രചന: Unais Bin Basheer
ആ ചെളികാലുകൊണ്ട് അകത്തേക്ക് വന്നാൽ നിന്റെ കാൽ ഞാൻ വെട്ടിമുറിക്കും പറഞ്ഞേക്കാം.. മനുഷ്യൻ ഇപ്പൊ ഒന്ന് നടുനീർത്തിയതേയുള്ളു. ഞാനേ നിന്റെ ഉമ്മയാ അല്ലാണ്ട് ഇവിടുത്തെ വേലക്കാരി അല്ല പ്രായോം ഒരുപാടായി. അതെങ്ങനാ എനിക്കൊരു കൂട്ടിനെങ്കിലും മോനെ കെട്ടിക്കണം എന്ന് ഇവിടെ ഒരാൾക്ക് തീരെ ചിന്തല്ലല്ലോ. മോനിപ്പോഴും ചെറിയ കുട്ടിയാണെന്നാ വിചാരം. ഹ എന്റെ വിധി.. ഓരോന്ന് ഞൊടിഞ്ഞോണ്ട് ഉമ്മ ഉമ്മറത്തെ വാതിൽ വലിച്ചടിച് അകത്തേക്ക് പോയി.
കളികഴിഞ്ഞു വന്ന എനിക്ക് ഈ പല്ലവി സ്ഥിരം ആയതോണ്ട് ഞാൻ അതൊന്നും കാര്യമാക്കിയില്ല.
രാവിലെ വന്ന പത്രം രാവന്തിയായിട്ടും വായിച്ചു തീരാത്തതിനാലാവാം ഇപ്പോഴും ഉപ്പ പാത്രത്തിലേക്ക് നോക്കി കോലായിൽ ഇരിക്കുന്നുണ്ട്. ആ ഇരിപ്പ് കണ്ടാലറിയാം ഉമ്മപറഞ്ഞത് ഒരക്ഷരം പോലും ഉപ്പാന്റെ തലേൽ കേറിഞ്ഞീട്ടില്ലാന്ന്.. ഹ എന്തേലുമാവട്ടെ.. ഞാൻ അടുക്കള വഴി അകത്തേക്ക് കയറാൻ പോകുന്നേരമാണ് ഉപ്പ വിളിക്കുന്നത്.
ഡാ മാനു,. ഞാനൊന്ന് തിരിഞ്ഞു നോക്കി. എന്റെ ഒരു കയ്യിൽ ബോളും അടുത്തകയ്യിൽ ബൂട്ടും ഉണ്ട്.. വിയർത്തൊട്ടിയ ട്രൗസറിൽ നിന്നും വെള്ളം ഇറ്റി വീഴുന്നു.
മൂപ്പരെന്നെ അടിമുടിയൊന്ന് നോക്കി. എന്തുകോലാട ഇത്. ഇത്രേം പ്രായം ആയീലെ.. ഇനി നിർത്തിക്കൂടെ.. നിന്നെ പന്തുതട്ടാൻ പഠിപ്പിച്ചതും പ്രോത്സാഹിപ്പിച്ചതും ഒക്കെ ഞാൻ തെന്നെ എന്നത് ശെരിയാ.. അതിന് വേണ്ടുവോളം അന്റെ ഉമ്മാന്റെ വായീൽന്ന് ഞാൻ കേട്ടീണ് ഇനി വയ്യ. അന്റെ ഉമ്മാടെ ആഗ്രഹം തീർക്കാണെലും ഈ കളിയൊക്കെ നിർത്തി ഒന്ന് കല്യാണം കഴിച്ചൂടെ അനക്ക്.
ഉപ്പ. ഇങ്ങള് അത് മാത്രം പറയരുത്. പ്രായംകൊണ്ട് തളരുന്നതല്ല ഫുട്ബാൾ.. പിന്നെ കല്യാണം അത് നമുക്ക് പിന്നേം ആവാലോ. ഇങ്ങള് ഉമ്മക്കനുസ്സരിച്ചു തുള്ളുന്ന വെറുമൊരു പെൺകോന്തനിലേക്ക് തരംതാഴരുത് ഉപ്പാ.. നിങ്ങക്കൊരു കാര്യം അറിയോ.. ഇങ്ങളേ ഞാൻ വെറുമൊരു ഉപ്പയായിട്ടല്ല കാണുന്നത്. എനിക്ക് പിറക്കാതെ പോയ എന്റെ കോച്ചായിട്ടാണ്.. അതും പറഞ്ഞു ഞാൻ കണ്ണുതുടച്ചു. മുടിയിൽ നിന്നും വിയർപ്പൊലിക്കുന്നത് കൊണ്ട് കണ്ണീരിനുവേണ്ടി കണ്ണിൽ കുത്തേണ്ട ആവിശ്യം വന്നീല്ല..
എടാ എടാ കുരുത്തം കെട്ടവനെ നീ എന്നെ ഒരുമാതിരി ആസാക്കരുത്.. എന്നെ സോപ്പിട്ട് പതപ്പിക്കാതെ നീ പോയി സോപ്പ് തേച്ചുകുളിക്കെടാ സെയ്താനെ.. എന്നും പറഞ്ഞു ഉപ്പ ചിരിച്ചോണ്ട് കയ്യിലുള്ള പത്രം ചുരുട്ടി എന്റെ നേരെ എറിഞ്ഞു.
രാത്രി കൂടിയിരുന്ന് ഭക്ഷണം കഴിക്കുമ്പോഴും ഉമ്മയുടെ പരാതി തീർന്നിട്ടില്ല. ഓൺ ചെയ്തുവെച്ച റേഡിയോ പോലെ തിരിച്ചൊന്നും പറയാൻ അനുവദിക്കാതെ ഉമ്മ പറഞ്ഞു തകർക്കുന്നുണ്ട്. എനിക്ക് മാത്രമല്ല ഇടക്കൊരു കുത്തുപ്പാക്കും കിട്ടുന്നുണ്ട്, സഹികെട്ടപ്പോൾ ഞാൻ പറഞ്ഞു
ന്റെ മ്മാ ഇങ്ങള് രാവിലെ ചേനയാണോ തിന്നത് ഇങ്ങനെ ചൊറിയാൻ.. എന്റെ വളിപ്പ് കോമഡി കേട്ട് ഉപ്പച്ചിരിച്ചു, പക്ഷെ ആ ചിരിക്ക് ഉമ്മയുടെ ഒരു നോട്ടം വരെയേ ആയുസ്സുണ്ടായിരുന്നൊള്ളു.
നിങ്ങളാ ഇവനെ ഇങ്ങനെ വഷളാക്കിയത്. ഇങ്ങളെ മുടിഞ്ഞ ഒരു പന്തുകളി… ആഹാ ഇപ്പം എനിക്ക് മാത്രായോ കുറ്റം. ഞാൻ മാത്രമല്ല ആകോക്കൂടെ ഒന്നേയൊള്ളൂന്ന് പറഞ്ഞു നീയാ വഷളാക്കിയത്.. ഓ ഇങ്ങളൊന്ന് നിർത്തുന്നുണ്ടോ, ന്നെ ആരും വഷളാക്കിയതല്ല ഞാൻ സ്വയം വഷളായതാണ് എന്തേയ് പോരെ. വിശപ്പുണ്ടായിരുന്നിട്ടും ചോർമതിയാക്കി ഞാൻ കൈകഴുകി റൂമിൽ പോയി കിടന്നു.. ന്റെ റബ്ബേ വിശന്നിട്ട് വയറെരിയുന്നുണ്ട് ഉമ്മ വന്നുവിളിക്കും എന്നുകരുതിയാണ് ഉള്ളചോറുകഴിക്കാതെ ജാഡയിട്ട് പോന്നത്. ഉമ്മ ചതിച്ചല്ലോ..
വാതിൽ തുറക്കുന്ന ശബ്ദംകേട്ടപ്പോൾ ഞാൻ കണ്ണടച്ച് കിടന്നു. ഉമ്മയായിരിക്കും. ഹും വിളിച്ചയുടനെ വരാനൊന്നും ഈ മാനൂനെ കിട്ടൂല. ഞാൻ കണ്ണടച്ച് തിരിഞ്ഞു കിടന്നു.
മോനെ മാനു.. ഹേ ഉപ്പയാണല്ലോ.. ഞാൻ പെട്ടന്നുതന്നെ തിരിഞ്ഞു നോക്കി. ഉപ്പ എന്റെ അടുത്തിരുന്നപ്പോൾ ഞാനും എഴുന്നേറ്റിരുന്നു, നീ ദേഷ്യത്തിലാണോ..? ഹേയ് അല്ലുപ്പാ. പിന്നെ എന്തെ ചോറ് മതിയാക്കി എഴുന്നേറ്റെ.. ഞാൻ ഒന്നും മിണ്ടിയില്ല.
നോക്ക് നിന്റെ ഉമ്മാക്ക് ഭയങ്കര പേടിയാടാ.. ഈ ദേഷ്യം ഒക്കെ അതുകൊണ്ടാ.. നീയൊന്ന് ഉറക്കെ തുമ്മിലായാൽ, അല്ലെങ്കിൽ പനിച്ചു കിടന്നാൽ നീ മരിച്ചു പോവുമോ എന്ന പേടി.. അതുകൊണ്ടാണ് നിനക്ക് അസുഖം വരുമ്പോഴേക്ക് അവൾ അതൊന്ന് മാറിക്കിട്ടാൻ വേണ്ടി ഓടി നടക്കുന്നത് അതൊക്കെ നീ അനുഭവിച്ചറിഞ്ഞതല്ലേ ഒരുപാട്.. ഒത്തിരി വേദന അവൾ അനുഭവിച്ചതാ.. ഒരു കുഞ്ഞിനെ താങ്ങാൻ ശേഷിയില്ലാത്ത ഗർഭപാത്രമായിരുന്നു അവൾക്ക്. നീ വയറ്റിലുള്ളപ്പോൾ കാണിച്ച ഡോക്ട്ടർമ്മാർ മുഴുവനും നിന്നെ ഒഴിവാക്കാൻ പറഞ്ഞതാ. പക്ഷെ അവൾ സമ്മതിച്ചീല. എന്റെ ജീവൻ പോയാലും ന്റെ കുട്ടീനെ കൊല്ലാൻ ഞാൻ സമ്മതിക്കൂലാന്ന് അവൾ തീർത്തുപറഞ്ഞു. സാധാരണ ഒരു പെണ്ണനുഭവിക്കുന്ന വേദനയേക്കാൾ ഇരട്ടി വേദന അനുഭവിച്ചാണ് അവൾ നിന്നെ പ്രസവിച്ചത് അതിന്റെ ക്ഷീണത്തിൽ അവൾ രണ്ടുമാസം പൂർണമായും അവൾ ആശുപത്രിയിൽ ജീവച്ഛവമായി കിടന്നിരുന്നു, പാവം..
ഉപ്പാന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട്. എന്റെ ഹൃദയത്തിന്റെ ഓരോ സ്പന്ദനത്തിലും ഉമ്മവന്ന നിറയുന്നതായി തോന്നി എനിക്ക്. ഒരു നെടുവീർപ്പിട്ട് ഉപ്പ തുടർന്നു
നോക്ക് ഉപ്പാന്റെ കുട്ടിക്ക് പന്തുകളിയോട് എത്ര മുഹബ്ബത്തുണ്ടെന്ന് ഉപ്പാക്കറിയാം. നീ പിച്ച വെച്ചുതുടങ്ങിയപ്പോൾ തന്നെ കാണുന്നതൊക്കെ കുഞ്ഞിക്കാലുകൊണ്ട് തട്ടിയ അന്നുതന്നെ ഉപ്പ അത് മനസ്സിലാക്കീണ് അതുകൊണ്ടാണ് നിന്റെ ആഗ്രഹം പോലെ നിന്നെ കളിക്കാൻ വിട്ടത്. പക്ഷെ ഇപ്പൊ.. ഉമ്മാക്ക് തീരെ വയ്യാണ്ടായിട്ടുണ്ടെടാ. ഉമ്മ അത് ചുമ്മാ പറയുന്നതല്ല. എന്നും കിടക്കുമ്പോൾ ഞാൻ കാണുന്നതാണ്. എനിക്ക് ആശ്വസിപ്പിക്കാനല്ലേ കഴിയൂ വേദന പങ്കുവെക്കാൻ കഴിയില്ലല്ലോ. അത് അതവൾ തന്നെ ഒറ്റക്ക് തിന്നുതീർക്കണ്ടേ.. പടച്ചോനെ ഞാൻ കാരണം എന്റെ ഉമ്മ. അറിഞ്ഞുകൊണ്ടല്ലേലും ആ വേദനക്ക് പിന്നിൽ ചെറിയ ഒരു ചാണനക്കം ഞാനും കരണക്കാരനല്ലേ.. ഓർത്തപ്പോൾ എന്റെ കണ്ണ് നിറഞ്ഞു.
ഉപ്പാ.. ഞാൻ അറിഞ്ഞുകൊണ്ട് ഒരിക്കലും ഉമ്മാനെ വേദനിപ്പിച്ചിട്ടില്ല. എനിക്കത് ഓർക്കാൻ പോലും കഴിയില്ല. ഞാൻ.. ഞാൻ ഇനി എന്താ ചെയ്യേണ്ടേ..? കളി നിർത്തണോ.. അതോ.. ഞാൻ ദയനീയതായോടെ ഉപ്പയെ നോക്കി
ഹേയ് അതൊന്നും വേണ്ട. നിന്റെ ഉമ്മാക്ക് ഇപ്പൊ ഏറ്റവും ആവിശ്യം ഒരു കൂട്ടാണ്. അതിന് പറ്റിയ ഒരാളെ നിന്റെ ഉമ്മതന്നെ കണ്ടുപിടിച്ചീണ്.. ഞാൻ മനസ്സിലായില്ലെന്ന അർത്ഥത്തിൽ ഉപ്പയെ നോക്കി.
നിന്റെ കല്യാണക്കാര്യാണ് പറയുന്നേ. ഉമ്മ ഏതോ പെണ്ണിനെ കണ്ട് വെച്ചിട്ടുണ്ട്. ഒരുപാടായി എന്നോടവൾ പറയുന്നു. ഏതായാലും നാളെ നീയൊന്ന് അവളെ പോയി കാണ്.. ഇതും പറഞ്ഞു ഉപ്പ പോയി.
ഏതൊരാണിനെയും പോലെ എനിക്കുമുണ്ട് മംഗല്യസ്വപ്നങ്ങളൊക്കെ പക്ഷെ മനസ്സുകൊണ്ട് അതിനോടടുക്കും തോറും ഏതോ ഒരു ശക്തിയെന്ന് പിറകോട്ട് വലിക്കുന്നുണ്ട്. ചിലപ്പോൾ ഉത്തരവാദിത്വങ്ങളൊന്നുമില്ലാതെ ഇങ്ങനെ പറന്നുനടക്കാൻ കൊതിക്കുന്ന എന്റെ മനസ്സുതന്നെയായിരിക്കും അതിനുപിന്നിൽ, ഏതായാലും ഉമ്മയോടുള്ള എന്റെ കടപ്പാട് വീട്ടാൻ ഇതൊരു അവസരമാണ്, ഉമ്മയുടെ സന്തോഷമല്ലേ എനിക്കുവലുത്.
ചിന്തയിലെപ്പോയോ നിദ്രദേവി പുണർന്നു.. ജാലകപ്പാളികൾ കടന്നുവന്ന സൂര്യരക്ഷ്മികൾ കണ്ണിലേക്ക്ആഴ്ന്നിറങ്ങിയപ്പോഴാണ് ഉറക്കം തെളിഞ്ഞത്. നേരെ അടുക്കളയിലേക്ക് ചെന്നപ്പോൾ ഉമ്മ തിരക്കിട്ട പണിയിലാണ്. പിറകിലൂടെ ചെന്ന് കഴുത്തിലൂടെ ചുറ്റിപ്പിടിച്ചു കവിളിലൊരു ഉമ്മ കൊടുത്തു. ഇത് ഇടക്കൊക്കെ ഉള്ളതാ അധികം സന്തോഷം വന്നാലോ അല്ലെങ്കിൽ ഉമ്മയെക്കൊണ്ട് എന്തേലും കാര്യം സാധിപ്പിക്കാനോ..
ഇന്നെന്താടാ ഒരു സോപ്പിങ്. പൈസ വല്ലോം വേണോ.. അതോ ദൂരെ എവിടേലും വല്ല കളിയുമുണ്ടോ.. ഉമ്മ ചൂടുള്ള ചട്ടുകം കൊണ്ട് പതുക്കെ കൈക്കടിച്ചു കൊണ്ട് ചോദിച്ചു.
ഹേയ് അതൊന്നുമല്ല. പിന്നെ.. ഉപ്പ പറഞ്ഞു ഞാനിന്നലെ ഒരു കാര്യം അറിഞ്ഞു അതാ .. എന്ത് കാര്യം. ഇങ്ങള് എനിക്കേതോ മൊഞ്ചത്തിക്കുട്ടിയെ കണ്ടുവെച്ചീണെന്ന്.. ഉള്ളതാണോ..? ഉമ്മയുടെ മുഖത്തു നേരിയ പ്രതീക്ഷയുടെ വെട്ടം പരക്കുന്നത് ഞാൻ കണ്ടു, ഉം.. നേര്തന്നാ പക്ഷെ ഇന്റെ മോന് ഓൾക്കെന്തെലും കുറ്റം കണ്ട്പിടിച്ചു ഒഴിവാക്കൂലേ..
പിന്നെ.. ന്റെ ഉമ്മാക്ക് ഇഷ്ടപ്പെട്ട കുട്ടിക്ക് എന്ത് കുറ്റം ഉണ്ടാവാനാ.. ഉള്ളതിൽ വെച്ചേറ്റവും നല്ലതായിരിക്കൂലേ എനിക്ക് കണ്ടുപിടിച്ചുതരുന്നേ..
ഡാ നീ എന്നെ കളിയാക്കുകയാണോ അതോ.. അല്ലമ്മാ.. ഇങ്ങള് കാര്യങ്ങളൊക്കെ ഉറപ്പിച്ചോളി.. ക്കി നൂറുവട്ടം സമ്മതാണ്.. ഉമ്മാന്റെ കണ്ണ് നിറയുന്നതാണ് തോന്നി എനിക്ക്.. അല്ലാ ഇങ്ങളെന്തിനാ കരയുന്നെ,, സന്തോഷം കൊണ്ടാടാ നീയൊന്ന് സമ്മതിച്ചുകിട്ടാൻ ഞാൻ നേരത്ത നേർച്ചയില്ല.. സോറിമ്മ ഞാൻ ഇങ്ങളെ വല്ലാണ്ട് വിഷമിപ്പിച്ചു ലെ.. എന്നും പറഞ്ഞു ആ നെഞ്ചിലേക്ക് ചാഞ്ഞപ്പോൾ ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ മണമായിരുന്നു അപ്പോൾ ഉമ്മാക്ക്.. ………………………………………………. ഇക്ക പാൽ.. ഷാഹിയുടെ വിളിയാണ് ചിന്ത മുറിച്ചത്. ഹ പറയാൻ മറന്നു എന്റെ കല്യാണം കഴിഞ്ഞിട്ടോ. ഉമ്മ കണ്ടത്തിത്തന്ന ആ മൊഞ്ചത്തിയെ തന്നെ ഞാനെന്റെ ബീവിയാക്കി, ഇന്നെന്റെ ആദ്യരാത്രിയാണ്. അണിഞ്ഞൊരുങ്ങിവന്ന ഷാഹിയെ കണ്ടപ്പോൾ സ്വർഗത്തിന്ന് ഇറങ്ങിവന്ന ഒരു മാലാഖയെ പോലെ തോന്നിച്ചു, ഞാൻ അവളെ അടിമുടിയൊന്ന് നോക്കി. എന്റെ നോട്ടം കണ്ടാവും അവൾ നാണിച്ചു തലതാഴ്ത്തി. ഇങ്ങടുത്തുവാ. ഞൻ അവളുടെ കയ്യില്പിടിച്ചു അടുത്തിരുത്തി. അവളുടെ നാണം കണ്ടപ്പോൾ ഞാനൊന്ന് ചിരിച്ചു..
ഡീ പോത്തേ.. ഇത്രേം മൊഞ്ചുയുണ്ടായിട്ടും നീ എന്തിനാടി ചക്കരെ എന്റെ ആലോചന സമ്മതിക്കാൻ നിന്നെ.. എന്നെ കുറിച്ച നിനക്ക് വല്ലോം അറിയോ..
അറിയാലോ.. ഇക്കയെ കുറിച് എനിക്ക് എല്ലാം അറിയാം.., അവൾ തലയുയർത്തിപ്പറഞ്ഞപ്പോൾ ഞാൻ അത്ഭുദത്തോടെ അവളെ നോക്കി..
പേര് മനാഫ് വീട്ടിൽ മാനു എന്ന് വിളിക്കും, ഉപ്പാടേം ഉമ്മടേം ജീവനായ ഒരേയൊരു മോൻ. പന്തുകളി എന്നുവെച്ചാൽ മരിക്കാൻ കൂടെ തയ്യാറാണ്.. അത്രേം ഇഷ്ടാണ് അതിനോട്..ല്ലേ
ഞാനൊന്ന് ചിരിച്ചു. പിന്നെ… അവൾ ഇടംകണ്ണിട്ടുന്ന് എന്നെ നോക്കി
പിന്നെ..
ഒരു എട്ടുകൊല്ലം മുന്നേ ഒരുദിവസം പാടത്തു കളിക്കുമ്പോൾ ഇക്ക അടിച്ചുവിട്ട പന്ത് കൊണ്ട് ഒരു സ്കൂൾ കുട്ടിയുടെ കൈപൊട്ടിയത് ഓർമ്മയുണ്ടോ…
ഓർമ്മകൾ പെട്ടെന്നുതന്നെ എട്ടുകൊല്ലം പിറകേക്ക് പോയി..
ശെരിയാണ് അന്ന് രാവിലെ കളിമുറുകിയപ്പോൾ വാശിയിൽ ഞാനടിച്ച പന്ത് കൊണ്ടത് ബസ് കാത്തുനിൽക്കുന്ന ഒരു സ്കൂൾ കുട്ടിക്കായിരുന്നു. അവൾ പന്തുതട്ടി വീണതും ഞങ്ങളെല്ലാരും കളി നിർത്തി ഓടി.. പിന്നീട് അവിടെ കളിനിന്നെങ്കിലും അതിന്റെ പേരിൽ മറ്റൊരു ഓളവും സംഭവിച്ചില്ല.. പക്ഷേ ഇവൾ ഇതെങ്ങനെ അറിഞ്ഞു..
എന്താ ഇക്കാ.. ഇപ്പം ഓർമവന്നോ.. ഉം.. ഞാനൊന്ന് മൂളി.. അല്ല ഇതൊക്കെ ന്റെ ഉമ്മാക്കും ഉപ്പാക്കും പോലും അറിയില്ലല്ലോ പിന്നെ നിനക്കെങ്ങനെ..
എടാ ദുഷ്ടൻ ഇക്കൂസെ. അന്ന് അടികൊണ്ട് കൈപൊട്ടിയ അതെ പെണ്ണുതന്നെയാണ് ഇത്..
ഹേ.. ഞാൻ അത്ഭുദത്തോടെയും അല്പം ചമ്മലോടെയും അവളെ നോക്കി… പക്ഷെ ഇപ്പോഴും അവളിതെങ്ങനെ അറിഞ്ഞു എന്നതിൽ ഒരു അവ്യക്തതയുണ്ട്..
പിന്നെ നിങ്ങടെ ഉപ്പാക്കും ഉമ്മാക്കും അറിയില്ലെന്ന് പറയുന്നത് വെറുതെയ..
കൈപൊട്ടി ഞാൻ ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്ത് അവരെന്നെ കാണാൻ വന്നിരുന്നു നിറയെ ഫ്രൂട്സും ഹോർലിക്സും ഒക്കെയായി.. ഇങ്ങള് ചെയ്ത തെറ്റിന് ഉമ്മയോട് അവർ മപ്പൊക്കെ
പറഞ്ഞിട്ടാ അന്ന് പോയത്.
പിന്നെ ഇടക്കൊക്കെ വീട്ടിലേക്ക് വരാറുണ്ടായിരുന്നു.. എപ്പോഴും പറയുന്നത് ഈ തലതെറിച്ച മോനെ കുറിച്ചുള്ള പരാതികളാ.
ഈ അടുത്ത് കുറച്ചു മസങ്ങൾക്കുമുന്നേ വന്നപ്പോൾ ഇങ്ങളെ ഉമ്മ ന്റെ ഉമ്മയോട് ചോദിച്ചു.
ഇവളെ ഞാനെന്റെ മോന് ആലോയ്ക്കട്ടെ എന്ന് അങ്ങനെയാ.. ഞാനിപ്പം ഇവിടെ നിൽക്കുന്നത്..
ഉമ്മാ…. എല്ലാം കേട്ടപ്പോൾ ഞാൻ പതുക്കെ ഒന്ന് നീട്ടിവിളിച്ചു..
ഇക്കാ… ഉം ഇങ്ങളെ ഭയങ്കര ഇഷ്ടാലെ ഇങ്ങളെ ഉമ്മാക്ക്.. ഞാനൊന്ന് ചിരിച്ചു. എന്നിട്ട് അവളെ പതുക്കെ എന്റെ നെഞ്ചിലേക്ക് ചേർത്തി..
പിന്നെ ഇക്കാ.. ഇപ്പം പന്തുകളിയോട് എനിക്കും ഇച്ചിരി മുഹബ്ബത്തൊക്കെ തോന്നുന്നുണ്ട് ട്ടോ.. അതോണ്ടാണല്ലോ എനിക്ക് ഇക്കയെ കിട്ടിയത്..
കൊഞ്ചിക്കൊണ്ട് അവളിത് പറയുമ്പോൾ മനസ്സിൽ ഉമ്മയോട് ഒരായിരം വട്ടം നന്ദിപറയുകയായിരുന്നു ഞാൻ..
രചന: Unais Bin Basheer