തിരിച്ചറിവ്

രചന : AmMu Malu AmmaLu

ഒരിക്കലെങ്കിലും നിങ്ങൾ രണ്ടുപേരും ചിന്തിച്ചിട്ടുണ്ടോ എന്നെപ്പറ്റി, എന്റെ ഇഷ്ടങ്ങളെ പറ്റി..

ഞാനും ഒരു മകൾ ആണ് എനിക്കും ഉണ്ട് എല്ലാ മക്കളെയും പോലെ ആഗ്രഹങ്ങളും മോഹങ്ങളും സ്വപ്നങ്ങളുമെല്ലാം.

എല്ലാ പെണ്മക്കൾക്കും ഒരു പ്രായത്തിൽ തോന്നാവുന്നതേ എനിക്കും തോന്നിയുള്ളൂ.

രാവിലെ ജോലിക്കെന്നും പറഞ്ഞു നിങ്ങൾ രണ്ടുപേരും ഇറങ്ങിപ്പോകും, പിന്നെ ഞാൻ ഇവിടെ തന്നെ ആണ് നിങ്ങൾ തിരിച്ചു വരുന്നത് വരെ..

ഒരു ദിവസം എനിക്ക് വേണ്ടി, എന്നോടൊപ്പം ചിലവഴിക്കാൻ നിങ്ങൾ രണ്ടാളും മെനക്കെട്ടിട്ടുണ്ടോ.. ?അവധി ദിവസങ്ങളായാലോ അന്നും പലതരം തിരക്കുകൾ വേറെയും.

ഞാനും ആഗ്രഹിച്ചിട്ടുണ്ട് ക്ലാസ്സിൽ കൂട്ടുകാർ വന്നു അവധി ദിവസങ്ങളിൽ അച്ഛനോടും അമ്മയോടും സഹോദരങ്ങളോടുമൊപ്പം പുറത്ത് പോയതും സിനിമ കണ്ടതുമായ വിശേഷങ്ങൾ പങ്കു വെയ്ക്കുമ്പോൾ ഒരിക്കലെങ്കിലും നിങ്ങളോടൊപ്പം ഒന്ന് പുറത്തു പോകാൻ, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ, സിനിമ കാണാൻ ഓക്കെ.

അടുത്ത വീട്ടിലെ അപ്പുവും മുത്തുവും അടി കൂടുമ്പോൾ കണ്ണ് കെട്ടിക്കളിക്കുമ്പോൾ, എനിക്കും ഒരു അനിയനോ അനിയത്തിയോ , ചേട്ടനോ, ചേച്ചിയോ ഉണ്ടായിരുന്നെങ്കിലെന്ന് ഞാനും ആഗ്രഹിച്ചിട്ടുണ്ട്..

പരീക്ഷകളിൽ മാർക്ക് കുറയുമ്പോൾ എന്നെ വഴക്ക് പറയാനായിരുന്നു നിങ്ങൾക്ക് താല്പര്യം..

പരീക്ഷ പേപ്പറിൽ ഒപ്പിട്ടു തരാതെ മാറിമാറി വഴക്കുകൾ പറയുമ്പോൾ ഉള്ളിലെ സങ്കടം പുറത്ത് വരുത്താതെ എത്രയെത്ര രാത്രികളിൽ ഉറക്കം വരാതെ ഞാൻ കിടന്നിട്ടുണ്ടെന്നറിയോ രണ്ടാൾക്കും..

അന്നൊന്നും പോട്ടെ മോളെ സാരമില്ല, അടുത്ത പരീക്ഷയിൽ ശ്രദ്ധിച്ചാമതി എന്നൊരാശ്വാസവാക്ക് നിങ്ങളിലൊരാളിൽ നിന്നെങ്കിലും പ്രതീക്ഷിച്ചിരുന്നു ഞാൻ..

അപ്പളും നിങ്ങൾക്ക് വലുത് അടുത്ത വീട്ടിലെ കുട്ടികളെ ആയിരുന്നു..

സുമേച്ചിന്റെ മോളെ കണ്ട് പഠിച്ചാലെന്താ നിനക്ക്, നിനക്കെന്തിന്റെ കുറവാടി ഞങ്ങൾ വരുത്തിയിട്ടുള്ളത്, തുടങ്ങിയ നൂറു ചോദ്യങ്ങൾ ചോദിച്ചു എന്നെ വേദനിപ്പിക്കാനായിരുന്നു രണ്ടാളും മത്സരിച്ചിരുന്നത് അല്ലെന്ന് പറയാൻ പറ്റുമോ രണ്ടാൾക്കും.

അവധി ദിവസങ്ങളിൽ പ്രത്യേകിച്ചും വെക്കേഷന് ആയാൽ ബന്ധു വീടുകളിൽ പോകുന്ന തിരക്കിലാവും കൂട്ടുകാർ, എനിക്ക് മാത്രോ അതും നിഷേധിക്കപ്പെട്ടിരുന്നു..

അങ്ങനെ മനസ്സ് മടുത്തിരിക്കുമ്പോൾ ആണ് അരുണിന്റെ കോളുകൾ എന്റെ ഫോണിലേക്ക് വരുന്നത്.. ആദ്യമൊന്നും ഞാൻ അത്‌ മൈൻഡ് ചെയ്തിരുന്നില്ല..

കാരണം, പരിചയമില്ലാത്ത നമ്പറിൽ നിന്നുമുള്ള കാൾ ആയത് കൊണ്ട് തന്നെയും ഒഴിവാക്കി വിടുകയാണ് ചെയ്തത്..

അങ്ങനെ രണ്ടു ദിവസങ്ങൾ പിന്നിട്ടപ്പോൾ ഒരു ഉച്ചയോടടുത്തുള്ള സമയം അവന്റെ കാൾ വീണ്ടും വന്നു..

ഞാൻ കാൾ അറ്റൻഡ് ചെയ്തു. അനുവല്ലേ ഞാൻ അരുൺ ആണ്.. അനുവിന്റെ കോളേജിന്റെ അടുത്താണ് എന്റെ വീട്..

അനു കണ്ടിട്ടില്ലേ എന്നെ, തുടങ്ങിയ ഒരു നൂറു വിശേഷങ്ങളും വിശേഷണങ്ങളും ഉണ്ടായിരുന്നു അരുണിന് പറയാൻ..

ഞാനറിയാത്ത എന്നെ അറിയുന്ന ഒരാൾ, ആരാണയാൾ എന്നറിയാൻ ഉള്ള ആകാംഷയായിരുന്നു പിന്നീട് മനസ്സ് മുഴുവൻ..

അങ്ങനെ ഒന്നരാടൻ ദിവസങ്ങൾ ഇടവിട്ട് അരുണിന്റെ കോളുകൾ എന്നെ തേടി വന്നുതുടങ്ങി..

ഏതൊരാൺകുട്ടികളിലും പെണ്കുട്ടികളിലും ഉണ്ടാകുന്ന ഒരു അഫക്ഷൻ ഞങ്ങളിലും ഉണ്ടായി.. ആദ്യം സൗഹൃദമായി തുടങ്ങി അത് പിന്നീട് പ്രണയത്തിലേക്ക് വഴുതി വീണതെപ്പോളാണെന്നറിയാത്തവണ്ണം ഞങ്ങൾ അടുത്തിരുന്നു..

എങ്കിലും ഒരു തരത്തിൽ പോലും എന്നോട് മോശമായി സംസാരിക്കുവാനോ ഒന്ന് കാണുവാനോ അവൻ ആവശ്യപ്പെട്ടിരുന്നില്ല.. അതുകൊണ്ട് തന്നെയും അവനെനിക് വളരെ പ്രിയപ്പെട്ടവനായി.

പക്ഷേ, എന്നിൽ അവൻ കോറിയിട്ട വിശ്വാസം അത്‌ ഒരു ചതിക്കുഴി ആയിരുന്നുവെന്ന് തിരിച്ചറിയാൻ ഞാൻ വളരെ വൈകിപ്പോയിരുന്നു..

പരീക്ഷയിൽ മാർക്ക് കുറഞ്ഞു എന്നും പറഞ്ഞു രണ്ടാളും എന്നെ വഴക്കുകൾ പറഞ്ഞപ്പോളും തലങ്ങും വിലങ്ങും അമ്മ തല്ലിയപ്പോളും മനസ്സിൽ അവൻ ആയിരുന്നു. അവന്റെ സ്നേഹം മാത്രമായിരുന്നു.

രാത്രി ഉറങ്ങാതെ ഉറങ്ങി ഒരുവിധം നേരം വെളുപ്പിച്ചു ഞാൻ. ഇവിടെ നടന്നത് മുഴുവനും ഞാൻ അവനു മെസ്സേജ് ചെയ്തിരുന്നു, ഒപ്പം എനിക്കൊന്നു കാണണമെന്നും ആവശ്യപ്പെട്ടിരുന്നു.

ആ ആവശ്യം അവനിലേക്കെന്നെ അടുപ്പിച്ച അവനോടുള്ള എന്റെ അമിതമായ വിശ്വാസം, സ്നേഹം ഓക്കെ മുതലെടുക്കുവായിരുന്നു അവൻ..

തലേന്ന് പറഞ്ഞുറപ്പിച്ച പോലെ ബീച്ച് സൈഡിലുള്ള റോഡിൽ അവൻ ബൈക്കുമായി എത്തിയിരുന്നു പറഞ്ഞ സമയത്തിനും അരമണിക്കൂർ മുൻപ് തന്നെ..

ഫേസ്ബുക്കിൽ ഫോട്ടോസ് ഇട്ടിരുന്നതിനാൽ കണ്ട മാത്രയിൽ തന്നെ അരുണിനെ തിരിച്ചറിയാൻ സാധിച്ചിരുന്നു എനിക്ക്. . എന്നെ കണ്ടതും അടുത്തേക്ക് വന്നു അനു വാ കേറു നമുക്ക് അല്പ ദൂരം മാറി നിന്ന് സംസാരിക്കാം എന്നു പറഞ്ഞപ്പോൾ അതാവും നല്ലതെന്ന് എനിക്കും തോന്നി..

അങ്ങനെ അവന്റെ പിന്നിൽ കയറി ഞങ്ങൾ കുറച്ചു ദൂരം സഞ്ചരിച്ചു. ഒരു ഇടവഴിക്ക് അരികിലായി ബൈക്ക് പാർക്ക്‌ ചെയ്തു…

അതുവരെ അടക്കിപ്പിടിച്ചിരുന്ന ദേഷ്യവും സങ്കടവും എല്ലാം അവന്റെ മാറിലേക്ക് ചാഞ്ഞപ്പോൾ നിയന്ത്രണമില്ലാതെ അണപൊട്ടി ഒഴുകിത്തുടങ്ങിയിരുന്നു എന്നിൽ നിന്നും..

തക്ക സമയം അതാണെന്ന് മനസ്സിലാക്കിയാവണം അവനെന്നെ ചേർത്ത് പിടിച്ചു ആ ഇടവഴിയിലൂടെ അല്പം മുന്നോട്ടു നടന്നത്.

നമ്മളെങ്ങോട്ടാ അരുൺ പോകുന്നതെന്ന് ഞാൻ അവനോട് ചോദിക്കാൻ തുടങ്ങിയപ്പോളേക്കും അവനെന്നെ കൂടുതൽ ചേർത്തു പിടിച്ചു നിറുകയിൽ ചുംബിച്ചു നടത്തത്തിന്റെ വേഗത കൂട്ടി…

ഉള്ളിൽ ഭയത്താൽ നെഞ്ചിടിപ്പ് കൂടുന്നത് എനിക്ക് നന്നേ അറിയാൻ കഴിയുന്നുണ്ടായിരുന്നു..

ഒന്ന് കുതറിമാറാൻ കഴിയാത്ത വിധം അവനെന്നെ ചേർത്തു പിടിക്കുമ്പോൾ ഉള്ളിലെ ഭയത്താൽ സർവ്വ ശക്തിയുമെടുത്തു ഞാൻ അവനെ തള്ളി നീക്കി തിരിഞ്ഞോടാൻ ശ്രമിച്ചതും പുറകിൽ നിന്നും രണ്ട് കരങ്ങൾ എന്നെ തള്ളി നീക്കിക്കൊണ്ട് അവനിലേക്ക് തിരിച്ചടുപ്പിച്ചതും ഒരുമിച്ചായിരുന്നു..

വിറയാർന്ന ചുണ്ടുകളോടെ ഞാൻ അരുണിനോട് ചോദിച്ചു, അരുൺ എന്താ ഇതൊക്കെ, ആരാ ഇവരൊക്കെ.. എന്തിനാ എന്നെ ഇവിടേക്ക് കൊണ്ടുവന്നത് എനിക്ക് പേടിയാവുന്നു നമുക്ക് പോകാം വാ..

അത്രയും പറഞ്ഞു കഴിഞ്ഞപ്പോളേക്കും അരുണിന്റെ ഭാവം മാറുന്നത് എനിക്ക് പ്രതീതമായിരുന്നു..

ഉള്ളിലെ ഭയം ഇരട്ടിച്ചു വന്നപ്പോൾ രണ്ടും കല്പ്പിച്ചു ഞാൻ അരുണിനെ സൈഡിലൂടെ ഒഴുകുന്ന ഓവുചാലിലേക്ക് തള്ളിയിട്ടു നേരെ ഉള്ള ഇടനാഴിയിലൂടെ ബീച്ചിന്റെ സൈഡിലേക്ക് ഓടിയടുത്തു..

അവിടെ രണ്ടു പാറാവുകാർ ലാത്തി വീശി നടക്കുന്നത് കണ്ടപ്പോൾ ഉള്ളിലൊരല്പം ആശ്വാസം തോന്നി..

അവരെ വിളിക്കാനായി നാവു ചലിപ്പിക്കാൻ തുടങ്ങും മുൻപേ പിന്നിൽ നിന്നും എന്തോ തലയിലേക്ക് ആഞ്ഞടിക്കുന്ന പോലെ തോന്നി ഞാൻ ബോധരഹിതയായി വീഴുകയായിരുന്നു..

പിന്നീടെനിക്ക് ബോധം വീണപ്പോൾ എനിക്കിരുവശത്തും അച്ഛനും അമ്മയും ഉണ്ടായിരുന്നു.. Dr. ഗോപിനാഥിന്റെ ചികിത്സയിലായിരുന്നു കഴിഞ്ഞ നാലു ദിവസം എന്ന് അമ്മ പറഞ്ഞപ്പോളാണ് ഞാൻ അറിഞ്ഞത്…

ഓർമ വേണ്ട വിധം ഉണ്ടായിരുന്നില്ല എനിക്കപ്പോൾ..

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മാധ്യമങ്ങളിലും മറ്റ് സോഷ്യൽ മീഡിയകളിലും നിറ സാന്നിധ്യമായിരുന്നു പിന്നീടങ്ങോട്ട്‌ അരുണും സംഘവും..

കാര്യം തിരക്കിയപ്പോൾ ഡോക്ടർ ആണ് എന്നോട് പറഞ്ഞത് സിറ്റിയിലെ പെൺവാണിഭ സംഘത്തിലെ പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന കണ്ണിയായിരുന്നു അരുൺ എന്ന്.

അന്ന് അവിടെ നടന്നത് പൂർണമായും എനിക്കോർത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല.. ചോദിച്ചപ്പോൾ അമ്മയാണ് പറഞ്ഞത് ബീച്ചിലെ പാറാവുകാരാണ് മോൾടെ ഫോണിൽ നിന്നും നമ്പർ എടുത്ത് അച്ഛനെ വിവരം അറിയിച്ചതെന്ന്.

ഒരു നിലവിളി ശബ്ദം കേട്ടവർ ഓടിയെത്തിയപ്പോളേക്കും തലക്കടിയേറ്റു കിടന്ന നിന്നെ അവന്മാർ വലിച്ചിഴച്ചു കൊണ്ടുപോകുന്നതാണ് കണ്ടതത്രേ..

അത്രയും പറഞ്ഞു അച്ഛനും അമ്മയും എന്റെ കൈകൾ കൂട്ടിപ്പിടിച്ചു ക്ഷമിക്കു മോളെ നീ ഞങ്ങളോട് എന്ന് പറഞ്ഞപ്പോൾ അന്നാദ്യമായി അച്ഛൻ വിങ്ങിപ്പൊട്ടുന്നത് കണ്ടു ഞാൻ.

തെറ്റെന്റെ ഭാഗത്തും ഉണ്ടെന്ന് പറഞ്ഞു ഞാൻ നാവുകൾ ചലിപ്പിച്ചപ്പോൾ എന്റെ വാ പൊത്തിക്കൊണ്ട് അച്ഛൻ പറഞ്ഞു തുടങ്ങി അരുത് മോളെ തെറ്റ് പറ്റിയത് നിനക്കല്ല ഞങ്ങൾക്കാണ്..

നിന്നെ മനസ്സിലാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.. ഉദ്യോഗത്തിൽ മികവ് കാണിക്കുവാനുള്ള മത്സരത്തിൽ ഞങ്ങൾ ഇരുവരും മാതാപിതാക്കൾ ആണെന്നുള്ളത് മറന്നിരുന്നു..നിന്നെ മറന്നിരുന്നു.. നമ്മുടെ കുടുംബത്തെ മറന്നിരുന്നു.

എല്ലാം ഞങ്ങളുടെ തെറ്റാണു മോളെ, നീ ക്ഷമിക്കു ഈ പാപികളായ അച്ഛനുമമ്മയോടും..

അത്രയും പറഞ്ഞുകൊണ്ടവർ എന്നെ ചേർത്തു പിടിച്ചപ്പോൾ കുഞ്ഞുന്നാളിൽ എന്നെ തോളത്തിരുത്തിക്കൊണ്ട് ഉത്സവ നഗരിയിലൂടെ അമ്മയുടെ കയ്യും കോർത്തു പിടിച്ചു നടന്ന എന്റെ ആ പഴയ അച്ഛനെയും, ഞാനൊന്ന് വീണപ്പോൾ എനിക്ക് വേണ്ടി വാവിട്ടു കരഞ്ഞ എന്റെ ആ പഴയ അമ്മയെയും ആയിരുന്നു ഞാനവിടെ കണ്ടത്…

രചന : AmMu Malu AmmaLu

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters