അരുന്ധതി

രചന : ജിഷസുരേഷ്

തറവാട്ടിലിന്ന് ഉൽസവ പ്രതീതിയായിരുന്നു.

ഓണം, വിഷു, പിറന്നാൾ, എന്നിവയെല്ലാം കെങ്കേമമായാണ് ഇവിടെ ആഘോഷിക്കുക.

മക്കൾ, മരുമക്കൾ, പേരക്കിടാങ്ങൾ, അവരുടെ ഫ്രണ്ട്സ്, പിന്നെ കുറേ ബന്ധുക്കൾ….. എല്ലാവരും കൂടി തിക്കും തിരക്കുമായിരിക്കും.

പുത്തൻ വസ്ത്രങ്ങളുമിട്ട്, അടിപൊളി ഭക്ഷണവും കഴിച്ച് എല്ലാവരുമാഹ്ലാദിക്കുമ്പോൾ ഞാൻ മാത്രമാ തറവാട്ടിലെ അടുക്കളക്കെട്ടിനുള്ളിൽ പുക തിന്നുകയാവും.

അരുന്ധതി കരിപിടിച്ച അടുക്കള ജനലിലൂടെ പുറത്തേക്കു നോക്കി. എന്തു സന്തോഷത്തിലാണെല്ലാവരും. തന്നെമാത്രം ആരും വിളിക്കുന്നില്ല. ഇനി വിളിക്കാതെത്തന്നെ പോകാമെന്നുവെച്ചാ അടുക്കളക്കാര്യം നോക്കാനാളു വേണ്ടേ.

തറവാട്ടിലെ മൂത്ത മരുമകൾ താനാണ്. പക്ഷേ ആ പരിഗണനയൊന്നും ഇന്നോളം തനിക്ക് ലഭിച്ചിട്ടില്ല.

ആദ്യമൊക്കെ തന്നെ വലിയ കാര്യമായിരുന്നു. പക്ഷെ കാലം കടന്നുപോയിട്ടും താനൊരമ്മയാകാതിരുന്നപ്പോൾ അവരിലെ സ്നേഹത്തിന്റെ ഉറവ മെല്ലെ നിലച്ചു.

ഒഴിഞ്ഞുപൊയ്ക്കൂടെ നിനക്കെന്ന് പറയാതെ പറഞ്ഞ് അച്ഛനുമമ്മയും എത്രയോ പ്രാവശ്യം തന്നെ വിഷമിപ്പിച്ചിരിക്കുന്നു.

വിശ്വേട്ടന്റെ യാചനക്കു മുൻപിൽ നിശബ്ദം സഹിച്ചു താനെല്ലാം.

അന്ന് വിശദമായ ചെക്കപ്പ് കഴിഞ്ഞു വന്ന അന്ന് വിശ്വേട്ടൻ തന്റെ കൈകൾ നെഞ്ചോട് ചേർത്ത് അപേക്ഷിച്ചു. തനിക്കൊരച്ഛനാവാനുള്ള കഴിവില്ലെന്ന സത്യം ആരുമറിയരുതേയെന്ന്.

തന്റെ കഴിവുകേട് മാലോകരരറിയരുത്….. വീട്ടുകാരറിയരുത്……

വിശ്വേട്ടനൊരച്ഛനാവാനുള്ള കഴിവ് തൊണ്ണൂറു ശതമാനം പോലുമില്ലെന്ന ഡോക്ടറുടെ വാക്കുകൾ എത്ര വേദനയോടെയാണ് താൻ ശ്രവിച്ചത്.

എന്നിട്ടും ഭർത്താവിനുവേണ്ടി സ്വയം സഹിക്കാൻ തയ്യാറായി താൻ.

വന്ധ്യയെന്നു പറഞ്ഞ് കളിയാക്കിയവരോടൊക്കെ മറുപടി പറയാനറിയാഞ്ഞിട്ടല്ല. വിശ്വേട്ടനു വേണ്ടി മാത്രം എല്ലാം സഹിച്ചു.

എത്രയോ പ്രാവശ്യം നമുക്ക് വേറെ ചെക്കപ്പ് നടത്തിനോക്കാം, ട്രീറ്റ്മെന്റ് നടത്താം എന്നൊക്കെപ്പറഞ്ഞു നോക്കി. വിശ്വേട്ടൻ അനുസരിച്ചിച്ചില്ല.

അങ്ങനെ മരവിച്ചൊരു ജീവിതവുമായ് താൻ മുന്നോട്ട് ചലിച്ചു. .

🌾🌾🌾

വേഗം റെഡിയാക്കരുന്ധതീ………… നീയെന്തു നോക്കി നിൽക്കയാ.

അമ്മയാണ്., മുഖത്തെ കാർക്കശ്യം കണ്ടപ്പോൾ അരിശമാണ് തോന്നിയത്.

വല്ലപ്പഴുമേ അടുക്കളപ്പുറത്തേക്കൊന്നെത്തി നോക്കൂ.

എല്ലാം മേശമേലൊരുക്കി വച്ചിട്ട് ചെന്നു വിളിക്കണം. എന്നാലോ തിന്നു കഴിയും വരെ കുറ്റം പറച്ചിലാ.

ഇളയ മരുമക്കളൊക്കെ ആറുമാസത്തിൽ കൂടുതൽ തികച്ചു നിന്നിട്ടില്ലീ വീട്ടിൽ.

അപ്പോഴേക്കും അവർ ജോലികൂലീന്നൊക്കെ പറഞ്ഞ് സ്ഥലം വിട്ടു.

നല്ല ഇറച്ചിവെന്ത മണം മൂക്കിലടിച്ചപ്പോൾ അരുന്ധതി ചിന്തകളിൽ നിന്നുണർന്നു.

അടുപ്പും, സ്റ്റൗവും, ഇന്റക്ഷൻ കുക്കറും മൽസരിച്ച് കത്തുന്നുണ്ട്.

കല്യാണിയേടത്തി തിടുക്കത്തിൽ പണിയെടുക്കുന്നത് കണ്ടപ്പോൾ പാവംതോന്നി. അതിന് വീട്ടിൽ പോകേണ്ട സമയവും അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. അവരുടെ വീട്ടിൽ മകൾ പ്രസവിച്ചു കിടപ്പുണ്ട്. അതാണവർക്ക് തിടുക്കം.

കല്യാണിയേടത്തി പൊയ്ക്കോളൂ. ഇത് ഞാൻ മാനേജ് ചെയ്തോളാം.

തന്നെക്കൊണ്ടും ആവതുണ്ടായിട്ടല്ല. എന്നാലും അവരുടെ നിവൃത്തികേട് കണ്ടില്ലെന്നു നടിക്കാനൊക്കില്ലല്ലോ.

രണ്ട് ടൈപ്പായാണ് ഭക്ഷണം പാകപ്പെടുത്തിയിരുന്നത്.

ചിലർ പച്ചക്കറിക്കാരാണ്. അവർക്ക് പായസമടക്കമുള്ള സദ്യ,

മറ്റുള്ളവർക്ക് ഫ്രൈഡ്റൈസ്, ചിക്കൻഫ്രൈ, ചിക്കൻ കുറുമ, പിന്നെ മട്ടൻ കറിവെച്ചത്.

ഇനി വിളമ്പിക്കൊടുക്കലാണ്.

അതാണേറ്റവും മടി. ഒന്നുപോയി നീണ്ടു നിവർന്നു കിടക്കണമെന്നു തോന്നി. വെളുപ്പിന് മൂന്നിനെഴുനേറ്റതാ, കണികാണാൻ വേണ്ടി. പിന്നെയങ്ങ് പണികളുടെ മേളമായിരുന്നു.

ഇനിപ്പോ വിളമ്പിക്കഴിഞ്ഞാലും, കാര്യമില്ല. മുറ്റം പടക്കവും, പൂത്തിരിയും, മത്താപ്പും, ചക്രവും, പൂക്കുറ്റിയും കാരണം ഉൽസവ പറമ്പുപോയെയാണ്. അതു മുഴുവൻ തൂത്തു വാരണം.

വിളമ്പാൻ തുടങ്ങിയപ്പൊ വിശ്വേട്ടനും വന്നു സഹായിക്കാൻ.

എല്ലാം കഴിഞ്ഞ് ഒരല്പം ഭക്ഷണവുമെടുത്ത് അടുക്കളപ്പുറത്ത് വന്നിരുന്നപ്പോ കണ്ണുകൾ പെരുക്കുന്നതുപോലെ തോന്നി. ആകെയൊരു വല്ലായ്മ. എങ്ങനെയോ ഒരുപിടി വാരിത്തിന്നതേ ഓർമ്മയുള്ളൂ. ഒരു ഓക്കാനമായിരുന്നു… പുറത്തേക്കോടിയത് ഓർമ്മയുണ്ട്.. ബോധം മറഞ്ഞിരുന്നു.

പിന്നെ കണ്ണു തുറക്കുമ്പോൾ വിശ്വേട്ടന്റെ മുഖമാണാദ്യം കണ്ടത്. ആ കണ്ണുകൾ തിളങ്ങുന്നു. ചുറ്റുമല്ലാവരുമുണ്ട്. ഏതോ ആശുപത്രിയാണെന്നു മനസ്സിലായി. അമ്മ കണ്ണുകൾ തുടക്കുന്നുണ്ട്. അച്ഛന്റെ മുഖത്തും പതിവില്ലാത്ത ശാന്തത.

ഞാനൊന്നും മനസ്സിലാവാതെ എല്ലാവരേയും നോക്കി.

അപ്പോഴാണ് ഞാനാ മുഖം കണ്ടത്. ഡോക്ടർ റോയിയുടെ. അദ്ദേഹത്തിന്റെ ദീപ്തമായ മുഖത്തേക്കു നോക്കവെ എന്നിലും ചില സംശയങ്ങളുടലെടുത്തു.

അദ്ദേഹം എന്റെയരികിലെ ചെയറിലിരുന്നുകൊണ്ട് എന്റെ കൈകൾ പിടിച്ചു കുലുക്കി. കൺഗ്രാജ്യുലേഷൻ അരുന്ധതീ വിശ്വനാഥൻ……….

നിങ്ങളൊരമ്മയാവാൻ പോകുന്നു. ഒരു മിറക്കിൾ തന്നെ സംഭവിച്ചിരിക്കുന്നു.

ഈശ്വരനോട് നന്ദി പറയുക..

മറ്റൊന്നുമെനിക്ക് പറയാനില്ല.

അദ്ദേഹം യാത്ര ചോദിച്ച് പോകുന്നതും നോക്കി,,പറഞ്ഞതൊന്നും വിശ്വാസമാകാത്തവളെപ്പോലെ ഞാൻ കിടന്നു.

വർഷങ്ങളെത്ര കടന്നുപോയിരിക്കുന്നു. എന്റെ നെറ്റിയിൽ തലോടിക്കൊണ്ടിരിക്കുന്ന വിശ്വേട്ടന്റെ കരങ്ങൾ നെഞ്ചോട് ചേർത്ത് ഞാൻ തേങ്ങിക്കരഞ്ഞു.

വർഷങ്ങളായി ഞാനനുഭവിച്ച അവഗണനയുടെ, സ്നേഹമില്ലായ്മയുടെ കനലുകൾ കൊടുത്താൻ പാകത്തിൽ എന്റെ കണ്ണുനീർ ധാരധാരയായൊഴുകി….

ശുഭം

രചന : ജിഷസുരേഷ്

Related Posts

Leave a Reply

Your email address will not be published.

Hosted By Wordpress Clusters