രചന: അശ്വതി അരുൺ
“ഒരു വയസുള്ള പെണ്കുഞ്ഞു കളിക്കുന്നതിനിടയിൽ വീടിന്റെ രണ്ടാം നിലയിൽ നിന്ന് വീണു മരിച്ചു”
അന്നത്തെ പത്രങ്ങളിൽ പ്രധാന കോളത്തിൽ വന്ന സങ്കടകരമായ ഒരു വാർത്ത.
വാർത്ത വായിച്ച സകലരുടെയും കണ്ണുകൾ ഈറനണിയിച്ചു. ആ മാതാപിതാക്കൾ എങ്ങനെ താങ്ങും ഇത്. കുഞ്ഞുമാലാഖയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയായിൽ നിറഞ്ഞു നിന്നു.
“മിഥുനം” എന്നായിരുന്നു ആ വീട്ടുപേര്. മോൾ ജനിച്ചത് ഒരു മിഥുനമാസത്തിൽ ആയിരുന്നു. മൈഥിലി മോൾ. മിത്തു എന്ന് എല്ലാവരും അവളെ ഓമനിച്ചു വിളിച്ചു. മിത്തുവിന്റെ ഒന്നാം പിറന്നാളിന് വാങ്ങിയ കളിപ്പാട്ടങ്ങൾ വെച്ചിരുന്ന മുറിയിൽ ചേതനയറ്റ തന്റെ പോന്നു മോളെ കെട്ടിപ്പിടിച്ചു അനിൽ പൊട്ടി കരഞ്ഞു.തന്റെ തൊട്ട് അടുത്ത് ഇരിക്കുന്ന പ്രിയയെ അയാൾ നോക്കി. കരഞ്ഞു കലങ്ങിയ കണ്ണുകളിൽ ഇപ്പോൾ നിസ്സംഗഭാവം. ഈ ലോകത്ത് നടക്കുന്നത് ഒന്നും അറിയുന്നതെ ഇല്ലവൾ. പൊന്നുമോളുടെ മരണം നേരിൽ കണ്ടതിന്റെ ഷോക്ക് പാവത്തിനെ അത്രമേൽ തകർത്തു കളഞ്ഞു.
ആദ്യത്തെ കണ്മണി മണ്ണോടു ചേരുന്നതും ആൾക്കൂട്ടം ഒഴിഞ്ഞതും ഒന്നും പ്രിയ അറിയുന്നുണ്ടായിരുന്നില്ല. ദിവസങ്ങൾ കടന്നു പോയി. ജലപാനം ഇല്ലാതെ ഒരേ കിടപ്പാണ് അവൾ. ഇടക്കെപ്പെഴോ അയാൾ ഒരു പ്ലേറ്റിൽ കൊണ്ട് വന്ന ചോറ് ഒന്ന് രണ്ടുരുള വാരി കൊടുത്തപ്പോൾ കഴിച്ചു. ഇതൊക്കെ കണ്ട് അമ്മ മുഖം കറുപ്പിച്ചു നടന്നു. പ്രിയയോട് അത്ര ഇഷ്ട്ടം ഒന്നും ഉണ്ടായിരുന്നില്ല അമ്മക്ക്. അമ്മാവന്റെ മകളെ കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കാനായിരുന്നു അച്ഛന്റെയും അമ്മയുടെയും ആഗ്രഹം. പക്ഷെ ഏക മകന്റെ വാശിക്ക് മുന്നിൽ തന്റെ പ്രണയത്തിനു അര്ധസമ്മതം മൂളുകയായിരുന്നു അവർ.
പ്രിയയെ ഒരു കൗൺസിലിംഗിന് വിധേയയാക്കാൻ സുഹൃത്തുക്കളാണ് നിർദേശിച്ചത്. ടൗണിലെ തന്നെ പ്രഗത്ഭനായ സൈക്കോളജിസ്റ്റ് ആണ് ഡോക്ടർ അരുൺ ദേവ്. അദ്ദേഹത്തിന്റെ അടുക്കൽ പ്രിയയുമായി പോയി. ഒരാഴ്ചത്തെ ട്രീട്മെന്റിന് ശേഷം അദ്ദേഹം എന്നോട് കുറച്ചു സംസാരിക്കണം എന്ന് ആവശ്യപ്പെട്ടു.
“അനിലിന്റേയും പ്രിയയുടെയും പ്രണയവിവാഹം ആയിരുന്നു അല്ലെ”
“അതെ ഡോക്ടർ ”
“എത്ര നാളായി വിദേശത്തു ആയിട്ട്?
ആറ് വർഷത്തോളം ആയി രണ്ട് മാസം മുൻപ് മോളുടെ ഒന്നാം പിറന്നാളിന് ആണ് ലീവിന് വന്നു പോയത്”
പറയുമ്പോൾ അയാളുടെ ഒച്ച ഇടറുന്നുണ്ടായിരുന്നു.
“അനിൽ പോസ്റ്റ് മെട്രിക് സിൻഡ്രോം എന്ന് കേട്ടിട്ടുണ്ടോ”?
” ഇല്ല ഡോക്ടർ ”
” മ്മ്… പ്രസവാനന്തരം 99% സ്ത്രീകളും കടന്നു പോകുന്ന ഒരു അവസ്ഥയാണത്. ചിലർ തങ്ങളുടെ മനഃസാന്നിധ്യം കൊണ്ടും പങ്കാളിയുടെ പിന്തുണ കൊണ്ടും ഇത് തരണം ചെയ്തു ജീവിതത്തിലേക്ക് തിരികെ വരും. പ്രിയയുടെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നതും ഇത് തന്നെയാണ് ”
” ഞാൻ അവൾക്ക് മനസിന് വിഷമം ഉണ്ടാക്കുന്ന ഒരു വിധത്തിലും പെരുമാറിയിട്ടില്ല. ഡോക്ടറോട് പറഞ്ഞല്ലോ ഞങ്ങൾ അത്രമേൽ ഇഷ്ട്ടപ്പെട്ടു വിവാഹിതർ ആയവർ ആണ് ‘”
“ഐ നോ മിസ്റ്റർ അനിൽ. പക്ഷെ പ്രിയയുടെ അവസ്ഥ മറ്റൊന്നായിരുന്നു. ചെറുപ്പത്തിലേ അച്ഛനമ്മമാർ നഷ്ട്ടപ്പെട്ട പെൺകുട്ടി. അവളുടെ ഏക ആശ്രയം നിങ്ങളിൽ ആയിരുന്നു. വിവാഹം കഴിഞ്ഞ ഉടനെ തന്നെ അമ്മയാവുകയും അവൾക്ക് വേണ്ട കരുതൽ നൽകാൻ ഒരമ്മ ഇല്ലാതെ പോകുകയും ചെയ്ത അവസ്ഥ. സഹോദരന്റെ മകളെ മരുമകളായി മനസ്സിൽ കൊണ്ട് നടന്നിരുന്ന നിങ്ങളുടെ അമ്മ ഒരിക്കലും പ്രിയയെ ഉൾകൊണ്ടിരുന്നില്ല. കുറ്റപ്പെടുത്തലുകൾ കുത്തുവാക്കുകൾ ഒക്കെ അവളെ ഒറ്റപ്പെടുത്തുകയായിരുന്നു. ഗർഭാവസ്ഥയിൽ പോലും ഒരു മാനസിക പിന്തുണ ആ കുട്ടിക്ക് ആരും നൽകിയില്ല”
“ഡോക്ടർ ഞാൻ”…..
” ഞാൻ കുറ്റപ്പെടുത്തുകയല്ല അനിൽ. പ്രിയ കടന്നു വന്ന വഴികൾ നിങ്ങളെ ബോധ്യപ്പെടുത്തുകയാണ്. ഹൈ ബ്ലഡ് പ്രഷർ മൂലം സിസേറിയൻ നടത്തുകയായിരുന്നല്ലോ പ്രിയക്ക്. അതിന്റെ ആഫ്റ്റർ എഫക്ട് ആയി കിട്ടുന്ന കടുത്ത പെയിനും ” അമ്മ ആകണമെങ്കിൽ നൊന്ത് പ്രസവിക്കണം എന്ന മട്ടിൽ ഉള്ള ബന്ധുക്കളുടെ കുത്തുവാക്കുകളും അവൾക്ക് സഹിക്കാവുന്നതിനും അപ്പുറം ആയിരുന്നു. പിന്നീട് കുഞ്ഞിന് കുടിക്കാൻ തക്ക വണ്ണം പാൽ ഇല്ലാതിരുന്നതും അതിനെ ചൊല്ലി നിങ്ങളുടെ അമ്മയുടെ ശകാരങ്ങളും മാനസികമായി അവളെ തളർത്തി. ഉറക്കം നഷ്ട്ടപ്പെട്ട രാത്രികളിൽ വിശന്നു കരയുന്ന കുഞ്ഞിനെ അവൾ നിസ്സംഗതയോടെ നോക്കി. മുലപ്പാൽ ഇല്ലെങ്കിലും വെറുതെ കുഞ്ഞിനെ നെഞ്ചോടവൾ ചേർത്ത് പിടിച്ചപ്പോൾ പാൽ കിട്ടാതെ വന്ന കുഞ്ഞു അവളുടെ മുലക്കണ്ണിൽ ശക്തിയോടെ കടിച്ചതിന്റെ വേദന അവൾ ഉള്ളിൽ അടക്കി. അവിടെ തുടങ്ങുകയായിരുന്നു പ്രിയയുടെ മനസിന്റെ താളം തെറ്റാൻ ” ” എല്ലാത്തിനോടും ഉള്ള ദേഷ്യവും വാശിയും അവളെ ഭരിക്കാൻ തുടങ്ങി. കുഞ്ഞിനോട് പോലും അടക്കാൻ ആവാത്ത പക ഉണ്ടായി അവൾക്ക്. അങ്ങനെ ഏതോ ഒരു നിമിഷത്തിൽ പ്രിയയുടെ മനസ് അറിയാതെ ചെയ്തു പോയ ഒരു കൈപ്പിഴ ആയിരുന്നു അത്”
“ഡോക്ടർ എന്താ ഈ പറഞ്ഞു വരുന്നത് ”
” അതെ അനിൽ… പ്രിയയ്ക് സംഭവിച്ച ഒരു കൈയബദ്ധം ആണ് നിങ്ങളുടെ മകളുടെ മരണം”
” ഡോക്ടർ” തളർച്ചയോടെ അനിൽ മുഖം പൊത്തിയിരുന്നു പൊട്ടിക്കരഞ്ഞു”
“കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലുകളും അല്ലിനി വേണ്ടത്. ചെയ്തു പോയ അപരാധത്തിൽ മകളെ നഷ്ട്ടപെട്ട ആ അമ്മയെ ചേർത്ത് പിടിച്ചു ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരിക. അല്ലാത്തപക്ഷം കയറി വരാൻ ഒക്കാത്ത വിധം കടുത്ത വിഷാദ രോഗത്തിലേക്ക് അവൾ പോകും. കൂടാതെ ഞാനീ പറഞ്ഞ കാര്യങ്ങൾ മറ്റൊരാൾ അറിയാതെ കൈകാര്യം ചെയ്യുക. ഒന്നുകിൽ മാതാപിതാക്കളെ പറഞ്ഞു മനസിലാക്കുക. അല്ലെങ്കിൽ പഴയ മാനസികാവസ്ഥയിലേക്ക് തിരികെ എത്തും വരെ എങ്കിലും അവളെ കൂടെ കൂട്ടുക. ചേർത്ത് നിർത്തുക.”
കണ്ണുകൾ തുടച്ചു ഡോക്ടറോട് യാത്ര പറഞ്ഞു അനിൽ പുറത്തേക്കിറങ്ങി. പുറത്തു നിരത്തിയിട്ട ചുവന്ന കസേരകളിൽ ഒന്നിൽ നിലത്തേക്ക് മിഴികൾ ഊന്നി പ്രിയ ഇരിക്കുന്നുണ്ടായിരുന്നു. തൊട്ടടുത്ത കസേരയിൽ അനിൽ ഇരുന്നു. അവളെ തോളോട് ചേർത്ത് നെറുകയിൽ ഉമ്മ വെച്ചു. തന്റെ പ്രാണന്റെ പാതിയായ അവളെയും ചേർത്ത് പിടിച്ച് അയാൾ ആ ഇടനാഴിയിലൂടെ നടന്നു നീങ്ങി…….
രചന: അശ്വതി അരുൺ