രചന: Taitas Ck Taittu
കട്ട മൂക്കുത്തി പ്രേമം കാരണം പ്രിയതമയെ കൊണ്ട് മൂക്ക് കുത്തിക്കാൻ പോയപ്പോൾ ആണ് മനസിലായത് പശുവിനെ മൂക്ക് കുത്തിക്കാൻ ഇതിലും എളുപ്പം ആയിരുന്നെന്ന്.. കരച്ചിലും പിഴിച്ചിലുമായി ആകപ്പാടെ ഒരു ബഹളം..
ദേഷ്യം വന്നാൽ അവൾ എന്റെ ലഡാക്കിലെ കുഞ്ഞമ്മയെ സ്മരിക്കാറുണ്ട്..ഇന്ന് അതല്പം കൂടിയോന്നു ഒരു സംശയം.. ചാർളിയിലെ പാർവതിയെ കണ്ടപ്പോൾ മുതൽ തുടങ്ങിയ ഭ്രാന്താണ് അവളെ മൂക്ക് കുത്തിക്കണം എന്ന്..ആവശ്യം അവതരിപ്പിച്ചപ്പോഴെല്ലാം കട്ട എതിർപ്പുമായി അവൾ നിന്നു അവസാനം ഒരു കാഞ്ചീപുരത്തിൽ കണ്ണ് മഞ്ഞളിച്ച് അവൾ വീണു,പാവം ദേ മൂക്കും പൊത്തി ഇരിക്കുന്നത് കണ്ടാൽ സത്യത്തിൽ സങ്കടം തോന്നൂട്ടോ.. പതിയെ പിറകിലൂടെ ചെന്ന് വയറിൽ ചുറ്റിപിടിച്ചു അവളെ ചേർത്ത് നിർത്തി,കുതറി മാറാൻ നോക്കിയെങ്കിലും ഒന്നുടെ അടുപ്പിച്ചു നിർത്തി ചെവിയിൽ ഒരു ചെറുമുത്തം കൊടുത്തു.. “അല്ലയോ സുന്ദരി ചെന്താമര വിരിയും പൂമുഖത്തിന് അഞ്ജനകാന്തി പരത്തും ഈ ഒറ്റക്കൽ ഇന്ദുപുഷ്പ്പത്തിന് പകിട്ടിൽ നിൻ നുണക്കുഴി കവിളോരം നൂറ്നിറദീപശോഭയിൽ തുടിക്കുന്നത് കാണാൻ ദേവദേവെന്ദ്രന്മാർക്ക് പോലും ഭാഗ്യം കടാക്ഷിച്ചില്ലല്ലോ എന്നതിൽ ഞാൻ ഇന്ന് അതീവ സന്തുഷ്ടൻ ആയിരിക്കുന്നു ഭവതി”
“എന്തോന്ന”
“അല്ല…..ഈ ഒറ്റക്കൽ മൂക്കുത്തി നിനക്ക് നന്നായി ചേരുന്നുണ്ടെന്ന്
ദേ വേണ്ടട്ടോ..ഒരുമാതിരി വളിച്ച സാഹിത്യവും കൊണ്ട് എന്റെ അടുത്തൂന്ന് പൊക്കോണം ഒരു മൂക്കുത്തി പ്രേമം..ഇനി വല്ലോ ആഗ്രഹവും ഉണ്ടോ ആവോ
നിന്നെ ഒരു മൂക്കുത്തി ഇട്ട് കാണാൻ ഉള്ള ആഗ്രഹം കൊണ്ടല്ലേ മുത്തെ
എന്നാപ്പിന്നെ മൂക്ക് കുത്തിയ ഏതേലും പെണ്ണിനെ കെട്ടിയാൽ പോരായിരുന്നോ..എന്നെ എന്തിനാ കെട്ടിയെ
ഞാൻ അങ്ങനെയാടി പഴയ വണ്ടി മേടിച്ചു അൽട്ടർ ചെയ്യിപ്പിക്കാറെ ഉള്ളു..അതിനല്ലെടി ചന്തം കൂടുതൽ പഴയതിന്റെ പ്രൗഢിയും പുതിയത്തിന്റെ തിളക്കവും കിട്ടും
“റിംഗ്”
കൈയിലിരുന്ന എന്തോ ഒരു സാധനം കൊണ്ട് തലക്ക് ഒന്ന് കിട്ടിയതെ ഓർമ്മ ഉള്ളു
പിന്നെ ബോധം വന്ന് കണ്ണാടിയിൽ നോക്കിയപ്പോഴാണ് ആ ക്രൂരവും പൈശാചികവുമായ കൃത്യം ഞാൻ കണ്ടത് എന്റെ മീശ അവിടെ ഇല്ലാ
ദേവിയെ…..
പിന്നെ അടുക്കളയിലേക്ക് ഒരു ഓട്ടം ആയിരുന്നു.. എന്നെ കണ്ടതും ഭവതി ഒരു കൂസലും ഇല്ലാതെ പിന്നെയും പാത്രങ്ങൾ കഴുകികൊണ്ടിരിക്കുന്നു
ദേഷ്യം ഇരച്ചു കയറി തിളച്ചു മറിഞ്ഞു
“എന്റെ മീശ എവിടെ”
നിങ്ങടെ മീശ എന്റെ കൈയിൽ ആണോ..
ദേ പെണ്ണെ…
അവളുടെ കയ്യിൽ പിടിച്ചു തിരിച്ചു നിർത്തി
ചിരിയടക്കാൻ അവൾ നന്നായി പാടുപെടുന്നുണ്ടായിരുന്നു
“നിങ്ങളെ മീശ ഇല്ലാതെ കാണണം എന്ന് എന്റെ ഒരു വലിയ ആഗ്രഹം ആയിരുന്നു അത് ഇപ്പോൾ സാധിച്ചു
മൂക്കും മുഖവും ഒരുപോലെ ചുവന്ന് വന്നത് കണ്ടിട്ടാവണം അവൾ എന്റെ നെഞ്ചോട് ചേർന്ന് നിന്നു
“അല്ലയോ..സുന്ദര നിൻ പവിഴപുഞ്ചിച്ചിരി വിടരും ഇതളുകൾക്ക് മുകളിലായി നീ തീർത്ത മഞ്ജലണ് നിൻ മീശ എങ്കിൽ നിൻ പ്രിയതമയുടെ സ്വപ്നസാക്ഷാൽക്കാരത്തിന്റെ നിർവിധിയാണ് ഇന്ന് തുടിക്കുന്ന നിൻ മുഖകാന്തിക്ക് പത്തരമാറ്റു കൂട്ടുന്ന നിന്റെ മീശയില്ല മേൽചുണ്ടുകൾ”
കിളികൾ രണ്ട് മൂന്നെണ്ണം ഒരുമിച്ചു പറന്ന് പോയെങ്കിലും ഒന്ന് പൊട്ടിക്കാനായി കൈകൾ ഉയർത്തിയപ്പോളാണ് പീക്കിരിപാട്ടാളം ഓടി വന്ന് കെട്ടിപിടിച്ചത് ,
“അമ്മെ ദേ അച്ഛന്റെ മീശ കാണാനില്ല”
“അതോ മോളെ..അമ്മ ഒരു പഴയ വണ്ടി മോഡിഫൈ ചെയ്‌തത,മോൾക്ക് ഇഷ്ട്ടയോ”
അവൾ ചിരിച്ചോണ്ട് വാ പൊത്തി
എടി കാന്താരി ചിരിക്കുന്നോ അവളെ കോരിയെടുത്തു അടുക്കളയിൽ നിന്നും വേഗംതന്നെ സ്കൂട്ടായി…
രചന: Taitas Ck Taittu