ആദ്യരാത്രി കഴിഞ്ഞ് നേരം വെളുക്കും മുൻപെ, വീണയുടെ നിലവിളി കേട്ടാണ് രാജേഷ് ഉണർന്നത്…

രചന: Santhosh Appukuttan

“എന്റെ സ്വർണ്ണമൊന്നും കാണാനില്ല രാജേഷട്ടാ”

ആദ്യരാത്രി കഴിഞ്ഞ് നേരം വെളുക്കും മുൻപെ, വീണയുടെ നിലവിളി കേട്ടാണ് രാജേഷ് ഞെട്ടിയുണർന്നത്.

കണ്ണും തിരുമ്മി രാജേഷ് നോക്കുമ്പോൾ, തുറന്നു കിടക്കുന്ന ഷെൽഫിനു താഴെ തളർന്നിരിക്കുകയയിരുന്നു വീണ.

എന്തിനോ വേണ്ടി അഴിഞ്ഞു പോയ ഉടുമുണ്ടും വാരിയെടുത്ത് അവൾക്കരികിൽ ചെന്നു. ആ തോളിൽ കൈവെച്ചു രാജേഷ്.

“സ്വർണ്ണമല്ലേ നഷ്ടപ്പെട്ടിട്ടുള്ളൂ.നമ്മുടെ ജീവന് ഒന്നും സംഭവിച്ചില്ലല്ലോ?”

വളരെ ലാഘവത്തോടെ രാജേഷ് അങ്ങിനെ പറഞ്ഞപ്പോൾ കത്തുന്ന കണ്ണുകളോടെ വീണ അയാളെ നോക്കി.

” പലയിടത്തും ആൾക്കാരെ കൊന്നിട്ടാണ് കവർച്ച നടത്തുന്നത്.ഇവിടെ അങ്ങിനെയൊന്നും സംഭവിച്ചില്ലല്ലോ എന്നാണ് ഞാൻ ഉദ്യേശിച്ചത് ”

അതും പറഞ്ഞ് കൂളായി ബാത്ത്റൂമിലേക്ക് പോകുന്ന രാജേഷിനെ നോക്കി ഒരു നിമിഷം നിന്ന വീണ വീണ്ടും കാറി.

” ഡീ മോളുടെ കരച്ചിലാണല്ലോ കേൾക്കുന്നത്?”

പോത്തുപോലെ കിടന്നുറങ്ങുന്ന ശാരദയെ കുലുക്കിയുണർത്തി അശോകൻ.

അശോകനും, ശാരദയും സംഭ്രമത്തോടെ മുകളിലേക്കുള്ള കോണിപ്പടികൾ കയറി.

മൂന്നാല് വട്ടം വാതിലിൽ ആഞ്ഞു തൊഴിച്ചപ്പോൾ, വാതിൽ തുറന്നു.

മുന്നിൽ കരഞ്ഞു തളർന്ന ഏക മകളുടെ മുഖം കണ്ടപ്പോൾ അവരുടെ ഉള്ളിൽ തീ കത്തി.

“അച്ഛാ എന്റെ സ്വർണ്ണം മുഴുവൻ ആരോ കൊണ്ടുപോയി ”

തുറന്നിട്ടിരിക്കുന്ന ഷെൽഫിലേക്ക് കൈ ചൂണ്ടി മകൾ കരഞ്ഞു പറഞ്ഞപ്പോൾ, ഹൃദയത്തിൽ ഒരു വിങ്ങൽ വന്നതു പോലെ അയാൾ നെഞ്ചിൽ കൈവെച്ചു.

” ന്റെ മോളേ – ചതിച്ചൂലോ ഈശ്വരാ ”

ശാരദ നെഞ്ചിൽ തല്ലി കരയാൻ തുടങ്ങി.

” ഇനി സ്വർണ്ണമില്ലാത്തതിന്റെ പേരിൽ രാജേഷട്ടൻ എന്നെ

സങ്കടം കൊണ്ട് കണ്ണീർ വാർത്ത് വീണയത് പറഞ്ഞപ്പോഴാണ്, അവർ രാജേഷിനെ കുറിച്ചോർത്തത്.

” അവൻ എവിടെ പോയി മോളേ?”

അച്ചൻ ചോദിച്ചപ്പോൾ വീണ ബാത്ത് റൂമിനു നേരെ കൈ ചൂണ്ടി.

“ഞാനപ്പോഴും പറഞ്ഞതാണ് ഈ കല്യാണം നടത്തേണ്ടാന്ന് – അപ്പോൾ നിങ്ങക്കായിരുന്നല്ലോ വല്ലാത്ത പൂതി ”

ശാരദ, ശബ്ദം താഴ്ത്തി പല്ലുകടിച്ചു പറഞ്ഞപ്പോൾ അശോകൻ കണ്ണുരുട്ടി അവളെ പേടിപ്പിച്ചു.

” നിന്റെ ആങ്ങളയുടെ താന്തോന്നിയായ മോന്, വീണയെ കൊടുക്കാത്തതിന്റെ തരിപ്പ് ഇവിടെ എടുത്താൽ അടിച്ച് നിന്റെ അണപ്പല്ല് എടുക്കും ഞാൻ ”

“എന്റെ അണപ്പല്ല് എടുത്താൽ പോയ സ്വർണ്ണം തിരിച്ചു കിട്ടുമോ?”

കത്തുന്ന കണ്ണുകളോടെ ശാരദ അശോകനെ നോക്കി.

” ഞാൻ നേരത്തെ പറഞ്ഞതാണ് പോലീസിലാണ് ജോലിയാണെങ്കിലും കള്ളൻ മാരോടൊപ്പമാണ് സഹവാസമെന്ന് ”

“അമ്മ ഒന്നുമിണ്ടാതിരിക്കുന്നുണ്ടോ?”

വീണ ചീറിക്കൊണ്ട് ശാരദയുടെ അരികത്തേക്ക് വന്നു.

” ഇതും കൂടി കേട്ട് വന്നിട്ടു വേണം ഇവിടെ മറ്റൊരു പുകിലുണ്ടാവാൻ ”

അവൾ അമ്മയ്ക്കു നേരെ കൈകൂപ്പി.

“ദയവ് ചെയ്ത് ഇതിനൊരു പരിഹാരം കണ്ടെത്ത് ”

“സ്വർണ്ണം പോയതിന്റെ വിഷമം തീർക്കാർ ടോയ് ലെറ്റിൽ കയറിയ നിന്റെ പോലീസുക്കാരനോട് പറയ്”

അതും പറഞ്ഞ് ശാരദ ബെഡ്ഢിൽ തളർന്നിരുന്നു.

രാജേഷ് ടോയ്ലറ്റിൽ നിന്ന് വരുമ്പോൾ, മൂന്നു ചോദ്യചിഹ്നങ്ങൾ തന്നെ നോക്കുന്നതു പോലെയാണ് അവനു തോന്നിയത് .

” അച്ഛൻ പേടിക്കണ്ട നമ്മൾക്ക് ഇപ്പോൾ തന്നെ പോലീസ് സ്റ്റേഷനിൽ പോകാം”

അവന്റെ സംസാരം കേട്ട ആശ്വാസത്തോടെ ശാരദ മുറിയിൽ നിന്നിറങ്ങും മുൻപെ വീണ്ടും രാജേഷ് വിളിച്ചു.

“അമ്മേ ചപ്പാത്തിയ്ക്ക് എനിക്ക് മുട്ടക്കറി മതിട്ടോ ”

അവനെ നോക്കി ഒരു നിമിഷം നിന്ന്, തലയാട്ടിക്കൊണ്ട് ശാരദ മുറി വിട്ടിറങ്ങി.

വിവാഹ സമ്മാനമായി കിട്ടിയ കാറിൽ അവർ സ്റ്റേഷനിൽ എത്തുമ്പോൾ എസ്.ഐ.ഗോവിന്ദൻ അവിടെ ഉണ്ടായിരുന്നു.

“തീക്കട്ടയിൽ ഉറുമ്പരിച്ച് അല്ലേ?”

എസ്.ഐ ഗോവിന്ദൻ ഒരു ചിരിയോടെ സതീഷനെ നോക്കി.

സാർ എന്താണ് പറയുന്നതെന്നറിയാതെ തന്റെ കൈയിലുള്ള പരാതി പേപ്പർ അദ്ദേഹത്തിനു നേരെ നീട്ടി.

” അതൊന്നും വേണ്ട രാജേഷ്.വിവാഹ സമ്മാനമായി കിട്ടിയ സ്വർണ്ണം തൊണ്ടിമുതൽ ആക്കണ്ട ”

എസ്.ഐ മേശവലിപ്പ് തുറന്ന് ഒരു ഒരു കിഴി രാജേഷിനു നേരെ നീട്ടി.

“ഇതിൽ നിന്ന് വല്ല സ്വർണ്ണവും നഷ്ട്ടപ്പെട്ടിട്ടുണ്ടോയെന്ന് നോക്ക് ”

രാജേഷ് അത്ഭുതസ്തബ്ധനായി എസ്.ഐയെ നോക്കി.

“ഇന്നലെ നൈറ്റ് പെട്രാളിനിറങ്ങിയവർ പൊക്കിയതാണ് കള്ളനെ. കല്യാണം കഴിഞ്ഞ വീടാണെന്നും,പറഞ്ഞ ലൊക്കേഷനും നോക്കിയപ്പോൾ അത് തന്റെ ഭാര്യ വീടാണെന്ന് ഒരു ഊഹം! പിന്നെ തന്നെ വിളിച്ച പ്പോൾ, തന്റെ മൊബൈൽ സ്വിച്ച്ഡ് ഓഫായിരുന്നു ”

ആദ്യരാതി ആരും ശല്യപ്പെടുത്തേണ്ട എന്നു കരുതി മൊബൈൽഫോൺ സ്വിച്ച്ഡ് ഓഫാക്കിയത് അപ്പോഴാണ് രാജേഷ് ഓർത്തത്.

അയാൾ പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്ത് പെട്ടെന്ന് ഓൺ ചെയ്തു.

” രാമദാസ് അവനെ ഇങ്ങ് കൊണ്ടു വാടോ ”

നിമിഷങ്ങൾക്കുള്ളിൽ മുടി നീട്ടി വളർത്തി, കാതിൽ കമ്മലിട്ട, നരച്ച ജീൻസും, ടീ ഷർട്ടും അണിഞ്ഞ മെല്ലിച്ച് ഉയരം കൂടിയ ഒരു യുവാവ് അവർക്കു മുന്നിലെത്തി.

തലയും കുമ്പിട്ട് നിൽക്കുന്ന അവനെ നോക്കി ഒന്നു മുരണ്ട ശേഷം എസ്.ഐ രാജേഷിനെ നോക്കി,

” തന്റെ വൈഫിനെ വിളിക്ക്

എസ്.ഐ. പറഞ്ഞ പോഴെയ്ക്കും രാജേഷ് വീണയെ വിളിച്ചു വരുത്തി.

“ഇവനെ വീണയ്ക്കറിയുമോ?”

എസ്.ഐയുടെ ചോദ്യത്തിന് വീണ നിഷേധാർത്ഥത്തിൽ തലയാട്ടി.

“അറിയും സാർ.ഇവളാണ് ഗോൾഡ് എനിക്കു എടുത്ത് തന്നത് ”

ജീൻസ്ധാരി കള്ളൻ ഉറക്കെ പറഞ്ഞപ്പോൾ രാജേഷ് ചാടിയെണിറ്റു ദേഷ്യത്തോടെ അവന്റെ കോളറിന് പിടിച്ചു.

“കള്ളം പറയുന്നോടാ നായേ! ഇന്നലെ രാത്രി ഞങ്ങൾ കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്നതിനിടയിൽ എപ്പോഴാണെടാ ഇവൾ നിനക്ക് സ്വർണ്ണം എടുത്ത് തന്നത് ”

“കൂൾ രാജേഷ്, ഇവനെ കൈയിൽ കിട്ടിയപ്പോൾ തന്നെ നന്നായി കൊടുത്തിട്ടുണ്ട്. ബാക്കിയുള്ളത് പിന്നത്തേക്ക് വെച്ചിരിക്കുവാ ”

എസ്.ഐ, രാജേഷിനെ ആശ്വസിപ്പിക്കുമ്പോഴും, അവന്റെ ദേഷ്യം അടങ്ങിയിരുന്നില്ല.

