പറഞ്ഞൊഴിഞ്ഞതാണ്.. താന്‍ ഈ നൂറ്റാണ്ടിലല്ലേ ജീവിക്കുന്നതെന്നു കളിയാക്കി കൂടെ കൂട്ടി..

ചെന്നപ്പോള്‍ അവിടേ ആരും ഉണ്ടായിരുന്നില്ല. കാര്യം പറഞ്ഞു ഇരിക്കുന്നതിനിടയിലാണ് കലേഷ് തന്റെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചത്. ആദ്യം തന്നെ നിരുല്‍സാഹപെടുത്തി പോകാന്‍ തുടങ്ങിയ തന്നെ അനുനയിപ്പിക്കാനായി ശ്രമം..

അതു നടക്കില്ലെന്നു മനസ്സിലാക്കി ബലപ്രയോഗത്തിലൂടെ തന്നെ കീഴ്പെടുത്തുമ്പോള്‍ കലേഷിനെ മനസ്സില്‍ നിന്നും ഇറക്കി വിട്ടു..

ഒരു അവസരം വരുമ്പോള്‍ തകരാനുള്ള പ്രണയം മാത്രമേ അയാളില്‍ ഉണ്ടായിരുന്നുള്ളു എന്ന തിരിച്ചറിവ് ഒരു നടുക്കം സൃഷ്ടിച്ചൂ..എല്ലാം കഴിഞ്ഞൂ അയാള്‍ കുറേ മാപ്പ് പറഞ്ഞെങ്കിലും എനിക്കു അയാളെ അംഗീകരിക്കാന്‍ കഴിഞ്ഞില്ല.അയാളോട് അവസാനമായി യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍ ജീവിതം ഒരു കടംങ്കഥയായി തോന്നീ.. ജീവിക്കണോ മരിക്കണോ എന്നറിയാത്ത അവസ്ഥ.

തെറ്റൊന്നും ചെയ്യാത്ത താന്‍ മരിച്ചാല്‍ അച്ഛനും അമ്മയും ..??? അവര്‍ക്കാരാണ് ഉള്ളത്. ചിന്തകള്‍ നേര്‍വഴി നയിച്ചപ്പോള്‍ താന്‍ ജീവിതം തിരഞ്ഞെടുത്തു.

കലേഷ് കോണ്ടാക്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും താന്‍ അവഗണിച്ചു..ഇനിയും അയാളെ വിശ്വസിക്കുവാന്‍ മനസ്സ് കൂട്ടാക്കിയില്ല.. അല്ലെങ്കിലും ഒരിക്കല്‍ തകര്‍ന്ന വിശ്വാസം ഒരിക്കലും പഴയപോലെ തിരിച്ചു വരില്ല.. അല്ലെങ്കില്‍ അങ്ങനെയാണെന്നു അഭിനയിക്കണം..ഒരൂ ജീവിതം തുടങ്ങും മുന്‍പ് അഭിനയം അസാധ്യമായിരുന്നു.

ജീവിതം വീണ്ടും പഴയപോലെ ശാന്തതയില്‍ എത്തിയപ്പോഴാണ് അടുത്ത വെള്ളിടി..

കടുത്ത ക്ഷീണവും ഛര്‍ദ്ദിയും കാരണമാണ് കൂട്ടുകാരി നീതുവിനെയും വിളിച്ചു ഹോസ്പിറ്റലില്‍ പോയത്. സംശയം തോന്നിയ ഡോക്ടര്‍ യൂറിന്‍ ടെസ്റ്റ് ചെയ്തു റിപ്പോര്‍ട്ട് പോസിറ്റീവ് ആണെന്നു പറഞ്ഞപ്പോള്‍ ലോകം കീഴ്മേല്‍ മറിഞ്ഞ പോലെ തോന്നി.

അവിവാഹിതയായ താന്‍ ഗര്‍ഭിണിയാണെന്നു അറിഞ്ഞാല്‍ അച്ഛന്റെയും അമ്മയുടെയും അവസ്ഥ. സമൂഹം തനിക്കു തരുന്ന പേര് എന്തു ചെയ്യണം എന്നറിയാതെയായി തന്റെ വയറ്റില്‍ ഒരു കുഞ്ഞുണ്ടെന്നു അറിഞ്ഞപ്പോള്‍ അതിനോട് ഒട്ടും സ്നേഹം തോന്നിയില്ല.. കലേഷിന്‍റെ മുഖം ഓര്‍മ്മയില്‍ വന്നപ്പോള്‍ വെറുപ്പ് കൂടി.

പരിചയമുള്ള ഡോക്ടര്‍ ആയതുകൊണ്ട് കാര്യങ്ങള്‍ തുറന്നു പറഞ്ഞു അവിടെ നിന്നും ഇറങ്ങുമ്പോള്‍ നീതു ഉപദേശിച്ചു.

” വീണേ.. നീ വാശി മാറ്റി വെച്ചു കലേഷിനോട് കാര്യം പറയ്. അയാള്‍ നിന്നോട് മാപ്പ് പറഞ്ഞതല്ലേ.മനുഷ്യരാകുമ്പോള്‍ തെറ്റുകള്‍ പറ്റുന്നത് സ്വാഭാവികമാണ്. പൊറുക്കാനും മറക്കാനുമാണ് നമ്മള്‍ സ്ത്രീകള്‍ ശീലിക്കേണ്ടത്. കല്യാണം നടന്നാല്‍ ആരുമാറിയാതെ ഇത് ഡീല് ചെയ്യാം. ഒന്നരമാസമല്ലേ ആയിട്ടുള്ളൂ.”’

പുച്ഛത്തോടെ ഒരു ചിരിയായിയുന്നു അവള്‍ക്കുള്ള എന്‍റെ മറുപടി.. അതോടെ എന്നോടു പറഞ്ഞിട്ട് കാര്യമില്ലെന്നുറപ്പിച്ചു അവള്‍ വായ പൂട്ടി..

വീണ ഫോണ്‍ കൈയ്യിലെടുത്തു സമയം നോക്കി ബാങ്കില്‍ നിന്നു ഇറങ്ങുമ്പോള്‍ ബാഗില്‍ വെച്ച ഫോണാണ്. സമയം മൂന്നുമണി ഇരുപത് മിസ് കോള്‍ .. ആരാണ് ഇത്ര അത്യാവശ്യമായി വിളിച്ചത് എന്നറിയാന്‍ നമ്പര്‍ നോക്കിയപ്പോള്‍ കലേഷ്.

നീതു വിവരങ്ങള്‍ കലേഷില്‍ എത്തിച്ചൂന്ന് മനസ്സിലായി..അല്ലെങ്കില്‍ ഇത്രയേറേ തവണ വിളിക്കില്ലല്ലോ.

വാട്ട്സ് അപ്പ് തുറന്നപ്പോള്‍ കുറേയധികം മെസേജുകള്‍ കലേഷ് അയച്ചിട്ടുണ്ട് …ഒന്നും വായിക്കാന്‍ മിനക്കെടാതെ നാളെ രാവിലെ പത്തുമണിക്ക് പാര്‍ക്കില്‍ കാണാം എന്നൂ മറുപടി അയച്ചു

ഡാറ്റാ ഓഫാക്കി കിടന്നു…

രാവിലെ ഉണര്‍ന്നു . ജോലികള്‍ തിടുക്കത്തില്‍ തീര്‍ത്തു . അമ്മയ്ക്ക് ഈയിടെമായി തീരെ വയ്യ. അതുകൊണ്ട് അവള്‍ തന്നെയാണ് ജോലികള്‍ തീര്‍ക്കുന്നത്. എല്ലാം തീര്‍ത്തു വെച്ചിട്ടാണ് ബാങ്കില്‍ പോകുന്നത്.

ഓഫീസില്‍ പോകാന്‍ ഇറങ്ങിയപ്പോള്‍ ഒന്നു തിരിഞ്ഞു നോക്കി.. അച്ഛനും അമ്മയും വാതിലില്‍ തന്നെ നോക്കി നില്‍ക്കുന്നുണ്ട് . താന്‍ തിരികെ എത്തുന്നത് വരെ കത്തുന്ന ഒരു അഗ്നി നെഞ്ചിലേറ്റിയാണ് ആ നില്‍പെന്നു കണ്ടാലറിയാം.. പെണ്‍മക്കളുള്ള എല്ലാ മാതാപിതാക്കളും ഇങ്ങനെയാകും.

പാര്‍ക്കിലെത്തുമ്പോള്‍ പതിവായി ഇരിക്കാറുള്ള ബെഞ്ചില്‍ കലേഷ് അവള്‍ക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നൂ.. അവന്‍റെ മുഖം സന്തോഷത്താല്‍ വിടര്‍ന്നിരുന്നു…

” നീതു ഇന്നലെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു.. എനിക്കൊരു തെറ്റുപറ്റിയതാണ്. അത് ഞാന്‍ നിന്നോട് പല പ്രാവശ്യം പറഞ്ഞു. ഞാന്‍ നാളെതന്നെ അച്ഛനെയും അമ്മയെയും കൂട്ടി നിന്റെ വീട്ടില്‍ വരാം. ”

ഒറ്റ ശ്വാസത്തില്‍ പറഞ്ഞവസാനിപ്പിച്ചു വീണയുടെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി…

” കലേഷ് എന്താ കരുതിയത് . എന്നെ കല്യാണം കഴിക്കണം എന്നു കരഞ്ഞു കാലു പിടിക്കാനാണ് ഞാന്‍ വന്നത് എന്നോ.. എന്‍റെ ജീവിതത്തില്‍ ഒരു സുഹൃത്തായി പോലും നിങ്ങളെ വിശ്വസിക്കാന്‍ എനിക്കു കഴിയില്ല.. പിന്നെയെങ്ങനെ ഭര്‍ത്താവായി കാണും..

എനിക്ക് ഈ കുഞ്ഞിനെ വേണ്ട. ഇതിന്‍റെ പേരില്‍ ജീവന്‍ കളയാനോ ജീവിതം നശിപ്പിക്കാനോ ഞാന്‍ ഒരുക്കമല്ല. എന്‍റെ അച്ഛനും അമ്മയ്ക്കും ഞാന്‍ മാത്രമേയുള്ളൂ .. അവര്‍ക്കു വേണ്ടി എനിക്കു ജീവിക്കണം.. ഞാന്‍ അബോര്‍ഷന്‍ ചെയ്യും.. അതില്‍ പാപമുണ്ടെന്നു എനിക്കു തോന്നുന്നില്ല. കാരണം ഇത് എന്‍റെ തെറ്റിന്‍റെ ഫലമല്ല.. നിങ്ങളുടെ തെറ്റിന്‍റെ ഫലമാണ് അതിനാല്‍ നിങ്ങള്‍ക്കു മാത്രം ഇതില്‍ പശ്ചാത്തപിക്കേണ്ട കാര്യമുള്ളു..

പിന്നെ ഇതുകൊണ്ട് ജീവിതകാലം മുഴുവന്‍ ഞാന്‍ കല്യാണം കഴിക്കാതെയും ഇരിക്കില്ല..എല്ലാം തുറന്നു പറഞ്ഞു ,എന്നെ അംഗീകരിക്കുന്ന ഒരാളെ ഞാന്‍ സ്വീകരിക്കും. നിങ്ങളുടെ ഓര്‍മ്മകള്‍ പോലും എനിക്കു വെറുപ്പാണ് .ദയവായി എന്‍റെ മുന്നില്‍ വരരുത്.കോണ്ടാക്ട് ചെയ്യാന്‍ ശ്രമിക്കരുത്. ഇതാണ് അവസാന കൂടികാഴ്ച.

പതിനൊന്ന് മണിക്ക് ആണ് ഡോക്ടറുടെ അപ്പോയിന്‍റ്മെന്‍റ് . പാപക്കറ കളഞ്ഞു എനിക്കു പഴയത് പോലെയാകണം. അപ്പോള്‍ ഇനി കാണാതെ ഇരിക്കട്ടെ ബൈ ”

പുഞ്ചിരിയോടു കൂടി യാത്ര പറഞ്ഞു പോയ വീണയെ നോക്കി വാക്കുകള്‍ നഷ്ടപെട്ടു അയാള്‍ നിന്നു..

രചന :- ദീപ്തി……

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters