ചെക്കൻ ഓട്ടോ ഡ്രൈവറാ

രചന : Cherry Gafoor

രാവിലെ 8 മണി ആയിട്ടും എണീക്കാതെ പുതച്ച് മൂടി ഉറങ്ങുന്ന കുഞ്ഞൂനെ ഉമ്മ തട്ടി വിളിച്ചു. “എടാ സൈദൂ, ഇന്ന് ഓടാൻ പോണില്ലെ? സമയം നോക്ക് 8 മണിയായി. മതി ഉറങ്ങിയത്. എടാ, പിന്നെ ഞാൻ ഇന്നലെ നമ്മുടെ കാദർക്കാനെ കണ്ടിരുന്നു. നിൻ്റെ കാര്യം പറഞ്ഞിരുന്നു.” അത് വരെ പുതച്ച് കിടന്നിരുന്ന സൈദു തല ഭാഗം പുറത്തേക്ക് ഇട്ട് എന്താ കാര്യം എന്ന മട്ടിൽ ഉമ്മയുടെ മുഖത്തേക്ക് നോക്കി. ഉമ്മ: “നീ നോക്കണ്ട നിൻ്റെ കല്യാണ കാര്യമാ. നിനക്ക് വയസ് 26 കഴിഞ്ഞു. ഇനിയും നിന്നെ കുട്ടിക്കളിക്ക് വിട്ടാ പറ്റൂല. ഇന്ന് 4 മണിക്ക് ഖാദർക്ക വരും നിന്നെ പെണ്ണ് കാണിക്കാൻ. ഇങ്ങോട്ട് ഒന്നും പറയണ്ട. ഞാൻ അങ്ങോട്ട് പറയുന്നതു കേട്ടാൽ മതി”. കുഞ്ഞു തിരികെ പറയാൻ നിന്നപ്പോഴെക്കും ഉമ്മ റൂം വിട്ട് പോയിരുന്നു….

ചക്ക ഇട്ടപ്പോ മുയലിനെ കിട്ടി എന്ന അവസ്ഥയിലായിരുന്നു അപ്പോൾ സൈദു. ഉമ്മാൻ്റെ ഈ സൈകോളജിക്കൽ മൂവ് എന്ത് കണ്ടിട്ടാ എന്ന് സൈദൂന്ന് ഒരു പിടിയും കിട്ടിയില്ല. കുഞ്ഞു ഈ കാര്യം ഉമ്മയോട് എങ്ങനെ പറയും എന്ന് കരുതി നിക്കുബോഴാ ഉമ്മാൻ്റെ ഈ പറച്ചിൽ. കുഞ്ഞൂന് ഒന്ന് ചാടി കളിക്കണം എന്ന് ഉണ്ടായിരുന്നു!. ഉമ്മ കണ്ടാലോ എന്ന് കരുതി ഒരു തലയണ കെട്ടിപ്പിടിച്ചു അതിൽ തീർത്തു. എനിക്ക് പെണ്ണ് കെട്ടാൻ മുട്ടി നിക്കാണെങ്കിലും ഉമ്മയുടെ നിർബന്ധം കൊണ്ടാണ് എന്ന് വരുത്തി തീർക്കണം. അതാണല്ലോ അതിൻ്റെ ഒരു ഇത് എന്ന് കുഞ്ഞൂന് തീരുമാനം എടുക്കാൻ അധികം സമയം വേണ്ടി വന്നില്ല…..

സൈദു പുതപ്പ് മാറ്റി പതിയെ അടുക്കളയിൽ പോയി, ഉമ്മ അവിടെ നല്ല പണിയിലും… സൈദു: “അല്ല ഉമ്മാ പെണ്ണ് കെട്ടുക എന്നൊക്കെ പറഞ്ഞാൽ അത് ശരിയാവൂല. കുറച്ചൂടി കഴിഞ്ഞ് മതി. ഇനിയും സമയം ഉണ്ടല്ലോ….” ഉമ്മ: “അല്ല സൈദൂ ഇനി ആരെയാ കാത്ത് നിക്കുന്നത്? നിനക്ക് പ്രായം 27 ആയി. ഇനിയും കാത്ത് നിന്നാൽ അൻ്റെ മൂക്കിലൂടെ പല്ല് വരും”. സൈദു: “അതല്ല ഉമ്മാ പെണ്ണ് കെട്ടിയാൽ പിന്നെ പ്രാരാബ്ദം ആകും. ഞാൻ ഇങ്ങനെ നടക്കുന്നത് ഇങ്ങക്ക് സഹിക്കുന്നില്ലല്ലേ?” ഉമ്മ: “അതെടാ…. പ്രാരാബ്ദം ആയിട്ടാണല്ലോ നിൻ്റെ ഉപ്പ ഈ കുടുംബത്തിന് ഒരു കുറവും വരുത്താതെ നോക്കിയത്”.

സീൻ ഡാർക്ക് ആയെന്ന് മണത്ത സൈദു പതുക്കെ റൂമിലേക്ക് പോയി കട്ടിലിലേക്ക് വീണു. കെട്ടാൻ പോകുന്ന കുട്ടിയെ പറ്റി കുറെ സങ്കൽപ്പങ്ങൾ നെയ്ത് കൂട്ടി….

ഒരു മൊഞ്ചത്തിക്കുട്ടി ആവണം. നല്ല വെളുപ്പ് വേണ്ട. പാകത്തിനു വെളുപ്പ്. നല്ല മുടി വേണം. ഒരു പുച്ചക്കണ്ണി ആവണം. എൻ്റെ അത്രയും ഉയരം വേണ്ട. അങ്ങനെ ഓരോന്ന് ആലോചിച്ച് നിൽക്കുന്ന സമയത്താണ് ഫോൺ റിങ് ചെയ്യുന്നത്. ഫോൺ എടുത്തു. സൈദു:”ഹലോ ആരാണ്….?” അപ്പുറത്ത്: “കുഞ്ഞു അല്ലെ ഇത് സൈനാത്ത ആണ് ഉമ്മാനെ ആശുപത്രിയിൽ കൊണ്ട് പോണം ഒന്ന് വരുമോ?” സൈദു: “ഇത്താ ഞാൻ വീട്ടിലാ ഇപ്പോ വരാം” അതും പറഞ്ഞ് ഫോൺ കട്ട് ചെയ്തു. പല്ല്തേപ്പും കുളിയും ഒരുവിധം കഴിച്ച് പുറത്തേക്ക് ഇറങ്ങി.

പിന്നിൽ നിന്ന് ഉമ്മ വിളിച്ചു. “എടാ സൈദൂ, ചായ എടുത്ത് വെച്ചിട്ടുണ്ട് അത് കുടിച്ച് പോ…” സൈദു: “വേണ്ട ഉമ്മാ ഞാൻ വന്നിട്ട് കുടിച്ചോളാം, ആശുപത്രിയിൽ പോകാനാ വിളിച്ചത്. സൈദ് ഓട്ടോ സ്റ്റാർട്ട് ചെയ്തു പോയി…

4 മണി ആയപ്പോയെക്കും സൈദ് പുതിയ ഷർട്ടും പൗഡർ എല്ലാം ഇട്ട് റെഡിയായി. അപ്പോഴേക്കും ഖാദർക്ക വന്നു. “എന്നാ പോകാം അല്ലെ കുഞ്ഞു.” സൈദു: ഖാദർക്കാ ഞാൻ കൂട്ടുകാരൻ്റെ ബൈക്ക് എടുത്ത് വരാം നമുക്ക് അതിൽ പോകാം.” ഖാദർക്ക: “സൈദു നീ ഓട്ടോ ഡ്രൈവർ അല്ലെ? ചെക്കൻ ഓട്ടോഡ്രൈവറാ എന്ന് ഞാൻ പെണ്ണ് വീട്ടുകാരോട് പറഞ്ഞിട്ടും ഉണ്ട്. അവർക്ക് ഈ പണിയോട് ഒരു എതിർപ്പും ഇല്ല. പിന്നെ എന്താ..?” സൈദു: “അതല്ല എന്നാലും” കുഞ്ഞു ഒന്ന് മടിച്ച് നിന്നു. ഖാദർക്ക:”ഒരു എന്നാലും ഇല്ല നീ ഓട്ടോ എടുക്ക്” എന്നും പറഞ്ഞ് ഖാദർക്ക ഓട്ടോ യിൽ കേറി. സൈദ് ഉമ്മയുടെ മുഖത്തേക്ക് നോക്കി. ഉമ്മ കണ്ണിറുക്കി ഓട്ടോ യിൽ പോകാൻ പറഞ്ഞു. മനസ്സില്ലാ മനസ്സോടെ സൈദ് ഓട്ടോ എടുത്ത് ഖാദർ ക്ക പറഞ്ഞ വഴികളിലൂടെ ഓടിച്ചു. അങ്ങനെ ഒരു വലിയ വീട് അല്ലെങ്കിലും ഒരു തരക്കേട് ഇല്ലാത്ത വീടിൻ്റെ മുന്നിൽ എത്തിയപ്പോൾ ഓട്ടോ നിർത്താൻ പറഞ്ഞു.

ഖാദർക്ക: “ഇതാണ് വീട് വണ്ടി നിർത്ത്. ” ഖാദർക്ക വീട് ലക്ഷ്യമാക്കി നടന്നു. പിന്നാലെ സൈദും നടന്നു..

വീടിൻ്റെ മുന്നിൽ കാരണവർ എന്ന് തോന്നിക്കുന്ന രണ്ട് പേർ നിൽക്കുന്നു. ഒന്ന് അവളുടെ ഉപ്പ ആയിരിക്കാം…. ഖാദർക്ക അവരോട് സലാം പറഞ്ഞു. അവർ സലാം മടക്കി അകത്തേക്ക് കേറാൻ പറഞ്ഞു. അങ്ങനെ പരസ്പരം പരിചയപ്പെട്ടു. സംസാരിക്കുന്ന സമയത്ത് ഖാദർക്ക: “എന്നാ കുട്ടിയെ കാണാം അല്ലെ?” അവളുടെ ഉപ്പ അകത്തേക്ക് വിളിച്ച് പറഞ്ഞു. “സൈനബാ, മോളെ വിളിക്കു” പുതുവസ്ത്രങ്ങൾ അണിഞ്ഞു കണ്ണിൽ സുറുമ എഴുതി അവൾ ചായയുമായി വന്നു. ചായ സൈദിന് നേരെ നീട്ടി. മുഖത്ത് ചിരി വരുത്തി സൈദ് അവളെ നോക്കി. എന്തോ അവൾ ചായ കൊടുത്ത്‌ അകത്തേക്ക് പോയി. മുഖത്തേക്ക് പോലും നോക്കാതെ പോയത് ചിലപ്പോൾ നാണം കൊണ്ടായിരിക്കും എന്ന് സൈദ് മനസ്സിൽ കരുതി.

സൈദിൻ്റെ സങ്കൽപ്പത്തിൽ ഉള്ള അത്രയും ഇല്ലെങ്കിലും കുറെയൊക്കെ ഉണ്ട്. സൈദിന് അവളെ ഇഷ്ടമായി…. അടുത്തിരിക്കുന്ന ഖാദർക്കയോട് ശബ്ദം താഴ്ത്തി അടക്കം പറഞ്ഞു “ഇക്കാ എനിക്ക് അവളെ ഇഷ്ടമായി. അവളോട് ഒന്ന് സംസാരിക്കണം”. ഖാദർക്ക:”അതൊക്കെ ചോദിക്കണോ?” എന്നും പറഞ്ഞ് അവളുടെ ഉപ്പയോട് പറഞ്ഞു. “ഇവന് കുട്ടിയോട് ഒന്ന് സംസാരിക്കണം എന്ന്”. അവളുടെ ഉപ്പ: “ആ ഇപ്പോഴത്തെ കുട്ടികൾ അല്ലെ അവർക്ക് എന്തെങ്കിലും പറയാൻ ഉണ്ടാകും. അവൾ റൂമിൽ ഉണ്ടാകും അവിടേക്ക് പോയ്ക്കോളു.

സൈദ് റൂമിലേക്ക് പോയി. അവൾ ജനലിൽ കൂടി പുറത്തേക്ക് നോക്കി നിൽക്കുന്നു. സൈദ് ഒന്ന് ഒച്ച അനക്കി അകത്തേക്ക് കേറി. സൈദ്: “എന്താ പേര്?” അവൾ: “ജസീറ” സൈദ്: “എത്ര വരെ പഠിച്ചു…?” ജസീറ:”പ്ലസ്ടു കഴിഞ്ഞു”. സൈദ്: “ജസീറ നീ ഒന്ന് നേരെ നിൽക്ക് ഞാൻ ഒന്ന് ശരിക്കും കണ്ടോട്ടെ നിന്നെ.” ജസീറ: “അതേയ് ഞാൻ ഒരു കാര്യം പറയാം, എനിക്ക് ഈ കല്യാണം താൽപര്യം ഇല്ല. ഓട്ടോ ഡ്രൈവർമാരെ എനിക്ക് ഇഷ്ടമില്ല. അന്തസ്സ് ഇല്ലാത്ത പണിയാ ഇത്. പിന്നെ വീട്ടുകാരെ സങ്കടപെടുത്തണ്ട എന്ന് കരുതി. ഇനി ഇത് വീട്ടുകാരോട് പറഞ്ഞ് ഒരു പ്രശ്നം ഉണ്ടാക്കരുത്.”

ഇത്രയും കേട്ടപ്പോഴേക്കും ആയപ്പോയെക്കും സൈദിൻ്റെ കണ്ണുകൾ നിറഞ്ഞ് കവിഞ്ഞിരുന്നു. കണ്ണ് നിറഞ്ഞത് കൊണ്ട് അവളുടെ മുഖം മങ്ങിയപോലെ തോന്നി. പിന്നെയും അവൾ എന്തൊക്കെയോ പറഞ്ഞു. സൈദ് ഒന്നും പറയാതെ റൂമിൽ നിന്ന് ഇറങ്ങി കണ്ണീർ തുടച്ച് ആ വീട്ടിൽ നിന്നും ഇറങ്ങി. സൈദിൻ്റ പോക്കിൽ വശ പ്പിശക് തോന്നിയ ഖാദർക്ക വിവരം പറയാം എന്ന് പറഞ്ഞു ഒന്നും മനസ്സിലാവാതെ അവന്റെ പിന്നാലെ പോയി. കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ഓട്ടോയിൽ ഇരിക്കുന്ന സൈദിനോട് കാര്യം അന്വേഷിച്ചു.

സൈദ്: “ഇത് ശരിയാവൂല; നമുക്ക് പോകാം നിങ്ങൾ കയറ്” സൈദ് വീട് ലക്ഷ്യമാക്കി ഓട്ടോ വിട്ടു. അപ്പോഴും അവന്റെ കാതിൽ അവൾ പറഞ്ഞ വാക്കുകൾ അലയടിക്കുന്നുണ്ടായിരുന്നു. ഒരു ചാട്ടുളി പോലെ അത് നെഞ്ചിൽ തറച്ച് നിന്നിരുന്നു.

സൈദ് തൻ്റെ പഴയ ഓർമ്മകളിലേക്ക് അപ്പോഴെക്കും എത്തിയിരുന്നു… പ്ലസ്ടു കഴിഞ്ഞ് ഡിഗ്രിക്കു പഠിക്കാൻ പോകുന്ന സമയത്താണ് ഉപ്പ ഒരു കുടുംബത്തെ മുഴുവൻ തന്നെ ഏൽപ്പിച്ച് ഈ ലോകം വിട്ട് പിരിയുന്നത്. അന്ന് കുടുംബം പോറ്റാൻ കെട്ടിയ വേഷമാണ് ഓട്ടോഡ്രൈവർ. ഏത് പാതിരാ സമയത്തും ആര് വിളിച്ചാലും ഓടി പോകും. പൊരി വെയിലിലും ഒരു തുള്ളി വെള്ളം പോലും പുറത്തു നിന്ന് കുടിക്കാതെ ആ ഒരു രൂപ വരെ മാറ്റി വെക്കും. വാങ്ങാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. കുടുംബത്തെ ഓർത്ത്. അങ്ങനെ നോക്കിയതാ ഞാൻ എൻ്റെ വീട്ടുകാരെ. ഞാൻ തെരഞ്ഞെടുത്ത എൻ്റെ തൊഴിൽ. എന്നിട്ടും അന്തസ് ഇല്ലാത്ത പണിയോ ഇത്? സൈദ് സ്വയം ചോദിച്ചു. സൈദിന് കണ്ണീരിനെ തടുക്കാൻ ആയില്ല. അത് നിയന്ത്രണം വിട്ട് ഒഴുകാൻ തുടങ്ങി…

ഒരു വിധം വീട്ടിൽ എത്തി കുഞ്ഞു നേരെ റൂമിൽ പോയി കിടന്നു. പുറത്ത് നിന്നിരുന്ന ഉമ്മ കാദർക്കയോട് വിവരം ചോദിച്ചു. അത് സൈദിനോട് ചോദിക്ക് എന്ന പറഞ്ഞു കാദർക്ക പോയി.

ഉമ്മ റൂമിൽ പോയി കിടക്കയിൽ കമിഴ്ന്ന് കിടക്കുന്ന സൈദിൻ്റെ തലയിൽ തലോടി ചോദിച്ചു. “സൈദൂ പോയിട്ട് എന്താ ഉണ്ടായത്..? അനക്ക് കുട്ടിയെ പിടിച്ചോ? സൈദ്: “അത് ശരിയാവൂല ഉമ്മ അത് നമുക്ക് വേണ്ട” സൈദിൻ്റെ ഇടറിയ ശബ്ദം മനസ്സിലായ ഉമ്മ: “എൻ്റെ കുട്ടി എന്തിനാ കരയണെ?സൈദു, എന്താ ഉണ്ടായത്?” സൈദ് ഇടറിയ ശബ്ദത്തിൽ ഒരു വിധം പറഞ്ഞു നടന്ന കാര്യങ്ങൾ. ഇടയിൽ സൈദ് ചോദിച്ചു “അല്ല ഉമ്മാ ഈ ഓട്ടോ പണി അത്രയും മോശമാണോ.?” ഉമ്മ: “എടാ സൈദു നിനക്കറിയില്ലേ നിൻ്റെ ഉപ്പ ഓട്ടോ ഡ്രൈവറായിരുന്നു. എന്നിട്ടും ഒരു കുറവും വരുത്താതെയാ നമ്മളെ നോക്കിയത്. എല്ലാ പെരുന്നാൾക്കും പുതിയ ഷർട്ട്, തുണി പിന്നെ ഇടക്കിടെ ഇഷ്ടമുള്ള ഭക്ഷണം പുറത്തുനിന്ന് കൊണ്ട് വരും. അങ്ങനെയാ ഉപ്പ ഈ കുടുംബം നോക്കിയത്. നല്ല അന്തസ്സുള്ള പണിതന്നെയാ ഇത്; പിടിച്ച്പറി ഒന്നും അല്ലല്ലോ. ഓടിയ കൂലി വാങ്ങുന്നു. അന്തസ്സില്ലാത്ത പണിയാണ് എന്ന് പറഞ്ഞവളും ഈ ഓട്ടോയിൽ പോയവളാകും. കുഞ്ഞു ഇനി അത് ആലോചിച്ച് വെറുതെ അസുഖം വരുത്തണ്ടാ. ഞാൻ ചായ എടുത്ത് വെക്കാം നീ എണീറ്റ് വാ…” എന്നും പറഞ്ഞ് ഉമ്മ പുറത്തേക്ക് പോയി. ഈ സമയം ഉമ്മയുടെ കണ്ണുകളും നിറഞ്ഞിരുന്നു….

‌ അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു. അതിനിടെ ഖാദർക്ക പിന്നെയും ഓരോ കല്യാണ ആലോചനയുമായി വന്നു. ഓരോ കാരണം പറഞ്ഞ് സൈദ് ഒഴിഞ്ഞ് മാറി.

അങ്ങനെ ഒരു ഞായറാഴ്ച്ച ദിവസം രാവിലെ ചായ കുടിക്കുന്ന സമയം ഉമ്മ സൈദിനോട് പറഞ്ഞു. ‌”സൈദൂ എനിക്ക് അറിയുന്ന ഒരു കുട്ടി ഉണ്ട്. ഞാൻ അവളെ ചെറുപ്പത്തിൽ കണ്ടതാ. നല്ല കുട്ടിയാ. ഞാൻ ഇന്നലെ അന്വേഷിച്ചു. അവൾക്ക് കല്യാണ പ്രായം ആയിട്ടുണ്ട്. നീ ഒന്ന് പോയി കാണണം”

‌സൈദ്:”എന്തിനാണ് ഉമ്മാ ഇനിയും അന്തസില്ലാത്ത പണിയാ എന്ന് പറയിപ്പിക്കാനല്ലെ? എനിക്ക് വേണ്ട ഉമ്മാ” ഉമ്മ: “സൈദ് നാളെ പെണ്ണ് കാണാൻ പോകും, എൻ്റെ കൂടെ നീ വരും ഇത് ഞാൻ പറഞ്ഞ് ഉറപ്പിച്ചതാ” എന്നും പറഞ്ഞു ഉമ്മ പോയി..

‌ഉമ്മ എന്തൊക്കെയോ കണക്ക് കൂട്ടി വെച്ചിട്ടാണ് നിൽക്കുന്നത് എന്ന് സൈദിന് മനസ്സിലായി. അങ്ങനെ സൈദ് ഉമ്മയുടെ സമ്മർദ്ദത്തിന് വഴങ്ങി വേഷം മാറ്റി ഓട്ടോയിൽ കേറി. പിന്നിൽ ഉമ്മയും അനിയനും പെങ്ങളും. അങ്ങനെ വീട്ടിൽ എത്തി. അവരുടെ സംസാരത്തിൽ നിന്നും സൈദിന് ഒരു കാര്യം പിടി കിട്ടി. ഉമ്മയുടെ കൂട്ടുകാരിയുടെ ബന്ധുവാണ് ഇവർ. സംസാരത്തിനിടെ ഉമ്മ പറഞ്ഞു. “മോളെ വിളിക്കി ഞങ്ങൾ ഒന്ന് കാണട്ടെ” അവളുടെ ഉപ്പ: “മോളെ.. ചായ എടുത്ത് വാ”. പുഞ്ചിരിതൂകി ഒരു സുന്ദരിക്കുട്ടി ചായയും ആയി വന്നു സൈദിന് ചായ നീട്ടി. സൈദ് ചായ എടുത്ത് അവളുടെ മുഖത്തേക്ക് നോക്കി. അവള് ചിരി പാസ്സാക്കി പോയി. ഉമ്മ സൈദിനോട് പതിയെ ചോദിച്ചു. “നിനക്ക് എന്തെങ്കിലും സംസാരിക്കണോ ?” സൈദു: “അല്ല ഉമ്മ അത്” സൈദ് പറഞ്ഞ് പൂർത്തിയാക്കും മുമ്പേ ഉമ്മ പറഞ്ഞു. “ഇവന് മോളോട് സംസാരിക്കണം എന്ന് പറയുന്നു. മോള് എവിടെയാണ്..?” അവളുടെ ഉപ്പ: “അപ്പുറത്തെ റൂമിൽ ഉണ്ട് അവിടേക്ക് പോയ്ക്കോളൂ…” സൈദിന് ചമ്മൽ ഉണ്ടെങ്കിലും പതിയെ റൂമിലേക്ക് പോയി.സൈദിനെ കണ്ടു അവൾ പുഞ്ചിരിച്ചു. സൈദ്: “എന്താ പേര്?” അവൾ: “ഫാത്തിമ”. സൈദ്: “നിനക്ക് ഈ കല്യാണത്തിന് സമ്മതമാണോ…..?” ഫാത്തിമ: “എനിക്ക് എല്ലാം അറിയാം ഇക്കാ നിങ്ങളുടെ ഉമ്മ എല്ലാ കാര്യങ്ങളും പറഞ്ഞു. എനിക്ക് ഇക്കയെ ഇഷ്ടായിട്ടോ എന്നെ ഇഷ്ടായോ…?” സൈദ്: ആം എല്ലാം അറിഞ്ഞ സ്ഥിതിക്ക് നിനക്ക് ഇഷ്ടായത് കൊണ്ടും പിന്നെ എനിക്ക് ഇഷ്ടാവാതിരിക്കോ?സൈദ് ഒന്ന് ചിരിച്ചു. കൂടെ അവളും.

പിന്നീട് എല്ലാം പെട്ടെന്ന് ആയിരുന്നു. കല്യാണം വളരെ നന്നായി നടത്തി. നാടിലുള്ള കാരണവമ്മാരെയും വേണ്ടപെട്ടവരെയും കുടുംബത്തിലെ എല്ലാവരെയും വിളിച്ചു. നല്ല നിലയിൽ തന്നെ കല്യാണം അവസാനിച്ചു. ബന്ധുക്കൾ ഓരോരുത്തരായി യാത്ര പറഞ്ഞ് മടങ്ങി. വീട്ടിൽ സൈദും ഉമ്മയും അനിയനും പെങ്ങളും മാത്രമായി ഒതുങ്ങി. പുറത്ത് കൂട്ടുകാരോട് സംസാരിച്ച്‌ ഇരിക്കുന്ന സൈദിനെ ഉമ്മ വിളിച്ച് പറഞ്ഞു. “സൈദൂ സമയം 10 മണി ആവാറായി. ഒരു കുട്ടി അവിടെ നിന്നെയും നോക്കി ഇരിക്കാ. മതി വർത്തമാനം പറഞ്ഞത് ഇനി നാളെ പറയാം” എന്ന് പറഞ്ഞു. ഉമ്മ ഒന്ന് രൂക്ഷമായി നോക്കി അകത്തേക്ക് പോയി..

സംഗതി പന്തിയല്ല എന്ന് കണ്ട സൈദ് കൂട്ടുകാരെ പറഞ്ഞ് വിട്ട് റൂമിലേക്ക് ചെന്നു. റൂമിൽ നല്ല മുല്ലപ്പുവിൻ്റെ മണം സൈദിൻ്റെ മുക്കിലേക്ക് അടിച്ച് കേറി. റൂമിലേക്ക് വരുന്ന സൈദിനെ കണ്ട ഫാത്തിമ എഴുന്നേറ്റ് നിന്നു.

സൈദ്: “അവിടെ ഇരുന്നോ എണീക്കണ്ട, നല്ല ക്ഷീണം ഇല്ലെ……?” ഫാത്തിമ ഒന്നും മിണ്ടാതെ കട്ടിലിൽ ഇരിന്നു. സൈദ് അവളുടെ അടുത്ത് ഇരുന്നു. അവളുടെ കൈ പതിയെ പിടിച്ചു മുഖത്തേക്ക് നോക്കി. സൈദ് ചോദിച്ചു. “നിനക്ക് ഈ കല്യാണത്തിനോട് “എന്ന് പറഞ്ഞപ്പോഴെക്കും ഫാത്തിമ സൈദിൻ്റെ ചുണ്ടിൽ തൻ്റെ കൈ വച്ചു പറഞ്ഞു. “ഇക്കൂ നിങ്ങളെന്താ പറയാൻ വരുന്നത് എന്ന് എനിക്കറിയാം. എൻ്റെ പൂർണ സമ്മതത്തോടെ ആണിത്. എൻ്റെ ഉപ്പയും ഒരു ഓട്ടോ ഡ്രൈവർ ആയിരുന്നു. എനിക്ക് അറിയാം ഒരു ഓട്ടോ ഡ്രൈവറുടെ മനസ്. നിങ്ങളെ ഒരു ഡ്രൈവർ ആയിട്ടല്ലാ ഞാൻ കണ്ടത് എൻ്റെ സ്വന്തം ഇക്കാ ആയിട്ടാ കണ്ടത്. നിങ്ങൾ എന്നെ പോന്നു പോലെ നോക്കും എന്ന് എനിക്ക് ഉറപ്പ് ഉണ്ട്. എനിക്ക് ഇക്കയെ പെരുത്ത് ഇഷ്ടാ എന്നും പറഞ്ഞു സൈദിൻ്റെ ഇട നെഞ്ചിലേക്ക് അവൾ മുഖം അമർത്തി. സന്തോഷം കൊണ്ട് സൈദിൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. സൈദ് അവളിൽ ഒരു മലാഖയെ കാണുകയായിരുന്നു അപ്പോൾ.

ശുഭം

രചന : Cherry Gafoor

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters