രചന :-വിപിൻ.. .
അമ്പത് കിലോമീറ്റർ അകലെയുള്ള ജ്യോത്സ്യന്റെ വീട് തപ്പിത്തടഞ്ഞു കണ്ടെത്തുമ്പോഴേക്കും സമയം സന്ധ്യ കഴിഞ്ഞു. കനത്ത മഴ. പതിവിലും നേരെത്തെ സൂര്യൻ കിടന്നുറങ്ങി. അവസാനം കണ്ട മനുഷ്യജീവി പറഞ്ഞപോലെ പുഴയുടെ ഇക്കരെ നിന്നും ഞാൻ കൂകി വിളിച്ചു. പലവട്ടം കൂകിയപ്പോൾ ഒരു റാന്തലിന്റെ വെളിച്ചം മറ്റേ കടവിൽ പ്രത്യക്ഷപ്പെട്ടു. ഒടുവിൽ ആ വെട്ടം ഒരു ചെറിയ വഞ്ചി തുഴഞ്ഞു എന്റെ കടവിലെത്തി. ഇരുട്ടിൽ വ്യക്തമല്ല. ഏതായാലും പെണ്ണാണ്. ജ്യോത്സ്യന്റെ മകളായിരിക്കണം. ഞാൻ ജ്യോത്സ്യനെ കാണാൻ വന്നതാണെന്ന് പറഞ്ഞു. എന്നെയും വഞ്ചിയിൽ കയറ്റി അവൾ മറുകരയിലേക്ക് തുഴഞ്ഞു. ഞാൻ ഭയന്നു. വഞ്ചിയിൽ കയറുന്നത് ആദ്യമായാണ്.
വീട്ടിൽ കയറിചെന്നപ്പോൾ മനസ്സിലായി. ജ്യോത്സ്യൻ വൈകുന്നേരത്തെ ക്വോട്ട സേവിച്ച കാരണം ‘ഓഫായി’ഉറങ്ങുകയാണത്രെ. രാവിലെ വിളിക്കാം. മടങ്ങിപോകുവാൻ ബസ്സ് കിട്ടില്ല. അതുകൊണ്ട് രാത്രി ഇവിടെ തങ്ങിക്കോളൂ. മകളുടെ അഭ്യർത്ഥന. എനിക്കാകെ കുളിരണിഞ്ഞു. അകത്തു മുറിയുണ്ട് അവിടെ ഉറങ്ങിക്കോളൂ എന്നവൾ. ഞാൻ കിട്ടിയ തൈരും ചോറും കഴിച്ചു പൂമുഖത്ത് തന്നെ ഇരുന്ന് ഡീസെന്റ് ആയി. അടുത്തെങ്ങും വീടുകൾ പോലും കാണാൻ ഇല്ല. ഞാൻ മഴയുടെ താളവും കേട്ട് വെറുതെ ഇരിക്കുന്നു. എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഒരു റാന്തൽ വിളക്കും കത്തിച്ചു അവളും അകലെയല്ലാതെ ഇരുന്നു.
ഞാൻ ആ വെട്ടത്തിലാണ് അവളെ കൂടുതൽ ശ്രദ്ധിച്ചത്. ആരും കണ്ടാൽ ഒന്നു നോക്കിപോകും. അവളുടെ വിടർന്ന മിഴികൾ എന്നെ തുറിച്ചു നോക്കി. ആ നയനങ്ങളോടൊരു കൌതുകം. ആ കണ്ണുകൾ നോക്കി കഥപറയാൻ തോന്നി. ഞാൻ ഇരുന്ന് പറയാൻ തുടങ്ങി. എല്ലാം എന്റെ പ്രണയകഥകൾ ആയിരുന്നു. എന്നെ സ്നേഹിച്ച പെൺകുട്ടികൾ ഒക്കെ ഒടുവിൽ തേച്ചിട്ട് പോയ കഥകൾ. ഓരോ കഥകളും ഓരോ കൌതുകത്തോടെ വിടർന്ന കണ്ണുകൾ കൂടുതൽ വിടർത്തി അവൾ കേട്ടു. നേരം പുലർന്നു.
ജോത്സ്യൻ എഴുന്നേറ്റു വിളക്ക് കത്തിച്ചു എന്നെ വിളിച്ചു. ഞാൻ പൂജാമുറിയിൽ അനുസരണയോടെ ചെന്നു. ജാതകം കൊടുത്തു. രണ്ടു വർഷമായി പെണ്ണ് കണ്ട് നടക്കുന്നു. കല്യാണം നടക്കുന്നില്ല. എന്റെ സങ്കടം അറിയിച്ചു. കവടി നിരത്തി. ജ്യോത്സ്യന്റെ ഗാഢമായ ചിന്ത. ചൊവ്വാദോഷമാണ്. വിവാഹത്തിന് ഇനിയും മൂന്നു വർഷം കാത്തിരിക്കണം. ഞാൻ ഞെട്ടി. നേരെത്തെയാകാൻ പരിഹാരകർമ്മങ്ങൾ ചെയ്യണം. എല്ലാം ഒരു പേപ്പറിൽ കുറിച്ച് തന്നു. ഞാൻ രണ്ടായിരത്തിന്റെ നോട്ട് മടക്കി ജ്യോത്സ്യന് ദക്ഷിണ കൊടുത്തു വണങ്ങി. തിരിച്ചു മടങ്ങാൻ ഇറങ്ങി.
വഞ്ചിയിൽ അക്കരെ എത്തിക്കാൻ അവളും വന്നു. കുളിച്ചു കസവ് സാരി അണിഞ്ഞിരിക്കുന്നു. രാത്രിയിലെ കനത്ത മഴയിൽ പുഴ കുത്തി ഒഴുകുന്നു. സാഹസപ്പെട്ടാണ് തോണി തുഴയുന്ന്. ഞാൻ അവളുടെ കണ്ണുകൾ തന്നെ നോക്കി ഇരുന്നു. അപ്പോൾ ഭയം തോന്നിയാതേ ഇല്ല. പക്ഷെ എന്തോ അവൾ എന്റെ മുഖത്തേക്ക് നോക്കുന്നില്ല. വഞ്ചി തുഴഞ്ഞു മറുകരയിൽ എത്തി. അപ്പോൾ മാത്രം അവൾ ഇറങ്ങുന്നില്ലേ എന്ന ഭാവത്തിൽ നിസ്സംഗതയോടെ എന്നെ നോക്കി. ഞാൻ മെല്ലെ എഴുന്നേറ്റ് അവൾക്ക് നേരെ കൈനീട്ടിക്കൊണ്ട് ചോദിച്ചു.
“ഇതിനെക്കാൾ കുത്തൊഴുക്കുള്ളതാണ് എന്റെ ജീവിതം…വരുന്നോ ?!…”.അദ്‌ഭുതത്തോടെ അവളുടെ കണ്ണുകൾ.ഞാൻ കാത്തു നിന്നു. മൗനം… എന്നെ വീണ്ടും അദ്‌ഭുതപ്പെടുത്തിക്കൊണ്ട് നീട്ടിയ വലതു കൈയിൽ അവളുടെ ഇടതുകൈ സമർപ്പിച്ചു. ഞങ്ങൾ നടന്നു. എന്റെ ഇടതു കൈ കൊണ്ട് ജ്യോത്സ്യൻ കുറിച്ച്തന്ന കടലാസ് കഷ്ണം മടക്കി ഞാൻ പുഴയിലേക്കെറിഞ്ഞു.
രചന :-വിപിൻ.. .