രചന :- ആദി
തിരക്കിനിടയിലാണ് ഭദ്രൻ ഭാമയുടെ മുഖം കാണുന്നത് രാത്രിയിൽ കിടക്കുന്നതിന് മുമ്പ് അവളെ തിരിഞ്ഞുവെങ്കില്ലും കണ്ടതേയില്ലായിരുന്നു…
ഇന്നലെ ശരിക്കും ഉറങ്ങിയോ ആവോ… രാവിലെ ചോദിക്കാനും കഴിഞ്ഞില്ല…. വിളറിവെളുത്ത അവളുടെ മുഖത്തേക്കും വയറിലേക്കും നോക്കി കൊണ്ട് ചോദിച്ചു കഴിച്ചുവോ നീ വല്ലതും ഇപ്പോൾ രണ്ടു പേരുണ്ട് അതോർക്കണം….
ഞാൻ കഴിച്ചു…. ഏട്ടൻ വല്ലതും കഴിച്ചുവോ… പതിഞ്ഞ ശബ്ദത്തിലൂടെയുളള അവളുടെ ശബ്ദം കേട്ടപ്പോൾ അവനെന്തോ വല്ലായ്ക തോന്നി..
എന്തേ… എന്തു പറ്റീ വയ്യേ നിനക്ക്… രാവിലെയും ശർദ്ദിച്ചോ….
ഇല്ല… ഒന്നൂല്ല്യാ… ഏട്ടൻ രണ്ടീസായില്ലേ ഈ ഓടി നടക്കുന്നത് അത് കാണുമ്പോൾ ഒരു വിഷമം….
അതിനെന്താ ഭാമേ… എനിക്കൊന്നൂല്ല്യാ ഞാനല്ലാതെ വേറെ ആരാ ഇതൊക്കെ ചെയ്യാ എല്ലാവർക്കും ഓരോ തിരക്കല്ലേ… പിന്നെ നമ്മുടെ കുഞ്ഞിക്കു വേണ്ടിയല്ലേ ….
എന്താ ഭാര്യയും ഭർത്താവും കൂടി എന്റെ കുറ്റം പറയുന്നത് അങ്ങോട്ട് കയറി വന്ന കുഞ്ഞിയെന്ന ഭദ്ര ചോദിച്ചു ….
അത്…
എന്റെ ഏട്ടത്തിയമ്മേ വെറുതെ ബബ്ബബ്ബ പറയണ്ട ഞാൻ വെറുതെ പറഞ്ഞതാ നിങ്ങൾ രണ്ടു പേരും എന്തായാലും എന്റെ കുറ്റമെന്നല്ല ആരുടേയും കുറ്റവും കുറവും പറയില്ല… ഇല്ലേ ഏട്ടാ… ദേ… ഏട്ടനെ വല്ല്യേട്ടൻ ചോദിച്ചു…..
നീ അവിടെ എവിടെയെങ്കില്ലും ഒന്ന് ഇരിക്കൂ…. ഈ വയറും വെച്ച് ഇങ്ങനെ നിൽക്കണ്ട നാളെ കുഞ്ഞിയുടെ കല്ല്യാണവും കഴിഞ്ഞു മറ്റെന്നാൾ രാവിലെ പോകാം …. ഞാനൊന്ന് വല്ല്യേട്ടനെ കണ്ടിട്ട് വരാം….
ഭാസ്കരന്റെ മുറിയിൽ കയറും മുമ്പ് അവനൊന്ന് ചുമച്ച് ശബ്ദമുണ്ടാക്കി…..
ആരാ… ഭദ്രനാണോ അവിടെ….. തന്റെ സ്വർണ്ണഫ്രെയിം കണ്ണട ശരിയായ് വെച്ച് കൊണ്ട് ഭാസ്കരൻ ചോദിച്ചു …..
അതെ വല്ല്യേട്ടാ ഭദ്രൻ മറുപടി പറഞ്ഞു ….
അതെന്താ നിനക്ക് എന്റെ മുറിയിലേക്ക് കയറും മുമ്പ് ഒരു ഔപചാരികം ഇത് നിന്റെയും വീടല്ലേ……
അല്ല…… അതൊന്നും ഇല്ലാ ഏട്ടാ….. ഏട്ടൻ വിളിപ്പിച്ചത് വേഗം പറഞ്ഞാൽ എനിക്ക് അങ്ങട് പോവാമായിരുന്നു കല്ല്യാണപണിയൊന്നും കഴിഞ്ഞിട്ടില്ല……
നിന്നോട് പറഞ്ഞതാണ് അതിനൊക്കെ ആളെ നിർത്താമെന്ന്…. അപ്പോൾ അതൊന്നും ശരിയാവില്ലായെന്ന് നമ്മുടെ അനിയത്തിയുടെ കല്ല്യാണമാണെന്ന് പറഞ്ഞു നീ തന്നെ എല്ലാം ഏറ്റെടുത്തത്……
ഏട്ടൻ വിളിപ്പിച്ചത് പറഞ്ഞില്ല……
അത് വേറെയൊന്നും അല്ല ഭദ്രാ.. കുറച്ചു പൈസ ഇവിടെ വെച്ചിരുന്നു അത് ഇപ്പോൾ കാൺമാനില്ല….. നീ ദക്ഷിണയ്ക്കുളള വെറ്റില കൊടുന്ന് വെക്കുമ്പോഴാട്ട് ഇവിടെ കണ്ടിരുന്നോ എന്നറിയാനാണ് ഭദ്രയുടെ ആഭരണങ്ങൾ എടുക്കാൻ മാറ്റി വെച്ചതായിരുന്നു……
ഇല്ല ഏട്ടാ…. ഞാൻ കണ്ടില്ലാ….. ഏട്ടൻ ഓർമ്മയില്ലാണ്ട് വേറെ എവിടെയെങ്കില്ലും വെച്ചതാവും ഒന്നു കൂടി നോക്കി നോക്കൂ…
ഒരു ബാങ്കിലെ മാനേജരായ എനിക്ക് ഓർമ്മ പിശക് വരില്ലടാ… നിന്റെ ഏട്ടത്തിയമ്മയും മക്കളും ഇന്ന് വൈകുന്നേരത്തിനെ ഇവിടെ വരികയുളളൂ… പിന്നെ നീയും ഞാനുമല്ലാതെ ഈ മുറിയിൽ വേറെ ആരും കയറിയിട്ടില്ല…….
പിന്നെ നിനക്കാണെങ്കിൽ പൈസയ്ക്ക് ആവശ്യം വരികയുമല്ലേ നിന്റെ ഭാര്യയുടെ പ്രസവത്തിന് ഒരു കൂലിപ്പണിക്കാരന് എന്താ കിട്ടായെന്ന് എനിക്ക് അറിയാം…. ഇവിടെ ആരോടും ചോദിക്കാതെ എല്ലാമുറിയിലും നിനക്ക് കയറാമല്ലോ… അത് കൊണ്ടാണല്ലോ വേറെ ആൾക്കാരെ ഏൽപ്പിക്കാമെന്ന് ഞാൻ പറഞ്ഞപ്പോൾ വേണ്ടായെന്ന് പറഞ്ഞു നീ ഏറ്റെടുത്തത്…
ഏട്ടാ…. ഏട്ടെനെന്തൊക്കെയാ ഈ പറയുന്നത്… ഞാനെന്തിനാ നമ്മുടെ കുഞ്ഞിയുടെ കല്ല്യാണത്തിനുള്ള പൈസയെടുക്കുന്നത് അവളെ എന്റെയും കൂടി പെങ്ങളല്ലേ….
ഭദ്രാ എനിക്ക് അതൊന്നും അറിയണ്ട നീ എടുത്ത പൈസ വേഗം തിരിച്ചു തരാൻ നോക്ക് ഇപ്പോൾ ആരും അറിഞ്ഞിട്ടില്ല… ഇനി ആൾക്കാരൊക്കെ അറിഞ്ഞ് പോലീസ് വന്ന് ഗർഭിണിയായ നിന്റെ ഭാര്യയുടെ മുന്നിലൂടെ നിന്നെ കൊണ്ട് പോകുമ്പോൾ ഉള്ള അവസ്ഥയൊന്ന് ആലോചിച്ച് നോക്കൂ…..
ഏട്ടാ ഞാൻ എടുത്തിട്ടില്ല….. അത് പറയുമ്പോൾ വിഷമം കൊണ്ടും ദേഷ്യം കൊണ്ടും ഭദ്രന്റെ ശബ്ദം ഉയർന്നിരുന്നു….
പെങ്ങളുടെ കല്ല്യാണത്തിനായ് വന്ന ബാലൻ അമ്മയെ കണ്ടു ഇറങ്ങുമ്പോഴാണ് വല്ല്യേട്ടന്റെ മുറിയിൽ നിന്നും ഭദ്രന്റെ ശബ്ദം കേൾക്കുന്നത്….. ബാലചന്ദ്രൻ വേഗം ഏട്ടന്റെ മുറിയിലേക്ക് കയറി….
എന്താ…. എന്താ ഏട്ടാ പ്രശ്നം ഭദ്രന്റെ ഒച്ച ഉയർന്നു കേട്ടു….
അത് കുഞ്ഞേട്ടാ…. ഭദ്രൻ പറഞ്ഞു മുഴുവനാക്കും മുമ്പ് ഭാസ്കരൻ ബാലനോടായ് പറഞ്ഞു നീ ഈ കളളനെ പിടിച്ച് പുറത്താക്ക് ആദ്യം എന്നിട്ട് ഞാൻ പറയാം നിന്നോട്…
ഭദ്രാ… നീ പുറത്തേക്ക് പോകു ഇപ്പോൾ ഞാൻ വല്ല്യേട്ടനോട് ഒന്ന് സംസാരിക്കട്ടെ… എന്നിട്ട് ഞാൻ നിന്നെ വിളിക്കാം..
വല്ല്യേട്ടനെ കണ്ടു വിഷമത്തോടെ വന്നിരിക്കുന്ന ഭദ്രന്റെ അരികിലായ് ഭാമ വന്നിരുന്നു…
എന്തേ… എന്തു പറ്റീ ഏട്ടാ… വല്ല്യേട്ടൻ വഴക്ക് വലതും പറഞ്ഞുവോ….
വഴക്ക് പറഞ്ഞിരുന്നെങ്കിൽ സാരമില്ലെന്ന് വെക്കാം…. ഇത് അതല്ല ഭാമേ വല്ല്യേട്ടന്റെ മുറിയിൽ കുഞ്ഞിയ്ക്ക് ആഭരണം എടുക്കാൻ വെച്ച പൈസ കാണുന്നില്ലത്രേ ഞാനാണ് അതെടുത്തതെന്ന്…. നിനക്ക് തോന്നുന്നുണ്ടോ ഞാനങ്ങനെ ചെയ്യുമെന്ന്….. മഴക്കാലത്ത് പണിയില്ലാതിരിക്കുമ്പോഴും നീയോ ഞാനോ നമ്മുടെ സങ്കടം ആരോടും പറഞ്ഞിട്ടില്ല ആ ഞാനിപ്പോൾ കളളനും ആയി…..
വല്ല്യേട്ടൻ എവിടെയെങ്കില്ലും മറന്നു വെച്ചതാവും ഭദ്രേട്ടൻ വിഷമിക്കാതിരിക്ക് നമുക്ക് നോക്കാം അവരുടെ മുറിയിൽ…
എന്തേ എന്ത് നോക്കാമെന്നാണ് ഏട്ടത്തിയമ്മ പറയുന്നത് അവരുടെ അരികിലേക്ക് വന്ന കുഞ്ഞി ചോദിച്ചു……
അത്… ഭാമ ഭദ്രന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു തുടങ്ങി നിനക്ക് ആഭരണങ്ങൾ വാങ്ങുവാൻ വെച്ച പൈസ വല്ല്യേട്ടന്റെ മുറിയിൽ നിന്നും കാണുന്നില്ലത്രേ ഭദ്രേട്ടനാണ് അത് എടുത്തതെന്ന് പറഞ്ഞുവത്രേ വല്ല്യേട്ടൻ….
ആഹാ… അതാണോ സംഭവം വെറുതെയല്ല അഴയിൽ തുണി വിരിക്കാൻ പോയപ്പോൾ കുട്ടിരാമനും കുഞ്ചി രാമനും കൂടി സ്വത്തിന്റെ കാര്യം പറയുന്നത്….
എന്റെ ഭദ്രേട്ടൻ ഇത്രയ്ക്ക് വലിയ പൊട്ടനായല്ലോ….. പൈസ കാണുന്നില്ലെന്നും പറഞ്ഞു…….
ഞാനൊന്ന് പോയി നോക്കട്ടെ അത് പറഞ്ഞു കുഞ്ഞി ഭാസ്കരന്റെ മുറിയിലേക്ക് നടന്നു…….
അപ്പോഴും ആ മുറിയിലെ ചർച്ച അവസാനിച്ചിരുന്നില്ല…. അടച്ചിട്ട വാതിലിൽ കൊട്ടും മുമ്പാണ് ഭാസ്കരന്റെ വായിൽ നിന്നും ആ വാക്കുകൾ കുഞ്ഞി കേട്ടത്….
കാര്യം അവള് നമ്മുടേയും പെങ്ങളാണ്…. പക്ഷേ കല്ല്യാണത്തിന് ഇറക്കുന്ന പൈസ എനിക്ക് തിരിച്ചു കിട്ടണം…. പിന്നെ അവള് പോയി കഴിഞ്ഞാൽ അമ്മയെ നോക്കാൻ ഒരാളെ നിർത്തണം ഇതിന്റെയൊക്കെ പൈസ നീ തരുമോ ഇല്ല….. അപ്പോൾ അമ്മയുടെ കാലശേഷം സ്വത്ത് ഭാഗം വെക്കുമ്പോൾ നിന്റെ ഭാഗം നീയും അവളുടെ ഭാഗം അവളുടെ വരാൻ പോകുന്ന കെട്ടിയോനും വാങ്ങും ഭദ്രന്റെ ഭാഗം അവനും കൊടുക്കണം കല്ല്യാണത്തിന് ഞാനിറക്കിയ പണത്തിന്റെ കണക്ക് ആരും അറിയില്ല…..
അത് കൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത്… ഈ പേരും പറഞ്ഞു അവന്റെ ഭാഗം എനിക്ക് എഴുതി തരിക….
ഭാസ്കരൻ ബാക്കി പറയുന്നത് കേൾക്കാൻ നില്ക്കാതെ കുഞ്ഞി കരഞ്ഞു കൊണ്ട് അമ്മയുടെ മുറിയിലേക്ക് പോയി അമ്മയോട് വിവരം പറഞ്ഞു….. ഭവാനിയമ്മ ആൺമക്കളെ മൂന്ന് പേരെയും തന്റെ അരികിലേക്ക് വിളിപ്പിച്ചു…..
തന്റെ മുമ്പിൽ വന്ന മക്കളിൽ ഭാസ്കരനോടായ് ഭവാനിയമ്മ ചോദിച്ചു….. നിനക്ക് സ്വത്ത് വേണമല്ലേ.. ഇവളുടെ കല്ല്യാണം നടത്തുന്നതിന്…… തരാം എല്ലാം എല്ലാവർക്കുമായ് വീതിച്ചു തരാം…. അതിന് മുമ്പ് നിങ്ങൾ രണ്ടു പേരും ഒരു കാര്യം ചെയ്യ് നിങ്ങളുടെ അച്ഛൻ മരിച്ചതിന് ശേഷം പഠിക്കാൻ മിടുക്കരായ നിങ്ങൾ രണ്ടു പേർക്കും വേണ്ടി പഠിക്കാൻ മടിയുണ്ടായിരുന്ന എന്റെ കുഞ്ഞ് കൂലി പണിക്ക് പോയി അധ്വാനിച്ച് ഉണ്ടാക്കിയ പൈസ ആദ്യം ഇവിടെ വെക്ക് എന്നിട്ട് മതി ഇവളുടെ കല്ല്യാണം ….
അവനോട് ആരും പറഞ്ഞതല്ലല്ലോ പഠിക്കാൻ പോകണ്ടായെന്ന് എന്റെ കഴിവ് കൊണ്ടാണ് ഞാൻ പഠിച്ചതും ജോലി കിട്ടിയതും…..
വായടക്കട നായേ അവന്റെയൊരു കണക്ക് ഇപ്പോൾ ഇറങ്ങിക്കോണം ഇവിടുന്ന് ഞാൻ നടത്തിക്കോളളാം എന്റെ മോളുടെ കല്ല്യാണം… നിനക്ക് വേണോടാ സ്വത്ത് ഭവാനിയമ്മ ബാലനോടായ് ചോദിച്ചു….
അയാൾ മറുപടി പറയാതെ തലകുനിച്ച് നിന്നപ്പോൾ ഭദ്രൻ അമ്മയോടായ് പറഞ്ഞു…….
ഇതിന്റെ പേരിൽ ഒരു വഴക്ക് വേണ്ടയമ്മേ… നമ്മുടെ കുഞ്ഞിയ്ക്ക് വേണ്ടിയല്ലേ.. ഭാമയ്ക്ക് കിട്ടിയ അഞ്ച് സെന്റിൽ ഒരു ചെറിയ കൂരയുണ്ട് മഴയും വെയിലും കൊളളാത്തത്… ആരുടേയും പിടിച്ച് പറിച്ചതോ മോഷ്ടിച്ചതോ അല്ല…. ഞാൻ അധ്വാനിച്ചത്… മോളെ ഏട്ടൻ പോകുവാ ഇനിയിവിടെ നില്ക്കുന്നില്ല…. നിങ്ങളുടെ അന്തസിന് ചേരുന്നതാണെന്ന് തോന്നുവാണേൽ കല്ല്യാണം കഴിഞ്ഞതിന് ശേഷം അങ്ങോട്ടിറങ്ങ്….
അമ്മയോട് യാത്ര പറഞ്ഞു ഭദ്രനും ഭാമയും ഇറങ്ങുമ്പോൾ കല്ല്യാണ തലേദിവസത്തിനുളള ആളുകൾ വന്നു തുടങ്ങിയിരുന്നു…..
അവരുടെ ചോദ്യത്തിനായ് ഉള്ളിലെ സങ്കടങ്ങൾ ഒതുക്കി ഭദ്രൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു ഭാമയെ ഡോക്ടറെ കാണിച്ചു വരാമെന്ന്……..
രചന :- ആദി