“അതല്ല സാറേ! എവിടെയെങ്കിലും വെച്ച് മോഷണത്തിന് പിടിച്ചാൽ ,ആ വീട്ടിലെ പെണ്ണുങ്ങളെ കുറ്റക്കാരാക്കുന്നത് ഇവൻമാരുടെ സ്ഥിരം ഏർപ്പാടാ”

“രാമദാസ് ഇവനെ കൊണ്ടുപോയി സെല്ലിലിട്: വാറണ്ട് ആയ വല്ല കേസുണ്ടെങ്കിൽ അത് പൊടിതട്ടി എഴുതി ചേർത്താൽ മതി”

പി.സി.ഒ യോട് വിളിച്ചു പറഞ്ഞിട്ട് എസ് ഐ ഗോവിന്ദൻ രാജേഷിനെ നോക്കി.

“ഒരു തരം ക്രിമിനൽ മൈൻഡ് ആണ് അവന്റെതെന്ന് രാജേഷിനറിയാമല്ലോ? പുറത്തുവിട്ടിട്ടുണ്ടെങ്കിൽ എന്തെങ്കിലും കുരുത്തക്കേട് അവൻ കാണിക്കും ”

വീണ പേടിയോടെ രാജേഷിന്റെ തോളിൽ കൈവെച്ചു.

“വീണ പുറത്തേക്ക് പൊയ്ക്കോളൂ”

എസ്.ഐ പറഞ്ഞപ്പോൾ അവൾ രാജേഷിനെ ഒന്നു നോക്കി പുറത്തേക്ക് പോയി.

“അടിപൊളി ഒരു കാറ് കിട്ടി. എന്നിട്ടും എന്തിനാടോ ഇത്ര ആക്രാന്തം?”

എസ്.ഐ ഗോവിന്ദൻ രാജേഷിനെ നോക്കി പരിഹാസത്തോടെ ചിരിച്ചു.

“സാറേ ഈ കേസ്സിൽ എനിക്ക് മനസാ വാചാ കർമ്മണ പങ്കില്ല. അല്ലെങ്കിലും ആ സ്വർണ്ണ മൊക്കെ എനിക്കുള്ളതല്ലേ സാറേ? പിന്നെ കള്ളൻമാരുമായുള്ള എന്റെ ചങ്ങാത്തം ആണ് സാർ ഉദ്യേശിക്കുന്നതെങ്കിൽ, ആ ചങ്ങാത്തംകൊണ്ട് എത്ര കേസുകൾക്കാണ് തുമ്പുണ്ടാക്കിയിരിക്കുന്നത് ”

എസ്.ഐ ഗോവിന്ദൻ ചിരിയോടെ തലയാട്ടി.

” പോലീസിനു വേണ്ടി സി.ഐ,ഡി പണി എടുക്കുന്ന എനിക്ക് ഇത് തന്നെ കിട്ടണം”

” അതൊക്കെ പോട്ടെ എനിക്കുള്ള ട്രീറ്റ് എപ്പോഴാണ്?

എസ്.ഐ ചിരിയോടെ ചോദിച്ചപ്പോൾ, രാജേഷ് കസേരയിൽ നിന്ന് എഴുന്നേറ്റ് അയാൾക്കരികിൽ വന്നു നിന്നു.

” എപ്പോൾ വേണമെങ്കിലും വരാം സാർ.ബട്ട് ബ്രാൻഡഡ്‌ ഐറ്റം പ്രതീക്ഷിക്കരുത്. വല്ല ജവാനോ, ഒപിആറോ, ഓസിആറോ പ്രതീക്ഷിച്ചാൽ മതി. കപ്പയും മീനും ഇങ്ങിനെയുള്ള ലോ ക്വാളിറ്റി കള്ളും നല്ല കോംബോ ആണ് സാർ”

എസ്.ഐ.ചിരിയോടെ തലയാട്ടി.

“നല്ല സാധനം നീ അടിക്കണമെങ്കിൽ ഓസിക്ക് കിട്ടണം. അല്ലെങ്കിൽ വഴിയരികിലിരുന്നു കള്ള് കുടിക്കുന്നവരെ പിടിക്കണം ഒന്നു പോ-ചങ്ങാതി ”

ചമ്മിയ ഒരു ചിരി എസ്.ഐക്ക് കൊടുത്ത് രാജേഷ് പുറത്തിറങ്ങി.

” ഞാനല്ല സ്വർണ്ണം എടുത്തതെന്ന് അമ്മയ്ക്ക് ഇപ്പോൾ മനസ്സിലായില്ലേ?”

പാതി ദൂരം ഓടി തീർത്ത കാറിനുള്ളിൽ, ഡ്രൈവിങ്ങ് സീറ്റിൽ നിന്നു പിൻതിരിഞ്ഞ് രാജേഷ് പെട്ടെന്ന് ചോദിച്ചപ്പോൾ ശാരദ വിളറി വെളുത്തു.

വീണയും, അശോകനും ആ ചോദ്യത്തിത്തിൽ തരിച്ചിരുന്നു പോയി.

“ഒരിക്കലും മോഷ്ടിച്ചിട്ടില്ലാ എന്നു ഞാൻ പറയില്ല. മോഷ്ടിച്ചിട്ടുണ്ട്.അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ തിയ്യേറ്ററിൽ പോയി സിനിമ കാണാൻ വേണ്ടി അമ്മയുടെ അരി പാത്രത്തിൽ നിന്ന് ഇരുപത് രൂപ മോഷ്ടിച്ചപ്പോൾ, അമ്മ കൈയോടെ പിടിച്ച് നാലഞ്ച് എണ്ണം തന്നപ്പോൾ അന്നത്തോടെ നിർത്തി മോഷണം”

സ്റ്റിയറിങ്ങിൽ താളമിട്ടു കൊണ്ടു പറയുന്ന രാജേഷിനെ അത്ഭുതത്തോടെ നോക്കി വീണ .

“മോഷ്ടിക്കുകയില്ലെങ്കിലും, കള്ളൻമാർ മോഷണമുതൽ പങ്ക് വെക്കുമ്പോൾ ഒരു ഓഹരി എനിക്കുള്ളതാണ്. അത് എന്റെ ദൗർബല്യമല്ല. ഞാൻ ആർജ്ജിച്ചെടുത്ത സ്വഭാവമാണ്. ”

അശോകൻ, രാജേഷിന്റെ മുഖത്തേക്ക് നോക്കിയിരുന്നു. രാജേഷിന്റെ കണ്ണുകൾ പതിയെ നിറയുന്നത് അയാൾ കണ്ടു.

” കാരണം സർവ്വീസിലിരിക്കെ സത്യസന്ധതയോടെ ജോലി ചെയ്തിരുന്ന എന്റെ അച്ഛന്റെ മരണത്തോടെ, ഞാൻ കണ്ട വീട്ടിലെ ദാരിദ്ര്യമായിരുന്നു അതിനു കാരണം ”

രാജേഷ് അശോകനെ നോക്കി ഒരു വരണ്ട ചിരി സമ്മാനിച്ചു.

” പാവങ്ങളെ മോഷ്ടിക്കുന്ന കാര്യം അല്ല ഞാൻ പറഞ്ഞത്. അതിന് ഞാൻ സമ്മതിക്കുകയുമില്ല”

“പിന്നെ?”

പെട്ടെന്നായിരുന്നു വീണയുടെ ദേഷ്യത്തിലുള്ള ചോദ്യമുയർന്നത്.

രാജേഷ് ചിരിയോടെ വീണയെ തിരിഞ്ഞു നോക്കി.

“നോട്ടുകൾ കൂട്ടിയിട്ട് കത്തിച്ച് തണുപ്പകറ്റേണ്ട ഗതികേടുള്ള കുറച്ചു മുതലാളിമാരുണ്ട് ഇവിടെ, അവരെയാണ് ഉദ്യേശിച്ചത് ”

ഇയാളൊരു പ്രത്യേക പീസാണെന്ന് വീണയ്ക്ക് തോന്നി.

വീടെത്തുംവരെ അവർ പിന്നെ ഒന്നും സംസാരിച്ചില്ല.

മോഷ്ടിക്കപ്പെട്ട സ്വർണ്ണം തിരിച്ചു കിട്ടിയ സന്തോഷത്തേക്കാളേറെ, താൻ പറഞ്ഞത് മരുമകൻ കേട്ടല്ലോ എന്ന വിഷമത്തിലായിരുന്നു ശാരദ.

രാത്രി, ബെഡ്‌റൂമിൽ അകന്നു കിടക്കുന്ന വീണയെ നോക്കി രാജേഷ് ഒന്നു പുഞ്ചിരിച്ചു.

” അടുത്ത് കിടക്ക് പെണ്ണേ -സമയം കളയല്ലേ ”

എനിക്ക് പാടില്ലെന്നറിഞ്ഞുടെ എന്ന് വീണ ചോദിച്ചപ്പോഴെക്കും, രാജേഷിന്റെ കരത്തലം ശക്തിയോടെ അവളുടെ കവിളിൽ പതിഞ്ഞു.

പൊടുന്നനെ തന്നെ അവൾ രാജേഷിനെ വട്ടം കെട്ടിപിടിച്ച്, അവന്റെ രോമാവൃതമായ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.

“ലോണെടുത്ത് കല്യാണം കഴിച്ചത് നിന്റെ പൊറോട്ടുനാടകം കാണനല്ല. മനസ്സിലായോടി?

രാജേഷ് മുരണ്ടു കൊണ്ട് ചോദിച്ചപ്പോൾ, വീണ പതിയെ മൂളി.

കുറച്ചു സമയം രാജേഷ് വീണയുടെ മുടിയിഴകളിൽ തലോടികൊണ്ടിരുന്നു.

” ഇന്ന് ഈ സ്വർണ്ണം കിട്ടിയില്ലെങ്കിൽ അച്ഛന് എത്രമാത്രം വിഷമം ആയേനെ അല്ലേ മോളെ?”

രാജേഷിന്റെ ചോദ്യത്തിന് വീണ പതിയെ മൂളി.

“സ്വർണ്ണം നഷ്ടപ്പെടുന്ന വേദനയെക്കാൾ ഉപരി, അത് എന്റെ മകൾക്ക് കൊതി തീരെ അണിയാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടമായിരിക്കും അച്ഛന് ”

രാജേഷിന്റെ വാക്ക് കേട്ട്, വീണ വീണ്ടും മൂളി.

” കാരണം ജനിച്ചത് പെൺകുട്ടി ആണെന്നറിഞ്ഞ നിമിഷം മുതൽ അവർ കാണുന്ന സ്വപ്നങ്ങളുടെ ആകെത്തുകയാണ് ആ മഞ്ഞലോഹം”

“മരുഭൂമിയിൽ എത്ര വിയർപ്പൊഴുക്കിയിട്ടാണ് അവർ ആ സ്വർണം ശേഖരിച്ചു വെക്കുന്നതെന്ന് ദൈവത്തിന് മാത്രമേ അറിയൂ”

” എന്നിട്ടും ചില പെൺക്കുട്ടികൾ, ആ സ്വർണ്ണവുമെടുത്ത് കല്യാണതലേന്ന് കാമുകന്റെ ഒപ്പം ഒളിച്ചോടുന്ന കാഴ്‌ച എത്ര ദയനീയമാണ് ”

വീണയുടെ മൂളൽ നേർത്തു വരുന്നതു പോലെ തോന്നി രാജേഷിന്.

വീണ ഉറക്കത്തിലേക്ക് ആണ്ടു പോകുന്നതെന്നറിഞ്ഞ, രാജേഷ് അവളുടെ മേൽ പതിയെ തലോടി.

അതിനു പകരം വീണയിൽ നിന്ന് ഒരു തേങ്ങൽ ഉയർന്നു.

അപ്പോഴാണ് വീണ ഇതുവരെ നിശബ്ദമായി കരയുകയായിരുന്നുവെന്ന് രാജേഷിന് മനസ്സിലായത്.

” രാഹുലിന് സ്വർണ്ണം എടുത്ത് കൊടുത്തത് ഞാനാണ് രാജേഷട്ടാ”

തേങ്ങിക്കൊണ്ട് വീണയത് പറഞ്ഞപ്പോൾ, കുലുങ്ങി ചിരിക്കുന്ന രാജേഷിനെ കണ്ടവൾ അമ്പരന്നു.

“അതൊക്കെ എനിക്കറിയാം വീണേ. ഇന്നലെ രാത്രി പന്ത്രണ്ട് മണിക്ക്, എന്നിൽ നിന്ന് കൂർക്കം വലി ഉയർന്നപ്പോൾ, ഞാൻ ഉറങ്ങിയെന്ന് കരുതി, നീ ചെന്ന് ഷെൽഫ് തുറന്ന് സ്വർണ്ണമെടുത്ത്,താഴെ നിന്നിരുന്ന അവന്, ബാൽക്കണിയിൽ നിന്ന് നീ എറിഞ്ഞുകൊടുത്തു. റൈറ്റ്?”

അവിശ്വനീയമായ ഒരു ഞെട്ടൽ വീണയിൽ പ്രകടമായത് അവനറിഞ്ഞു.

“രാഹുലും നീയും അസ്ഥിയിൽ കൊണ്ട പ്രണയമാണെന്നും, വിവാഹ രാത്രിയിൽ സ്വർണ്ണം കളവ് പോയാൽ അതിന്റെ കാരണത്താൽ നമ്മൾ വഴക്കിടുമെന്നും, ചിലപ്പോൾ പിരിയാൻ വരെ സാധ്യതയുണ്ടെന്നും, അപ്പോൾ നിന്റെയും രാഹുലിന്റെയും സ്വപ്നം പൂവണിയുമെന്നും അവൻ പറഞ്ഞപ്പോൾ നീ കണ്ണടച്ച് വിശ്വസിച്ചു ”

ശബ്ദിക്കാൻ വാക്കുകളില്ലതെ എല്ലാം കേട്ടു കിടക്കുകയായിരുന്നു വീണ.

” ആത്മാർത്ഥ സ്നേഹത്തിന് എന്തിനാണ് വീണേ സ്വർണ്ണം? – അപ്പോൾ അവന് നിന്നോട് ആത്മാർത്ഥമായ പ്രണയം അല്ലായിരുന്നു.”

വീണ തേങ്ങിയപ്പോൾ അവൻ, അവളെ മാറോട് അമർത്തി ചേർത്തു.

“പിന്നെ ഇതൊക്കെ എങ്ങിനെ ഞാനറിഞ്ഞുവെന്ന് വെച്ചാൽ, ഞാൻ പോലീസ് ആണെങ്കിലും സഹവാസം കൂടുതലും കള്ളൻമാരായിട്ടാണ്. അതിലൊരു ഇൻഫോമർ തന്നതാണ് ഈ വിവരമൊക്കെ ”

വീണയുടെ തേങ്ങൽ വല്ലാതെയുയർന്നപ്പോൾ അതിന്റെ കാരണം പിടി കിട്ടി രാജേഷിന്.

“ഒരു പണിയുമില്ലാതെ അടിച്ചു പൊളിക്കുന്നവർക്കിടയിൽ ഇങ്ങിനെയും ചില ഫ്രോഡുകളുണ്ട് വീണാ ”

“രാജേഷട്ടാ”

അവൾ, അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.

“എത്ര പഠിപ്പുണ്ടെന്നു പറഞ്ഞിട്ടും കാര്യമില്ല. വകതിരിവ് വട്ടപൂജ്യം ആണെങ്കിൽ എല്ലാം പോയില്ലേ കുട്ട്യേ?”

അതിനുത്തരം പറയാതെ അവന്റെ നെഞ്ചിലെ രോമക്കാട്ടിൽ പതിയെ വിരലോടിച്ചു വീണ.

” നീ പേടിക്കണ്ട. സ്വർണ്ണം നീ എടുത്തു കൊടുത്തതാണെന്ന് നമ്മൾ രണ്ടു പേർക്കും മാത്രമേ അറിയൂ – മൂന്നാമത് നിന്റെ രാഹുലിനും,ആ കള്ളന്റെ വാക്ക് ആരും വിശ്വസിക്കില്ല”

വീണ ഏതോ പരിഭവത്താൽ അവന്റെ നെഞ്ചിൽ നുളളി.

” നീ റൂമിൽ നിന്ന് സ്വർണ്ണവുമായി ഇറങ്ങിയ അപ്പോൾ തന്നെ ഞാൻ നൈറ്റ് പെട്രോളിനിറങ്ങിയ എന്റെ ചങ്ങാതികൾക്ക് ഇൻഫോം കൊടുക്കുമ്പോഴും, അവരോട് പോലും ഇതിനു പിന്നിൽ നീയുണ്ടെന്ന് പറഞ്ഞിട്ടില്ല. അത് നിന്നെക്കാൾ മോശം എനിക്ക് ആണ് .കാരണം ഞാൻ നിന്റെ ഭർത്താവാണ്

ഒരു അവിശ്വസനീയമായ കഥ കേൾക്കുന്നതു പോലെ വീണ കാതു കൂർപ്പിച്ചിരുന്നു.

” അവനെ തേച്ചെന്നു വിചാരിച്ച് നീ സങ്കടപ്പെടേണ്ട. വളർത്തി വലുതാക്കിയ അച്ഛനെയും അമ്മയെയും തേച്ചില്ലല്ലോയെന്ന് സന്തോഷിക്ക് ”

തന്റെ നെഞ്ചിൽ വീണയുടെ ചുണ്ടിന്റെ തണുപ്പ് അനുഭവപ്പെട്ടത് രാജേഷ് അറിഞ്ഞു.

“പിന്നെ ആണായാലും പെണ്ണായാലും തൊണ്ണൂറ് ശതമാനം തേപ്പും, ഇങ്ങിനെയുള്ള സത്യാവസ്ഥകൾ അറിയുമ്പോഴാണ് – അതിനെ ആർക്കും കുറ്റം പറയാനും പറ്റില്ല ”

അവളുടെ ആലിംഗനത്തിന് ശക്തിയേറുന്നത് രാജേഷ് അറിഞ്ഞു തുടങ്ങി.

“എനിക്കു പൊക്കാവുന്ന ഈ കേസ്സിന്, ഇങ്ങിനെയൊരു നാടകം കളിച്ചത് സത്യാവസ്ഥ നീ അറിയാനാണ്.കൂടെ അവന്റെ എല്ല് ഓൺദി സ്പോട്ടിൽ തകർക്കാനും ”

അതിനുത്തരം അവളുടെ ചൂട് നിറഞ്ഞ ശ്വാസം മാത്രമായിരുന്നു.

“ഇനി തന്റെ ഇഷ്ടം പോലെ മാറികിടന്നോ?ഇതൊക്കെ പറയാൻ വേണ്ടീട്ടാ ഞാൻ ”

രാജേഷ് പറഞ്ഞിട്ടും അവൾക്ക് ഒരു അനക്കവുമില്ലായെന്ന് മാത്രമല്ല, കെട്ടിപ്പിടുത്തത്തിന്റെ ശക്തി കൂടുകയാണ് ചെയ്തത്.

“നൂറ്റിനാൽപ്പത്തിനാല് ആണെന്നു പറഞ്ഞിട്ട്?”

” അതു ഞാൻ വെറുതെ പ്രഖ്യാപിച്ചതാ”

അവന്റെ നെഞ്ചിലെ രോമക്കാട്ടിൽ മുഖമിട്ടുരസുമ്പോൾ, അവളുടെ മിഴികളിൽ പ്രണയം പൂത്തു തുടങ്ങിയിരുന്നു. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

രചന: Santhosh Appukuttan

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters