വാതിൽ കടന്നു അകത്തേക്ക് കയറിയപ്പോൾ അവളുടെ ചുണ്ടിലും ഒരു ചിരി ഉണ്ടായിരുന്നു…

രചന : അമ്മു അമ്മൂസ്

മീശക്കാരൻ

“”അയ്യോ.. മണ്ണിനും ഇലക്കും ഒക്കെ നോവും…. ഇങ്ങനെ ആണോ പെണ്ണെ മുറ്റമടിക്കുന്നത്… ആ ചപ്പ് പകുതിയും അവിടെ തന്നെ ഉണ്ട്…. ഇത്തിരി കൂടി ബലം അങ്ങോട്ട് കൊടുക്ക്…. “”

വൈകുന്നേരം മുറ്റമടിച്ചുകൊണ്ടിരുന്നപ്പോളാണ് പതിവ് ഉപദേശം വീണ്ടും കാതിലേക്ക് എത്തിയത്….

ചൂലും കൈയിൽ പിടിച്ചു ദേഷ്യത്തിൽ തിരിഞ്ഞു നോക്കിയപ്പോൾ ഒരു കൈയിൽ ചായ ഗ്ലാസ്സുമായി ഉമ്മറത്തു ഇരുന്ന് നോക്കുന്നുണ്ട്…

എത്ര ദേഷ്യത്തിൽ നോക്കിയിട്ടും യാതൊരു കൂസലും ഇല്ലാത്തത് പോലെ വീണ്ടും ചിരിച്ചോണ്ട് ചായ വേണോ എന്ന് ആംഗ്യം കാണിച്ചപ്പോൾ ദേഷ്യം കൊണ്ട് വിറഞ്ഞു കേറുന്നുണ്ടായിരുന്നു…

ഒന്ന് നോക്കി പല്ലിറുമ്മി കാണിച്ചിട്ട് വീണ്ടും ചൂലുമായി തിരിഞ്ഞു നിന്നു…

“”കാട്ട്പോത്ത്…. ഇങ്ങേരെ ഒക്കെ കെട്ടാൻ പോയ എന്നേ പറഞ്ഞാൽ മതി…””

ദേഷ്യത്തോടെ ഒരു ദഹിപ്പിക്കുന്ന നോട്ടം കൂടി നോക്കി മുറ്റമടിക്കുന്നതിൽ തന്നെ ശ്രദ്ധിച്ചു…

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ഒന്നര വർഷം മുൻപ് ഇതുപോലെ മുറ്റമടിച്ചുകൊണ്ട് നിന്നപ്പോഴാണ് അടുത്ത വീട്ടിലെ പുതിയ താമസക്കാരൻ കാറിൽ വന്നു ഇറങ്ങിയത്. ആകാംഷ സഹിക്കാൻ പറ്റാതെ മതിലിനു മുകളിലൂടെ തല എത്തിച്ചു നോക്കി.. ആദ്യം കണ്ണിൽ പതിഞ്ഞത് ആ കട്ടി മീശയാണ്…

പണ്ട് മുതലേ മീശ വലിയ ഇഷ്ടമായിരുന്നതിനാൽ നോക്കി നിന്നു…

ആള് താൻ ശ്രദ്ധിക്കുന്നത് അറിഞ്ഞിട്ട് തിരിഞ്ഞു നോക്കിയപ്പോഴായിരുന്നു ചമ്മലോടെ തല മതിലിനു മുകളിൽ നിന്ന് പിൻവലിച്ചു അകത്തേക്ക് നടന്നത്.

പിന്നീട് ആള് വീട്ടിലേക്ക് വരുന്നത് കണ്ടു. രാവിലത്തെ ചമ്മൽ മാറാത്തതിനാൽ മുന്നിലേക്ക് പോയില്ല…. ആള് ഗേറ്റ് കടന്നു അകത്തേക്ക് വരുന്നത് കണ്ടതും നേരെ മുറിയിലേക്ക് നടന്നു…

വാതിൽ അടച്ചു മുറിക്ക് ഉള്ളിൽ ആണെങ്കിലും ഹാളിൽ ഇരുന്ന് പറയുന്നതൊക്കെ ശ്രദ്ധയോടെ ചെവിയോർത്തിരുന്നു. അമ്മയോടും അനിയത്തിയോടുമുള്ള സംസാരത്തിൽ നിന്നാണ് പേര് ജീവൻ എന്നാണെന്നും ആള് പോലീസിൽ ആണെന്നും… പുതിയ എസ്. ഐ ആയിട്ട് ചാർജ് എടുക്കാൻ വന്നതാണ് എന്നും മനസ്സിലായത്.

പിന്നെ പലപ്പോഴായി കണ്ടെങ്കിലും അന്നത്തെ ആ ചമ്മൽ മനസ്സിലുണ്ടായിരുന്നത് കാരണം അങ്ങോട്ട് ചെന്ന് മിണ്ടാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. കാണുമ്പോൾ ഒക്കെ അറിയാതെ തല കുനിഞ്ഞു പോകും…. എങ്കിലും ആള് ശ്രദ്ധിക്കുന്നില്ല എന്ന് കാണുമ്പോൾ വെറുതെ ഒന്ന് ഒരു നോട്ടം നോക്കും…

ഒളിച്ചുകളിയും ഒളിഞ്ഞു നോട്ടവും ഒക്കെയായി കുറച്ചു മാസങ്ങൾ കടന്നു പോയി.

പതിവ് പോലെ അന്ന് കോളേജിൽ പോയതായിരുന്നു. ആർട്സ് പ്രോഗ്രാം ഉള്ളതുകൊണ്ട് സാരിയാണ് ഉടുത്തിരുന്നത്.

സൈക്കിൾ പോലും ഓടിക്കാൻ പേടിയായതുകൊണ്ട് സ്വന്തം വണ്ടിയിൽ പോകുക എന്നത് ഒരു വിദൂര സ്വപ്നം മാത്രമായിരുന്നു…അച്ഛൻ നേരത്തെ ഓഫീസിൽ പോയതിനാൽ കൊണ്ട് വിടാനും വേറെ ആളില്ല..

സാരി ഉടുത്തു ശീലം ഉള്ളതിനാൽ പ്രത്യേകിച്ച് ബുദ്ധിമുട്ട് ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ധൈര്യമായി ബസ്സിൽ കേറി..

കേറിയത് അബദ്ധമായി എന്ന് മനസ്സിലായത് പിന്നീടാണ്… തിരക്ക് കൂടി കൂടി വരുന്നത് അനുസരിച്ചു സാരി ആകെ അലങ്കോലം ആകാൻ തുടങ്ങി….

അതിനിടയിൽ കൂടിയാണ് ആരുടെയോ കൈകൾ ശരീരത്തിൽ കൂടി ഇഴയും പോലെ തോന്നിയത്. ഒറ്റ നിമിഷം കൊണ്ട് മനസ്സ് കല്ലായ പോലെ തോന്നി…. പ്രതികരിക്കണം എന്നുണ്ട്…. തിരിഞ്ഞു നോക്കി അയാൾക്കിട്ട് ഒന്ന് കൊടുക്കണം എന്നുണ്ട്… പക്ഷേ ശരീരമാകെ തളരും പോലെയൊരു തോന്നൽ…

നാവ് വറ്റി വരളും പോലെ…. അയാളുടെ കൈ തട്ടി എറിഞ്ഞു മുന്നിലേക്ക് നീങ്ങി നിന്നു. തിരിഞ്ഞു നോക്കാനുള്ള ധൈര്യം അപ്പോഴും വന്നിരുന്നില്ല…

വീണ്ടും ആ കൈകൾ തന്നിലേക്ക് വരുന്നതറിഞ്ഞു… കൈകളിൽ കൂടി തഴുകി വയറ്റിലേക്ക് ആ കൈകൾ ചലിച്ചതും ഇതുവരെ തോന്നാത്ത ധൈര്യത്തിൽ വെട്ടിത്തിരിഞ്ഞു അയാൾക്ക് നേരെ കൈയോങ്ങിയതും ഒന്നിച്ചായിരുന്നു….

പക്ഷേ എന്റെ കൈ തല്ലും മുൻപേ അടി കൊണ്ട് അയാൾ വേച്ചു പോയിരുന്നു… കാര്യം മനസ്സിലാകാത്തെ സൈഡിലേക്ക് നോക്കിയപ്പോളാണ് കത്തുന്ന കണ്ണുകളോടെ നിൽക്കുന്ന ജീവനെ കാണുന്നത്.

അയാളെ വീണ്ടും വീണ്ടും തല്ലുന്നത് കണ്ടു… എന്തൊക്കെയോ പറയുന്നുണ്ട്… പക്ഷേ അതൊന്നും ശ്രദ്ധിക്കാൻ പറ്റിയ മാനസികാവസ്ഥയിൽ ആയിരുന്നില്ല…

ബസ്സിൽ ഉള്ളവർ പലരും ഒരു കാഴ്ച വസ്തുവിനെ പോലെ നോക്കുന്നുണ്ട്.. ചിലരൊക്കെ അടുത്തിരിക്കുന്ന ആളോട് എന്തൊക്കെയോ അടക്കം പറയുന്നു… അപമാനഭാരം കാരണം കണ്ണുകൾ രണ്ടും നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു…

പോലീസ് ജീപ്പ് വന്നു അയാളെ അതിലേക്ക് കയറ്റാനായി ബസ് നിർത്തിയതും അതിനൊപ്പം തന്നെ ഇറങ്ങി. കോളേജിലേക്ക് പോകാൻ തോന്നിയില്ല.. വീട്ടിലേക്ക് ചെല്ലണം എന്ന് തോന്നി…

റോഡ് ക്രോസ്സ് ചെയ്തു ബസ് സ്റ്റോപ്പിൽ ഇരുന്നു. മനസ്സപ്പോഴും അതിൽ തന്നെ ചുറ്റപ്പെട്ടു കിടക്കുകയായിരുന്നു. ആദ്യത്തെ അനുഭവം ആയതിനാലാക്കണം വല്ലാത്ത ഒരു മരവിപ്പ് പോലെ… ഇപ്പോഴും അയാളുടെ കൈകൾ ശരീരത്തിൽ കൂടി ഇഴഞ്ഞു നടക്കും പോലെ..

നിറഞ്ഞു വന്ന കണ്ണുകൾ വീണ്ടും അമർത്തി തുടച്ചപ്പോഴാണ് അടുത്താരോ ഇരിക്കും പോലെ തോന്നിയത്. മുഖമുയർത്തി നോക്കിയപ്പോൾ ജീവനെയാണ് കണ്ടത്.. തന്നെ തന്നെ നോക്കി ഇരിപ്പുണ്ട്..

വല്ലാത്ത ഒരു വെപ്രാളം തോന്നി. പിടച്ചിലോടെ കണ്ണുകൾ പിൻവലിച്ചു മറുവശത്തേക്ക് നോക്കി ഇരുന്നു…

“”നീ കോളേജിൽ പോകുന്നില്ലേ..””. ഗൗരവം നിറഞ്ഞ ശബ്ദം കേട്ടു..

ഉണ്ടെന്നോ ഇല്ലെന്നോ പറയാഞ്ഞിട്ടാകും ചോദ്യം ഒരിക്കൽ കൂടി ആവർത്തിക്കുന്നത് കേട്ടു..

ഇല്ലെന്ന് പതുക്കെ തലയാട്ടി..

ശ്വാസമൊന്ന് വലിച്ചു വിടുന്ന ശബ്ദം കേട്ടു. “”ഇത് തന്നെ നാളെയും ഉണ്ടായാൽ… അതിന്റെ അടുത്ത ദിവസവും ആവർത്തിച്ചാൽ… നീ പഠിപ്പ് നിർത്തുമോ…””

ഗൗരവത്തോടെ തന്നെ ചോദിച്ചു. മറുപടി ഒന്നും പറഞ്ഞില്ല.. പറയാനൊരുത്തരം കൈയിൽ ഇല്ലായിരുന്നു എന്നതായിരുന്നു ശെരി..

“”ശെരി… നീ ബസ്സിൽ കേറാതെ പഠിക്കാൻ പോയി എന്നിരിക്കട്ടെ… നിനക്കൊരു ജോലി കിട്ടുമ്പോൾ അവിടെ ഇതുപോലെയൊരു ശല്യക്കാരൻ ഉണ്ടെങ്കിൽ ആ ജോലി നീ രാജി വെക്കുമോ….””

അവൻ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്ന കാര്യം പിടികിട്ടിയപ്പോൾ ഇല്ലെന്ന് പതിയെ തലയാട്ടി..

ആ മുഖത്ത് ഒരു ചിരി വിടരുന്നത് കണ്ടിരുന്നു…

“”അടുത്ത ബസ് എപ്പോഴാ കോളേജിലേക്ക്…””

“”അഞ്ചു മിനിറ്റ് കഴിഞ്ഞു…””. നേരത്തെ കരഞ്ഞതിന്റെ ആണെന്ന് തോന്നുന്നു പറയുമ്പോൾ ശബ്ദം അടച്ചിരുന്നു..

“”ഹ്മ്മ്… വാ… എഴുന്നേൽക്ക്..””. ആള് എഴുന്നേറ്റിട്ട് പറഞ്ഞപ്പോൾ മറുത്തൊന്നും പറയാതെ കൂടെ ചെന്നു.

റോഡ് ക്രോസ്സ് ചെയ്യാൻ നിൽക്കുമ്പോൾ ആ കൈകൾ അനുവാദം ചോദിക്കാതെ എന്റെ വിരലുകളെ കോർത്തു പിടിച്ചിരുന്നു…

ഞെട്ടലോടെ ആ മുഖത്തേക്ക് നോക്കിയപ്പോൾ ചിരിയൊളിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് സൈഡിലേക്ക് നോക്കുന്നതാണ് കണ്ടത്…

വല്ലാത്തൊരു വിറയൽ ശരീരമാകെ പടരും പോലെ തോന്നി. മറുവശത്തു എത്തിയിട്ടും ആ കൈകൾ വിട്ട് മാറിയില്ല…

ബസ് വന്നു നിന്നപ്പോൾ ആദ്യം നോക്കിയത് ആ കൈയിലേക്കാണ്. ചിരിയോടെ ആള് പിന്നിലേക്ക് മാറി നിൽക്കുന്നത് കണ്ടു..

കാഴ്ചയിൽ നിന്ന് മറയും വരെയും ആള് അതെ കുസൃതി നിറഞ്ഞ ചിരിയോടെ നോക്കി നിൽക്കുന്നതാണ് കണ്ടത് ….. ഹൃദയം മിടിച്ചു മിടിച്ചു പൊട്ടി പോകുമോ എന്ന് തോന്നി…

മറ്റൊന്നും പിന്നെ മനസ്സിലേക്ക് വന്നിരുന്നില്ല… തിരിച്ചൊരു പുഞ്ചിരി നൽകാൻ പറ്റാതെ ഇരുന്നതിൽ ആദ്യമായി വിഷമം തോന്നി… പരിപാടി തീരാൻ പോലും കാത്ത് നിൽക്കാതെ വൈകുന്നേരം നേരത്തെ വീട്ടിലേക്ക് മടങ്ങി… എങ്ങനെയെങ്കിലും ആളെ ഒന്നുകൂടി കാണണം എന്നേ ഉണ്ടായിരുന്നുള്ളൂ…

ബൈക്ക് മുറ്റത്തു കാണാതെ ഇരുന്നപ്പോൾ വന്നിട്ടില്ല എന്ന് മനസ്സിലായി. നിരാശയോടെ തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോഴാണ് ബൈക്ക് നേരെ മുന്നിലേക്ക് വന്നു നിന്നത്…

ഗേറ്റ് ന്റെ മറവിലൂടെ ഒളിഞ്ഞു നോക്കിയത് ആള് കണ്ടു എന്ന് മനസ്സിലായി… ചമ്മലോടെ ഒരു ചിരി നൽകി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴേക്ക് കൈയിൽ പിടിച്ചു തടഞ്ഞു നിർത്തിയിരുന്നു…

“”നിനക്കെന്താ ഇവിടെ കാര്യം…”” ഒരു വശത്തെ മീശ ഒന്ന് നന്നായി പിരിച്ചു വച്ചു ജീവൻ ചോദിച്ചു…

മറുപടിയില്ലാതെ തല താഴ്ത്തി നിന്നു… ശ്വാസം വിലങ്ങി പോകുമോ എന്ന് പോലും തോന്നി.

“”യാമി… “”ആള് പേര് വിളിച്ചപ്പോൾ ഞെട്ടലോടെയാണ് നോക്കിയത്. എന്റെ പേര് അറിയാം എന്ന് വിചാരിച്ചതേയില്ല…

അത്രയും നേരം ആ മുഖത്തുണ്ടായിരുന്ന ചിരിക്ക് ഒരു ചെറിയ മങ്ങൽ പോലെ തോന്നി…

“”യാമി….. താൻ…. അറിയേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്….”” അത് പറയുമ്പോൾ ആ മുഖത്തെ ഗൗരവം വീണ്ടും ഒരിക്കൽ കൂടി കൂടും പോലെ.

“”ഞാൻ പഠിച്ചതും വളർന്നതും ഒക്കെ ഓർഫനെജില… അപ്പനും അമ്മയും ഉണ്ടോ…. അതോ അവരെന്നെ ഉപേക്ഷിച്ചതാണോ….. ഒന്നും എനിക്കറിയില്ല…. ജീവിതത്തിൽ ഇന്ന് വരെ കൂടെ ഉണ്ടായിരുന്നത് സൗഹൃദങ്ങൾ മാത്രമാണ്….. പ്രണയത്തിനോ…. മറ്റൊന്നിനോ സ്ഥാനം ഉണ്ടായിരുന്നില്ല……”” ആളൊന്ന് നിർത്തി..

ആ കണ്ണുകൾ കലങ്ങി വരുന്നത് കാൺകെ വേദനിക്കുന്നത് തന്റെ ഉള്ളിലാണ് എന്ന് തോന്നി…..

“”ഇവിടെ വന്നു തന്നെ കാണും വരെ…..”” ചെറിയൊരു ചമ്മലോടെ ആളത് കൂട്ടിച്ചേർത്തപ്പോൾ തറഞ്ഞു നിൽക്കാനേ കഴിഞ്ഞുള്ളു…

“”വളച്ചു കെട്ടി പറയാനോ… മറച്ചു പിടിക്കാനോ ഒന്നും എനിക്കറിയത്തില്ല….. പൊന്ന് പോലെ നോക്കാം എന്നോ… കണ്ണ് നിറയാതെ നോക്കാം എന്നോ വാക്ക് തരുന്നില്ല…. എനിക്കിത്തിരി ദേഷ്യം കൂടുതലാണെ ഇടക്കൊക്കെ…. പക്ഷേ ചാകുവോളം ഒറ്റക്കാക്കില്ല…. ആ ഒരു വാക്ക് മാത്രം തരുവാ…. ആകാശം ഇടിഞ്ഞു വീഴുന്ന പ്രേശ്നമാണെലും നിന്റെ കൂടെ തന്നെ കാണും… പാതി വഴിക്ക് ഇട്ടേച്ചു പോകത്തില്ല….. ഓക്കേ ആണെങ്കിൽ ഞാൻ വീട്ടിൽ വന്നു പറയാം….””

ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെ തന്നെ നോക്കി ഇരിപ്പുണ്ട്..

വാക്കുകൾ ഒന്നും തന്നെ പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല…. വീണ്ടും വീണ്ടും ആ ശബ്ദം തന്നെ ചെവിയിൽ മുഴങ്ങുന്നു…..

താനൊരു മറുപടി പറയും എന്ന് പ്രതീക്ഷയോടെ നോക്കി നിൽക്കുന്ന ആളെ ഒന്ന് നോക്കി തെളിച്ചമില്ലാത്ത ഒരു ചിരി വരുത്തി മുഖത്ത്… ആ കണ്ണുകളിലെ പ്രകാശം കുറഞ്ഞത് പോലെ തോന്നി….

നിരാശയിൽ കുതിർന്ന ഒരു ചിരി നൽകി ആള് ബൈക്ക് വീണ്ടും സ്റ്റാർട്ട്‌ ചെയ്യാൻ നോക്കുമ്പോളേക്കും താക്കോൽ ഊരി എടുത്തിരുന്നു…. പകച്ചു നോക്കുന്നുണ്ട്…

“”ഉത്തരം വേണ്ടേ…””. ചോദിച്ചപ്പോൾ ചെറിയ കുട്ടിയെ പോലെ തലയാട്ടുന്നത് കണ്ടു.

“”നമ്മൾ തമ്മിൽ വഴക്കുണ്ടാക്കുന്ന ദിവസം എല്ലാം അടുക്കള അവധി ആയിരിക്കും… ഒന്നുങ്കിൽ പുറത്ത് നിന്ന് വാങ്ങണം അല്ലെങ്കിൽ എനിക്ക് വച്ചു തരണം……പിണക്കം മാറ്റാൻ സിനിമക്കും കൊണ്ട് പോകേണ്ടി വരും…””

ആള് ചിരിയോടെ തലയാട്ടുന്നത് കണ്ടു…

വീണ്ടും ആലോചിക്കും പോലെ താടിയിൽ വിരലൂന്നി… ആള് കൗതുകത്തോടെ നോക്കുന്നുണ്ട്…

പിന്നൊന്നും പറയാതെ കഴുത്തിൽ കൂടി ചുറ്റിപ്പിടിച്ചു ആ നെറുകയിൽ ഒന്ന് ചുണ്ട് ചേർത്തു…..

“”മര്യാദക്ക് നാളെ തന്നെ വന്നു ചോദിച്ചോണം…””

തറഞ്ഞിരിക്കുന്ന ആളെ ഒന്ന് കണ്ണ് കൂർപ്പിച്ചു നോക്കി വീട്ടിലേക്ക് തിരിഞ്ഞു നടക്കുമ്പോൾ ആളുടെ ചിരിയുടെ ശബ്ദം വീണ്ടും ഒരിക്കൽ കൂടി കാതിലേക്ക് അലയടിച്ചിരുന്നു…..

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

“”ദാ അവിടെ രണ്ടു ഇല കിടക്കുന്നു…””. വീണ്ടും ആളുടെ ശബ്ദം കേട്ടപ്പോഴാണ് ഓർമ്മകളിൽ നിന്ന് ഉണർന്നത്…

മുറ്റത്തു കിടക്കുന്ന ഇലയിലേക്ക് ചൂണ്ടി ചായ ഊതി ഊതി കുടിക്കുന്നുണ്ട്…

ദേഷ്യത്തോടെ ചൂല് നിലത്തേക്ക് ഇട്ടു…. “”ഈ വയറും വെച്ച് ഇങ്ങനെയൊക്കെയേ തൂക്കാൻ പറ്റൂ…. ബുദ്ധിമുട്ട് ഉള്ളവർ ഇങ്ങോട്ട് വന്നു തൂത്തോ….””

ദേഷ്യത്തോടെ പറഞ്ഞതും ചായ ഗ്ലാസ്‌ തറയിലേക്ക് വെച്ചു ചിരിയോടെ അടുത്തേക്ക് വരുന്നത് കണ്ടു…

തന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് നേരെ നിലത്തേക്ക് കുനിഞ്ഞു വയറിനു നേരെ മുഖം അടുപ്പിച്ചു നിന്നു….

“”നിന്റെ അമ്മ മഹാ മടിച്ചി ആയിട്ടോ കുഞ്ഞാ….. ഇപ്പൊ പാചകം ചെയ്യുന്നത് അപ്പാ…. വീട് വൃത്തി ആക്കുന്നത് അപ്പാ…. തുണി കഴുകുന്നത് അപ്പാ……. ഈ ജോലി എങ്കിലും ചെയ്തില്ലെങ്കിലേ എന്റെ കുഞ്ഞനും അമ്മയെ പോലെ മടിയൻ ആയിപ്പോകും….””

ചിരിയോടെ പറയുന്നത് കേട്ടപ്പോൾ തള്ളിമാറ്റി… “”എന്റെ കുഞ്ഞിനോട് എന്റെ കുറ്റം പറഞ്ഞു കൊടുക്കുന്നോ…. “”ദേഷ്യത്തിൽ ഒന്ന് നോക്കിയിട്ട് അകത്തേക്ക് നടക്കുമ്പോഴും മുറ്റത്തു നിന്ന് ഉറക്കെ ചിരിക്കുന്നത് കേട്ടു…

വാതിൽ കടന്നു അകത്തേക്ക് കയറിയപ്പോൾ അവളുടെ ചുണ്ടിലും ഒരു ചിരി ഉണ്ടായിരുന്നു… അഞ്ചു നിമിഷത്തിനുള്ളിൽ പിണക്കം മാറ്റാൻ ആള് വരും എന്ന് ഉറപ്പായിരുന്നു…

അത് ശെരി വെക്കും പോലെ അപ്പോഴേക്കും “”യാമിക്കൊച്ചേ “”എന്നുള്ള വിളിയുമായി രണ്ടു കൈകൾ പിന്നിൽ നിന്നും ചേർത്ത് പിടിച്ചു കഴുത്തിലേക്ക് മുഖം പൂഴ്ത്തിയിരുന്നു…

ആദ്യം കപടഗൗരവത്തിൽ നിന്നെങ്കിലും അറിയാതെ ചിരിച്ചു പോയി… ഒടുവിൽ തിരിഞ്ഞു നിന്ന് ആ നെഞ്ചിലേക്ക് ചെയുമ്പോളേക്കും വീണ്ടുമൊരിക്കൽ കൂടി നെറുകയിൽ അവന്റെ അധരങ്ങൾ പതിഞ്ഞിരുന്നു… ഓരോ തവണയും കൂടുതൽ കൂടുതൽ പ്രണയത്തോടെ.. ഇഷ്ടമായാലും ഇല്ലെങ്കിലും അഭിപ്രായം പറയണേ 😁😁.. ബല്യ കമന്റ്‌ 🙈🙈… ശുഭം

രചന : അമ്മു അമ്മൂസ്

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters