സിന്ദൂരം

രചന : എ കെ സി അലി

“പ്ലീസ് എന്നെ ഇഷ്ടമായില്ല എന്നോ’ അല്ലേൽ വേറെ എന്തെങ്കിലുമോ’ പറഞ്ഞെന്നെ ഒന്ന് ഒഴിവാക്കി തരണം..”

ചെന്നു കണ്ട പെണ്ണിന്റെ വാക്കുകൾ കേട്ട നിമിഷം ഞാൻ ഒന്നമ്പരന്നു..

ചെന്നു കാണുമ്പോൾ നാണം കൊണ്ട് കളം വരക്കുമെന്നും” മുഖം നോക്കാൻ മടിച്ച് തല കുനിച്ചെന്നെ നോക്കുമെന്നൊക്കെ വിചാരിച്ച പെണ്ണിന്റെ വാക്കുകൾ കേട്ടു കഴിഞ്ഞപ്പോഴാണ് കുടിച്ചു കഴിഞ്ഞ ചായ തൊണ്ടയിൽ കിടന്നു പതഞ്ഞത്..

എന്നിലതു വരെയുണ്ടായിരുന്ന സന്തോഷമെല്ലാം ഒരു നിമിഷം കൊണ്ട് അസ്തമിച്ചത്..

എങ്കിലുമെന്റെ അനിഷ്ടമവളെ അറിയിക്കാതെ ഞാൻ ചോദിച്ചു കാര്യമെന്താണെന്ന്.. അവൾ മറുപടി പറഞ്ഞത് ഒരാളെ ഇഷ്ടമാണെന്നാണ്..

കേട്ടപ്പോൾ തന്നെ ഞാൻ അളിഞ്ഞ ഒരു ചിരിയോടെ എണീറ്റു..

പെണ്ണു കാണാൻ ചെല്ലുമ്പോൾ ഒരു ചെറുക്കനും കേൾക്കാൻ ഇഷ്ടപ്പെടാത്ത ഉത്തരമായിരുന്നത്..

ഒരക്ഷരം മിണ്ടാതെ ഞാൻ പുറത്തേക്കിറങ്ങി..

ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞു മാറി നിന്ന എന്നെ അമ്മ നിർബന്ധിപ്പിച്ച് ഉന്തി തള്ളി വിട്ടതാണെങ്കിലും അവളെ കണ്ടപ്പോൾ ഞാൻ ഒത്തിരി സ്വപ്നങ്ങൾ ഒരു നിമിഷം കൊണ്ട് കണ്ടു കൂട്ടി.. അതെല്ലാം അവളുടെ മുമ്പിൽ തന്നെ കൊഴിഞ്ഞു വീണപ്പോൾ എന്നിലുള്ള പ്രസന്നതയൊക്കൊ എങ്ങോട്ടോ മാഞ്ഞു..

ഉമ്മറത്തേക്ക് ചെല്ലുമ്പോൾ കോലായയിൽ ഇരിക്കുന്ന അവളുടെ അച്ഛന്റെ മുഖത്തേക്ക് ഞാൻ നോക്കി..

ഞാൻ ചെന്നു കയറുമ്പോൾ എന്നെ സ്നേഹത്തോടെ സ്വീകരിച്ചിരുത്തിയ അവളുടെ അച്ഛന്റെ കണ്ണുകളിൽ ഒരു പാട് പ്രതീക്ഷകൾ ഞാൻ കണ്ടു..

ആ അച്ഛന്റെ മുഖം കണ്ടപ്പോൾ അവളെ ഇഷ്ടമായില്ലെന്നൊരു കള്ളം പറയാനെനിക്കായില്ല അവൾക്ക് വേറൊരു ഇഷ്ടമുള്ളതും പറയാൻ എനിക്കായില്ല..

പെണ്ണിനെ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞാൽ പോറ്റി വളര്‍ത്തിയ അച്ഛനും അമ്മയ്ക്കും അതൊക്കെ സങ്കടമാവും..

അതു കൊണ്ടാണ് ഞാൻ ചടങ്ങ് പോലെ ഇഷ്ടപ്പെട്ടു ബാക്കി കാര്യങ്ങളെല്ലാം അറിയിക്കാം എന്ന് പറഞ്ഞിറങ്ങിയത്..

പടിയിറങ്ങുമ്പോൾ അവളുടെ അച്ഛന്റെ മുഖത്തൊരു സന്തോഷം ഞാൻ കണ്ടിരുന്നു..

ഞാൻ അവളെ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞാൽ ആ അച്ഛനും മൂകമാകുമെന്നനിക്കറിയാം..

അവൾക്ക് വേറൊരു ഇഷ്ടമുള്ളത് പറഞ്ഞാൽ ആ അച്ഛനും തളരുമെന്നെനിക്കറിയാം..

മകളെ കുറിച്ച് പറയുമ്പോൾ നൂറു നാവുള്ള ആ അച്ഛന് അവളെന്നാൽ ജീവനാണെന്ന് ഞാൻ വാക്കുകളിലൂടെ അറിഞ്ഞിരുന്നു..

അതു കൊണ്ടാണ് ഉള്ളതെല്ലാം അവൾക്കാണെന്ന് ആ അച്ഛൻ എന്നോട് പറഞ്ഞത്..

ഇനിയും ഇതുപോലെ വരുന്നവർക്ക് മുമ്പിലും ആ അച്ഛൻ ഒന്നുമറിയാതെ കോമാളിയാകുമെന്നോർത്തപ്പോൾ അവളോടെനിക്ക് തെല്ല് ദേഷ്യം തോന്നി..

വീട്ടിലെത്തിയപ്പോൾ അമ്മയോട് ഞാൻ പെണ്ണിനെ ഇഷ്ടമായെന്ന് മാത്രമേ പറഞ്ഞുള്ളൂ.. അമ്മയുടെ മുഖവും തെളിഞ്ഞു..

രണ്ടു നാൾ കഴിഞ്ഞ് പെണ്ണു വീട്ടിൽ നിന്നും വിളി വന്നെന്ന് അമ്മ പറഞ്ഞു.. അവളുടെ അച്ഛനായിരുന്നു വിളിച്ചതെന്നും ഇത് വരെ ഒന്നും നാം പറഞ്ഞില്ലല്ലോ അതാവും വിളിച്ചതെന്നും അമ്മ പറഞ്ഞു.

ഞാൻ തിരിച്ചങ്ങോട്ട് വിളിച്ചു അവളാണ് ഫോണെടുത്തത് ഞാൻ അച്ഛനില്ലേ എന്ന് ചോദിച്ചു.. ഉണ്ട്” എന്ന് അവൾ ഉത്തരം തന്നു.. ഒന്നു വിളിക്കോ ഒരു കാര്യം പറയാനുണ്ട് എന്ന് ഞാൻ പറഞ്ഞു.. രണ്ടും കൽപ്പിച്ച് ഞാൻ അവളുടെ അച്ഛനോട് അവൾക്ക് വേറെ ഒരു ഇഷ്ടം ഉള്ളത് പറഞ്ഞു അതു നടത്തുന്നതല്ലേ നല്ലതെന്നും ചോദിച്ചു..

അവളുടെ അച്ഛന്റെ സ്വരമിടറി വെക്കട്ടെ മോനെ എന്നും പറഞ്ഞ് അദ്ദേഹം ഫോൺ കട്ടാക്കി..

ഞാനും ഒരു തുണ തേടി വീടുകൾ പലതു കയറിയിറങ്ങി..

പല പെണ്ണു വീട്ടുകാരുമെന്റെ വരുമാനത്തിന്റെ കണക്കുകൾ ചികഞ്ഞപ്പോഴും ജോലിയൊരു പോരായ്മയായി കണ്ടപ്പോഴും ഞാൻ ആ പടികളിറങ്ങിയിട്ടുണ്ട്..

അപ്പോഴും ആദ്യമായി കണ്ടവളുടെ മുഖം എന്നിൽ മായാതെ നിന്നിരുന്നു..

അതോടെ പെണ്ണു തേടി പോക്കങ്ങു ഞാനും നിർത്തി..

പിന്നീടൊരിക്കൽ വഴിയിൽ വെച്ച് ഞാനവളെ കണ്ടു അന്നവളുടെ കൂടെ അച്ഛനുമുണ്ടായിരുന്നു..

അവളിൽ നിന്നും ഞാൻ നോട്ടം പിൻവലിച്ച് അവളുടെ അച്ഛനോട് വിശേഷം ചോദിച്ചു.. കൂട്ടത്തിൽ അവളുടെ കല്യാണക്കാര്യവും ചോദിച്ചു..

അവളുടെ അച്ഛൻ പറഞ്ഞു അതൊന്നും നടന്നില്ല മോനെ അവർക്ക് കെട്ടിച്ചു കൊടുത്താൽ മാത്രം പോര ലക്ഷങ്ങൾ കൂടി കൊടുക്കണം എന്ന് പറഞ്ഞവന്റെ വീട്ടുകാർ വാശിപിടിച്ചപ്പോൾ എന്റെ മോളും പറഞ്ഞു ആ കല്യാണം വേണ്ടെന്ന്..

പറഞ്ഞു തീരുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ കലങ്ങിയിരുന്നു എന്നെ നോക്കി നടന്നു പോകുന്നവളുടെ അച്ഛനെ കണ്ടപ്പോൾ എനിക്കെന്റെ അച്ഛനെ ഓർമ്മ വന്നു..

ചേച്ചിയുടെ കല്യാണം ഉറപ്പിച്ച നാൾ മുതൽ എന്റച്ഛൻ ശരിക്കൊന്നു ഉറങ്ങിയത് ഞാൻ കണ്ടിട്ടില്ല… ആലോചനകളും ആധിയുമായി അച്ഛൻ ഉമ്മറ തിണ്ണയിലിരുന്ന് നാളുകൾ എണ്ണുന്നത് ഞാൻ കണ്ടിട്ടുണ്ട്.. പെങ്ങളെ ഒരുവന് കൈ പിടിച്ചു കൊടുത്ത ദിവസമാണ് അച്ഛൻ വെപ്രാളത്തോടെ വീട്ടിലങ്ങോട്ടുമിങ്ങോട്ടും നടന്നത്..

അതു പോലൊരു അച്ഛനാണവളുടേയും എന്നെനിക്കു തോന്നി..

അവൾക്കിപ്പോ അവനെ ഇഷ്ടമാണോ എന്നറിയില്ല..

എന്നോടൊപ്പം ചേരാൻ അവൾക്ക് സമ്മതമാണോ എന്നുമറിയില്ല.. എങ്കിലും ഒരിക്കൽ കൂടി ഞാനവളെ ചെന്നു കണ്ടു..

അന്നാണവൾ എന്നെ തന്നെ ഏറെ നേരം നോക്കുന്നത് ഞാൻ കണ്ടത്..

അന്നാണവൾ എന്നെ നോക്കി തല കുനിച്ചത്..

അന്നാണവളുടെ മുഖം ഒരു സങ്കടം കൊണ്ട് മൂടിയത്..

അന്നാണവളോട് ഇഷ്ടം ചോദിച്ചത് ഉത്തരമായി അവൾ കണ്ണുകൾ നിറച്ചത്..

അതറിഞ്ഞപ്പോഴാണ് എന്റെ മനസ്സ് സന്തോഷിച്ചത് ഞാൻ അമ്മയെ അവളുടെ വീട്ടിലേക്ക് പറഞ്ഞു വിട്ടത്… പെങ്ങളോട് അവളെനിക്ക് ചേർച്ചയുണ്ടോ എന്ന് മാത്രം നോക്കാൻ പറഞ്ഞത്..

കതിർ മണ്ഡപത്തിൽ നിന്ന് മണിയറയിലെത്തിയ അവളുടെ കണ്ണുകൾ നിറഞ്ഞതും എന്റെ കാലുകളിലേക്ക് വീണതും എന്തിനാണെന്ന് ഞാൻ ചോദിച്ചില്ല..

എനിക്കറിയാം ഒരു ഏറ്റുപറച്ചിലവളിലുണ്ടെന്ന്.. അതു മനസ്സിലാക്കിയാണ് ഞാനവളുടെ മിഴി തുടച്ചു കൊടുത്തതും എന്റെ ഉയിരായി കണ്ടതും..

എല്ലാം അറിഞ്ഞിട്ടും ഞാനവൾക്ക് ഒരു ജീവിതം കൊടുത്തത് അവളെ എനിക്ക് ഇഷ്ടമായത് കൊണ്ടു മാത്രമായിരുന്നില്ല..

അവളെ ചെന്ന് കാണുമ്പോൾ അവളുടെ അച്ഛൻ എന്നോട് വരുമാനത്തിന്റെ കണക്കു ചോദിച്ചില്ല ഞാനൊരു കൃഷിക്കാരനാണെന്നത് ഒരു കുറച്ചിലായി കണ്ടില്ല..

പകരമവളുടെ അച്ഛൻ നോക്കിയത് എന്നിലവളെ പോറ്റാനുള്ള മനസ്സുണ്ടോ എന്നാണ്..

ആ അച്ഛന്റെ മകളിലുമുണ്ടാകും എന്നോടൊപ്പം എല്ലാം മറന്ന് ചേരാനുള്ളൊരു മനസ്സ്..

അവളിലുമുണ്ടാകും എനിക്കായുള്ള പ്രാർത്ഥനകൾ..

അവളിലുമുണ്ടാകും ഞാൻ ചാർത്തിയ സിന്ദൂരത്തിന്റെ മഹത്വം..

അവളുടെ മുമ്പിൽ കൊഴിഞ്ഞു വീണ അതേ സ്വപ്നങ്ങൾ വീണ്ടും ഞാൻ കണ്ടു തുടങ്ങുമ്പോൾ ഒരു സിന്ദൂര തിളക്കവുമായി അവളെന്റെ വരവും കാത്ത് ഉമ്മറത്തിരിപ്പുണ്ടായിരുന്നു..

രചന : എ കെ സി അലി

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters