എന്റെ കൂടെയൊരു പെണ്ണിനെ കണ്ടതും അമ്മയിൽ അമ്പരപ്പ് നിറഞ്ഞു…

രചന: സുധീ മുട്ടം

നാട്ടിലേക്കുളള ട്രയിൻ യാത്രയിലാണ് ഞാനാ പെൺകുട്ടിയെ പരിചയപ്പെടുന്നത്.ആദ്യമൊന്നും മൈൻഡ് ചെയ്യാതിരുന്നവളെ കൂടുതൽ അടുത്തറിയുന്നത് ടി ടി ആർ കമ്പാർട്ടുമെന്റിലേക്ക് എത്തുമ്പോഴാണ്…

എവിടെ ടിക്കറ്റെന്ന് അദ്ദേഹം ചോദിക്കുമ്പോൾ ആ മുഖം എന്നിലേക്ക് നീണ്ടു.വളരെയധികം ദയനീയമായിരുന്നു അവളുടെ നോട്ടം.T T R വീണ്ടും ബഹളം വെച്ചതോടെ വായ് തുറന്നു എന്തെക്കയൊ പറയാൻ ശ്രമിച്ചുനോക്കിയെങ്കിലും ശബ്ദം മാത്രം പുറത്തേക്കെത്തിയില്ല.അവൾ ഊമയാണെന്ന് മനസ്സിലാക്കാൻ അത്രയും തന്നെ ധാരാളം മതിയായിരുന്നു.ദയനീയമായ അവളുടെ കണ്ണുകൾ കാണാനും മാത്രം തമിഴിനായ T T R അത്രയും ദയാലുവായിരുന്നില്ല.പ്രതികരിക്കില്ലാന്ന അവളുടെ പാവത്തം കണ്ടായിരിക്കണം അയാൾ അപമര്യാദയായി പെരുമാറാൻ ശ്രമിച്ചത്….

“സാറേ ആ കൊച്ചിനെ വിട്ടേക്ക് അതൊരു പാവം കുട്ടിയാണ്”

അറിയാവുന്ന തമിഴിൽ ഞാനത് പറയുമ്പോൾ .T T R എന്റെ നേരെ ചാടിക്കയറി…

“എന്നാൽ പിന്നെ താനടക്കടോ പിഴയും മുതലും”

“ഞാനടച്ചോളാം…എനിക്ക് അതിനു ബുദ്ധിമുട്ടില്ല ”

പറഞ്ഞു തീർന്നതും പേഴ്സിൽ നിന്ന് കാശെടുത്ത് അയാൾക്ക് നേരെ നീട്ടി.കോപത്തോടെ തമിഴിൽ എന്തെക്കയൊ പിറുപിറുത്തു അയാൾ ടിക്കറ്റ് എഴുതി തന്നു….

“കാണുന്നവർക്കൊക്കെ സഹായം ചെയ്യാൻ താനാരാടോ”

കലിപ്പ് മാറാതെ അയാൾ എനിക്ക് നേരെ തട്ടിക്കയറിയതും കൈവീശിയൊന്ന് കരണത്തു കൊടുത്തു….

“ചോദിച്ചതിനാൽ പറയാമെടോ..രാജ്യത്തെ സ്നേഹിക്കുന്നൊരു പട്ടാളക്കാരൻ..വീടും നാടും സ്വന്തക്കാരെയും ഉപേക്ഷിച്ചു രാജ്യത്തെ സേവിക്കുന്ന സാധാരണ മനുഷ്യൻ.നിന്നെപോലെയുളളവരെ ശത്രുക്കളിൽ നിന്ന് കാത്തു രക്ഷിക്കാൻ അതിർത്തിയിൽ കാവൽ നിൽക്കുന്നൊരു ജവാൻ”

അടികൊണ്ട് കരണം പുകഞ്ഞ അയാൾ പല്ല് ഞെരിച്ച് അടുത്ത കമ്പാർട്ടുമെന്റിലേക്ക് പോയി…ഞങ്ങളുടെ കമ്പാർട്ടുമെന്റിൽ യാത്രക്കാർ കുറവായിരുന്നു.ഇവിടെ നടന്നതൊന്നും ആ യാത്രക്കാരെ ബാധിച്ചതായി തോന്നുന്നേയില്ല അവരുടെ ഇരുപ്പ് കണ്ടിട്ട്….

നന്ദിയോടെ നിറഞ്ഞ അവളുടെ നയനങ്ങൾ എന്റെ നേരെ തിരിഞ്ഞതും ഞാനൊന്ന് പുഞ്ചിരിച്ചതും അവളുടെ മുഖവും പ്രകാശിച്ചു.അവൾക്ക് അറിയാവുന്ന ആംഗ്യ ഭാഷയിൽ എന്തെക്കയൊ എന്നോട് പറയാൻ ശ്രമിച്ചു.. എഴുതി കാണിച്ചത് തമിഴായതിനാൽ പലപ്പോഴും ഞാൻ നിസ്സഹായനായിട്ടാകാം ആംഗ്യ മൊഴി അവൾ തിരഞ്ഞെടുത്തതും…

വീട്ടിലെ ഏക മകളായിരുന്നവൾ അമ്മ മരിച്ചതോടെ അച്ഛൻ മറ്റൊരു വിവാഹം കഴിക്കുകയും അവരുടെ ആങ്ങളയുടെ ശല്യം പരിധി വിട്ടതോടെ ജീവനും കൊണ്ട് അവൾ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നെന്നും ഞാൻ മനസ്സിലാക്കി…

എവിടേക്കെന്ന് അറിയാതെ സിഗ്നൽ കാത്തു കിടന്ന ട്രയിനിലേക്ക് അവൾ ഓടിക്കയറുകയായിരുന്നു…

“എന്റെ കൂടെ വീട്ടിലേക്ക് പോരുന്നോന്ന് മുറിത്തമിഴിൽ തിരക്കുമ്പോൾ ആ പെൺകുട്ടിയുടെ കണ്ണുനീരണിഞ്ഞ മുഖം സന്തോഷത്താൽ തിളങ്ങി…

നാട്ടിൽ എനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പിൽ എത്തിയപ്പോഴേക്കും അവളും എന്റെ പിന്നാലെയിറങ്ങി… വീട്ടിൽ ഞാൻ അവളുമായി ചെല്ലുമ്പോൾ എന്റെ കൂടെയൊരു പെണ്ണിനെ കണ്ടതും അമ്മയിൽ അമ്പരപ്പിച്ചു നിറഞ്ഞു…

സംഭവിച്ചതെല്ലാം അമ്മയോട് തുറന്നു പറഞ്ഞിട്ട് ആ പെൺകുട്ടിയുടെ കൈപിടിച്ചു ഞാൻ അമ്മയുടെ കരങ്ങളിൽ വെച്ചു കൊടുത്തു….

“അമ്മ എപ്പോഴും പറയാറില്ലേ എനിക്കൊരു മകൾ ഉണ്ടായിരുന്നെങ്കിൽ നീ ദൂരത്താണെങ്കിലും എനിക്ക് കൂട്ടായിട്ട് വീട്ടിൽ കാണുമെന്ന്…ഞാനും ആഗ്രഹിച്ചിട്ടില്ലേ അമ്മേ എനിക്കൊരു കൂടപ്പിറപ്പിനെ..ഭാഷയും സംസ്കാരവും പ്രശ്നമാകില്ലെങ്കിൽ നമുക്കിവളെ നമ്മുടെ കൂടെ നിർത്തിക്കൂടെ….

“അമ്മയുടെ മകളായി,,,, എന്റെ അനിയത്തിയായി….

അവളെയും എന്നെയും ചേർത്തു അമ്മ ഇരുകരങ്ങളാലും ചേർത്തു പിടിച്ചു…

” ഭാഷയും സംസ്കാരവുമല്ല മനുഷ്യനായി ജീവിക്കാൻ, രക്തബന്ധമായി കാണാൻ ഒരെ വയറ്റിൽ പിറക്കണമെന്നില്ല..മ്യൂല്യങ്ങളെ തിരിച്ചറിയാൻ കഴിയുന്നൊരു മനസ് മതി.എന്റെ മോനത് ധാരാളമുണ്ട്….

അതേ എന്റെ അമ്മയുടെ വയറ്റിൽ പിറന്നത് ഞാൻ അഭിമാനമായി തന്നെ കരുതുന്നു… അതിനാൽ തന്നെ എനിക്ക് എന്റെ രാജ്യത്തെയും മറ്റുളളവരെയും മനസ്സറിഞ്ഞ് സ്നേഹിക്കാൻ കഴിയുന്നു……

രചന: സുധീ മുട്ടം

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters